Friday 15 February 2019 04:49 PM IST : By സ്വന്തം ലേഖകൻ

ഓർമകളുടെ മധുരവും സ്വപ്നങ്ങളുടെ ചേലും; കൊളോണിയൽ ഭംഗിയിൽ നിറഞ്ഞ് ‘ബഥാനിയ’

b

ഒറ്റനിലവീട് വേണമെന്നായിരുന്നു വീട്ടുകാരൻ റിനു തോമസിന്റെ ആഗ്രഹം. വീട്ടുകാരി ബീനയ്ക്കാകട്ടെ ഇരുനിലവീട് വേണമെന്നും. തൊട്ടടുത്ത് രണ്ട് സഹോദരന്മാരുടെ വീടുള്ളതിനാൽ എല്ലാവർക്കും ഒത്തുകൂടാൻ പാകത്തിന് വലുപ്പവും സ്ഥലസൗകര്യവും വേണം എന്ന കാര്യത്തിൽ ഇരുവർക്കും ഏകാഭിപ്രായമായിരുന്നു. രണ്ടുപേരുടെയും ഇഷ്ടം ഒരുപോലെ പരിഗണിച്ചും രണ്ടുവശത്തും വഴിയുള്ള പ്ലോട്ടിന്റെ പ്രത്യേകതകൾ കണക്കാക്കിയുമാണ് ആർക്കിടെക്ടുമാരായ ജെർലിനും ജിസും 2550 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടൊരുക്കിയത്.

b6

പൊലിമ കുറയാതെ എക്സ്റ്റീരിയർ

22 സെന്റിലാണ് വീട്. ഒറ്റനിലയായി പണിതാൽ ‘എക്സ്റ്റീരിയർ വ്യൂ’വിന് പറയത്തക്ക ഗാംഭീര്യമുണ്ടാകില്ല. അല്ലെങ്കിൽ മേൽക്കൂര വളരെ വലുതാക്കി പണിയണം. അതിനാലാണ് ഇരുനില തിരഞ്ഞെടുത്തത്. കൊളോണിയൽ ശൈലിയിലാണ് വീടിന്റെ എക്സ്റ്റീരിയർ. 40 ഡിഗ്രിയിലധികം ചരിവ് വരുന്ന നാല് മേൽക്കൂരകളാണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. നിരപ്പായി വാർത്ത ശേഷം ട്രസ്സ് റൂഫ് നൽകി അതിൽ ഓട് മേഞ്ഞാണ് മേൽക്കൂര തയാറാക്കിയത്.

b2

നടുവിൽ ഒരു നില

ഇരുനിലവീടാണെങ്കിലും മുകളിലെ നിലയിൽ മുറികളൊന്നും ഇല്ല എന്നതാണ് ‘ബഥാനിയ’ എന്നു പേരുള്ള വീടിന്റെ സവിശേഷത. രണ്ടാംനിലയിലല്ലാതെ സ്റ്റെയർകെയ്സിന്റെ ലാൻഡിങ്ങിൽ വരുംവിധമാണ് മാസ്റ്റർ ബെഡ്റൂം നൽകിയിരിക്കുന്നത്. ഇവിടെയിരുന്നാലും താഴത്തെ നിലയിലെ കാര്യങ്ങളറിയാം. മുകൾനിലയിലാണെന്ന തോന്നൽ ഉണ്ടാകുകയേ ഇല്ല.

b4

കാർപോർച്ചിനു മുകളിൽ എട്ട് അടി പൊക്കത്തിൽ മേൽക്കൂര വാർത്ത് അതിനു മുകളിൽ വരുംവിധമാണ് ഈ കിടപ്പുമുറി നിർമിച്ചത്. താഴത്തെ നിലയിലെ തറനിരപ്പിൽ നിന്ന് ആറ് അടി മാത്രം ഉയരത്തിലാണ് ഇവിടം. ടെറസിലേക്കുള്ള സ്റ്റെയർകെയ്സിന്റെ അപ്പർ ലാൻഡിങ്ങിലാണ് സ്റ്റഡി ഏരിയയുടെയും ലൈബ്രറിയുടെയും സ്ഥാനം. ഇവിടെനിന്ന് മുന്നിലെ ബാൽക്കണിയിലേക്കും പിന്നിലെ ഓ പൻ ടെറസിലേക്കും എത്താം. വീടിനു വലതുവശത്തുള്ള വഴിയിൽ നിന്ന് നോക്കുമ്പോൾ ഇരുനില വീടിന്റെ ഗാഭീര്യം ചോരാതിരിക്കാനായി ഒാപൻ ടെറസിന്റെ ഈ ഭാഗത്ത് ഭിത്തി ഉയർത്തിക്കെട്ടി. ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ് ഇവിടത്തെ ഭിത്തി നിർമിച്ചത്. തുണി ഉണക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമൊക്കെ ആവശ്യത്തിനു സ്ഥലം ലഭിക്കും വിധമാണ് ടെറസിലെ ക്രമീകരണങ്ങൾ.

b7

ഒത്തുചേരാൻ ഇടങ്ങൾ

സ്വീകരണമുറി, ഫാമിലി ലിവിങ്, ഡൈനിങ് സ്പേസ്, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുളളത്. ഫാമിലി ലിവിങ്ങും ഡൈനിങ് സ്പേസും ഒരുമിച്ചു നൽകിയതിനാൽ ഇഷ്ടംപോലെ സ്ഥലം ലഭിക്കുന്നു. ഇതുകൂടാതെ ഡൈനിങ് സ്പേസിനോട് ചേർന്ന് ഇന്റീരിയർ കോർട്‌യാർഡും ഫാമിലി ലിവിങ് സ്പേസിനോട് ചേർന്ന് വലിയൊരു സിറ്റ്‌ഔട്ടും എക്സ്റ്റീരിയർ കോർട്‌യാർഡും കൂടി നൽകിയിട്ടുള്ളതിനാൽ ഒത്തുചേരാനുള്ള ഇടങ്ങൾക്ക് ഒട്ടും പഞ്ഞമില്ല.

b5

പഴയ തറവാടിനോട് രണ്ട് മുറികൾ കൂട്ടിച്ചേർത്ത് അധികം കഴിയുന്നതിനു മുമ്പാണ് പുതിയ വീട് പണിയാനുള്ള പദ്ധതി വരുന്നത്. തറവാട് നിലനിർത്തിക്കൊണ്ട് പുതിയ വീട് പണിയാൻ ശ്രമിച്ചെങ്കിലും ചുമരുകൾ ഭാരം താങ്ങാനാവുന്ന സ്ഥിതിയിലല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു. പഴയ വീടിന്റെ വാതിൽ, ജനൽ, കട്ടിള തുടങ്ങിയവയൊക്കെ പരമാവധി പുനരുപയോഗിച്ചാണ് പുതിയ വീടൊരുക്കിയത്. ഓർമകളുടെ മധുരവും സ്വപ്നങ്ങളുടെ ചേലും ഒരുപോലെ നിറയുകയാണ് ബഥാനിയയിൽ.

b3
h ബീന, റിനു തോമസ് എന്നിവർ മകനോടൊപ്പം