സോഷ്യൽ മീഡിയയിൽ ഗ്ലൂട്ടത്തയോൺ കുത്തിവയ്പിനെ അനുകൂലിച്ചു കേട്ട പ്രതികരണമാണ്–‘ ഗ്ലൂട്ടത്തയോൺ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉള്ള ആന്റി ഓക്സിഡന്റാണ്. അപ്പോൾ പിന്നെ എന്തു പേടിക്കാനാണ്? ’
എന്നാൽ, ഗ്ലൂട്ടത്തയോൺ എടുത്തു പണി കിട്ടിയ ഒരു പെൺകുട്ടി തന്റെ അനുഭവം പറഞ്ഞതിങ്ങനെ–മലപ്പുറത്തെ പ്രസിദ്ധമായ ക്ലിനിക്കിൽ പ്രത്യേക വിലക്കുറവുണ്ടെന്നു ഓഫർ കണ്ടാണു പോയത്. ഡോക്ടറുടെ സാന്നിധ്യത്തിൽ ചെയ്യുന്നു എന്നായിരുന്നു പരസ്യം. ചെന്നപ്പോൾ ആയുർവേദ ഡോക്ടറാണു ക്ലിനിക് നടത്തുന്നത്. ആയുർവേദിക് കോസ്മറ്റോളജി പഠിച്ചിട്ടുണ്ട്. കുത്തിവയ്പ് എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ചുവപ്പും തടിപ്പും കണ്ടു. പിന്നെ ആ വഴി പോകാൻ പേടിയായി.
“ഗ്ലൂട്ടത്തയോണിന്റെ കാര്യത്തിൽ ഏറ്റവും പേടിക്കേണ്ടതു വ്യാജചികിത്സകരെയാണ്.’’ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിയുടെ ആന്റി ക്വാക്കറി കേരള ഘടകം ചെയർമാൻ കൂടിയായ ഡോ. ജെന്നി മാത്യു (കോഴിക്കോട്) പറയുന്നു. ‘‘ പലയിടത്തും ഡോക്ടറുടെ പേരു മാത്രമേ കാണൂ. ചർമരോഗ ചികിത്സയുമായി ഒരു ബന്ധവുമില്ലാത്തവരും യോഗ്യത വെളിപ്പെടുത്താതെ, ഏസ്തറ്റിക് ഫിസിഷൻ, കോസ്മറ്റോളജിസ്റ്റ് എന്ന പേരുകളിൽ ചികിത്സ ചെയ്യുന്നുണ്ട്.
ഗ്ലൂട്ടത്തയോൺ കുത്തിവയ്പിന് അതിന്റേതായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. സിരകളിലേക്കു മരുന്നു കുത്തിയിറക്കുമ്പോൾ വായുതന്മാത്രകൾ കയറി രക്തക്കുഴലുകളിൽ തടസ്സം വന്നു സ്ട്രോക്കോ ഹൃദയാഘാതമോ വരുന്ന ഗുരുതരാവസ്ഥ (എയർ എംബോളിസം) പോലെ പല അപകടങ്ങളും ചുരുക്കമായെങ്കിലും വരാം. ഇതു തടയാൻ, പരിശീലനം ലഭിച്ച നഴ്സുമാരെ കുത്തിവയ്പ് എടുക്കാവൂ. മരുന്നു കയറുമ്പോൾ പെട്ടെന്ന് അലർജി വന്നാൽ അടിയന്തര ചികിത്സ നൽകണം. അതിനു ക്ലിനിക്കിൽ ഡോക്ടർ വേണം. എമർജൻസി മരുന്നുകൾ സ്േറ്റാക്ക് ഉണ്ടാകണം.
സ്പായിലും സലൂണുകളിലും ഒക്കെ ഐവി ഗ്ലൂട്ടത്തയോൺ നല്‍കുമ്പോൾ ഇത്തരം മുൻകരുതലുകൾ ഉണ്ടാകില്ല. ഇങ്ങനെ അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളിൽ കുത്തിവയ്പ് എടുക്കുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യത കൂട്ടുന്നു. ’’
കുത്തിവയ്പെടുത്തു മരിച്ചവർ-ഫിലിപ്പീന്‍സിലെ അനുഭവം
ഗ്ലൂട്ടത്തയോൺ കുത്തിവയ്പ് വ്യാപകമായപ്പോൾ മരണങ്ങൾ ഉൾപ്പെടെ റിപ്പോർട്ടു ചെയ്യപ്പെട്ട നാടാണ് ഫിലിപ്പീൻസ്. തുടർന്നു ഫിലിപ്പീൻസ് എഫ് ഡി എ ഗ്ലൂട്ടത്തയോണ്‍ കുത്തിവയ്പു നിരോധിച്ചു. ഫിലിപ്പീൻസ് ഡെർമറ്റോളജിക്കിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജാസ്മിൻ ജമോറ ഗ്ലൂട്ടത്തയോൺ കുത്തിവയ്പ് അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു.
‘‘ 2020, 2024, 2025 ലായി മൂന്നു മരണങ്ങളാണു ഗ്ലൂട്ടത്തയോൺ കുത്തിവയ്പുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഏവരും മനസ്സിലാക്കേണ്ട കാര്യം, ഗ്ലൂട്ടത്തയോൺ ഒരു മരുന്നാണ്. പോഷകസപ്ലിമെന്റല്ല. വളരെ ഉയർന്ന ഡോസിൽ ഈ കുത്തിവയ്പു സുരക്ഷിതമല്ല. ഗുരുതര പ്രത്യാഘാതങ്ങൾ വരാം. ഇതിന്റെ സുരക്ഷിത ഡോസ് സംബന്ധിച്ചും എത്രനാൾ സുരക്ഷിതമായി നൽകാം എന്നും പഠനമില്ല. കുത്തിവയ്പിന് യുഎസ് എഫ്ഡിഎ സുരക്ഷാ അംഗീകാരവുമില്ല.
ഗ്ലൂട്ടത്തയോൺ കുത്തിവയ്പുമായി ബന്ധപ്പെട്ടു ലോകമെമ്പാടു നിന്നുമായി ഏതാണ്ട് 69 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പെട്ടെന്നുള്ള വൃക്കസ്തംഭനമാണ് ഏറ്റവും ഗുരുതര പ്രശ്നം. ഉദര പ്രശ്നങ്ങൾ തലവേദന, തലചുറ്റൽ, തൈറോയ്ഡ് ഹോർമോൺ വർധനവ്, രക്തത്തിലെ ഷുഗർ നിരക്കു കൂടുക എന്നിവയും വരാം. ചർമം ചൊറിഞ്ഞു തടിക്കാം. കടുത്ത ക്ഷീണവും പനി യും വരാം. കുത്തിവയ്പു സമയത്ത് അലർജി, വയറിൽ കൊളുത്തിപ്പിടിക്കുന്ന വേദന, കരൾ പ്രവർത്തനം താളം തെറ്റുക, വയറിളക്കം, തലചുറ്റൽ, ഛർദി തുടങ്ങി മരണകാരണമാകുന്ന അനാഫൈലാറ്റിക് ഷോക്ക് വരെ വരാം.
മായങ്ങൾ, മാലിന്യം, വ്യാജ ഗ്ലൂട്ടത്തയോൺ, മറ്റു ഗൗരവമുള്ള രോഗങ്ങളുണ്ടാകുക, കുത്തിവയ്ക്കുന്നതിലെ പ്രശ്നങ്ങൾ, അമിത ഡോസ്, സിരകളിലേക്കു മരുന്നു നൽകുന്ന വേഗത എന്നിവയൊക്കെ പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നുണ്ടാകാം. ’’ –ഡോ. ജാസ്മിൻ പറയുന്നു.
കീമോമരുന്നിന്റെ ദോഷഫലങ്ങള്‍ മാറ്റാന്‍ വന്നത്
കീമോ മരുന്നിന്റെ പാർശ്വഫലങ്ങളെ കുറയ്ക്കാനായാണു ഗ്ലൂട്ടത്തയോൺ ഉപയോഗിച്ചു തുടങ്ങിയത്. ഇതു വലിയ അ ളവിൽ ഉപയോഗിച്ചപ്പോൾ കണ്ട പാർശ്വഫലം മാത്രമാണു ചർമം വെളുക്കൽ. അല്ലാതെ, വെളുക്കാനുള്ള ഒരു മാജിക് മരുന്നൊന്നുമല്ല.
‘‘ഗ്ലൂട്ടത്തയോണിനു പല പരിമിതികളുമുണ്ട്. ഇരുണ്ട ഭാഗം വെളുക്കാൻ സമയമെടുക്കും. മുഖമാണ് ഇരുണ്ടതെങ്കിൽ ഗ്ലൂട്ടത്തയോൺ എടുക്കുമ്പോൾ ശരീരത്തിൽ നിറമുള്ളിടത്താകും വീണ്ടും നിറം വയ്ക്കുക. ഇനി നിറം വച്ചാലും നീണ്ടു നിൽക്കില്ല. നിറം നിലനിർത്താൻ ഇടയ്ക്കിടെ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കണം.
നിറം കുറവാണെന്നതു സമൂഹത്തിലും കുടുംബത്തിലും ഒരു വലിയ കുറവായാണു കരുതുന്നത്. ചെറുപ്പം മുതലേ നിറത്തിന്റെ പേരിലുള്ള വിവേചനം അനുഭവിച്ചു വളരുന്ന കുട്ടികൾ വിഷാദത്തിനിരയായി മരുന്നു കഴിക്കേണ്ടുന്ന അവസ്ഥയിലെത്തുന്നതു നേരിട്ടറിയാം. ഈ വിവേചനം മാറിയാലേ വെളുക്കാനുള്ള പരക്കംപാച്ചിലും അതുകൊണ്ടുള്ള അപകടങ്ങളും അവസാനിക്കൂ’’. ഡോ. ജെന്നി പറയുന്നു.
ഭക്ഷണം വഴി ഗ്ലൂട്ടത്തയോണ്‍ കൂട്ടാമോ?
ചില ഭക്ഷണങ്ങൾ ഗ്ലൂട്ടത്തയോൺ ഉൽപാദനം വർധിപ്പിക്കുമെന്നും അവകാശവാദങ്ങളുണ്ട്. മുട്ട, അവക്കാഡോ, വെളുത്തുള്ളി, തണ്ണിമത്തൻ, കാബേജ്, കോളിഫ്ളവർ, ബ്രോക്‌ലി എന്നിവയിലെ സൾഫർ സംയുക്തങ്ങളാണു ഗ്ലൂട്ടത്തയോൺ വർധിപ്പിക്കുമെന്നു പറയുന്നത്. പക്ഷേ, ഇതിനു ശാസ്ത്രീയ അടിസ്ഥാനമില്ലെന്നു വിദഗ്ധർ പറയുന്നു.
ചർമപ്രശ്നങ്ങളുടെ പരിഹാരത്തിനു യോഗ്യതയുള്ള ചികിത്സകരെ മാത്രം സമീപിക്കുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ, പറഞ്ഞ രീതിയിൽ, നിർദേശിച്ച കാലയളവു മാത്രം ഉപയോഗിക്കുക. ഒന്ന് ഇരുട്ടിവെളുക്കുമ്പോഴേക്കും നിറം വർധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ‘അത്‌ഭുത മരുന്നുകളുടെ’ പിന്നാലെ പോയാൽ നഷ്ടമാകുന്നത് നമ്മുടെ ആരോഗ്യവും ജീവൻ തന്നെയുമായിരിക്കും, ജാഗ്രത !!!