കൊച്ചുകുട്ടിക്ക് പുതിയൊരു കളിപ്പാട്ടം കിട്ടുമ്പോൾ തോന്നുന്ന അതേ വിസ്മയം. കുറ്റ്യാടിക്കടുത്ത് കാക്കുനിയിലെ ശ്രീജേഷിന്റെയും രാഗിയുടെയും വീടിന്റെ പടികയറുന്ന ആരുമത് ഒരിക്കൽക്കൂടി അനുഭവിച്ചറിയും! കളിപ്പാട്ടങ്ങളും ഓടും അടുക്കി നിർമിച്ച ഭിത്തി, മേൽക്കൂരയ്ക്കുള്ളിലൂടെ തല പുറത്തേക്കിട്ടു വളരുന്ന മരങ്ങൾ, വീടിനുള്ളിലൂടെ ഒഴുകുന്ന നീർച്ചാൽ... വിസ്മയങ്ങളുടെ കലവറയാണ് കൺമുന്നിൽ. സമകാലിക വാസ്തുകലയ്ക്ക് വേറിട്ട ഭാവുകത്വം പകർന്ന ആർക്കിടെക്ട് വിനു ദാനിയേലാണ് ഈ വീടിന്റെ ശിൽപി.
മണ്ണിനോടും മരങ്ങളോടും പെരുത്തിഷ്ടമുള്ളവരാണ് വീട്ടുകാർ. തറവാടിനോട് ചേർന്നുള്ള സ്ഥലത്ത് ‘ഭൂമിക്കു ഭാരമാകാത്ത രീതിയിലൊരു വീടു വേണം’ എന്ന ആഗ്രഹം കുറേ നാളായി മനസ്സിലുള്ളതാണ്. വെട്ടുകല്ല്, മുള, മൺകട്ട എന്നിവകൊണ്ടുള്ള വീടിനെപ്പറ്റി ആലോചിച്ചെങ്കിലും അതു പോരാ എന്നൊരു തോന്നൽ. ഭൂമിയെ തെല്ലും ഉപദ്രവിക്കാതെ, ചെറിയൊരളവിലെങ്കിലും ആശ്വാസം പകരുന്ന രീതിയിലൊരു വീട് മതി എന്നായിരുന്നു ചിന്ത. ഒരുപാടുനാളത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിലാണ് ആർക്കിടെക്ട് വിനു ദാനിയേലിനെ പരിചയപ്പെടുന്നത്. പത്തനംതിട്ടയിലെ ബിജു മാത്യുവിന്റെ വീട്ടിൽ താമസിക്കാനിടവന്ന സുഹൃത്താണ് ആ വീട് ഡിസൈൻ ചെയ്ത വിനുവിനെപ്പറ്റി പറയുന്നത്.
വിനുവുമായുള്ള കൂടിക്കാഴ്ചയിലും വീട്ടുകാർ പറഞ്ഞത് മുറികളുടെ വലുപ്പത്തെയോ വേണ്ട സൗകര്യങ്ങളെപ്പറ്റിയോ ആയിരുന്നില്ല. ഊർജ ഉപയോഗം പരമാവധി കുറച്ച്, സ്ഥലത്തിന്റെ തട്ടുതട്ടായുള്ള ഘടനയ്ക്കും അവിടെയുള്ള മരങ്ങൾക്കും ഉപദ്രവമൊന്നും വരുത്താതെ വീട് നിർമിക്കുന്നതിനെപ്പറ്റിയായിരുന്നു അധികം സംസാരവും.
ഏറ്റവും പരിസ്ഥിതി സൗഹാർദമായ നിർമാണവസ്തു മണ്ണാണെങ്കിലും മണ്ണിൽ കുന്നുകൂടുന്ന പലതരം വേസ്റ്റിനെ കൂടി അഭിസംബോധന ചെയ്യാതെ സുസ്ഥിര ശൈലിയിലുള്ള നിർമാണം സാധ്യമല്ലെന്ന വിനുവിന്റെ കാഴ്ചപ്പാട് വീട്ടുകാർക്കും സ്വീകാര്യമായി. മണ്ണിനെ മലിനമാക്കുന്ന വസ്തുക്കളെ പുനരുപയോഗിക്കുന്ന വീട് എന്ന നിലയിലായി പിന്നീടുള്ള അന്വേഷണം.
രാത്രിയിൽ പ്ലാൻ വരയ്ക്കുന്നതിനിടയിൽ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോഴാണ് വിനു നിലത്തുകിടന്ന ലെഗോ ബ്ലോക്കിൽ ചവിട്ടുന്നത്. നോക്കിയപ്പോൾ കുറെയേറെ ലെഗോ ബ്ലോക്ക് മുറിയിൽ കൂട്ടിയിട്ടിട്ടുണ്ട്. നാല് വയസുള്ള മകന്റെ പരിപാടിയാണ്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു വീട്ടിൽ ഇത്രയുമുണ്ടെങ്കിൽ സാധാരണവീടുകളിൽ എത്രയധികമുണ്ടാകും?
അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങൾ ഒട്ടും സന്തോഷം നൽകുന്നതായിരുന്നില്ല. ഇപ്പോൾ കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളിൽ 90 ശതമാനവും പ്ലാസ്റ്റിക് കൊണ്ടുള്ളതാണ്! വലുതാകുന്നതോടെ ഇതിൽ 80 ശതമാനവും ഉപേക്ഷിക്കപ്പെടും. ആകൃതിയിലെ സവിശേഷതയും നിറത്തിനും മറ്റുമായി പലതരം രാസവസ്തുക്കൾ ചേർത്തിരിക്കുന്നതും കാരണം ഇവ റീസൈക്ക്ൾ ചെയ്യുക എളുപ്പമല്ല. ഇവ ഒന്നുകിൽ കത്തിക്കും, അല്ലെങ്കിൽ മണ്ണിലേക്ക് വലിച്ചെറിയും.
ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾ വീട് നിർമിക്കാൻ പ്രയോജനപ്പെടുത്തിയാലോ എന്നായി വിനുവിന്റെ ചിന്ത. ഈ ആശയം പറയാനായി ശ്രീജേഷിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെയും ചാക്കിൽ കെട്ടി സൂക്ഷിച്ചിട്ടുണ്ട് മക്കളായ അനവദ്യയുടെയും കൽഹാരയുടെയും പഴയ കളിപ്പാട്ടങ്ങൾ. ആശയത്തിന്റെ നന്മ വീട്ടുകാർക്ക് പെട്ടെന്നുതന്നെ ബോധ്യമായി. ഇത്തരത്തിലൊന്നായിരുന്നു അവർ കാത്തിരുന്നതും.
വീടുപണി തുടങ്ങുന്നതിനു മുൻപായി അയൽക്കാരുടെയും പരിചയക്കാരുടെയും വീടുകളിൽ നിന്നെല്ലാം പഴയ കളിപ്പാട്ടങ്ങ ൾ ശേഖരിച്ചു. ഫെയ്സ്ബുക്കിൽ വിവരം പങ്കുവച്ചതു കണ്ട് പലരും കളിപ്പാട്ടങ്ങൾ എത്തിച്ചു. ബെംഗളൂരുവിൽ നിന്നു വരെ കളിപ്പാട്ടങ്ങൾ എത്തിച്ചവരുണ്ട്. വടകര, കോഴിക്കോട് മേഖലകളിലെ ആക്രിക്കടകളിലെല്ലാം വിനുവും ശ്രീജേഷും കയറിയിറങ്ങി. പറമ്പിലെ മണ്ണുപയോഗിച്ച് മൺകട്ട നിർമിക്കാനായി ഓറോവിൽ എർത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ‘ഒാറം പ്രസ്’ കൂടി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയത്.
ഒരുനിലയുടെ പുറംഭിത്തി മുഴുവൻ കളിപ്പാട്ടങ്ങളാണ്. കാറും വിമാനവും പലതരം പാവകളും എന്നുവേണ്ട നമ്മൾ കണ്ടിട്ടുള്ള ഒട്ടുമിക്ക കളിപ്പാട്ടങ്ങളും ഇവിടെ കാണാം. താഴെയും മുകളിലുമായി ഈരണ്ട് ഓട് വീതം അടുക്കി അതിനു നടുവിൽ വരുംവിധമാണ് കളിപ്പാട്ടം ഉറപ്പിച്ചത്. ഒരുനിരയിൽ കളിപ്പാട്ടങ്ങളും അടുത്ത നിരയിൽ മൺകട്ടയും വരുന്ന പോലെയാണ് ഭിത്തിയുടെ ഘ ടന. ഓടിനും കളിപ്പാട്ടത്തിനും ഇടയിലുള്ള സ്ഥലത്തുകൂടി കാറ്റും വെളിച്ചവും വീടിനുള്ളിലെത്തും.
മുഴുവൻ കളിപ്പാട്ടങ്ങളും കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന രീതിയിലാണ് നിർമാണം. ഉറപ്പിനും ബലത്തിനുമായി എല്ലാ കളിപ്പാട്ടങ്ങൾക്കുള്ളിലും സിമന്റ് ഗ്രൗട്ട് നിറച്ചു. സുരക്ഷയ്ക്കും ഉറപ്പിനുമായി ചുമരുകൾക്കിടയിൽ വരുംവിധം എട്ട് കോൺക്രീറ്റ് പില്ലറുകളും, വാതിലിനും ജനലിനും മുകളിൽ ബീമുകളും നൽകി. പ്രീ കാസ്റ്റ് ഫെറോ സിമന്റ് സ്ലാബുകൾ കൊണ്ടാണ് മേൽക്കൂര. നിലത്തുവച്ച് വാർത്ത സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് ചുമരിനു മുകളിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു. ജോയ്ന്റുകളിൽ സിമന്റ് തേച്ച് ബലപ്പെടുത്തി.
മുൻഭാഗം പിൻഭാഗം എന്ന വേർതിരിവുകളില്ലാതെ വൃത്താകൃതിയിലാണ് വീട്. പ്ലോട്ടിന്റെ പ്രത്യേകതയ്ക്കനുസൃതമായി രൂപപ്പെട്ടതാണ് ഓരോ ഭാഗത്തിന്റെയും ഡിസൈൻ.
രണ്ട് തട്ടായിരുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്താനും മുകളിൽ നിന്ന് താഴേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനും കരുതൽ നൽകിയാണ് വീട് ഡിസൈൻ ചെയ്തത്. താഴ്ന്ന ഭാഗം നികത്തുകയോ മുകളിലെ മണ്ണ് മാറ്റുകയോ ചെയ്യാതെ അടിഭാഗത്ത് ഒരു ‘ബേസ്മെന്റ് ഫ്ലോർ’ ഒരുക്കി. ഉള്ളിലൂടെയുള്ള സ്റ്റെയർകെയ്സ് വഴിയല്ലാതെ മുറ്റത്തു നിന്നും ഇവിടേക്ക് പ്രവേശിക്കാം. വിശാലമായ ലിവിങ് സ്പേസ്, ലൈബ്രറി, ഒരു കിടപ്പുമുറി എന്നിവയാണ് ‘ഹൗസ് വിതിൻ എ ഹൗസ്’ എന്നു വിശേഷിപ്പിക്കാവുന്ന ഈ ഭാഗത്തുള്ളത്. ഇവിടത്തെയടക്കം എല്ലാ കിടപ്പുമുറികളിൽ നിന്നും നേരിട്ട് വീടിനു പുറത്തേക്കിറങ്ങാം.
മഴക്കാലത്ത് പറമ്പിലൂടെയുണ്ടാകുന്ന നീരൊഴുക്കിനെ വീട് തടസ്സപ്പെടുത്തുന്നില്ല! മുകളിലെ തട്ടിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ബേസ്മെന്റ് ഫ്ലോറിലെ ലൈബ്രറിയോട് ചേർന്ന് നിർമിച്ചിട്ടുള്ള കോർട്‌യാർഡിലും അലങ്കാരക്കുളത്തിലുമായി സംഭരിക്കപ്പെടും. നിറയുമ്പോൾ കിടപ്പുമുറിക്ക് അടിയിലൂടെ നൽകിയിരിക്കുന്ന വലിയ പൈപ്പിലൂടെ വീടിനു പുറത്തേക്ക് എത്തും.
പറമ്പിലുണ്ടായിരുന്ന വലിയ മൂന്ന് മരങ്ങളുെട ഒരു ചില്ല പോ ലും മുറിക്കാതെയാണ് അവയ്ക്കിടയിൽ വീടുയർന്നത്. വരാന്തയുടെയും സൺഷേഡിന്റെയും ഫെറോസിമന്റ് സ്ലാബുകൾക്കുള്ളിലാക്കി വീട് മരങ്ങളെ ചേർത്തു നിർത്തിയിരിക്കുകയാണിപ്പോൾ.
വീടിന് ചുറ്റുമായി വൃത്താകൃതിയിൽ തന്നെയുള്ള ഫെറോസിമന്റ് വരാന്തയ്ക്ക് ഉറപ്പുണ്ടോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. കുടുംബസംഗമത്തിനെത്തിയ ഇരുന്നൂറോളം ആളുകൾ ഒരുമിച്ച് വരാന്തയിൽ നിന്ന് ‘ബലപരീക്ഷണം’ നടത്തിയതോടെ എല്ലാവരുടെയും പേടി മാറി!
വീട്ടുവിശേഷം: തങ്ങളുടെ കളിപ്പാട്ടങ്ങൾ കാണാൻ അടുത്ത വീട്ടിലെ കുട്ടികൾ ഇടയ്ക്കിടെ വീട്ടിലെത്തും. ഹൈസ്കൂളിലും കോളജിലുമൊക്കെ പഠിക്കുന്നവർ അക്കൂട്ടത്തിലുണ്ടാകും. ചിലർ വെറുതേ നോക്കിനിൽക്കും. ചിലർ അതിലൂടൊന്ന് വിരലോടിക്കും. ഓർമകൾ ഒരായുഷ്കാലത്തേക്ക് ഇവിടെയുണ്ടെന്ന സംതൃപ്തിയിൽ അവർ മടങ്ങും. n
ചിത്രങ്ങൾ: ശ്യാം ശ്രീശൈലം