Friday 07 February 2025 12:13 PM IST

തറവാടിന്റെ പ്രചോദനത്തിൽ പരിഷ്കാരി വീട്; പ്രധാന വാതിൽ തുറന്നാൽ സർപ്രൈസ്

Sona Thampi

Senior Editorial Coordinator

Rakesh

കണ്ടാൽ പരിഷ്കാരിയാണെങ്കിലും പഴയ തറവാടിന്റെ ഒാർമകളിൽനിന്ന് പ്രചോദനം കൊണ്ടാണ് പുതിയ വീടിന്റെ ഡിസൈൻ. കൂടുതലും ഇന്റീരിയറിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. 33 ഡിഗ്രി ചരിവിലുള്ള മേൽക്കൂര വീടിന് ട്രോപ്പിക്കൽ ശൈലി സമ്മാനിക്കുന്നു.

നീളത്തിലുള്ള സിറ്റ്ഒൗട്ടിൽ നിന്ന് പ്രധാന വാതിൽ തുറന്നാൽ ഒരു സർപ്രൈസ് ഉണ്ട്. നേരിട്ട് മുറിയിലേക്കല്ല, ‘സി’ ആകൃതിയിൽ പെബിൾസ് വിരിച്ച മുറ്റത്തേക്കാണ് എത്തുന്നത്. പത്മനാഭപുരം കൊട്ടാരത്തിൽ മതിലിനപ്പുറം നടുമുറ്റത്തു കൂടെ നടന്ന് അകത്തേക്ക് എത്തുന്ന രീതിയാണ് ഇത്തരത്തിൽ ഡിസൈൻ ചെയ്യാൻ ആർക്കിടെക്ടിന് പ്രേരണയായത്.

Rakesh 3

സ്വീകരണയിടത്തിന്റെ മൂന്ന് ഭാഗത്തും വെള്ളാരങ്കല്ല് വിരിച്ച മുറ്റവും വലിയ ചെടിച്ചട്ടികളിൽ തഴച്ചു നിൽക്കുന്ന ചെടികളുമാണുളളത്. ഡൈനിങ് ഏരിയയും നടുമുറ്റത്തേക്കു തുറന്നാണ് ഇരിപ്പ്. മുറികളുടെ ഏതെങ്കിലും ഒരു ഭാഗം നടുമുറ്റത്തേക്കോ പുറത്തെ മുറ്റത്തേക്കോ തുറന്നിരിക്കുന്നു. ചുവന്ന സോഫകളുള്ള ഫാമിലി ഏരിയ പുറത്തെ പാഷ്യോയിലേക്കു തുറക്കുന്നു.

സിറ്റ്ഒൗട്ട് മുതൽ കാണാം സീലിങ് ഒാടിന്റെ ഭംഗി. കൂര പോലെ ട്രസ്സ് ചെയ്താണ് സിറ്റ്ഒൗട്ടിന്റെ മേൽക്കൂര. മുകളിൽ മുറികൾ വരുന്നിടത്തു മാത്രമാണ് സ്ലാബ് കൊടുത്തത്. മുകളിലും താഴെയും ഒാടു കൊടുത്തിട്ടാണ് ട്രസ്സ് വർക്ക്.

നാല് കിടപ്പുമുറികളിൽ രണ്ടെണ്ണം മുകളിലാണ്. ലിവിങ്, ഡൈനിങ്, ഫാമിലി, അടുക്കള, അകത്തും പുറത്തുമുള്ള മുറ്റങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും കിടപ്പുമുറികളിലെല്ലാം സ്വകാര്യത കാണാം. സ്റ്റയെർ കയയറിവരുന്ന പാലം പോലെയുള്ള നടപ്പാത കിടപ്പുമുറികളിലേക്ക് നയിക്കുന്നു.

Rakesh 4

ആർട്ടിലും ഫർണിച്ചറിലും ഫർണിഷിങ്ങിലുമെല്ലാം പഴയകാല ഭംഗിയും ഉൗഷ്മളതയും കൊണ്ടുവരാൻ ഇന്റീരിയർ സ്റ്റൈലിസ്റ്റ് ആയ വർഷയും ശ്രമിച്ചിരിക്കുന്നു. ‘‘ഫ്ലോറൽ, ബ്ലോക്ക് പ്രിന്റുകൾ ആണ് ഫർണിഷിങ്ങിന്. പ്രിന്റുള്ള കോട്ടൺ മെറ്റീരിയലാണ് കിടപ്പുമുറികളിലെ കർട്ടന്. കോട്ടണിലും ജൂട്ടിലുമുള്ള റഗ്ഗുകളും ഉപയോഗിച്ചു,’’ വർഷ രാകേഷ് പറയുന്നു.

ഫ്ലോറിങ്ങിന് കോട്ട സ്റ്റോൺ ആണ് ഉപയോഗിച്ചത് പഴയ തറവാടിന്റെ കറുത്ത ഒാക്സൈ‍ഡ് നിലത്തെ ഒാർമിപ്പിക്കുന്ന വിധത്തിൽ. സീലിങ്ങിൽ ചിലയിടങ്ങളിൽ തേക്കിൻ തടിയുടെ പ്രൗഢി കാണാം. ഗോവണിയുടെ പടികളും തേക്കിലാണ്. ചില സ്ഥലങ്ങളിൽ സിമന്റ് ഫിനിഷ് കൊടുത്ത ഭിത്തികളുമുണ്ട്.

ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ

Area: 4000 sqft Owner: സജീവൻ & പ്രിയ Location: കാമ്പിൽ, കണ്ണൂർ Design: Studio Acis, കൊച്ചി Email: studioacisarchitects@gmail.com