പോക്സോ കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ കാൽനൂറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹന്റെ അനുഭവങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നേർക്കാഴ്ചയാകുന്നു. മോഹൻലാൽ നായകനായ 'നേര്' എന്ന സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായ അദ്ദേഹം, പലപ്പോഴും സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെ ഒട്ടേറെ പ്രതികൾക്ക് കഠിനതടവ് വാങ്ങിനൽകിയിട്ടുണ്ട്. കുട്ടികളുടെ മൗനവും മാനസിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ് മാതാപിതാക്കൾ അവർക്കൊപ്പം നിൽക്കേണ്ടതിന്റെയും, ലൈംഗിക അതിക്രമങ്ങൾക്കെതിരെ മടിക്കാതെ നിയമപരമായ പരാതി നൽകേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

പോക്സോ കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ കാൽനൂറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹന്റെ അനുഭവങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നേർക്കാഴ്ചയാകുന്നു. മോഹൻലാൽ നായകനായ 'നേര്' എന്ന സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായ അദ്ദേഹം, പലപ്പോഴും സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെ ഒട്ടേറെ പ്രതികൾക്ക് കഠിനതടവ് വാങ്ങിനൽകിയിട്ടുണ്ട്. കുട്ടികളുടെ മൗനവും മാനസിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ് മാതാപിതാക്കൾ അവർക്കൊപ്പം നിൽക്കേണ്ടതിന്റെയും, ലൈംഗിക അതിക്രമങ്ങൾക്കെതിരെ മടിക്കാതെ നിയമപരമായ പരാതി നൽകേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

പോക്സോ കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ കാൽനൂറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹന്റെ അനുഭവങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നേർക്കാഴ്ചയാകുന്നു. മോഹൻലാൽ നായകനായ 'നേര്' എന്ന സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായ അദ്ദേഹം, പലപ്പോഴും സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെ ഒട്ടേറെ പ്രതികൾക്ക് കഠിനതടവ് വാങ്ങിനൽകിയിട്ടുണ്ട്. കുട്ടികളുടെ മൗനവും മാനസിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ് മാതാപിതാക്കൾ അവർക്കൊപ്പം നിൽക്കേണ്ടതിന്റെയും, ലൈംഗിക അതിക്രമങ്ങൾക്കെതിരെ മടിക്കാതെ നിയമപരമായ പരാതി നൽകേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജയ് മോഹൻ പങ്കുവയ്ക്കുന്ന കോടതി മുറിയിലെ അനുഭവങ്ങൾ.

ഇരുപത്തിയഞ്ചു വർഷത്തെ നിയമജീവിതം. ഒട്ടേറെ ഭീഷണികളും സമ്മർദങ്ങളും മറികടന്നു നിരാലംബർക്കു നീതി ലഭിക്കാൻ വേണ്ടി നടത്തിയ നിരന്തരമായ പോരാട്ടങ്ങൾ. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. എസ്. വിജയ് മോഹന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു തീരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം: കുട്ടികളുടെ മൗനം നമ്മൾ എത്രത്തോളം തിരിച്ചറിയുന്നുണ്ട്?

ADVERTISEMENT

‘‘നാലു വർഷം മുൻപുണ്ടായ ഒരു സംഭവം പറയാം. എന്നെ കാണാൻ ഒരമ്മയും മകനും വന്നു. ഓട്ടിസത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടിയായിരുന്നു. അതുകൊണ്ടു തന്നെ എന്തൊക്കെയാണു തനിക്കു സംഭവിച്ചതെന്നു മറ്റൊരാളോടു വ്യക്തമായി പറയാൻ അവനു കഴിയുമായിരുന്നില്ല. ഒരു ദിവസം കുളിപ്പിക്കാനായി വസ്ത്രം അഴിപ്പിച്ചപ്പോൾ സ്വകാര്യഭാഗങ്ങളിൽ മുറിവുകളും അടയാളങ്ങളും കണ്ട് ആ അമ്മ പേടിച്ചു. 

എന്താണു പറ്റിയതെന്നു ചോദിച്ചപ്പോൾ കുട്ടി വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചു, കട്ടിലിനടിയിൽ ഒളിച്ചു. പക്ഷേ, ആ കുട്ടിക്ക് എഴുതാനും വരയ്ക്കാനും അറിയുമായിരുന്നു. സ്കൂളിൽ വച്ച് അധ്യാപകനിൽ നിന്നുണ്ടായ ലൈംഗിക പീഡനം തെളിയിക്കാനുള്ളതെല്ലാം അവൻ  എഴുതി വച്ചിരുന്നു. സാഹചര്യങ്ങളും മൊഴികളും പൊലീസ് കൃത്യമായി കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചു. 2019ൽ നടന്ന സംഭവത്തിൽ അധ്യാപകനു തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 161 വർഷം കഠിനതടവും പിഴയും വിധിച്ചു.’’ 

ADVERTISEMENT

  2021ലാണ് അഡ്വ. ആർ. എസ്.  വിജയ് മോഹൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല ഏറ്റെടുത്തത്. പിന്നീടുള്ള ഓരോ ദിവസങ്ങളിലും നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ, സംഭവങ്ങളിലൂടെ കടന്നു പോയതിന്റെ അനുഭവങ്ങൾ കേട്ടാൽ മനസ്സു മരവിപ്പിച്ചു പോകും. 

‘‘സ്വന്തം അമ്മയെ കണ്ടപ്പോൾ പേടിച്ചു വിറച്ച് എന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ രണ്ടു പെൺകുഞ്ഞുങ്ങളുടെ നിലവിളി. അതെന്റെ കാതിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല. അമ്മയുടെ കാമുകൻമാർ ചേർന്നാണു പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. 

ADVERTISEMENT

സ്വകാര്യഭാഗങ്ങളിൽ വ്രണം വന്നു ചികിത്സയ്ക്കു വിധേയരായ ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്റെ കണ്ണുക ൾ നിറഞ്ഞു. കുട്ടികളെ ഉപദ്രവിച്ച രണ്ടു യുവാക്കൾക്കും അമ്മയെന്നു പറയാൻ യാതൊരു അർഹതയുമില്ലാത്ത ആ സ്ത്രീക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്.’’ 

ബാല്യകാലത്തു ലൈംഗിക ചൂഷണത്തിനു വിധേയരായവർക്കു നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുള്ള അഡീഷനൽ ഗവൺമെന്റ് പ്ലീഡറും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുമാണ് അഡ്വ. ആർ.എസ്. വിജയ് മോഹൻ. 

പരാതിക്കാർ പിന്മാറുമ്പോൾ    

‘‘ഒട്ടുമിക്ക പോക്സോ കേസുകളിലും പീഡനം നടത്തുന്നവർക്കു പൊതുവായ സ്വഭാവം കാണാറുണ്ട്. മിഠായി കൊടുത്തും ഇഷ്ടമുള്ള ഭക്ഷണം നൽകിയും കുഞ്ഞുങ്ങളുടെ സ്നേഹം പിടിച്ചുപറ്റും. വിശ്വാസം നേടിയ ശേഷം സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും. കുട്ടികൾ വേദനിച്ചു കരയുകയോ എതിർക്കുകയോ ചെയ്താൽ ‘അച്ഛനോടു പറയും, അമ്മയെ കൊല്ലും’ എന്നൊക്കെ ഭീഷണിപ്പെടുത്തിയാകും പീഡനം. 

പല കേസുകളിലും കുട്ടിയുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായ മൂടിപ്പിടിച്ചാണു പീഡനം നടത്തിയിട്ടുള്ളത്. നമ്മുടെ നാട്ടിൽ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമില്ലാതെ നിരവധി കുഞ്ഞുങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കാൾ എത്രയോ ഇരട്ടി സംഭവങ്ങൾ മൂടിവയ്ക്കപ്പെടുന്നു.

പലപ്പോഴും സമ്മർദത്തിനു വഴങ്ങിയാണ് പരാതിക്കാർ പിന്മാറുന്നത്. ഇത്തരം അവസരങ്ങളിൽ പ്രതി രക്ഷപ്പെടാൻ സാഹചര്യമൊരുങ്ങും. കുറ്റകൃത്യം ചെയ്തയാൾക്ക് ഇതു കൂടുതൽ ധൈര്യം പകരും. ഒരിക്കലും പിടിക്കപ്പെടില്ലെന്ന തോന്നലുണ്ടാകും. തന്റെ ക്രൂരപ്രവൃത്തികൾക്കു മ റ്റു കുഞ്ഞുങ്ങളേയും വിധേയരാക്കാൻ അവർക്ക് ഇതു പ്രചോദനമാകും. 

പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബം പീഡകനെ ഭയപ്പെടുന്നുണ്ടാകാം. ബന്ധുവിനെതിരെയോ കുടുംബത്തിനു പരിചയമുള്ള ഒരാൾക്കെതിരെയോ പരാതി നൽകേണ്ടിവരുമ്പോൾ പരാതി പിൻവലിക്കാനുള്ള സമ്മർദം ഉണ്ടായേക്കാം. പ്രത്യേകിച്ച്, കുടുംബത്തിന്റെ പേരും കുഞ്ഞിന്റെ ഭാവിയും ചർച്ചയാകുന്ന സാഹചര്യങ്ങളിൽ, കുട്ടിയുടെ അവകാശങ്ങളേക്കാൾ കുടുംബത്തിന്റെ അഭിമാനത്തിനു മുൻഗണന നൽകുന്ന പ്രവണത കാണാറുണ്ട്. 

പ്രായപൂർത്തിയാകും മുൻപുണ്ടാകുന്ന ലൈംഗികചൂഷണം പുറത്തു പറയാതിരുന്നാൽ എല്ലാം പഴയപടി നോർമൽ ആയി മുന്നോട്ടു പോകുമെന്നുള്ള ധാരണ അപകടകരമാണ്. കുട്ടിക്കുണ്ടായ ദുരനുഭവം അവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. 

വർഷങ്ങൾക്കുശേഷം അതു മറ്റൊരു രൂപത്തിൽ അവരുടെ ജീവിതത്തെ തകിടം മറിക്കും. മരണം വരെ, ജീവിതം അവർക്കൊരു ഭാരവും ദുരിതവുമായിത്തീരും.’’  അഡ്വ. വിജയ്മോഹൻ മുന്നറിയിപ്പു നൽകുന്നു.  

അക്കൂട്ടരിൽ ചിലർ ചുറ്റിലും ഉണ്ട് 

‘‘ഒരു പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകനിൽ നിന്നു ലൈംഗികാതിക്രമം നേരിട്ടു. ഭയം കാരണം അവൾ ആരോടും പറഞ്ഞില്ല. പഠനം മുന്നോട്ടുപോയെങ്കിലും ‘ആ സംഭവം’ അവളെ വിട്ടുപോകാതെ പിന്തുടർന്നു. അമിതമായ പേടി, ഒറ്റപ്പെടൽ, പരിഭ്രാന്തി, വിഷാദം... പലതരം പ്രശ്നങ്ങൾ അവളുടെ ജീവിതത്തെ ബാധിച്ചു. ചികിത്സ നടത്തി പ്രശ്നങ്ങളെ മറികടന്ന് അവൾ മെഡി ക്കൽ വിദ്യാർഥിനിയായി. 

വർഷങ്ങൾക്കുശേഷം, ക്യാംപസിൽ വച്ച് പഴയ ‘ആ അധ്യാപകന്റെ’ മുഖച്ഛായയുള്ള മറ്റൊരാളെ കണ്ടപ്പോൾ അവൾ തകർന്നുപോയി. കുട്ടിക്കാലത്തുണ്ടായ ദുരനുഭവം ‘ട്രോമ’യായി മാറിയ വിവരം അവൾ അന്നാണ്  തിരിച്ചറി‍ഞ്ഞത്. തന്നെ ഈ അവസ്ഥയിലാക്കി ‘മാന്യത’ നടിച്ചു നടക്കുന്നയാൾക്ക് എതിരേ അവൾ പരാതിയുമായി മുന്നോട്ടു വന്നു.  

പോക്സോ പരാതികളിൽ കാലപ്പഴക്കം വലിയ വെല്ലുവിളിയാണ്. തെളിവുകൾ കണ്ടെത്താനും മൊഴികൾ സ്ഥാപിച്ചെടുക്കാനും പ്രയാസമാണ്. പക്ഷേ, തന്റെ ജീവിതത്തിലെ എല്ലാ സന്താഷങ്ങളും കെടുത്തിക്കളഞ്ഞയാൾക്കു നേരേ ആ യുവതി ഉറച്ചു നിന്നപ്പോൾ നീതി ഉറപ്പാക്കാൻ ക ഴിഞ്ഞു. പ്രതിക്കു തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 18 വർഷം ശിക്ഷ വിധിച്ചു’’

ഈ കേസിനെക്കുറിച്ചു പറയുമ്പോൾ വിജയമോഹൻ വ്യക്തമാക്കുന്നതു ക്രൂരതയ്ക്കു വിധേയരായിട്ടും സഹനത്തോടെ കഴിയുന്നവർക്കു നീതി ലഭിക്കാനുള്ള മാർഗങ്ങളാണ്: ‘‘കുട്ടിക്കാലത്തു നേരിടേണ്ടി വന്ന അതിക്രമം, അഥവാ വർഷങ്ങൾക്കു മുൻപു നടന്ന ബാലപീഡനം പല കാരണങ്ങളാൽ മൂടിവയ്ക്കപ്പെട്ടിരിക്കാം. എന്നാൽ, വർഷങ്ങൾക്കു ശേഷമാണെങ്കിൽ പോലും പീഡനത്തിനു വിധേ യരായവർ തെളിവു സഹിതം പരാതി നൽകിയാൽ പ്രതി ശിക്ഷിക്കപ്പെടും. 

 ഉദാഹരണമായി മറ്റൊരു കേസിനെക്കുറിച്ചു പറയാം. മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുമ്പോൾ ബന്ധുവായ ഒ രാളിൽനിന്ന് ഒരു കുട്ടിക്ക് അതിക്രമം നേരിട്ടു. പ്രായപൂർത്തിയായ ശേഷം അവളൊരു ലൈംഗിക ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു. അപ്പോഴാണ് പണ്ടു തനിക്കു സംഭവിച്ചതെന്താണെന്ന് അവൾക്കു തിരിച്ചറിവുണ്ടായത്. 

അന്നു മുതൽ അവൾ വല്ലാത്ത മാനസിക സംഘർഷത്തിലായി. ഒട്ടും വൈകാതെ പരാതിയുമായി നിയമത്തിനു മുന്നിലെത്തി. ഇത്തരം കേസുകളിൽ മൊഴി മാത്രം പോരാ. സാഹചര്യങ്ങളും പരിശോധിക്കേണ്ടിവരും. 

സംഭവം നടന്ന സമയത്ത് എന്തുകൊണ്ടാണു പരാതിപ്പെടാതിരുന്നത്? ഇത്ര കാലത്തിനു ശേഷം പരാതിയുമായി എത്താനുള്ള കാരണമെന്ത്? ഓരോ ചോദ്യത്തിനും കേസിന്റെ യാഥാർഥ്യവുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ കണ്ടെത്തണം. 

മറ്റൊരാളെ മനഃപൂർവം കേസിൽ കുടുക്കാനുള്ള ശ്രമം ആ പരാതിക്കു പിന്നിൽ ഇല്ലെന്നു കോടതിയെ ബോധ്യ പ്പെടുത്തണം. ഈ പെൺകുട്ടിയുടെ കേസിൽ തെളിവുകൾ കോടതിക്കു ബോധ്യപ്പെട്ടു. പ്രതിക്കു ശിക്ഷ ലഭിച്ചു ’’ 

മക്കൾ പറയുന്നതു കേൾക്കുന്ന വീട്

‘‘കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്കു നിർണായകമാണ്. അവർ തുറന്നു സംസാരിക്കാൻ ശ്രമിക്കുമ്പോൾ കേൾക്കണം. ആ സമയത്തു മാതാപിതാക്കൾ ഫോണിൽ നോക്കിക്കൊണ്ടോ മറ്റു തിരക്കുകളിൽ മുഴുകിയോ ഇരിക്കരുത്. കുട്ടിക്ക് എന്തെങ്കിലും വിഷമമുണ്ടോ, ആരെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ, പറയാൻ മടിക്കുന്ന കാര്യമുണ്ടോ എന്നൊക്കെ തുറന്നു സംസാരിക്കാൻ ക ഴിയുന്ന സാഹചര്യം വീട്ടിലുണ്ടാകണം.

കുട്ടിയെ സംശയത്തോടെ നിരീക്ഷിക്കുകയോ, എല്ലാ പരിചയക്കാരെയും അപകടകാരികളായി കാണുകയോ ചെയ്യേണ്ടതില്ല; സുപരിചിതരായവരിൽ നിന്നു കുട്ടിക്ക് അതിക്രമം സംഭവിക്കാമെന്ന സാധ്യത തിരിച്ചറിയുകയും വേണം.  കുട്ടി പറയുന്നതു ചെറിയ അസ്വസ്ഥത ആണെങ്കിൽ പോലും നിസ്സാരമായി കാണരുത്.

 ഇത്തരം കാര്യങ്ങളിൽ മുന്നറിയിപ്പു നൽകുമ്പോൾ എ നിക്കുമൊരു കുടുംബമുണ്ട് എന്നുള്ള കാര്യം ഓർക്കുക. പബ്ലിക് പ്രോസിക്യൂട്ടറുടെ പദവി ഏറ്റടുത്ത് ആദ്യ നാളുകളിൽ പരാതികൾ വായിച്ചു ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി. സ്വന്തം മക്കളെക്കുറിച്ചു പേടി വർധിച്ചു. അതിൽ നിന്നു മുക്തി നേടാനായി കൗൺസലിങ് സഹായം തേടേണ്ടിവന്നു. 

പിന്നീട്, ഇങ്ങനെയുള്ള പലവിധ കേസുകളിലൂടെ കടന്നു പോയതിനു ശേഷമാണ് ആ അവസ്ഥയെ മറികടക്കാനുള്ള മനോധൈര്യമുണ്ടായത്.’’ അഡ്വ. ആർ. എസ്. വിജയ് മോഹന്റെ മുഖത്തു നിന്ന് അന്നനുഭവിച്ച മാനസികസംഘർഷം വായിച്ചെടുക്കാമായിരുന്നു.   

തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം അഞ്ചുവന്നി പ്രഫ. രവീന്ദ്രൻ നായരുടേയും ഡോ. ശാന്തകുമാരിയുടേയും മകനാണ് അഡ്വ. ആർ. എസ്. വിജയ് മോഹൻ. ‌ഭാര്യ അമൃത ബാങ്ക് ഉദ്യോഗസ്ഥയാണ്. മകൾ ആർദ്രയും മകൻ റെവിനും വിദ്യാർഥികൾ. 

‘നേര്’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വ. വിജയ് മോഹൻ എന്ന പേരിന്റെ യഥാർഥ ഉടമ അങ്ങല്ലേ എന്ന ചോദ്യത്തിനും തന്നു കൃത്യമായ മറുപടി.  

 ‘‘ആ സിനിമയുടെ കഥ എന്റെ കേസ് ഫയലിൽ ഉള്ളതല്ല. കോടതിയിൽ കൈകാര്യം ചെയ്ത ഒരു കേസിന്റെ ചില അനുഭവങ്ങളുമായി അതിനു സാമ്യമുണ്ട്.  സക്സസ്ഫുൾ ആയി ഒരു പ്രോസിക്യൂട്ടറുടെ പേര് വേണം എന്നതിനാൽ എന്റെ പേര് തന്നെ ഉപയോഗിക്കുന്നു എന്നാണ് അണിയറക്കാർ അന്നു പറഞ്ഞത്.’’ 

നീതിയുടെ കണ്ണുകൾ മറയ്ക്കാനാവില്ല

‘‘ശിക്ഷിക്കപ്പെട്ട ഓരോ കേസുകളിലേയും കുറ്റപത്രങ്ങളിൽ  മനസ്സാക്ഷി വിറയ്ക്കുന്ന ക്രൂരതയുടെ വിവരണങ്ങളാണുള്ളത്. മുത്തശ്ശിയുടെ അരികിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോയി വായ മൂടിപ്പിടിച്ച് ലൈംഗികമായി ഉപയോഗിച്ച മുത്തച്ഛൻ. 

സ്കൂളിലേക്കു കൊണ്ടു പോകുന്നതിനിടെ ഓട്ടോറിക്ഷയിൽ വച്ചു പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുകയും മറ്റുള്ളവർക്കു കാഴ്ചവയ്ക്കുകയും ചെയ്ത ഓട്ടോഡ്രൈവർ, പന്തു കളിക്കാനെത്തിയ കുട്ടികളെ മിഠായിയും പൈസയും നൽകി കിടപ്പുമുറിയിലെത്തിച്ച് ലൈംഗിക വൈകൃതം നടത്തിയ യുവാവ്, കടയിൽ പച്ചക്കറി വാങ്ങാനെത്തുന്ന കൊച്ചുകുട്ടികളുടെ ലൈംഗികാവയവങ്ങളിൽ തൊട്ടു തലോടുന്ന കച്ചവടക്കാരൻ, സ്പോർട്സ് പരിശീലനത്തിനെത്തിയ കുട്ടികളെ ശുചിമുറിയിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുന്നതു ശീലമാക്കിയ കായികാധ്യാപകൻ, കൗൺസലിങ്ങിനെത്തിയ കുട്ടികളെ ചികിത്സയുടെ മറവിൽ ചൂഷണത്തിനു വിധേയനാക്കിയ സൈക്കോളജിസ്റ്റ്, ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കിയ അധ്യാപകർ. അങ്ങനെ എത്ര കേസുകൾ. 

നിരന്തരം പീഡിപ്പിക്കപ്പെട്ടു മലവിസർജനം നിയന്ത്രിക്കാനാവാതെ ക്ലാസിൽ വച്ചു മറ്റുള്ളവരാൽ പരിഹസിക്കപ്പെട്ട പെൺകുട്ടിയുടെ കേസ് ഓർമിക്കുമ്പോൾ നെഞ്ച് പിടയുന്ന വേദന തോന്നും. ഇതൊക്കെ നടക്കുന്നതു നമ്മുടെ കേരളത്തിലാണ്, നമുക്കു ചുറ്റിലുമാണ്...’’ ഇതുപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. 

‘‘ഇത്തരം കേസുകളിലും പ്രതികൾക്കു വേണ്ടി സമ്മർദം ചെലുത്താനും സ്വാധീനിക്കാനും ‘പ്രമുഖർ’ ശുപാർശയുമായി എത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.’’ 

സുപ്രധാന കേസുകളിൽ സ്വാധീനത്തിനു വഴങ്ങില്ലെന്നു തോന്നിയപ്പോൾ വിജയ് മോഹനെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. 

‘‘കോടതിയുടെ മുന്നിൽവച്ച് മർദനമേറ്റു. പ്രതിയുടെ ബന്ധു കത്തി ഉപയോഗിച്ചു കുത്തിപ്പരുക്കേൽപ്പിച്ചു. വാഹനമിടിപ്പിച്ച് അപായപ്പെടുത്താനുള്ള ശ്രമമുണ്ടായി. പ ണം വാങ്ങിയെന്നു വ്യാജ പ്രചാരണം നടത്തി...  അങ്ങനെ പലതും നേരിട്ടാണു മുന്നോട്ടു പോകുന്നത്. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും നീതിക്കു വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും ’’ അഡ്വ. ആർ. എസ്. വിജയ് മോഹൻ  ഉറപ്പുള്ള സ്വരത്തിൽ പറയുന്നു. 

കുട്ടിയുടെ സ്വകാര്യത മാനിക്കപ്പെടും

പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ട് (POCSO) 2012 ജൂൺ 14നാണ് പ്രാബല്യത്തിൽ വന്നത്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടിക ൾക്കും പെൺകുട്ടികൾക്കും ലൈംഗിക ചൂഷണത്തിനെതിരേ ഈ നിയമപ്രകാരം സുരക്ഷ ഉറപ്പാക്കുന്നു.

പോക്സോ നിയമം കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും വിചാരണയ്ക്കുമായി പ്രത്യേക സംരക്ഷണം വ്യവസ്ഥ ചെയ്യുന്നുണ്ട്. പോക്സോ പരാതി ലഭിച്ചാൽ പൊലീസുകാർ യൂണിഫോം ഉപേക്ഷിച്ച് മഫ്തിയിൽ വീട്ടിലെത്തി തെളിവു ശേഖരിക്കണമെന്നാണു ചട്ടം. 

നീതി തേടുന്ന കുട്ടിക്കു കോടതിയെ ഭയപ്പെടേണ്ടതില്ല. കുട്ടിയെ അപമാനിക്കുന്നതോ അനാവശ്യമായി ലജ്ജിപ്പിക്കുന്നതോ ആയ ചോദ്യങ്ങൾ അനുവദനീയമല്ല. കുട്ടിക്ക് ആത്മവിശ്വാസം നൽകുക എന്നതു പ്രോസിക്യൂഷന്റെ പ്രധാന ഉത്തരവാദിത്തമാണ്. കുട്ടി എന്തു പറയണമെന്നു പഠിപ്പിക്കുകയല്ല അതിന്റെ അർഥം. നടന്നത് സ്വന്തം വാക്കുകളിൽ പറയാൻ കുട്ടിക്കു സുരക്ഷിതമായ സാഹചര്യം ലഭ്യമാക്കുകയാണ്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണു കോടതിയിൽ എത്തിക്കുക. ക്യാബിനുള്ളിൽ വച്ചാണ് വിസ്താരം നടത്തുക. 

ജഡ്ജിയും ഇരുഭാഗം അഭിഭാഷകരും മാത്രമുള്ള ഇ ൻക്യാമറ പ്രൊസീഡിങ്സ് സാധ്യമാണ്. തെളിവെടുപ്പിന്റെ കാര്യത്തിലും പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. 

ഭയമില്ലാതെ എല്ലാം തുറന്നു പറയാൻ കഴിയുമ്പോഴാണു കുട്ടി നേരിട്ട ദുരിതങ്ങളുടെ യഥാർഥ ചിത്രം കോടതിക്കു ബോധ്യപ്പെടുകയും യഥാർഥ പ്രതിക്ക് ശിക്ഷലഭിക്കുകയും ചെയ്യുകയുള്ളൂ.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കോ പെൺകുട്ടിക്കോ ലൈംഗിക പീഡനം നേരിട്ടാൽ അതു കുടുംബത്തിന്റെ സ്വകാര്യപ്രശ്നമായി ഒതുക്കാനാവില്ല. 

കുട്ടിയുടെ പ്രായവും സുരക്ഷയും അവകാശങ്ങളും പരിഗണിച്ച് പരാതി നൽകണം. അപമാന ഭയം, സാമൂഹിക സമ്മർദം  എന്നൊക്കെ കരുതി ചിലർ പരാതി നൽകാതിരിക്കുകയോ പിന്നീട് നിലപാട് മാറ്റുകയോ ചെയ്യും. അറിഞ്ഞോ അറിയാതെയോ ആ കുട്ടിക്കു ചുറ്റുമുള്ളവർ ചെയ്യുന്നതു ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യം അറിഞ്ഞിട്ടും അതു മറച്ചു വയ്ക്കുന്നതു ആറു മാസം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Fighting for Justice: Inside Kerala's Most Challenging POCSO Cases:

Justice remains the ultimate goal for Special Public Prosecutor Advocate R.S. Vijay Mohan, whose harrowing courtroom experiences inspired the Malayalam film Neru. Battling threats, immense pressure, and societal reluctance, he has spent decades fighting relentlessly to secure strict punishments for perpetrators of child sexual abuse under POCSO laws. Many victims suffer in silence for years before realizing the trauma they endured, often speaking up only after attending awareness programs or encountering similar triggers later in life. Parents must foster open communication at home, attentively listening to children without dismissing minor signs of distress or unusual behavioral changes. Despite facing physical attacks, false allegations, and intense backchannel pressure from influential figures, Vijay Mohan remains steadfast in his mission to protect minor victims and ensure they receive absolute legal protection and dignity. Public awareness and stringent legal frameworks are vital because ignoring or concealing such heinous crimes only emboldens predators to target other vulnerable children in society.

ADVERTISEMENT