വനിത വീട് ആർക്കിടെക്ചർ അവാർഡ് റെസിഡൻഷ്യൻ ഇന്റീരിയർ വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയ അപാർട്മെന്റിനെപ്പറ്റി കൊച്ചിൻ ക്രിയേറ്റീവ് കളക്ടീവിലെ ലിജോ ജോൺ മാത്യുവും സി.എ. മധുഷിതയും എഴുതുന്നു...
വീട്ടുകാരുടെ ജീവിതരീതി അറിഞ്ഞ് അവർക്കു മാത്രമായി ചെയ്ത കസ്റ്റംമെയ്ഡ് ഇന്റീരിയറാണിത്. ഒരു പ്രത്യേക നാടിനോടോ വസ്തുവിനോടോ ഒന്നും പ്രതിപത്തിയില്ലാത്ത, ഈ വീട്ടിലേക്കായി ഒന്നും കരുതിവയ്ക്കാത്ത വീട്ടുകാർക്ക്, നിശബ്ദമായ, നിറങ്ങളില്ലാത്ത ഒരു കാൻവാസ് നൽകുക എന്നതായിരുന്നു ഞങ്ങളുടെ റോൾ.
ധാരാളം യാത്ര ചെയ്യുന്ന, നൈജീരിയയിൽ സ്ഥിരതാമസമായ തമിഴ്നാട്ടുകാരായ ദമ്പതികളും ഏകമകളുമാണ് കൊച്ചിയിലെ ഈ അപാർട്മെന്റിന്റെ ഉടമസ്ഥർ. ഓൺലൈനിലൂടെ വാങ്ങിയ അപാർട്മെന്റ് അല്പം പഴയ ശൈലിയിലാണെന്നതാണ് പ്രവീൺ പോൾസ്വാമിയെയും നിത്യ രാമചന്ദ്രനെയും കൊച്ചിൻ ക്രീയേറ്റീവ് കളക്റ്റീവിൽ എത്തിച്ചത്
ഹെർത് (hearth) എന്നാൽ നെരിപ്പോടാണ്. തണുപ്പ് കൂടുതൽ ഉള്ള നാട്ടുകാർ തീകായാനും ഭക്ഷണം പാകം ചെയ്യാനും വീട്ടുകാർക്ക് ഒന്നിച്ചിരിക്കാനുമൊക്കെയുള്ള ഒരിടം. ഇവിടെ നേരിപ്പോടിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു മേശയാണ്. വായിക്കാനും ഭക്ഷണം കഴിക്കാനും വീട്ടുകാർക്ക് ഒരുമിച്ചിരിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള സൗകര്യം ഈ മേശയിൽ ഒരുക്കിയിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഊളിയിട്ട് മകൾക്കൊപ്പമുള്ള നിമിഷങ്ങളിൽ ഈ മേശയ്ക്കു ചുറ്റുമിരുന്ന് സന്തോഷിക്കുക എന്നാണ് ലക്ഷ്യം.
മൂന്ന് കിടപ്പുമുറികളായിരുന്നു ഈ അപാർട്മെന്റിൽ ഉള്ളത്. എന്നാൽ, അതിഥികൾക്കു സാധ്യത കുറഞ്ഞ സാഹചര്യമായതിനാൽ ഒരു കിടപ്പുമുറി ലൈബ്രറിയാക്കി മാറ്റി. ഏത് നാട്ടിൽ ചെന്നാലും പുസ്തകങ്ങളും ഫ്രിജ് മാഗ്‌നറ്റുകളും മാത്രമാണ് വീട്ടുകാർ ശേഖരിക്കാറുള്ളത്. അതുകൊണ്ടുതന്നെ, അപാർട്മെന്റിന്റെ അതിപ്രധാന ഭാഗമാണ് ലൈബ്രറി. വളഞ്ഞ ആകൃതിയിൽ തടി ഷെൽഫുകൾ നൽകി ലൈബ്രറി ക്രമീകരിച്ചു. ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന ഒരു കട്ടിലുള്ളതിനാൽ ആവശ്യമാണെങ്കിൽ ഇവിടെ കിടക്കാനുള്ള സൗകര്യവുമൊരുക്കാം.
അപാർട്മെന്റിൽ പലയിടത്തും വെളിച്ചം കുറവായിരുന്നു. ഭിത്തികളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തി എല്ലാ മുറികളിലും ആവശ്യത്തിന് വെളിച്ചമെത്തിച്ചു.
വെള്ളയും തടിയുടെ നിറവും മാത്രമാണ് ഇവിടെ പ്രധാനമായി കാണാനാകുക. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതം വരച്ചെടുക്കാനുള്ള ഒരു കാൻവാസ് എന്നാണ് ഞങ്ങൾ ഇ തിനാൽ അർഥമാക്കുന്നത്. ആവശ്യമില്ലാത്ത ഒരു ഫർണിച്ചർ പോ ലും ഇവിടെ ഇല്ല. സ്പേസ് നിറയ്ക്കാനല്ല, ആവശ്യങ്ങൾക്കു മാത്രമാണ് വീടിനുള്ളിലെ ഓരോ ഉപകരണവും ഘടകവും എന്നു വിശ്വസിക്കുന്നവരാണ് വീട്ടുകാർ.
എന്നാൽ ഒരുപാട് സ്റ്റോറേജ് സൗകര്യങ്ങൾ ഒളിച്ചു വച്ചവയാണ് ഇവിടത്തെ ഭിത്തികൾ പലതും. കമാനാകൃതിയിലുള്ള ഒരു ഭിത്തി മുഴുവൻ ലംബമായ കബോർഡുകളാണ്. തൊട്ടാൽ ഓരോ കബോർഡും പുറത്തേക്കു തുറക്കും. പൂജാമുറി മുതൽ വാതിൽ വരെ അതിനുള്ളിൽ വെളിവാകും. ധാരാളം യാത്ര ചെയ്യുന്ന വീട്ടുകാരുടെ പെട്ടികളെല്ലാം ഇതിനകത്താണ്.
ആസ്ട്രിക്സ്, ടിൻടിൻ പോലുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ ട്രോപ്പിക്കൽ നാട്ടിൽ എത്തുക എന്ന ആശയത്തെ ആസ്പദമാക്കി ചെയ്ത ഒരു പെയിന്റിങ് ആണ് മകളുടെ കിടപ്പുമുറിയെ അലങ്കരിക്കുന്നത്. കണ്ണാടിയുടെ ബുദ്ധിപരമായ ഉപയോഗം അപാർട്മെന്റിന്റെ വിശാലതയും തെളിച്ചവും കൂട്ടി. നിറങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയെങ്കിലും ബാത്റൂമുകൾക്ക് ഒരേ ഡിസൈനിൽ മൂന്ന് വ്യത്യസ്ത നിറങ്ങൾ തന്നെ സ്വീകരിച്ചു.
കുടുംബത്തിന് ഒന്നിച്ച് സമയം ചെലവഴിക്കാൻ ശാന്തമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കാനാണ് ഇവിടെ ശ്രമിച്ചത്. അതിൽ വിജയിച്ചു എന്നാണ് വിശ്വാസം.