Thursday 17 January 2019 07:53 PM IST

തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

Binsha Muhammed

t1

‘ഒപ്പാസിറ്റി ഒന്ന് പിടിച്ചിട്ട് സ്മഡ്ജ് ചെയ്ത് ഡോഡ്ജ് ചെയ്ത് ഷാർപ്പൻ ചെയ്തെടുത്താൽ സംഭവം കിടു'. കുഞ്ഞിപ്പിള്ളേർ പോലും ഫൊട്ടോഷോപ്പിൽ പൂണ്ട് വിളയാടുന്ന കാലത്താണ് മഹേഷ് ഭാവനയുടെ ഈ എപ്പിക് ‘ഡയലോഗ്’. ഇപ്പറഞ്ഞ സംഗതികളൊക്കെ പരീക്ഷിക്കാൻ നാലു ചുമരുകൾക്കുള്ളിൽ തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോ വേണ്ടെന്നാണ് പോത്തേട്ടൻ കിടുക്കാച്ചി ബ്രില്യൺസിലൂടെ പറഞ്ഞു വച്ചത്. ഫ്രീക്കൻമാർ സര്‍വ്വതും ഡിഎസ്എല്ല്ആർ ക്യാമറയും തൂക്കി നടക്കുന്ന ഇക്കാലത്ത് ഇമ്മാതിരി സംഭവങ്ങളൊക്കെ ചെർത്... വാളെടടുത്തവരെല്ലാം വെളിച്ചപ്പാടെണെന്നു പറഞ്ഞ മാതിരി, ഡിഎസ്എല്ല്ആർ ഉള്ളവരെല്ലാം ഫൊട്ടോഗ്രാഫറാണ്, അതാണ് ന്യൂജെൻ സീൻ.

പക്ഷേ ഇവിയെടെയൊരു ഫൊട്ടോഗ്രാഫർ റൂട്ട് അൽപമൊന്നു മാറ്റിപ്പിടിക്കുകയാണ്. കാടും മേടും മലയും താണ്ടി പച്ചപുതച്ച ഫൊട്ടോ ഒപ്പിയെടുക്കുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരുടെ കാലത്ത്, ഫ്രെയിമും ഒബ്ജക്റ്റും കൂട്ടം തെറ്റാതെ ചതുരക്കള്ളിക്കുള്ളിൽ അളന്നു മുറിച്ചിടുന്ന ഡിഎസ്എല്ലആർ ചങ്കുകളുടെ കാലത്ത് കക്ഷി ഒരൽപ്പം വെറൈറ്റി പരീക്ഷിക്കുകയാണ്. ചുള്ളൻ ചെക്കൻമാർ ക്യാൻഡിഡ് മൊമന്റ് എന്ന് ഹാഷ്ടാഗിടുന്ന മുഹൂർത്തങ്ങൾ ഈ ക്യാമറാമാന്റെ അടുത്തേക്കെത്തിയാൽ പാടെ മാറും. ജീവിത മുഹൂർത്തങ്ങളും, നിമിഷങ്ങളും ഇഴകീറി, അളന്നു മുറിച്ച്, കാച്ചിക്കുറുക്കിയെടുത്ത് ക്യാമറക്കണ്ണിലൊരുക്കുകയാണ് ഈ ചുള്ളൻ ചെക്കൻ. അതിനു കൂട്ടായി അനസ് ഹനീഫ് എന്ന ചങ്ക് ചങ്ങായിയുമുണ്ട്.

അവിടെ ചിത്രങ്ങൾ മാത്രമല്ല കഥ പറയുന്നത്, ആ ചിത്രം പിറന്ന നിമിഷവും പിന്നാമ്പുറവുമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായി മുന്നിലേക്കൊഴുകിയെത്തും. കാണാത്ത കാഴ്ചകള്‍ മൂന്നാം കണ്ണ് തുറന്നു കാണുന്ന ഫൊട്ടോഗ്രാഫർക്ക് സോഷ്യൽ മീഡിയ നൽകിയ സ്ഥിര മേൽവിലാസം ‘തൃക്കണ്ണൻ’, ശരിക്കും പേര് മുഹമ്മദ് ഹാഫിസ്. ആലപ്പുഴ വലിയ ചുടുകാട് സ്വദേശിയായ പത്തൊമ്പതുകാരൻ.

t4

ഫൊട്ടൊഗ്രാഫിയിലെ വേറിട്ട പരീക്ഷണം ഇന്നീ ചുള്ളനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് ഇൻസ്റ്റാഗ്രാമിലെ അരലക്ഷത്തിലേറെ ഫോളോവേഴ്സിന്റെ മുന്നിലാണ്. ഓരോ പോസ്റ്റിനും പതിനായിരക്കണക്കിന് ലൈക്ക്സിന്റെ തിളക്കം...തൃക്കണ്ണൻ തന്റെ മൂന്നാം കണ്ണ് തുറക്കുകയാണ്...സിനിമാക്കാർ വരെ തേടിയെത്തിയ വൈറൽ ഫൊട്ടോഗ്രാഫി പിറന്നതിനു പിന്നിലുള്ള ഫ്ലാഷ് ബാക്കിലേക്ക്....‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

t6

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

t2

തലയിൽ മിന്നിയത് ക്യാമറാ ഫ്ലാഷ്

‘പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായാൽ ഡിഎസ്എല്ല‍്ആർ ക്യാമറ’. മഹേഷിന് വഴികാട്ടിയായത് ഭാവന അച്ചായനാണെങ്കിൽ ഇവിടെ എന്റെ തലവര മാറ്റിയത് ഉപ്പയാണ്, സജീവ്, ആലപ്പുഴയിൽ ബിസിനസുകാരനാണ് കക്ഷി. പറഞ്ഞമാതിരി ഡിസ്റ്റിംഗ്ഷനോടെ തന്നെ ഞാൻ ജയിച്ചു. ഇതോടെ ഉപ്പ ശരിക്കും പെട്ടു. ഫ്രഷ് പീസ് ക്യാമറയൊരെണ്ണം വീട്ടിലേക്കെത്തി. സംഭവം ഞാൻ ‘കൈവിട്ടു പോകുന്നത് അവിടെ നിന്നാണ്’– ഒരു കള്ളച്ചിരിയോടെ ഹാഫിസ് പറഞ്ഞു തുടങ്ങുകയാണ്.

ഏതൊരു ഉപ്പയേയും ഉമ്മയേയും പോലെ എന്നെ എഞ്ചിനീയർ ആക്കാനും ഡോക്ടറാക്കാനുമൊക്കെ അവരും കിണഞ്ഞ് ശ്രമിച്ചതാണ്. പക്ഷേ പക്ഷേ പണ്ടേക്കു പണ്ടേ തലിൽ ക്യാമറാ ഫ്ലാഷ് മിന്നിയ എന്നെ അതിന് കിട്ടിയിട്ടു വേണ്ടേ.

t3

സ്റ്റാർട്ട്...ക്യാമറാ...ആക്ഷൻ

അത്ഭുതമൊന്നും സംഭവിച്ചില്ല സാധാരണ ചെക്കൻമാരേയും പോലെ പറമ്പിലെ പൂച്ചയേയും കോഴിയേയും എടുത്തൊക്കെ തന്നെയായിരുന്നു എന്റേയും ക്യാമറാ അരങ്ങേറ്റം. പക്ഷേ ക്യാമറാമാന്റെ കുപ്പായവും തച്ച് സ്വപ്നം കണ്ടിരിക്കുന്നവന് ഇതൊന്നും പോരാ എന്ന് മനസു പറഞ്ഞു. കഴിഞ്ഞു പോയ നാളുകളിൽ കുറേ നല്ല ഫൊട്ടോസ് എന്റെ ക്യാമറയെ തേടിയെത്തി. പക്ഷേ സ്വപ്നത്തിലേക്ക് ചെന്നെത്താൻ ഇതൊന്നും പോരാ എന്ന് മനസു പറഞ്ഞു കൊണ്ടേയിരിക്കുന്നു. പതിയെ പതിയെ വീട്ടുകാരുടെ പ്രഷറും കുറഞ്ഞ് വന്ന നാളുകളായിരുന്നു അത്. അവർ പൂർണമായും എന്റെ സ്വപ്നത്തിനൊപ്പം നിന്ന നാളുകൾ. അങ്ങനെയിരിക്കെയാണ് ഫൊട്ടോഗ്രാഫിയിലെ എന്റെ തലവര മാറ്റിയെഴുതിയ ആ ക്യാൻഡിഡ് മൊമന്റ് പടച്ചവൻ എന്നെ മുന്നിലേക്കെത്തിക്കുന്നത്.

എന്റെ പെങ്ങൾ ഹസ്ന എന്റെ ക്ലോസ് ഫ്രണ്ട് അനസിനെ കലത്തിനെറിയുന്നതാണ് രംഗം. സിനിമയിലാണെങ്കിൽ അതൊക്കെ സ്ലോ മോഷനിൽ കാണിച്ചേനെ. പക്ഷേ ഞാൻ ചിന്തിച്ചത് മറ്റൊന്നതാണ് ആ ഏറിനും ഏറ് കൊള്ളുന്നതിനും ഇടയിലുള്ള നിമിഷത്തെ ക്യാമറയ്ക്കുള്ളിലാക്കുക. ചുമ്മാ ക്ലിക്കിയ ആ സാധനം ഫൊട്ടോയായി മുന്നിലേക്ക് വന്നപ്പോൾ കഥ മാറി, അനസ് ഹനീഫിൽ നിന്നും തൃക്കണ്ണനിലേക്കുള്ള ഫസ്റ്റ് സ്റ്റെപ് തുടങ്ങുന്നത് അവിടെ നിന്നാണ്.

t5

ചങ്ക് ചങ്ങായി മോഡലാകുന്നു

ക്യാമറയ്ക്കു പിന്നിൽ ഞാനാണെങ്കിൽ മുന്നിൽ നിന്ന് കഥ കൊണ്ടു പോകുന്നത് അവനാണ്. എന്റെ കൂട്ടുകാരൻ അനസ് ഹനീഫ്. സിനിമയാണ് അവന്റെ സ്വപ്നം. ആ സ്വപ്നം മനസിലിട്ട് താലോലിച്ചു കൊണ്ടാണ് അവൻ എന്റെ മോഡലാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കലത്തിനേറ് ക്ലിക്കായതോടെ അവനെ അങ്ങോട്ട് മോഡലാക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഞാൻ പറഞ്ഞല്ലോ, ലൈഫിലെ മുഹൂർത്തങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്ത് അതിന് ഫൊട്ടോരൂപം നൽകുന്നതാണ് എന്റെ സിഗ്നേച്ചർ സ്റ്റൈൽ. ഉദാഹരണത്തിന് തെങ്ങിൽ നിന്ന് പിടിവിട്ട് വീഴുന്ന ഒരാളുടെ മുഖഭാവം എങ്ങനെയാണെന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ? ആ സങ്കൽപ്പത്തിന് ഞാൻ ദൃശ്യരൂപം നൽകിയിട്ടുണ്ട്. ഇപ്പറഞ്ഞ ഫായിസിനെ കയറിൽ കെട്ടി തെങ്ങിൽ കയറ്റി, പിടി വിടുവിച്ചാണ് ആ ഫൊട്ടോ ഒപ്പിച്ചെടുത്തത്. കാറിടിച്ചു വീഴുന്ന ഒരാളുടെ മുഖഭാവം ചിത്രമാക്കി മാറ്റാൻ, അത്തരമൊരു രംഗം ചിത്രീകരിച്ചു. ഫൊട്ടോയ്ക്കൊപ്പം ആ ഫൊട്ടോ വഴി പിറന്ന മേക്കിംഗ് വിഡിയോയിലൂടെ ഞാൻ പോസ്റ്റ് ചെയ്യാറുണ്ട്. ഇതു രണ്ടും ഒരുമിച്ചു കാണുമ്പോഴാണ് കാഴ്ച്ചക്കാരിൽ കൗതുകം ജനിക്കുന്നത്.

t7

പിന്നെ ഫൊട്ടോഗ്രാഫിയുടെ കീഴിൽ അപകടം പിടിച്ച പണിക്കൊന്നും ഞങ്ങൾ പോകാറില്ല കേട്ടോ, നല്ല രീതിയിൽ പ്രിപ്പയർ ചെയ്തും പഠിച്ചുമൊക്കെയാണ് ഈ പശ്ചാത്തലമെല്ലാം ഒരുക്കുന്നത്. ഓരോ രംഗത്തിനും ഇണങ്ങുന്ന പെർഫക്ഷനോടു കൂടി അഭിനയിച്ചു തകർക്കുന്ന അനസിനും കൊടുക്കണം ഒരു കുതിരപ്പവൻ. അവൻ ഉഴപ്പുമ്പോൾ, നല്ല കണ്ണു പൊത്തണചീത്തയും ഞാനവന് കൊടുക്കാറുണ്ട്. അപ്പോഴേ അവന് വാശിയുണ്ടാകൂ. അപ്പോഴേ നല്ല മൊമന്റുകൾ ജനിക്കൂ... ക്ലിക്കി വൈറലാക്കിയിട്ടു വേണം ചെക്കനെ സിനിമയിലേക്കു പറഞ്ഞു വിടാൻ. കൂട്ടത്തിൽ എനിക്കും സിനിമയിലേക്ക് പിച്ചവയ്ക്കണം.

ഫൊട്ടോയിൽ ആലപ്പാടും

ഒരു കലാകാരന് സമൂഹത്തോട് സംസാരിക്കാനുള്ള മാധ്യമമാണ് കലാസൃഷ്ടി എന്ന് വിശ്വസിക്കൂന്ന വ്യക്തി കൂടിയാണ് ഞാൻ. ആലപ്പാട്ടെ കരിമണൽ ഖനനവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവുമെല്ലാം ഫൊട്ടോഗ്രാഫിയിലേക്ക് കൊണ്ടു വരുന്നത് അങ്ങനെയാമ്. ആലപ്പാട് വിഷയം കത്തിനിൽക്കുന്ന നിമിഷത്തിൽ പലരും ‘സേവ് ആലപ്പാട്’ എന്ന് ഹാഷ് ടാഗ് ചെയ്യുന്നതൊക്കെ കണ്ടു. എന്റെ പ്രതിഷേധ സ്വരം ഞാൻ പറയാതെ പറഞ്ഞത് എന്റെ ഫൊട്ടോയിലൂടെയാണ്. ആലപ്പാട് ഗ്രാമം വിഷയമാക്കിയുള്ള, അവിടുത്തെ വേദന പ്രമേയമാക്കിയുള്ള ഞങ്ങളുടെ ഫൊട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കാണാത്തത് കാണുന്ന ‘തൃക്കണ്ണൻ’

തേർഡ് ഐ എന്ന സ്റ്റൈലിഷ് പേര് തൃക്കണ്ണനായതിനു പിന്നിൽ ഒരു കിടിലം ലൗ സ്റ്റോറി ഒളിഞ്ഞു കിടപ്പുണ്ട്. പേര് പറഞ്ഞാൽ പ്രശ്നമാണ്. അതുകൊണ്ട് അവളെ ഞാൻ വിളിക്കുന്ന ചെല്ലപ്പേരായ ‘രാജമ്മയെന്നു’ പറഞ്ഞ് പരിചയപ്പെടുത്താം. എന്റെ വീട്ടിൽ സപ്പോർട്ടായിരുന്നെങ്കിലും പുള്ളിക്കാരിയുടെ വീട്ടുകാർക്ക് പ്രശ്നമായിരുന്നു. പ്രണയത്തിൽ സെന്റിയും ഫൈറ്റും കലിപ്പുമൊക്കെ വരുമെന്നൊരു ഘട്ടം വന്നപ്പോൾ ഞാനാകെ ഡിപ്രഷനടിച്ചു പണ്ടാരമടങ്ങി. ഒന്നിനോടും ഒരു താത്പര്യമില്ലാതെ, പ്‍രാന്തു...പിടിച്ചു നടന്ന കാലം. അങ്ങനെ എന്നെ മോട്ടിവേറ്റ് ചെയ്യാൻ എന്റെയുള്ളിലെ ക്യാമറാമാനെ തന്നെ ഉമ്മിച്ചി തട്ടിയുണർത്തി. ഫൊട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു പേജ് തുടങ്ങാനുമൊക്കെ ഐഡിയ വരുന്നത് അങ്ങനെയാണ്. തേർഡ് ഐ എന്ന പേര് മുന്നോട്ടു വച്ചത് ഞാനാണ്. എന്നെ ആശ്വസിപ്പിക്കുന്നതിനിടയിൽ എന്റെ പ്രണയകഥയിലെ നായിക അതിനെ ഒന്നാന്തരമായി മലയാളീകരിച്ചു. തേർഡ് ഐ തൃക്കണ്ണൻ ആകുന്നത് അങ്ങനെയാണ്.

ഉള്ളിന്റെയുള്ളിൽ സിനിമാ സ്വപ്നം

ഈ വണ്ടി എവിടെ ചെന്ന് നിൽക്കും എന്ന് ചോദിച്ചാൽ അത് പടച്ചവനെ അറിയൂ. പിന്നെ അൾട്ടിമേറ്റ് ലക്ഷ്യം അത് സിനിമ തന്നെയാണ്. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന ചാക്കോച്ചൻ ചിത്രത്തിലെ പോസ്റ്റർ ഡിസൈനിംഗ് നിയോഗം എന്നെ തേടിയെത്തുന്നത് ഇൻസ്റ്റാഗ്രാം പേജിലെ എന്റെ ഫൊട്ടോ കണ്ടിട്ടാണ്. ചിത്രങ്ങൾ കണ്ട് ഇടിയുടെ സംവിധായകൻ സാജിദ് യഹിയ വിളിച്ച് അഭിനന്ദിച്ചതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം. മനസു നിറഞ്ഞ് അഭിനന്ദിച്ച അറിയുന്നവരും അറിയാത്തവരുമായ അനേകം പേർ വേറെയുമുണ്ട്. എല്ലാം എന്റെ സിനിമാ സ്വപ്നത്തിനുള്ള വളമാണ്. ഉപ്പ സജീവും ഉമ്മ സബീനയും പെങ്ങളൂട്ടി ഹസ്നയും എന്റെ സ്വപ്നത്തിന് ചുക്കാൻ പിടിക്കാൻ ഒപ്പമുണ്ട്. എല്ലാം പടച്ചവന്റെ അനുഗ്രഹം.

പറഞ്ഞു നിർത്തുമ്പോഴേക്കും മുഹമ്മദ് ഹാഫിസിന്റെ ക്യാമറക്കഥയിലെ നായകൻ അനസ് ഹനീഫ് ലൊക്കേഷനിൽ ഹാജർ! ‘പുതിയ എന്തോ ഉടായിപ്പിനുള്ള വകയാണ്...’– അടുത്ത് നിന്ന ഉപ്പയുടെ കമന്റ്.