നമുക്ക് പോകേണ്ടിയിരുന്ന മാർഗം ഇതിലെയല്ല. പ്രധാന നിരത്തിൽ നിന്നു തിരിഞ്ഞ് എട്ടു നാഴിക വളഞ്ഞ് ഈ വഴി വരാൻ കാരണമുണ്ട്. ഈ നിരത്ത് എന്റെ ഗ്രാമത്തെ കണ്ടുകൊണ്ടു കടന്നുപോകുന്നു. ചാത്താനശേരി പറങ്ങോടൻ എന്ന ഭ്രാന്തൻ കളിച്ചു നടന്ന കുന്നും താലപ്പൊലിപ്പാലയും ഈ വഴി കടന്നുപോകുമ്പോൾ കാണാം. സുന്ദരിയുടെ കൂടെ

നമുക്ക് പോകേണ്ടിയിരുന്ന മാർഗം ഇതിലെയല്ല. പ്രധാന നിരത്തിൽ നിന്നു തിരിഞ്ഞ് എട്ടു നാഴിക വളഞ്ഞ് ഈ വഴി വരാൻ കാരണമുണ്ട്. ഈ നിരത്ത് എന്റെ ഗ്രാമത്തെ കണ്ടുകൊണ്ടു കടന്നുപോകുന്നു. ചാത്താനശേരി പറങ്ങോടൻ എന്ന ഭ്രാന്തൻ കളിച്ചു നടന്ന കുന്നും താലപ്പൊലിപ്പാലയും ഈ വഴി കടന്നുപോകുമ്പോൾ കാണാം. സുന്ദരിയുടെ കൂടെ

നമുക്ക് പോകേണ്ടിയിരുന്ന മാർഗം ഇതിലെയല്ല. പ്രധാന നിരത്തിൽ നിന്നു തിരിഞ്ഞ് എട്ടു നാഴിക വളഞ്ഞ് ഈ വഴി വരാൻ കാരണമുണ്ട്. ഈ നിരത്ത് എന്റെ ഗ്രാമത്തെ കണ്ടുകൊണ്ടു കടന്നുപോകുന്നു. ചാത്താനശേരി പറങ്ങോടൻ എന്ന ഭ്രാന്തൻ കളിച്ചു നടന്ന കുന്നും താലപ്പൊലിപ്പാലയും ഈ വഴി കടന്നുപോകുമ്പോൾ കാണാം. സുന്ദരിയുടെ കൂടെ

നമുക്ക് പോകേണ്ടിയിരുന്ന മാർഗം ഇതിലെയല്ല. പ്രധാന നിരത്തിൽ നിന്നു തിരിഞ്ഞ് എട്ടു നാഴിക വളഞ്ഞ് ഈ വഴി വരാൻ കാരണമുണ്ട്. ഈ നിരത്ത് എന്റെ ഗ്രാമത്തെ കണ്ടുകൊണ്ടു കടന്നുപോകുന്നു. ചാത്താനശേരി പറങ്ങോടൻ എന്ന ഭ്രാന്തൻ കളിച്ചു നടന്ന കുന്നും താലപ്പൊലിപ്പാലയും ഈ വഴി കടന്നുപോകുമ്പോൾ കാണാം. സുന്ദരിയുടെ കൂടെ മഴച്ചാറലിൽ നടന്ന മേച്ചിൽപ്പറമ്പ് അതിന്റെ മറുപുറത്തായിരുന്നു. അതിനപ്പുറം താന്നിക്കുന്ന്. താന്നിക്കുന്നിന്റെ താഴെ എന്റെ ബാല്യം. അതേ, പഴയ കണ്ണാന്തളികൾ...

(അജ്ഞാതന്റെ ഉയരാത്ത സ്മാരകം)

ADVERTISEMENT

കണ്ണാന്തളിപ്പൂക്കളും താലപ്പൊലിപ്പാലയുമൊന്നും ഇന്നില്ലെന്നറിയാമായിരുന്നു. നിള വറ്റി വരണ്ടു പൊന്തക്കാടുകൾ നിറഞ്ഞു മരുഭൂമിപോലെയായിക്കഴിഞ്ഞെന്നും അറിയാമായിരുന്നു. എങ്കിലും കൂടല്ലൂരിലെത്തിയപ്പോൾ അറിയാെത കണ്ണുകൾ വിടരുന്നു. എംടിയുടെ ജന്മനാട്. ‘ഇടവഴികളിലും ഇരുട്ടുമുറികളിലും കുന്നിൻചെരിവിലും പുഴക്കടവിലുമൊക്കെ കഥകൾ ഒളിപ്പിച്ചുവച്ചു തിരഞ്ഞു പിടിക്കാൻ അടക്കിയ ചിരിയും ഒതുക്കിയ വെല്ലുവിളിയുമായി’ എഴുത്തുകാരനെ എന്നും വിളിച്ചിറക്കിയ ഗ്രാമം. കൂടല്ലൂരെ മണ്ണിലൂടെ നടക്കുമ്പോൾ ഒാർത്തത് പണ്ടത്തെ ആ കുട്ടിയെയാണ്. ‘പാടത്തിന്റെ കരയിലെ ഒരു തകർന്ന തറവാട്ടു വീടിന്റെ മുകളിൽ ചാരുപടിയുടെ മുമ്പിൽ അരണ്ട വെളിച്ചത്തിൽ എഴുതിയ സാധനങ്ങൾ വീണ്ടും വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെ കുറിച്ചു സ്വപ്നങ്ങൾ നെയ്തെടുത്തും’ ഇരുന്ന ആ കുട്ടിയെ.

താന്നിക്കുന്നിലേക്കുള്ള വഴി, താന്നിക്കുന്ന്

താന്നിക്കുന്നിന്റെ വഴികൾ

ADVERTISEMENT

കർക്കടകത്തിൽ കണ്ണാന്തളികൾ നിറഞ്ഞു പൂത്തിരുന്ന താന്നിക്കുന്നും അതിന്റെ ചുവട്ടിലെ പഴയ തറവാടിരുന്നയിടവും കാണാനാണ് ആദ്യം ആഗ്രഹം തോന്നിയത്. മുന്നിൽ വയലും അതിനപ്പുറം നിരത്തും അതിനപ്പുറം പുഴയുമുള്ള ഉയരത്തിലിരിക്കുന്ന വീടിന്റെ ചിത്രം മനസ്സിലുണ്ടായിരുന്നു. പക്ഷേ, വയലുകളെല്ലാം നികത്തിയിരിക്കുന്നു.  അതിലേ പുതിയ പ്രകൃതിവാതക പദ്ധതിയുടെ വലിയ ഇരുമ്പു െെപപ്പ് കടന്നുപോകുന്നു. കുന്നു കയറി നടന്നു. കുറച്ചു വഴി തെറ്റിയിരുന്നു. വഴി തെറ്റലിനുമുണ്ടല്ലോ അതിന്റേതായ ഒരു രസം.

വരണ്ട കുന്നു കയറുമ്പോൾ ഇതായിരുന്നോ കഥകളിൽ വായിച്ച താന്നിക്കുന്നെന്ന അദ്ഭുതമായിരുന്നു ഉള്ളിൽ. പ്രഭാതത്തിനു മുമ്പേ എത്തുന്ന കുട്ടികളെ കാത്തു കണ്ണാന്തളിപ്പൂക്കൾ മത്സരിച്ചു പൂത്തിരുന്ന കുന്നിൽ ഇന്നു വരണ്ട മണ്ണിലെ വാടിയ മരങ്ങളും അനക്കമറ്റു നിൽക്കുന്ന കാറ്റും കരിയിലകളും മാത്രം. കുന്നിൻ ചെരിവിലെ തട്ടുകളിൽ അവിടവിടെയായി ഒറ്റപ്പെട്ട വീടുകളുണ്ട്.  പൊള്ളുന്ന െവയിലും വിജനതയും... പക്ഷേ, ആ കുന്നിൻ ചെരിവിൽ ഇന്നലെകളുടെ  ഒാർമകളിൽ നിന്ന് ആരുടെയൊക്കെയോ കാൽപെരുമാറ്റം കേൾക്കുന്നു. സേതുവും ആടുകളെ െതളിച്ചു കൊണ്ടു സുമിത്രയും ഉണ്ണിനമ്പൂതിരിയും മാധവമ്മാമയും പകിടകളിക്കാരൻ കോന്തുണ്ണിനായരും അപ്പുണ്ണിയും പാറുക്കുട്ടിയും സെയ്താലിക്കുട്ടിയും കൊട്ടിലിലെ മുത്താച്ചിയും... കഥാപാത്രങ്ങളും ജീവിച്ചിരുന്ന യഥാർഥ മനുഷ്യരും ഒരു മായാജാലക്കാഴ്ച പോലെ ഇടകലർന്നു മുന്നിലെത്തുന്നു. മീനാക്ഷിയേടത്തിയും ഭ്രാന്തൻ വേലായുധനും കുഞ്ഞാത്തോലും പുരാണ കഥകൾ പറഞ്ഞിരുന്ന കുട്ടമ്മാനും പത്മനാഭേട്ടനും... ഇനിയും എത്രയോ പേർ.

ADVERTISEMENT

കുന്നിന്റെ ചുവട്ടിലെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് അഴിച്ചുവച്ച ഗേറ്റിൽ ആ പേരുണ്ട്, ‘മാടത്ത് തെക്കേപ്പാട്ട്.’ തവിട്ടു ചായമുള്ള ഒാടിട്ട രണ്ടുനില വീട്ടിലിന്ന് ആൾത്താമസമില്ല. പഴയ മട്ടിൽ അരഭിത്തിയും തിണ്ണയുമുള്ള ഈ വീട് മുപ്പതോളം വർഷം മുമ്പ് എംടിയുടെ ജ്യേഷ്ഠൻ പണികഴിപ്പിച്ചതാണ്. പഴയ നാലുകെട്ടായ തറവാടുവീടിരുന്ന അതേ സ്ഥലത്തിരിക്കുന്ന ഈ വീടിനുമുണ്ട് ഒരു ഗൃഹാതുരഭംഗി. പണ്ടത്തെ തറവാട്ടിൽ മച്ചിലെ ഭഗവതിയിരുന്നയിടത്തെ തറ മാത്രം പൊളിക്കാതെയാണത്രേ പുതിയ വീട് പണിതിരിക്കുന്നത്.

തൊടിയിൽ നിറയെ മരങ്ങളുടെ പച്ചപ്പ്. വർഷങ്ങൾ ധൃതിയോടെ ഒാടിയിറങ്ങിപ്പോയ മുറ്റം... മുറ്റത്തിനു താഴത്തെ പടികളിറങ്ങുന്നത് വയലിലേക്കാണ്. പടികളിൽ വെറുതെയിരുന്നു. പണ്ട് പടിക്കൽ നിന്നാൽ വയലും നിരത്തും കടന്ന് അതിനപ്പുറം പുഴ കാണാമായിരുന്നുവെന്ന് വായിച്ചതോർത്തു. ഒരിക്കൽ വെള്ളപ്പൊക്കക്കാലത്ത് പടി വരെ വെള്ളം വന്നതും... ഇന്നത് ഒരു കെട്ടുകഥ പോലെ എത്ര വിദൂരമാണ്. പടിക്കലിരുന്ന് വീടിനെ നോക്കിയപ്പോൾ ‘കാല’ത്തിലെ സേതു വർഷങ്ങൾക്കു ശേഷം തിരികെ വന്നപ്പോൾ കണ്ട വീടിന്റെ ചിത്രമാണ് ഒാർമയിൽ തെളിഞ്ഞത്: 

‘പൂമുഖത്തിന്റെ മുകളിലെ മുറി. ഉരുളനഴികളിട്ട ജാലകത്തിന്റെ വിടവിലൂടെ നേർത്ത വെളിച്ചം സംശയിച്ച് എത്തി നോക്കുന്ന മുറിക്കകത്തു പഴയ പകലുകളും രാത്രികളും മയങ്ങിക്കിടന്നു. ചുവരിൽ എഴുതിയിട്ട വരികളും വിലാസങ്ങളുമുണ്ടോ? വിളക്കു കത്തിച്ചു നോക്കിയാലേ അറിയൂ. മുറിയിൽ ക്ലാവു പിടിച്ച ഒാട്ടു പാത്രത്തിന്റെ ഗന്ധമുള്ള പഴയ വായു തന്നെ ഇപ്പോഴും തങ്ങി നിൽക്കുന്നു...’

െെവക്കോൽ മേഞ്ഞ നാലുകെട്ടും ഒാടിട്ട പത്തായപ്പുരയുമുണ്ടായിരുന്ന പഴയ മാടത്ത് തെക്കേപ്പാട്ട് വീടിന്റെ ചിത്രം നിഴൽ പോലെ പിന്നിൽ തെളിയുന്നു. അറുപത്തിനാല് അംഗങ്ങളുണ്ടായിരുന്ന തറവാട് പിന്നീട് ക്ഷയിച്ചു. ഒാർത്തിരിക്കെ വീടും ഒരു കഥാപാത്രമാണെന്ന് തോന്നി. കാലങ്ങൾ കൊണ്ട് ഒാേരാരുത്തരായി പലപ്പോഴായി പടിയിറങ്ങി കടന്നുപോയപ്പോൾ നിശ്ശബ്ദമായി വിതുമ്പി നിന്ന വീട്.  കഥകളിലെ മുത്തശ്ശിമാരും അമ്മമാരും ചെറിയമ്മമാരും അമ്മാവന്മാരും അമ്മായിമാരുമെല്ലാം അകത്തെ ഇരുട്ടിൽ വീർപ്പടക്കി നിൽപ്പുണ്ടോ? ഒരുപാടാളുകൾക്കു വച്ചു വിളമ്പാനിഷ്ടപ്പെട്ടിരുന്ന ഒരമ്മ, കൊയ്ത്തും മെതിയും ഉണ്ടായിരുന്ന പഴയകാലത്തെ ഒാർമകളയവിറക്കി പ്രാരബ്ധങ്ങളിലും മക്കളെ വിശപ്പറിയിക്കാതിരിക്കാൻ പാടുപെട്ട് കഴിഞ്ഞിരുന്നു ആ വീട്ടിൽ. വിഷുവിന് രണ്ടു രൂപയുടെ പടക്കം കിട്ടാനാശിച്ച് നിരാശനായ ഒരു മകനുണ്ടായിരുന്നു...

നരിമാൻകുന്ന്

കഥകളിലേക്ക് നടന്നുപോയ മനുഷ്യർ

തറവാടിന്റെ ഇരുവശത്തും പുതിയ കെട്ടും മട്ടുമുള്ള വീടുകളാണിന്ന്. എംടിയുടെ കുടുംബക്കാരുടെ വീടുകളാണ് ഈ പരിസരത്തേറെയും. പിന്നിലായി താന്നിക്കുന്ന്.  ഇല്ലപ്പറമ്പും കുളങ്ങളും എവിടെയായിരുന്നു? ഭ്രാന്തൻ വേലായുധനെ ചങ്ങലയിൽ തളച്ചിട്ട വടക്കേ വീട് എവിടെയായിരുന്നു?

കഥയോടലിഞ്ഞു ചേർന്നു കിടക്കുന്ന ഭൂതകാലത്തിലെ ചില ഏടുകളെക്കുറിച്ചു പറഞ്ഞു തന്നത് എംടിയുടെ ചെറിയമ്മയുടെ മകൻ എം.ടി. രവീന്ദ്രനാണ്. ‘‘വടക്കേ വീടിന് ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ ഉണ്ടായിരുന്ന സ്ഥലമെന്ന പ്രസക്തി മാത്രമല്ല... നാലുകെട്ടിലെ കോന്തുണ്ണിനായർ വടക്കേ വീട്ടിലെ ഞങ്ങളുടെ ഒരു മുത്തശ്ശീടെ മകനായിരുന്നു. കോന്തുണ്ണിനായർക്ക് നാലു പെൺമക്കളായിരുന്നു. അപ്പുണ്ണി എംടിയുടെ സങ്കൽപത്തിൽ വിരിഞ്ഞ കഥാപാത്രമാണ്. പങ്കുകച്ചവടത്തിൽ വിഷം ഉള്ളിൽ ചെന്ന് കോന്തുണ്ണിനായർ മരണപ്പെട്ടതും സെയ്താലിക്കുട്ടിയും അതെല്ലാം യഥാർഥ ജീവിതത്തിലെ സംഭവങ്ങളായിരുന്നു... െതക്കുഭാഗത്തായിരുന്നു ഇല്ലം. പഴയ ഇല്ലം ഇന്നില്ല. അതു പൊളിച്ചു. ആ ഭാഗത്ത് പുതിയ വീട് വന്നു. വടക്കേ വീടും പൊളിച്ചുപോയി... കാലത്തിലെ മാധവമ്മാമ ഞങ്ങളുടെ അമ്മാവനായിരുന്ന കുട്ടമ്മാമ്മയുടെ പ്രതിരൂപമാണ്. പിന്നെയും ഒരുപാട് പേരുണ്ട് കഥകളിലേക്ക് ജീവിതം പറിച്ചുനടപ്പെട്ടവർ... പിന്നെ, കുടുംബത്തിലെ തന്നെ മനുഷ്യരുടെ കഥകളാവുമ്പോൾ അവർ ആരൊക്കെയാണെന്നതിനെക്കുറിച്ച് എല്ലാം പറയാനാവില്ലല്ലോ...’’

വീടിന്റെ പിന്നിൽ കുന്നിന്റെ ചെരിവിൽ പൊളിഞ്ഞ കിണറിന്റെ ആൾമറ കാടുപിടിച്ചു കിടക്കുന്നു. വെട്ടുകല്ലു കൊണ്ടു കെട്ടിയ പടവുകൾ. ഇതും ഭൂതകാലത്തിലെ ഏതെങ്കിലും കഥയുടെ അവശിഷ്ടമാണോ? താന്നിക്കുന്നിന്റെ മേലേ നിൽക്കുമ്പോൾ ദൂരെ കാണുന്ന കാഴ്ചയുടെ ഭംഗിയെക്കുറിച്ചു മുമ്പു പറഞ്ഞിട്ടുണ്ട് എംടി. നിളയും തൂതപ്പുഴയും ചേരുന്ന കടവിന്റെ ഭംഗി. കരുണൂർ പാലത്തിലൂടെ കടന്നുപോകുന്ന തീവണ്ടി... ഇന്ന് പക്ഷേ, താന്നിക്കുന്നിന്റെ നിറുകയിൽ നിന്ന് കാണുന്ന നിള വരണ്ട ഒരു കണ്ണീർച്ചാലു പോലെ നേർത്തിരിക്കുന്നു. നരിമാളൻകുന്നും ഇന്ന് ചെടികൾ കരിഞ്ഞു നിൽക്കുന്ന കുന്നിൻപുറമായിരിക്കുന്നു. ജെസിബികൾ മലയെ മാന്തി മണ്ണെടുക്കുന്ന കാഴ്ചയാണ് അവിടെ പലയിടത്തും കണ്ടത്. പഴയും പച്ചപ്പും വയലുകളുമൊക്കെ മാഞ്ഞതു കാണാൻ പ്രയാസമായതിനാലാവും, നാട്ടിലേക്കുള്ള എംടിയുടെ വരവ് ഇപ്പോൾ അപൂർവമാണെന്ന് എം.ടി. രവീന്ദ്രൻ ഒാർത്തു.

മലമൽക്കാവ് അമ്പലം

നീലത്താമരയുടെ സുഗന്ധമുള്ള മലമൽക്കാവ്

മലമൽക്കാവ് അമ്പലത്തിന്റെ മുന്നിലെ കാറ്റിന് അരയാലിലകളുടെ തണുപ്പുണ്ടായിരുന്നു. മുന്നിൽ വെട്ടുകല്ലുകൊണ്ടു പടവുകൾ കെട്ടിയ കുളം വർഷങ്ങൾ വീണു മയങ്ങി കിടക്കും പോലെ നിശ്ചലമാണ്. മലമൽക്കാവ് എൽ.പി. സ്കൂളിലായിരുന്നു എംടി പഠിച്ചത്. കുളത്തിനെക്കുറിച്ചു കഥ പറഞ്ഞത് അമ്പലത്തിന്റെ മാനേജർ മാനവേദനാണ്.

‘‘നീലത്താമര വിരിയുന്ന കുളം. ചെങ്ങഴിനീർപ്പൂവ് എന്നാണ് ഈ പൂവിന്റെ യഥാർഥ പേര്. പിങ്ക് നിറമാണ്... നീലത്താമര കഥയിലെ സങ്കൽപമാണ്. ഈ കുളത്തിനെ സംബന്ധിച്ച വിശ്വാസത്തിൽ നിന്ന് ആശിച്ച കാര്യത്തിനായി പ്രാർഥിച്ചു തൃപ്പടിയിൽ പണം വച്ചാൽ പിറ്റേന്ന് നീലത്താമരപ്പൂ വിരിയും എന്ന കഥാസങ്കൽപം എംടി മെനഞ്ഞെടുത്തതാണ്. സ്വയംഭൂവായ അയ്യപ്പാണിവിടുത്തെ പ്രതിഷ്ഠ. െെശവക്ഷേത്രങ്ങളിലെ കലശത്തിനാണീ പൂവ് ഉപയോഗിക്കുന്നത്. തലേ ദിവസം പ്രാർഥിച്ച് പണം വച്ചാൽ പിറ്റേന്ന് പൂ വിരിയും. ഇപ്പോൾ രണ്ടായിരം രൂപയാണ് വയ്ക്കുന്നത്. ഒരു ദിവസം എട്ട് പൂവ് വരെ വിരിഞ്ഞിട്ടുണ്ട്. അമ്പലത്തിലെ ആവശ്യത്തിനല്ലാതെ സാധാരണ ആളുകൾ പണംവച്ചു പൂവിരിയാൻ പ്രാർഥിക്കുന്ന പതിവില്ലിവിടെ... പക്ഷേ, അമ്പലത്തിലേക്കു വേണ്ടി പണംവച്ചു പ്രാർഥിച്ച് ഇന്നേവരെ പൂ വിരിയാതിരുന്നിട്ടില്ല.

അമേറ്റിക്കര കുളം

ആദ്യത്തെ സിനിമ നീലത്താമര ഇവിടെയായിരുന്നു ഷൂട്ട് ചെയ്തത്. പുതിയ റീമേക്ക് സിനിമ നീലത്താമരയ്ക്ക് സിനിമാ ഷൂട്ടിങ്ങിന് അനുവാദം ചോദിച്ചെങ്കിലും അമ്പലത്തിനുള്ളിൽ ഞങ്ങൾ കൊടുത്തില്ല... ഇതിന്റെ പരിസരത്തൊക്കെ അവർ എടുത്തിരുന്നു.’’ മാനവേദൻ പറഞ്ഞു.

മേലേ അഴിയിട്ട കുളത്തിന്റെ പ്രത്യേക ഭാഗത്തായി നീലത്താമരച്ചെടി വളർത്തുകയാണ് ഇപ്പോൾ. മലമൽക്കാവിൽ നട അടച്ച നേരമായിരുന്നു. ചുറ്റമ്പലം ആളൊഴിഞ്ഞു കിടക്കുന്നു. ഇപ്പോഴും പ്രാചീനത അനുഭവപ്പെടുന്നുവെന്നതാണ് ഈ പരിസരത്തിന്റെ സവിശേഷത. െെടലിട്ടും സിമന്റിട്ടും ഇവിടുത്തെ പ്രദക്ഷിണവഴികളെ പല ക്ഷേത്രങ്ങളിലെയും പോലെ ആധുനികമാക്കിയിട്ടില്ല...

കുമരനെല്ലൂരിലെ കുളങ്ങൾ

കുമരനെല്ലൂരിലെത്തിയപ്പോൾ ആദ്യം തേടിയത് കുളങ്ങളുടെ പച്ചച്ചതുരങ്ങളുടെ കുളിർമായണ്. കുളങ്ങളിൽ പലതും നഷ്ടപ്പെട്ടെങ്കിലും ഇന്നലെയുടെ അവശേഷിപ്പു പോലെ ചിലത് വേനലിലും വറ്റാതെ നിൽക്കുന്നു. കുമരനെല്ലൂരിലെ കുളങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട് എം.ടി. അമേറ്റിക്കരയിലെയും എരഞ്ഞിക്കരയിലെയും കുളങ്ങൾ ഇന്നുമുണ്ട്. ഇവിടെ കൗമാരകാലത്ത് കുളിക്കാൻ വരുമായിരുന്ന ദിനങ്ങൾ എംടിയുടെ ഒാർമക്കുറിപ്പുകളിലെ തെളിഞ്ഞ ചിത്രങ്ങളാണ്.

കുടല്ലൂരേക്കുള്ള വഴി, എംടി പഠിച്ച കുമരനെല്ലൂർ ഹൈസ്കൂൾ

ടൗണിന്റെ നടുവിലെ ചെറിയ കയറ്റം കയറി ചെന്നത് കുമരനെല്ലൂർ െെഹസ്കൂളിലേക്കായിരുന്നു. എംടി പഠിച്ച െെഹസ്കൂൾ. അവധിയായതിനാൽ േഗറ്റ് അടഞ്ഞുകിടക്കുന്നു. മങ്ങിയ മഞ്ഞനിറമുള്ള ചുവരിൽ കുട്ടികൾ കോറിയിട്ട വരകളും ചിഹ്നങ്ങളും അക്ഷരങ്ങളും... ഇവിടെ നിൽക്കുമ്പോൾ വസുന്ധരയെ ഒാർക്കാതിരിക്കുന്നതെങ്ങനെ?

‘കഴുത്തിൽ ചുവന്ന കല്ലുവച്ച കുഴിമിന്നി. വലിയ അരക്കെട്ടു മുഴുവൻ മറച്ചു പരത്തിയിട്ട മുടിക്കെട്ടിൽ ഒരു മന്താരപ്പൂ. ക്ലാസിലെ ഞങ്ങളെയെല്ലാം നിസ്സാരരാക്കി നോക്കിക്കൊണ്ട് പെൺകുട്ടികളുടെ സംഘത്തിലേക്ക് അവൾ തലയുയർത്തിപ്പിടിച്ച് റാണിയെപ്പോലെ നടന്നുപോകും...’ 

കുമരനെല്ലൂർ സ്കൂളിൽ ഒരു ദിവസം പതിനെട്ടുകാരൻ വാസുദേവൻ നമ്പൂതിരി പഠിക്കാൻ ചേർന്നതും കാമുകിയായ യശോധരയെ, നമ്പൂതിരി സ്കൂളിൽ ചേർത്തതും അവരൊരുമിച്ച് വരുകയും പോവുകയും ചെയ്തതും പാട്ടുക്ലാസിൽ ഒന്നിച്ചിരുന്ന് പാടിയതും... എംടി സ്മരണകളിൽ വരച്ചിട്ട ചിത്രങ്ങളാണ്. 

കുമരനെല്ലൂർ പ്രദേശത്തെ അക്കാലത്തെ ഏറ്റവും നല്ല കുളമുണ്ടാക്കിയത് പനാഞ്ചേരി വാസുദേവൻ നമ്പൂതിരിയാണെന്നും പറഞ്ഞിട്ടുണ്ട്. കൗമാരകാലത്ത് എംടിയുടെ കൺമുന്നിലൂടെ വിസ്മയമുണർത്തി കടന്നുപോയ ആ പ്രണയമായിരുന്നു വർഷങ്ങൾക്കു ശേഷം കഥയായി വിടർന്നത്. യശോധര വസുന്ധരയായി... കഥയുടെ അവശേഷിപ്പുകൾ തേടി വന്നെത്തിയത് അമേറ്റിക്കരയിലെ ക്ഷേത്രത്തിന്റെ കുളക്കരയിലാണ്. കറുത്ത വെട്ടുകെല്ലുകൊണ്ടു കെട്ടിയ പടവുകൾക്കു താഴെ ജലത്തിന്റെ നിശ്ചലത. വർഷങ്ങൾ കണ്ണാടിലെന്ന പോലെ ഈ പച്ച ജലാശയത്തിനടിയിൽ വീണുറങ്ങുന്നുണ്ടാകുമോ? ബാല്യത്തിന്റെ കളിച്ചുതിമർക്കലുകൾ. കൗമാരത്തിന്റെ അടക്കിവച്ച പ്രണയകൗതുകങ്ങൾ? കുളത്തിലെ പായൽ മൂടിയ പച്ചജലം എല്ലാമൊളിപ്പിച്ച നിഗൂഢതയിലും മൗനത്തിലും ഒതുങ്ങിനിന്നു.

വാഴാവിലമ്പലം

കൂടല്ലൂരെന്ന കൊല്ലുഗ്രാമം കഥകളെ സ്വപ്നം കണ്ടു നടന്ന ഒരു കുട്ടിക്ക് അവയെ ഒളിപ്പിച്ചുവച്ചു കാഴ്ച വച്ച ഇടങ്ങൾ ഒരുപാടുണ്ടാകും ഇനിയും. വാഴാവിലമ്പലം, ആരിയമ്പാടത്തെ കൂത്തമ്പലം, പരദേവത കുടിയിരിക്കുന്ന കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രം... മലവെള്ളം ഒഴുകി വന്ന ഒരു രാത്രിയിൽ തറവാട്ടിലെ വിധവയും ദരിദ്രയുമായ അമ്മയുടെയും മക്കളുടെയും മുന്നിൽ അമ്പലത്തിലെ ഉരുളിയിൽ ആഹാരവുമായി പ്രത്യക്ഷപ്പെട്ട മച്ചിലെ ഭഗവതി കുടിയിരിക്കുന്നത് കൊടിക്കുന്നത്തെ ക്ഷേത്രത്തിലാണ്. സ്ഥലപുരാണമെന്ന കഥയിൽ എംടി എഴുതിയ ഗുരുതിപ്പറമ്പും ഭഗവതിയുമായി ബന്ധപ്പെട്ടയിടമാണ്... പുഴത്തീരത്തെ ഈ കർഷകഗ്രാമത്തിന്റെ നാട്ടുവിശേഷങ്ങളും ചരിത്രവും മിത്തുകളും പുരാവൃത്തങ്ങളും എല്ലാം ഭാവന കലർന്ന് എംടിയുടെ അക്ഷരങ്ങളിൽ ജീവൻ വച്ചു. ഇവിടുത്തെ പുഴയും മണ്ണും വയലും കൃഷിയും മനുഷ്യരും പൂക്കളും എല്ലാം കഥകളുടെ പ്രേരണയായി. ഇനിയുമെന്തെല്ലാമുണ്ടാവും ഇവിടെ മറഞ്ഞിരിക്കുന്നത്... എന്തെല്ലാം മാഞ്ഞുപോയിക്കാണും!

വെള്ളിയാങ്കല്ല് പൈതൃക പാർക്ക്

മരിക്കുന്ന നിള

നിളയുടെ തീരത്തുകൂടി വെള്ളിയാങ്കല്ലിലേക്കു പോകുമ്പോൾ തീരത്ത് മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഗുരുതിപ്പറമ്പ് കണ്ടു. അപ്പോൾ നാലുകെട്ടിലെ പാറുക്കുട്ടിയെയും കോന്തുണ്ണിനായരെയുമാണ് ഒാർമ വന്നത്. സന്ധ്യകളിൽ പുഴക്കടവിലേക്ക് കുളിക്കാനുള്ള യാത്രയിൽ അത്താണിയിലിരിക്കുന്ന കോന്തുണ്ണിനായരെ മുഖമുയർത്താതെ നോക്കി ഈ വഴിയേയല്ലേ പാറുക്കുട്ടി കടന്നുപോയത്! അവരുടെ പ്രണയത്തിന് സാക്ഷിയായി നിന്ന ഗുരുതിപ്പറമ്പ് ഇപ്പോഴുമുണ്ട്. അത്താണി ഇല്ലെങ്കിലും ഇവിടെ തണൽവിരിച്ചു നിൽക്കുന്ന ആൽമരം ഇപ്പോഴുമുണ്ട്.

പരദേവത കുടിയിരിക്കുന്ന കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രം

ഗുരുതിപ്പറമ്പിനു താഴെ വറ്റിയുണങ്ങി കിടക്കുന്ന നിള. ആദ്യം വരേണ്ടത് ഇവിടേക്കായിരുന്നു. എങ്കിലും ആ വരവ് അവസാനത്തേക്കായി മാറ്റിവയ്ക്കുകയായിരുന്നു. പൊന്തക്കാടുകൾ നടുവിലും വളർന്നു മണൽ മുഴുവൻ മാന്തിയെടുക്കപ്പെട്ട് നീർ വറ്റിയ ഹൃദയവുമായി ഒരു ദാരുണചിത്രമായി തീർന്നിരിക്കുന്ന പുഴ. ‘വേനൽക്കാലത്ത് നിലാവിൽ കുളിച്ചു കിടക്കുന്ന ആ പുഴത്തീരം വളരെ വിദൂരസ്ഥമെങ്കിലും എന്നെ സംബന്ധിച്ച് ഏറെ തെളിഞ്ഞു മിന്നുന്ന ഒരു സ്വപ്നമാണ്...’ എംടി എഴുതിയിരിക്കുന്നു. നിളയ്ക്കു വേണ്ടി അഗാധമായ ഹൃദയവേദനയോടെ, ഉൽക്കണ്ഠയോടെ ഒരുപാട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടും അതിനെ രക്ഷിക്കാനാവാതെ ദുഃഖത്തോടെ ഇനി നിളയെക്കുറിച്ച് ഒന്നും പറയില്ലെന്ന് പറഞ്ഞ എംടി ഒടുവിൽ നിളയ്ക്കുവേണ്ടി ഒരു വിലാപമെഴുതി.

ഇന്നു മരിച്ചുകൊണ്ടിരിക്കുന്ന ഈ നിളയുടെ തീരത്ത് നിൽക്കുമ്പോൾ തോന്നുന്നത് കാൽപനികമായി നിളയെ കുറിച്ച് ഒരു വാക്കുപോലും പറയാൻ മലയാളികൾക്ക് അർഹതയില്ലെന്നാണ്. തലമുറകളായി തോണിക്കാരനുണ്ടായിരുന്ന കൂട്ടക്കടവിൽ ഇന്നു പുഴ മെലിഞ്ഞ് വറ്റിത്തീരാറായിരിക്കുന്നു. കടവിൽ തോണി പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞു കമിഴ്ത്തി വച്ചിരിക്കുന്നു. മൂന്നു വർഷം മുമ്പൊരു യാത്രയിൽ കൂട്ടക്കടവിൽ വരുമ്പോൾ അവിടുത്തെ തോണിക്കാരനെ കണ്ടിരുന്നു... 30 വർഷമായി ഈ കടവിൽ ജോലി നോക്കുന്ന മജീദ് എന്ന പ്രായം ചെന്നയാൾ.

ഭാരതപ്പുഴ

എത്രയെത്ര മഹാപ്രതിഭകൾക്ക് അവരുടെ സർഗശക്തിയുടെ പ്രേരണയായിത്തീർന്ന നിളാതീരം! പക്ഷേ, നിളയ്ക്കുവേണ്ടി എത്രയൊക്കെ പറഞ്ഞിട്ടും എഴുതിയിട്ടും ഒരെഴുത്തുകാരനും പുഴയെ രക്ഷിക്കാനായില്ലല്ലോ എന്ന വേദനയാണ് ഇവിടെ നിൽക്കുമ്പോൾ തോന്നുക. മണൽ മുഴുവനും വാരിക്കഴിഞ്ഞപ്പോൾ മണൽവാരൽ നിരോധിച്ചു. എങ്കിലും ഇപ്പോഴും ഇവിടെ അവശേഷിക്കുന്ന മണലും വാരിക്കൊണ്ടു പോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾ പോലും ചാക്കിൽ മണൽ കയറ്റി കൊണ്ടുപോയി വിൽക്കുന്ന കാഴ്ച കാണാമത്രേ! പണ്ടു നിലാവത്തെ രാത്രികളിൽ ഗന്ധർവന്മാരും ഭഗവതിമാരും വിഹരിച്ചിരുന്നുവെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്ന പുഴയിൽ ഇന്നു വളർന്ന പൊന്തക്കാടുകളിൽ കള്ളവാറ്റുകാരുടെയും ചീട്ടുകളിക്കാരുടെയും കൂട്ടമാണ്. തമിഴ്നാട്ടിൽ നിന്നുള്ള നാടോടികൾ ചിലയിടത്ത് ടെന്റുകൾ കെട്ടിയിരിക്കുന്നു. മണൽ മുഴുവനും വാരിയെടുക്കപ്പെട്ടപ്പോൾ തെളിഞ്ഞ അടിമണ്ണിൽ കുണ്ടും കുഴിയും കാട്ടുപൊന്തകളും മരങ്ങളും വരെ വളർന്ന് നിളയുടെ നെഞ്ച് ഒരു വികൃതമായ ചിത്രമായിരിക്കുന്നു. താൽക്കാലിക ലാഭത്തിനായി നാം പ്രകൃതിയോടു ചെയ്ത ക്രൂരതയ്ക്ക് മാപ്പ് കിട്ടുമോ? നിള നശിപ്പിക്കപ്പെട്ട് ഇല്ലാതാകുന്നത് അറിയുമ്പോഴും പുഴയുടെ സംരക്ഷണത്തിനായി ഒരു ജാഥയും നമ്മൾ സംഘടിപ്പിച്ചില്ല... പുഴയെ ഒാർത്ത് വിലപിച്ചവരും നിസ്സഹായരായി. പുഴയെ വീണ്ടെടുക്കാൻ ഇന്നു ചില പ്രവർത്തനങ്ങളൊക്കെ നടക്കുന്നുവെങ്കിലും വീണ്ടെടുക്കാനാവാത്തവിധം നിള നശിപ്പിക്കപ്പെട്ടതായി ഈ തീരത്ത് നിൽക്കുമ്പോഴനുഭവപ്പെടുന്നു. നിള തൊട്ടടുത്ത് കാണാൻ പാകത്തിന് എംടി പണിത ‘അശ്വതി’യെന്ന വീടിനു മുന്നിലും ഒരു തുള്ളി വെള്ളമില്ലാത്ത വെയിൽ പൊള്ളിക്കിടക്കുന്ന തരിശുനിലമാണ് കണ്ടത്.

വെയിൽ പൊള്ളിക്കിടക്കുന്ന നിള

‘‘കഴിഞ്ഞ 10–15 വർഷം കൊണ്ടാണ് പുഴ ഇങ്ങനെ  നശിച്ചുപോയത്. തമിഴ്നാട്ടിൽ നിന്നുള്ള ലോറികളുടെ നിരയായിരുന്നു അന്നൊക്കെ പുഴത്തീരത്ത്. രാഷ്ട്രീയ–വ്യവസായ ലോബികളുടെ പിൻബലം കാരണം മണൽവാരലിനെതിരെ എത്ര പ്രതിഷേധിച്ചിട്ടും ഒന്നും വിലപ്പോയില്ല. ഇന്നു മാറി മാറി വരുന്ന സർക്കാരുകൾ പുഴയെ വീണ്ടെടുക്കാൻ നൂറു കണക്കിനു കോടികൾ ചെലവാക്കുന്നുവെന്ന് കണക്കുകൾ നിരത്തുന്നു... പക്ഷേ, എവിടെ?’’ കൂടല്ലൂർക്കാരനായ അഷറഫിന്റെ ശബ്ദത്തിൽ നിസ്സഹായതയായിരുന്നു. കൂട്ടക്കടവിൽ വച്ചു കണ്ട പല നാട്ടുകാരും പറഞ്ഞത് അതേ കാര്യമാണ്.

കൂടല്ലൂരിൽ നിന്നു മടങ്ങുമ്പോൾ സത്യത്തിൽ കഥകളിലെ കാൽപനികതയുടെ അന്തരീക്ഷമല്ല മനസ്സിൽ ബാക്കിയാവുന്നത്. നീറുന്ന കുറ്റബോധമാണ്. രോഷം നിറഞ്ഞ നിസ്സഹായതയാണ്. വറ്റിയ പ്രതീക്ഷയാണ്. നിളയെ ഏറെ സ്നേഹിച്ച എഴുത്തുകാരൻ വർഷങ്ങൾക്കു മുമ്പേ എഴുതിയ വാക്കുകൾ പോലെ, ‘അകലെ മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ, എന്റെ പുഴ ചോര വാർന്നു വീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു...’

ADVERTISEMENT