ADVERTISEMENT

നല്ല പൊരിച്ച കോഴിയുടെ മണം വരുമ്പോൾ വിശപ്പിനെ പിടിച്ചു നിർത്താനാകാത്തവരാണു നമ്മിൽ പലരും. വെറുതെ പറയുന്നതല്ല, വറുത്തും പൊരിച്ചും വരട്ടിയും അൽഫാമും കുഴിമന്തിയും ആക്കിയും ഗ്രിൽ ചെയ്തുമൊക്കെ മലയാളി കഴിക്കുന്ന കോഴിയിറച്ചിയുടെ അളവ് അറിഞ്ഞാൽ ഞെട്ടിപ്പോകും. ഏറ്റവും പുതിയ കണക്കനുസരിച്ച് ആഴ്ചയിൽ 60 ലക്ഷം കിലോ ചിക്കനാണു മലയാളിക്കു വേണ്ടിവരുന്നത്. അതായത് ഏകദേശം 4000 കോടിയോളം രൂപ, ഒരാഴ്ച കോഴിയിറച്ചിക്കായി നമ്മൾ ചെലവഴിക്കുന്നു. ഇന്ത്യയിലെ ചിക്കൻ ഉപഭോഗം വർഷംതോറും 11 ശതമാനം വീതം വർധിച്ചു വരികയാണെന്നു കണക്കുകൾ പറയുന്നു. കൊച്ചിയിലെ ഒരു ഒാൺലൈൻ ഫൂഡ് ഡെലിവറി പ്ലാറ്റ്ഫോം പുറത്തുവിട്ട പ്രിയ വിഭവങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്നതു ചിക്കൻ തന്നെ...

കോഴിയിറച്ചിയുടെ രുചിയിൽ മനസ്സു നിറഞ്ഞു മുഴുകുമ്പോഴും, ഇങ്ങനെ ചിക്കൻ കഴിക്കുന്നതു നല്ലതാണോ എന്നൊരു പേടി മലയാളികളുടെ ഉള്ളിലുണ്ട്. പതിവായി ചിക്കൻ കഴിക്കുന്നതു ഹൃദ്രോഗം, കൊളസ്ട്രോൾ പോലെയുള്ള രോഗങ്ങളിലേക്കു നയിക്കുമോ? കുട്ടികളിൽ പ്രായപൂർത്തിയാകൽ വേഗത്തിലാക്കുമോ? സംശയങ്ങൾ തീരുന്നില്ല...

ADVERTISEMENT

പ്രോട്ടീൻ സമ്പുഷ്ടം
ചിക്കനിൽ നല്ല ഗുണമേന്മയുള്ള പ്രോട്ടീൻ സമൃദ്ധമായുണ്ട്. ഒപ്പം ബി12 പോലുള്ള ബി വൈറ്റമിനുകളും സെലിനിയം, ഫോസ്ഫറസ് പോലുള്ള ധാതുക്കളുമുണ്ട്. പ്രോട്ടീൻ പേശീകലകളുടെ നിർമാണത്തിനും അസ്ഥിസാന്ദ്രത കുറയാതെ നിലനിർത്താനും സഹായകമാണ്. ചിക്കനിലെ പ്രോട്ടീനാകട്ടെ ശരീരത്തിന് അത്യാവശ്യമായ അമിനോ ആസിഡുകളുടെ കലവറയാണ്. പ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനത്തിനും തൈറോയ്ഡിന്റെ ആരോഗ്യത്തിനും പ്രത്യുൽപാദന ക്ഷമതയ്ക്കും ഗുണകരമാണു സെലിനിയം.
കോഴിയിറച്ചിയിൽ കൊഴുപ്പുണ്ടെങ്കിലും ബീഫ്, പന്നി മാംസം ഇവയെ അപേക്ഷിച്ചു കുറവാണ്. കോഴിയിറച്ചിയുടെ വെളുത്ത പാട പോലുള്ള തൊലിയിലാണു കൊഴുപ്പു കൂടുതൽ ഉള്ളത്. അതുകൊണ്ടു കോഴിയിറച്ചിയിലെ തൊലി  നീക്കിക്കഴിയുമ്പോൾ കൊഴുപ്പളവു കുറയും.
പോഷകമൂല്യത്തിൽ ചുവന്ന മാംസത്തിനു പിന്നിലാണു കോഴിയിറച്ചി. ചുവന്ന മാംസം അഥവാ ബീഫ്, ആട്ടിറച്ചി, പന്നി മാംസം എന്നിവയിൽ കൂടുതൽ ഇരുമ്പടങ്ങിയിട്ടുണ്ട്. സിങ്ക്, ബി 12 എന്നിവ കൂടുതലുണ്ട്. പക്ഷേ, ചുവന്ന മാംസത്തെ അപേക്ഷിച്ചു കൊഴുപ്പു കുറവാണെന്ന ഒറ്റക്കാരണം മതി കോഴിയിറച്ചി കൂടുതൽ മികച്ചതാകാൻ.

പ്രോട്ടീൻ അമിതമായാൽ
മികച്ച പ്രോട്ടീൻ ഉറവിടമാണു കോഴിയിറച്ചിയെന്നു പറഞ്ഞല്ലൊ. കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ ആയതുകൊണ്ടു ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയ ഭക്ഷണവുമാണ്. പക്ഷേ, കൂടുതൽ കോഴിയിറച്ചി കഴിക്കുന്നതു ശരീരത്തിൽ അമിത അളവിൽ പ്രോട്ടീൻ എത്താൻ കാരണമാകും. കുട്ടികളിലാണ് ഇതേറെ പ്രശ്നമാകുക. കുട്ടികൾക്കു ശരീരഭാരം കുറവായതിനാൽ അതനുസരിച്ചുള്ള പ്രോട്ടീൻ മതി. പ്രോട്ടീൻ അമിതമായാൽ വളർച്ച പൂർത്തിയാകാത്ത കുഞ്ഞു വൃക്കകൾക്ക് അതു താങ്ങാനാകാത്ത ഭാരമായിരിക്കും.
‘ഒരുപാടു കോഴിയിറച്ചിയൊന്നും  പെൺകുട്ടികൾക്കു കൊടുക്കല്ലേ...’ എന്ന് അമ്മമാരൊക്കെ പറയാറുണ്ട്. മൃഗമാംസത്തിലുള്ള പ്രോട്ടീൻ അളവും പ്രായപൂർത്തിയാകലുമായി ബന്ധമുണ്ടെന്നു ചില പഠനങ്ങളിൽ സൂചനയുമുണ്ട്. പക്ഷേ, കോഴിയിറച്ചി കഴിച്ചതുകൊണ്ടു മാത്രം നേരത്തെ പ്രായപൂർത്തി എത്തില്ല എന്നാണു വിദഗ്ധർ പറയുന്നത്. കോഴിയിറച്ചിയിലുള്ള ചില രാസവസ്തുക്കൾ നമ്മുടെ ഹോർമോൺ വ്യവസ്ഥയെ തകർക്കാൻ കഴിവുള്ളവയാണെന്നും അതു കുട്ടികളിലെ പ്രായപൂർത്തിയാകലിനെ സ്വാധീനിക്കാമെന്നും  പറയുന്നുണ്ടെങ്കിലും അക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

കോഴിയിറച്ചി ഹൃദ്രോഗത്തിനിടയാക്കുമോ?
കോഴിയിറച്ചിയിൽ ഹൃദ്രോഗത്തിനു നേരിട്ടു കാരണമാകുന്ന ഘടകങ്ങളൊന്നുമില്ല എന്നാണു വിദഗ്ധർ പറയുന്നത്. ആരോഗ്യകരമായ അപൂരിത കൊഴുപ്പാണു കോഴിയിറച്ചിയിൽ കൂടുതലുള്ളത്. മാത്രമല്ല കോഴിയിറച്ചിയിലുള്ള വൈറ്റമിൻ ബി6 ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകമായ ഹോമോസിസ്റ്റീനിന്റെ അളവു കുറയ്ക്കുന്നതായി ചില പഠനങ്ങളുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ എന്ന ഘടകവുമുണ്ട്.
കോഴിയിറച്ചിയിൽ എല്ലായിടത്തും ഒരേ അളവിലല്ല കൊഴുപ്പുള്ളത്. ചിക്കൻ ബ്രസ്റ്റ് അഥവാ നെഞ്ചിന്റെ ഭാഗത്തെ മാംസത്തിലാണു കൊഴുപ്പ് ഏറ്റവും കുറവ്. 28 ഗ്രാം ബ്രസ്റ്റിൽ ഒരു ഗ്രാം കൊഴുപ്പു മാത്രമേ ഉള്ളൂ. കോഴിക്കാലിലും കൊഴുപ്പു കുറവാണ്. തുടയിലെയും ചിറകുകളിലെയും മാംസത്തിലാണു കൊഴുപ്പു കൂടുതലുള്ളത്.
നേരിട്ട് അപകടമില്ലെന്നു പറയുമ്പോഴും  കോഴിയിറച്ചി ഏതുരീതിയിൽ പാകപ്പെടുത്തി കഴിക്കുന്നു എന്നതും കഴിക്കുന്ന അളവുമൊക്കെ ശരീരത്തിലെത്തുന്ന കൊഴുപ്പും കാലറിയും കൂടാനിടയാകാം. അങ്ങനെ പരോക്ഷമായി അമിത ശരീരഭാരത്തിനും കൊളസ്ട്രോളിനും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകാം.

ദിവസവും എത്ര അളവു കോഴിയിറച്ചി കഴിക്കാം?
ദിവസവും എത്ര അളവു കോഴിയിറച്ചി കഴിക്കാമെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. മറ്റ് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട്, ജീവിതരീതി എങ്ങനെയാണ് എന്നതൊക്കെ പ്രധാനമാണ്. ചിക്കനിൽ കൊഴുപ്പു കുറവാണെങ്കിലും എണ്ണയിൽ പാചകം ചെയ്യുമ്പോൾ കൊഴുപ്പും കാലറിയും കൂടും.
അമേരിക്കൻ മാർഗനിർദേശമനുസരിച്ചു മുതിർന്ന ഒരാൾക്കു തൊലിനീക്കിയ ചിക്കൻ 100-150 ഗ്രാം ഒറ്റ സെർവിങ് ആയി കഴിക്കാം. ആഴ്ചയിൽ ഇങ്ങനെയുള്ള 2-3 സെർവിങ്ങ് കഴിക്കുന്നതിൽ കുഴപ്പമില്ല. ആഴ്ചയിൽ പരമാവധി 700 ഗ്രാം ചിക്കൻ കഴിക്കാം. കുട്ടികൾക്കു ശരീരഭാരം കുറവായതിനാൽ മുതിർന്നവർക്കു നിർദേശിച്ചിരിക്കുന്ന അളവിന്റെ  പകുതിയിൽ താഴെ മതിയാകും.

ADVERTISEMENT

വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. വിജയകുമാര്‍
പൊതുജനാരോഗ്യവിദഗ്ധന്‍
തിരുവനന്തപുരം

ADVERTISEMENT
ADVERTISEMENT