Monday 17 February 2025 03:29 PM IST

മക്കളുടെ മുറി ഹോംസ്റ്റയാക്കി: ഇത്ര ഭംഗിയായും പണിയാമോ ചെലവു കുറഞ്ഞ വീട്!

Sunitha Nair

Sr. Subeditor, Vanitha veedu

Abid2

ബെംഗളൂരുവിൽ ഗ്രാഫിക് ഡിസൈനറായിരുന്ന സനിൽ ജോലി മതിയാക്കി മടങ്ങിയെത്തിയപ്പോഴാണ് വയനാട് പുൽപ്പള്ളിയിലെ ഫാമിനോട് ചേർന്ന് വീട് വയ്ക്കാൻ തീരുമാനിച്ചത്. 27 ലക്ഷത്തിന് രൂപയ്ക്ക് ഏകദേശം 1800 ചതുരശ്രയടി വീടാണ് നിർമിച്ചത്. മക്കൾ രണ്ടുപേരും വിദേശത്തായതിനാൽ അവരുടെ മുറികൾ അതിഥികൾക്ക് താമസത്തിന് നൽകാൻ കഴിയുംവിധം ‘ഹോം- കം -ഹോം സ്റ്റേ ആയിരുന്നു വീട്ടുകാരുടെ മനസ്സിൽ.

Abid

വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഡിസൈൻ, നിശ്ചയിച്ച ബജറ്റിൽ മൂന്ന് ലക്ഷം രൂപ മിച്ചം! പണി പൂർത്തിയായപ്പോൾ വീട്ടുകാർക്ക് ഏറ്റവും സന്തോഷം നൽകിയത് ഇതു രണ്ടുമായിരുന്നില്ല; മൂന്നാമതൊരു കാര്യമായിരുന്നു ‘ചെലവ്കുറഞ്ഞ വീടുകളിലെ പതിവ് കാഴ്ചകളൊന്നും വീട്ടിലില്ല!’വിശാലമായ മുറികൾ, ഡബിൾ ഹൈറ്റിന്റെ തലയെടുപ്പ്, ഈടും ഗുണനിലവാരവുമുള്ള നിർമാണസാമഗ്രികളുടെ കുലീനത്വം... മൊത്തത്തിൽ ഏതു വമ്പൻ വീടിനോടും കിടപിടിക്കുന്ന സൗന്ദര്യവും സൗകര്യങ്ങളും.

ചെലവ്കുറഞ്ഞ വീട്ടിൽ എല്ലാം ശരാശരിക്കു താഴെ മതി എന്ന കാഴ്ചപ്പാട് തിരുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആർക്കിടെക്ട് ടീം വീടൊരുക്കിയത്. കോർട്‌യാർഡ്, മൾട്ടിപർ‌പ്പസ് പ്ലാറ്റ് ഫോം, ഇടനാഴി എന്നിവ വിദഗ്ധമായി ഉൾപ്പെടുത്തി.

മുറികളിൽ ബാത്റൂമിന്റെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തുള്ളൂ. സ്റ്റീൽ ട്രസ്സിൽ ഓട് മേഞ്ഞ് ബാക്കി മേൽക്കൂര നിർമിച്ചു.

ഫോയർ, പൂജാമുറി, മൾട്ടിപർപ്പസ് പ്ലാറ്റ്ഫോം എന്നിവ പ്രത്യേക കെട്ടിടമായി വരുന്നു എന്നതാണ് ‍ഡിസൈനിന്റെ പ്രത്യേകത. ഇതിനു പിന്നിലായാണ് കോർട്‌യാർഡ്. ജാളി ‍‍ഡിസൈനിലുള്ള മതിൽ കെട്ടി ഇവിടം വീടിന്റെ ഭാഗമാക്കി.

Abid3

‘സിഎസ്ഇബി’ അഥവാ ‘കംപ്രസ്‍ഡ് സ്റ്റെബിലൈസ്ഡ് എർത് ബ്ലോക്ക്’ എന്നറിയപ്പെടുന്ന മൺകട്ട ഉപയോഗിച്ചാണ് ചുമര് നിർമിച്ചത്. മണ്ണും വളരെക്കുറച്ച് സിമന്റും ചേർത്ത് നിർമിക്കുന്ന ഈ കട്ടയ്ക്ക് 2 രൂപയായിരുന്നു വില. ബാത്റൂം, കോർട്‌യാർഡ് എന്നിങ്ങനെ വെള്ളം വീഴുന്ന ഭാഗത്തൊഴികെ മറ്റെങ്ങും ചുമര് പ്ലാസ്റ്റർ ചെയ്തില്ല. തറയോടും ഒാക്സൈഡുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

മൂന്ന് കിടപ്പുമുറികളിലെ കട്ടിലും ഇൻബിൽറ്റ് രീതിയിൽ നിർമിച്ചു. ഫെറോസിമന്റ് ഫ്രെയിമിൽ അലുമിനിയം ഷട്ടർ നൽകി വാഡ്രോബുകളും കിച്ചൺ കാബിനറ്റും തയാറാക്കി. സ്റ്റീലിന്റേതാണ് പ്രധാന വാതിൽ. മറ്റു മുറികൾക്ക് റെഡിമെയ്ഡ് വാതിൽ നൽകി. സ്ലൈഡിങ് അലുമിനിയം ജനലുകളാണ് എല്ലായിടത്തും.

Abid4

Area: 1830 sqft Owner: സനിൽ സദാനന്ദൻ & ജിജിമോൾ Location: പുൽപ്പള്ളി, വയനാട്

Design: Abid Rahim, Architect, [ar & de] a.hamed r.aheem ar.chitects & de.signers, കോഴിക്കോട് Email: office@ar-de.co