സിനിമകളിലും ദൃശ്യമാധ്യമങ്ങളിലും നിറയുന്ന വയലൻസിന്റെ അതിപ്രസരം, അതിനു കിട്ടുന്ന താരപരിവേഷവും കയ്യടിയും, ചെറുപ്പം മുതൽ കുട്ടികളുടെ പെരുമാറ്റത്തിലും മറ്റും വരുന്ന അപകടകരമായ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത്, കുട്ടികൾ വളർന്നു വരുന്ന സാഹചര്യം, കൂട്ടുകെട്ടുകൾ തുടങ്ങി പലതും അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.
സ്വന്തം കുട്ടിയും ഇത്തരം ക്രൂരത ‘നോർമലൈസ്’ ചെയ്യുമോ എന്നും സമപ്രായക്കാരുടെ വയലൻസിന് ഇരയാകുമോ എന്നോർത്തും പല മാതാപിതാക്കളും ആകുലപ്പെടുന്നു. കാലം മാറുന്നതിനനുസരിച്ച് പേരന്റിങ് രീതിയിലും മാറ്റങ്ങൾ വരണം. ‘പണ്ട് ഇതൊന്നും ആരും പഠിപ്പിച്ചിട്ടില്ലല്ലോ. പിന്നെന്തിന് ഇപ്പോൾ’ എന്നു പ റയുന്നതിലർഥമില്ല. കാലത്തിനനുസരിച്ച് മൂല്യങ്ങൾ നിലനിർത്താൻ മാതാപിതാക്കളും പേരന്റിങ് രീതിയും അ പ്ഡേറ്റഡ് ആയേ മതിയാകൂ.
എന്താണ് ബിഹേവിയറൽ വാക്സീൻ?
മറ്റുള്ളവരുടെ സ്ഥാനത്തു സ്വയം സങ്കൽപിച്ച് അവർ അ നുഭവിക്കുന്ന വൈകാരിക അവസ്ഥകൾ അതുപോലെ ഉ ൾക്കൊണ്ട് അതിനനുസരിച്ചു പ്രതികരിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവാണ് അനുതാപം അഥവ എംപതി.
അനുതാപ പരിശീലനം ഒരു ലൈഫ് സ്കിൽ പരിശീലനം തന്നെയാണ്. കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വച്ചിട്ടുള്ള പത്തു ജീവിത നിപുണതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അനുതാപം. അനുതാപത്തിന് ജീവിത നിപുണതകളുടെ മാതാവെന്നും വിശേഷണമുണ്ട്.
തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് ‘ബിഹേവിയറൽ വാക്സീൻ’ വഴി അനുതാപം വികസിപ്പിച്ചെടുക്കാൻ സാധിക്കും. 10 മുതൽ 19 വയസ്സു വരെയുള്ള കൗമാരക്കാർക്കു ചിട്ടയായ ജീവിത നിപുണത വിദ്യാഭ്യാസം വഴിയും അ നുതാപം വളർത്തിയെടുക്കാനാകും.
എന്താണ് ബിഹേവിയറൽ വാക്സീൻ എ ന്നാണോ? ചെറിയ കുട്ടികൾക്കു പകർച്ചവ്യാധികൾ വരാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതു പോലെ ദേഷ്യം, അക്രമം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയുടെ പിടിയിലേക്ക് വീഴാതിരിക്കാൻ കുട്ടികളിൽ നടത്തുന്ന സ്വഭാവ പരിശീലനമാണ് ബിഹേവിയറൽ വാക്സീൻ. വിവിധ പ്രായക്കാർക്ക് എങ്ങനെ അനുതാപ പരിശീലനം നടത്താമെന്ന് നോക്കാം.
ഘട്ടം ഘട്ടമായി പുരോഗമിക്കാം
ജീവിതാനുഭവങ്ങളെ ചിത്രങ്ങളുടെ രൂപത്തിൽ തലച്ചോറിൽ സൂക്ഷിക്കാനുള്ള ദൃശ്യസ്മൃതി എന്ന കഴിവ് മൂന്നു വയസ്സു മുതലാണ് ആരംഭിക്കുന്നത്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഓർമയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ് സ്പർശനമാണ്. അതിനാലാണ് മൂന്നു വയസ്സു വരെ മാതാപിതാക്കൾ കുട്ടികളുമായി പരമാവധി സമയം അടുത്തിടപഴകാൻ പറയുന്നത്. ഇതാണ് അനുതാപം വളർത്തിയെടുക്കാനുള്ള ആദ്യപടി.

മൂന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ദൃശ്യസ്മൃതിയിൽ ഊന്നിയ പ രിശീലനം നൽകാം. കുട്ടികളുടെ വൈകാരിക അവസ്ഥകൾ തിരിച്ചറിയാനും അവയ്ക്ക് അനുയോജ്യമായ പേര് നൽകാനും മാതാപിതാക്കൾ കുട്ടികളെ സഹായിക്കുന്നതാണ് ആദ്യ ഘട്ടം.
ഉദാഹരണത്തിനു കുട്ടിക്കു ദേഷ്യം വന്നു പല്ലു കടിക്കുമ്പോൾ ‘കുഞ്ഞു പല്ലു കടിക്കുന്നുണ്ടല്ലോ. പല്ലു കടിക്കുന്നത് ദേഷ്യം വരുമ്പോഴാണ്. മോൾക്ക് / മോന് ദേഷ്യം വരുന്നുണ്ടോ?’ എന്നൊക്കെ ചോദിച്ചു പല്ലു കടിക്കൽ ദേഷ്യത്തിന്റെ ലക്ഷണമാകാമെന്നു കുട്ടിയെ ബോധ്യപ്പെടുത്താം. ഇ തേപോലെ ഓരോ വൈകാരിക ഭാവങ്ങളും തിരിച്ചറിഞ്ഞ് കൃത്യമായ പേരു നൽകാം.
വഴിയിലോ മറ്റോ ആരെങ്കിലും കരയുന്നതോ വിഷമഭാവത്തിലോ നിൽക്കുന്നതു കണ്ടാൽ അയാൾക്ക് സങ്കടമുണ്ടെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. അതു കാണുന്ന നമുക്കു വരുന്ന വികാരവും സങ്കടമാണെന്ന് അടയാളപ്പെടുത്താം. ഓരോ അവസ്ഥയുടേയും ലക്ഷണങ്ങൾ മനസ്സിലാക്കി വയ്ക്കാം.
ഈ പ്രായത്തിൽ കുട്ടിക്കു ചിത്രകഥകൾ വായിച്ചു കൊടുത്തു തുടങ്ങാം. കഥകളിലൂടെ മറ്റുള്ളവർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ചു കൃത്യമായി പറയുക.
വൈകാരിക അവസ്ഥകൾ കുട്ടിയുടെ മനസ്സിൽ പതിയാനുള്ള മികച്ച വഴിയാണു കഥകൾ. ഇതോടൊപ്പം മറ്റൊരാൾക്കു വേദനയുണ്ടായാൽ നമ്മൾ എന്തു ചെയ്യണം എന്നു കൂടി കുട്ടിയെ ചിന്തിക്കാൻ പ്രേരിപ്പിക്കാം. ഉദാ: മുത്തച്ഛൻ കാലുവേദനയെന്നു പറഞ്ഞാൽ വേദന കുറയ്ക്കാനുള്ള മരുന്നുകൾ എടുത്തു കൊടുക്കുമോ? എന്നൊക്കെ ചോദിക്കാം.
ശരീരഭാഷ തിരിച്ചറിയാം
അഞ്ചു മുതൽ ഏഴു വയസ്സു വരെ കുട്ടികൾ സ്കൂളിലൊക്കെ പോയി തുടങ്ങുന്നതു കൊണ്ടു കൂടുതൽ ജീവിതാനുഭവങ്ങൾ സ്വായത്തമാക്കാന്‍ സാധിക്കുന്നു. ഈ സമയത്തു പുസ്തകങ്ങളിലും ആനുകാലികങ്ങളിലും ഉള്ള ചിത്രങ്ങളും വിഡിയോസും അവരെ കാണിക്കാം.
വിഷമം, ദേഷ്യം, ഉത്കണ്ഠ, നിരാശ, പുച്ഛം തുടങ്ങി ഒരു മനുഷ്യനുണ്ടാകുന്ന വ്യത്യസ്ത വികാരങ്ങളുടെ ദൃശ്യങ്ങൾ കാണിച്ച് അവയെ കുറിച്ചു ചർച്ച ചെയ്യാം. വ്യത്യസ്ത വികാര വിചാരങ്ങൾ തിരിച്ചറിയാനും അവയോട് ഒരാൾ എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണം എന്നും ഈ പ്രായത്തിൽ പരിശീലിപ്പിക്കാം.
നമുക്കും മറ്റുള്ളവർക്കും പൊതുവായി ഉള്ള കാര്യങ്ങൾ എന്തൊക്കെയാണെന്നും കുട്ടിയെ ബോധ്യപ്പെടുത്താം. ഒ രു കുട്ടി വീണു കരയുമ്പോൾ നമുക്കുണ്ടാകുന്ന അതേ വേദനയാണ് അവർക്കും. അതുവഴി മറ്റുള്ളവരെ തള്ളിയിടുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നു കുട്ടിക്കു പറഞ്ഞു കൊടുക്കാം.
മറ്റുള്ളവരുടെ ശരീരഭാഷ കണ്ടു വൈകാരികാവസ്ഥ മനസ്സിലാക്കി പ്രതികരിക്കാനും കുട്ടിയെ പരിശീലിപ്പിക്കാം. ഒരാൾ ബാക്കിയുള്ളവർക്കൊപ്പം കളിക്കാൻ വരാതെ ഉൾവലിയുന്നു, പെട്ടെന്നു മിണ്ടാതാകുന്നു മുതലായ അവസ്ഥകൾ കണ്ടാൽ എന്തു പറ്റിയെന്ന് അനുതാപപൂർവം ചോദിച്ചു മനസ്സിലാക്കാനുള്ള പരിശീലനം നൽകാം.
തടസ്സപ്പെടുത്താതെ പറയാനുള്ളതു മുഴുവൻ കേൾ ക്കുക എന്നതാണ് ആദ്യ പടിയെന്നും കുട്ടിയോടു പറയാം. പറ്റും പോലെ വിഷമിക്കുന്നവർക്കൊപ്പം നിൽക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാം. ഇതോടൊപ്പം മറ്റുള്ളവരുടെ വിഷമം അവനവന്റെ ഉള്ളിലേക്കു മുഴുവനായെടുത്തു സ്വയം നിസ്സഹായവസ്ഥയിലേക്കു പോകരുതെന്നും കുട്ടിയെ പഠിപ്പിക്കേണ്ടതുണ്ട്.

ചില കുട്ടികളെങ്കിലും മറ്റുള്ളവരുടെ വിഷമത്തിൽ സ്വയം ഇറങ്ങി സ്വയമേ വിഷമിക്കുന്ന അവസ്ഥയിലെത്താറുണ്ട്. അതൊഴിവാക്കാൻ വൈകാരിക അതിർവരമ്പുകൾ (ഇമോഷണൽ ബൗണ്ടറീസ്) കൃത്യമായി പാലിക്കണമെന്നും കുട്ടിയെ പഠിപ്പിക്കാം.
സാമൂഹികസേവനം എന്ന പടി
ഏഴു മുതൽ ഒൻപത് വയസ്സു വരെയുള്ള കുട്ടികളുമായി അനുതാപത്തെക്കുകുറിച്ചു അൽപം ഗൗരവത്തോടെ ചർച്ച ചെയ്യാം. ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിലൊരിക്കലെങ്കിലും അവർക്ക് അപരിചിതമായ പുതിയ സാഹചര്യങ്ങൾ പരിചയപ്പെടുത്താം.
അനാഥ മന്ദിരങ്ങൾ, വയോജന കേന്ദ്രങ്ങൾ, രോഗികൾ താമസിക്കുന്ന ഇടങ്ങൾ, ബൗദ്ധികമായും ശാരീരികമായും വെല്ലുവിളികൾ അനുഭവിക്കുന്നവരുള്ള ഇടങ്ങളിൽ ഒക്കെ പോയി ആളുകളെ അടുത്തു കണ്ട് ഇടപഴകാനുള്ള അവസരങ്ങൾ ഒരുക്കാം. ഇതുവഴി കുട്ടിക്ക് അവരുടെ ആവശ്യങ്ങളെ കുറിച്ചും സമൂഹത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാകും. കൂടുതൽ അനുതാപത്തോടെ തന്നിൽ നിന്നു വ്യത്യസ്തരായ മനുഷ്യരെയും ചേർത്തു നിർത്താൻ കുട്ടിക്കു സാധിക്കും.
ചെടി വളർത്താനും വളർത്തു മൃഗങ്ങളെ പാലിക്കാനും താൽപര്യമുള്ള കുട്ടികളെ അതിനു പരിശീലിപ്പിക്കാം. ഒരു ചെടിയോ അല്ലെങ്കിൽ ഒരു പൂച്ചക്കുട്ടിയോ വളർന്നു വരാൻ എത്ര ശ്രദ്ധയും ക്ഷമയും വേണം എന്നും മറ്റും കുട്ടികൾ പഠിക്കും. ഇതൊക്കെ ഒരു വ്യക്തിയെ പരുവപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പരസ്പരം സഹകരിച്ചുള്ള കളികളിലേർപ്പെടാനും കുട്ടികളെ പരിശീലിപ്പിക്കാം. കളിയിലെ ജയവും തോൽവിയും ഉയർച്ച താഴ്ചകൾ സ്ഥിരമല്ല എന്ന പാഠവും കുട്ടിയെ പഠിപ്പിക്കും.

എംപതി മാപ് പരിശീലിപ്പിക്കാം
ഒൻപതു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് എംപതി മാപ് (അനുതാപ ഭൂപടം) എന്ന പരിശീലനം നൽകാം. ഒരു വികാരത്തെക്കുറിച്ച് ആദ്യം പറയുക.
അപ്പോൾ മറുവശത്തുള്ള ആളുടെ മനസ്സിലൂടെ എന്തൊക്കെ കടന്നുപോകാം? അങ്ങനെ ഓരോ വികാരത്തെ കുറിച്ചും വിശദമായി ചർച്ച ചെയ്യുക. പല വികാരങ്ങളും പല പ്രായത്തിലുള്ളവർ എങ്ങനെ പ്രോസസ് ചെയ്യുന്നു, പല ലിംഗ വിഭാഗത്തിലുള്ളവർക്ക് എങ്ങനെ അനുഭവവേദ്യമാകുന്നു എന്നതൊക്കെ കുട്ടികൾക്കു ചെറുപ്പം മുതൽക്കേ മനസ്സിലാകാനുള്ള അവസരമായിതു മാറും.
പഠിക്കാം, ആധികാരികമായി
12 വയസ്സുതൊട്ടു മുകളിലേക്കുള്ള കുട്ടികൾക്കാണു ചിട്ടയായ ജീവിത നിപുണത പരിശീലനം (ലൈഫ് സ്കിൽ ട്രെയിനിങ്) നൽകേണ്ടത്. രണ്ടാം ശനിയാഴ്ചകളിലും മറ്റും പാലിയേറ്റീവ് കെയർ പോലുള്ള ഇടങ്ങൾ സന്ദർശിക്കാം. അ ല്ലെങ്കിൽ അവരുമായി സഹകരിച്ചു പ്രയാസമനുഭവിക്കുന്നവരുടെ വീടുകളിൽ പോയി അവരെ കേള്‍ക്കാനും അവശ്യ സഹായം ചെയ്തു കൊടുക്കാനുമുള്ള വൊളന്ററി സേവനം ചെയ്യാനുള്ള അവസരങ്ങളും ഒരുക്കാം.
സഹജീവിയോടു കരുതലുണ്ടാകാനുള്ള ഹോംവർക്ക് അസൈൻമെന്റുകൾ നൽകാം. ജീവിത നിപുണത പരിശീലനത്തിന്റെ മൊഡ്യൂളുകൾ നിലവിൽ ഇന്റർനെറ്റിൽ ലഭ്യമാണ്. മാനസികാരോഗ്യ വിദഗ്ധർ ചേർന്നൊരുക്കി സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യൂക്കേഷനൽ ട്രെയിനിങ് ആൻഡ് റിസർച്ച് പ്രസിദ്ധീകരിച്ച ‘ഉല്ലാസപ്പറവകൾ’ എന്നൊരു ലൈഫ് സ്കിൽ ട്രെയിനിങ് മൊഡ്യൂളുണ്ട്.
ഒന്നു മുതൽ പന്ത്രണ്ടു വരെ ഓരോ ക്ലാസ്സിനും ഇരുപതു മണിക്കൂർ വരുന്ന പഠന രീതിയാണത്. പങ്കാളിത്ത സ്വഭാവമുള്ള അനുഭവാത്മക വിദ്യാഭ്യാസ പരിശീലനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഇതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ
പ്രഫസർ ഓഫ് സൈക്യാട്രി,
മെഡിക്കൽ കോളജ്, തിരുവനന്തപുരം,
ഓണററി കൺസല്‍റ്റന്റ് സൈക്യാട്രി, ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി