Thursday 05 December 2019 04:12 PM IST : By സോന തമ്പി

കരയോഗം കനിഞ്ഞപ്പോൾ 7ലക്ഷത്തിന് വീട്, കെഎസ്ഇബിയുടെ റാപ്പിഡ് ആക്ഷനിൽ വൈദ്യുതിയും; നന്മക്കൂടൊരുങ്ങിയ കഥ

kseb
ചിത്രങ്ങൾ; അനിൽ കണിയാമല

വൈദ്യുതി ബോർഡ് കാരുണ്യത്തിന്റെ കണ്ണു തുറന്നപ്പോൾ റെക്കോർഡ് സമയത്തിനുള്ളിൽ വൈദ്യുതി കണക്‌ഷൻ റെഡിയായ കഥയാണ് കോട്ടയം കുമാരനെല്ലൂരിൽ കണ്ടത്.

കുമാരനെല്ലൂർ ക്ഷേത്രജീവനക്കാരനും എടക്ക, ചെണ്ട വാദ്യങ്ങൾ കൈകാര്യം ചെയ്യുന്നയാളുമായ ഉണ്ണിക്കൃഷ്ണ മാരാർക്കും ഭാര്യ സുകുമാരിക്കും ഇതു സ്നേഹവായ്പിന്റെ പുനർജന്മം. സാമ്പത്തിക പരാധീനതയിലും അർബുദത്തിന്റെ പിടിയിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ദമ്പതികൾക്ക് സഹായഹസ്തവുമായി രംഗത്തുവന്നത് കുമാരനെല്ലൂർ എൻഎസ്എസ് കരയോഗമാണ്.

k4

സാമ്പത്തികബുദ്ധിമുട്ടുള്ള ആർക്കെങ്കിലും വീടു വച്ചു കൊടുക്കാൻ സന്നദ്ധനായി കരയോഗത്തിലെ പ്രദീപ് കുമാർ കടന്നുവന്നതോടെയാണ് ജീവകാരുണ്യപ്രവർത്തനത്തിന് തുടക്കമായത്. നാന്നൂറോളം അംഗങ്ങളുള്ള 777 ാം നമ്പർ കരയോഗത്തിൽ ഒരു കുടുംബത്തെ തിരഞ്ഞെടുക്കുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു എന്ന് പ്രസിഡണ്ട് ശശിധരൻ നായർ പറയുന്നു. ആ സമയത്താണ് കുടുംബം ഭാഗം വച്ചപ്പോൾ കിട്ടിയ നാല് സെന്റ് ഭൂമി, സാമ്പത്തിക ഞെരുക്കത്താൽ വിറ്റ് നാടു വിടാൻ ഒരുങ്ങിയ ഉണ്ണിക്കൃഷ്ണന്റെയും ഭാര്യയുടെയും അവസ്ഥ അറിഞ്ഞത്. അങ്ങനെ കരയോഗത്തിന്റെ നേതൃത്വത്തിൽ അവരുടെ നാല് സെന്റിൽ വീടു പണിയാൻ തീരുമാനിച്ചു. 520 ചതുരശ്രയടിയുള്ള വീടിന് ഏഴു ലക്ഷം രൂപ ചെലവായി. നാല് മാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. പാലു കാച്ചലിന് തോമസ് ചാഴിക്കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

k-2

വീടിനുള്ള വൈദ്യുതി കണക്‌ഷന്റെ അപേക്ഷയുമായി കരയോഗം ഭാരവാഹികൾ കോട്ടയം ഗാന്ധിനഗറിലുള്ള കെഎസ്ഇബി ഒാഫിസിലെത്തിയതാണ് കഥയുടെ അടുത്ത ട്വിസ്റ്റ്. വീടിനു പിന്നിലുള്ള കഥയറിഞ്ഞപ്പോൾ കെഎസ്ഇബി അധികൃതരും കാരുണ്യത്തിന്റെ മാലാഖമാരായി. അസി. എൻജിനീയർ ഹർഷകുമാരിയുടെ നേതൃത്വത്തിൽ ഓവർസിയർമാരായ അനിൽ കണിയാമലയും പ്രശോഭ് ദേവസ്യയും ലൈൻമാൻ സെബാസ്റ്റ്യൻ, വർക്കർ സതീഷ് എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ ഉണ്ണിക്കൃഷ്ണൻ–സുകുമാരി ദമ്പതികളുടെ വീടിന് പ്രകാശവേഗത്തിൽ 40 മിനിറ്റിനുള്ളിൽ വൈദ്യുതിയെത്തി.

k1

തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസിയായിരുന്ന സുകുമാരിയെ 22 വർഷങ്ങൾക്കു മുമ്പാണ് ഉണ്ണിക്കൃഷ്ണ മാരാർ വിവാഹം കഴിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആ ചടങ്ങിൽ സംബന്ധിച്ചിരുന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് വധുവിന്റെ കൈ പിടിച്ചു കൊടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. അന്നു മുതൽ ഇവർ കുമാരനെല്ലൂരാണ് താമസം.

k5