ADVERTISEMENT

പണ്ട് ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ലാളനയും പരിരക്ഷണവും ഏറ്റു വാങ്ങിയാണ് കുട്ടികൾ വളർന്നിരുന്നത്. കൂട്ടുകുടുംബ സംവിധാനം മാറി അണുകുടുംബങ്ങളാവുകയും മാതാപിതാക്കൾ ഇരുവരും ജോലിക്കു പോവുന്ന സ്ഥിതി വരുകയും ചെയ്തതോടെ കുടുംബത്തിലെ തല മുതിർന്നവരോ ആയമാരോ ആയി കുട്ടികളെ നോക്കുന്നത്. അച്ഛനമ്മമാർക്ക് ജോലിയുള്ളത് കൊണ്ട് കുട്ടികൾക്ക് കൂടുതൽ ഗുണമേന്മയേറിയ ജീവിതം ലഭിക്കുമെന്നത് ശരി തന്നെ. പക്ഷേ, അച്ഛനും അമ്മയും ഏറെനേരം വിട്ടുനിൽക്കുന്നത് കുരുന്നു മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടോ? ഭാവിയിൽ ഇത് പെരുമാറ്റ പ്രശ്നങ്ങൾക്കും അരക്ഷിതബോധത്തിനും ഇടയാക്കുമോ?

ഒരു വയസ്സിൽ തുടങ്ങും

ADVERTISEMENT

ഒരു വയസ്സു മുതലേ സെപറേഷൻ ആങ്സൈറ്റി അഥവാ മാതാപിതാക്കളെ പിരിയുന്നതിലേ വേദന തുടങ്ങും. ജോലിക്കു പോകാനായി ഇറങ്ങുമ്പോൾ ബഹളം കൂട്ടുന്നതും കരയുന്നതും ഒക്കെ ഇതിന്റെ ഭാഗമായിട്ടാകാം. അതിനു കുട്ടിയെ വഴക്കു പറഞ്ഞിട്ട് കാര്യമില്ല. ഇഷ്ടമുള്ള എന്തെങ്കിലും കളികളിലോ മറ്റോ മുഴുകാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത് ശ്രദ്ധ തിരിച്ചാൽ രാവിലെ പോകുന്ന സമയത്തെ കരച്ചിലും ബഹളവും ഒഴിവാക്കാം. പക്ഷേ, ഒരിക്കലും ടിവിയോ മൊബൈലോ കുട്ടിയുടെ ശ്രദ്ധ തിരിക്കാനായി വച്ചുകൊടുക്കരുത്. അത് അഡിക്‌ഷനിലേക്കു നയിക്കാം.

∙ കുട്ടിയെ ഒളിച്ച് പോകുന്നതു നല്ലതല്ല. കുട്ടിയുടെ ഉള്ളിൽ മാതാപിതാക്കളോട് വിശ്വാസം വളർന്നുവരുന്ന സമയമാണ്. അത് ഇല്ലാതാക്കാനേ പറയാതെ പോകുന്നത് ഇടയാക്കൂ. ഒാഫിസിൽ പോവുകയാണെന്നു പറഞ്ഞു തന്നെ പോവുക. ആദ്യം ബഹളം വച്ചാലും പതിയെ സാഹചര്യവുമായി പൊരുത്തപ്പെട്ടുകൊള്ളും.

ADVERTISEMENT

ഒരു മണിക്കൂറെങ്കിലും

കുട്ടിയോടൊപ്പമുള്ള സമയം ഗുണപരമായി വിനിയോഗിച്ചാൽ മാതാപിതാക്കൾ അടുത്തില്ല എന്നത് കുട്ടിയെ കാര്യമായി ബാധിക്കില്ല. കളിക്കുകയോ കഥ പറഞ്ഞുകൊടുക്കുകയോ വീട്ടുവിശേഷങ്ങൾ ചോദിക്കുകയോ ചെയ്യുന്നതൊക്കെ ഗുണപരമായി സമയം ചെലവിടലാണ്. ആ സമയം കുട്ടിയുമായി മാത്രം സംസാരിക്കുക. മൊബൈൽ ഫോണിലോ മറ്റുള്ള സംസാരങ്ങൾക്കോ പോകരുത്. ദിവസവും ഒന്ന് ഒന്നര മണിക്കൂറെങ്കിലും ഇങ്ങനെ ചെലവിടണം.

ADVERTISEMENT

ദിവസവും സമയം ലഭിക്കുന്നില്ലെങ്കിൽ വാരാന്ത്യങ്ങളിൽ കുട്ടിയോടൊപ്പം ചെറു ട്രിപ്പുകൾ പോകാം. ഇതോടെ കുട്ടികൾക്ക് അധികമായുള്ള ഊർജം പുറത്തുവിടാനുള്ള മാർഗ്ഗം ലഭിക്കും. ബലമായി പിടിച്ചുവയ്ക്കരുതെന്നു കുട്ടിയെ നോക്കുന്നവരോടും പറയുക. ആഴ്ചയിൽ ഒരിക്കലെങ്കിലും പാർക്കിലും മറ്റും കളിക്കാൻ കൊണ്ടുപോകാം.

∙ രണ്ടുതരം ആളുകൾ ചേർന്ന് വളർത്തുന്നതിനാൽ കുട്ടിക്ക് പല കാര്യങ്ങളിലും ആശയക്കുഴപ്പം വരാം. ഒരാൾ ചെയ്തത് ശരിയല്ല എന്നു മറ്റെയാൾ പറഞ്ഞാൽ ആരു പറയുന്നതാണ് കേൾക്കേണ്ടത് എന്ന് കുട്ടി ചിന്തിക്കും. അങ്ങനെ പറയുന്നതിനു പകരം കുട്ടിയുമായി ചെലവഴിക്കുന്ന സമയത്ത് കുട്ടിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങളെ റോൾ പ്ലേ പോലെ അനുകരിച്ചു കാണിക്കുക. താൻ ചെയ്തത് ശരിയായില്ല എന്നു കുട്ടിക്കു തന്നെ ബോധ്യമാകട്ടെ.

അച്ഛനോ അമ്മയോ ജോലിക്കു പോകുന്നത് കണ്ടു ശീലിച്ചവരാണെങ്കിലും ചിലപ്പോൾ പതിവില്ലാത്ത പോലെ കുട്ടി വാശിയും വഴക്കും പിടിക്കാം. കാരണം എന്താണെന്നു കണ്ടെത്തി പരിഹരിക്കണം. കൊച്ചുകുട്ടികൾക്ക് തങ്ങളുടെ പ്രശ്നം പറഞ്ഞുഫലിപ്പിക്കാൻ സാധിക്കില്ല. പകരം കൈകാലിട്ടടി നഖം കടി പോലുള്ള പെരുമാറ്റങ്ങളായി പുറത്തുവരാം.

∙ കുട്ടിക്ക് അസുഖമുള്ളപ്പോൾ ആരെങ്കിലുമൊരാൾ, കഴിയുമെങ്കിൽ അമ്മ തന്നെ ഒപ്പം ഉണ്ടാകണം. ആയയെ ഏൽപിച്ചു പോയാൽ അമ്മ കുറച്ചു നേരത്തേ എത്താമെന്ന് ഉറപ്പു നൽകുക. അതു പാലിക്കുകയും വേണം.

∙ ഒാഫിസിൽ പോയാലും ഇടയ്ക്ക് ഫോൺ ചെയ്ത് കുഞ്ഞിനോട് സംസാരിക്കുക.

∙ വീട്ടിലിരിപ്പ് കുട്ടിക്ക് വല്ലാതെ ബോറാകുന്നുണ്ടെങ്കിൽ ഒാമന മൃഗങ്ങളെയോ പക്ഷികളേയോ വാങ്ങി നൽകുക. കളിക്കാൻ മാത്രമല്ല, മാനസിക ശേഷികളും വർധിക്കും. മാതാപിതാക്കൾ ജോലിയും കുടുംബവുമൊക്കെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടുവളരുന്ന കുട്ടിക്ക് ഭാവിയിൽ ഇത് ഗുണകരമാകും. പല കാര്യങ്ങളും സ്വയംചെയ്തു ശീലിക്കുന്നതിനാൽ സ്വാശ്രയശീലം ചെറുപ്പത്തിലേ രൂപപ്പെടും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മായ ബി. നായർ,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി

ADVERTISEMENT