വീട്ടുകാരുെട ദൈനംദിന ആവശ്യങ്ങൾക്കെല്ലാം ‘കംഫർട്ടബിൾ സ്പേസ്’ നൽകുന്നതിനൊപ്പം അവരുടെ സംഭാഷണങ്ങൾ പ്രോൽസാഹിപ്പിക്കുകയും ഓർമകൾ സജീവമാക്കുകയും ചെയ്യുന്ന ഇടം. കാച്ചിക്കുറുക്കി പറഞ്ഞാൽ അതാണ് ‘ഹൗസ് ഓഫ് കോൺവർസേഷൻസ്’. വനിത വീട് ആർക്കിടെക്ചർ അവാർഡിൽ മികച്ച വീടിനുള്ള പുരസ്കാരം പങ്കിട്ട വീടിനെപ്പറ്റി ആർക്കിടെക്ട് ജാക്സൺ കളപ്പുര എഴുതുന്നു...
ഈ വീട് എല്ലാവർക്കും ഇഷ്ടപ്പെട്ടേക്കില്ല. കാരണം, വീട്ടുകാരുടെ സ്വഭാവസവിശേഷതകളെ, ജീവിതരീതിയെ കൃത്യമായി അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. വീട്ടുകാരാണ് ഡിസൈനിന്റെ ഫോക്കസ് പോയ്ന്റ്. അവരുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം തന്നെയാണ് ഈ വീട്.
അഭിലാഷ്, അമ്മ, അമ്മൂമ്മ. വീടുപണിയുന്ന സമയത്ത് ഇവർ മൂന്നു പേരായിരുന്നു വീട്ടുകാർ. ആലുവയ്ക്കടുത്ത് എലൂരിലെ 10 സെന്റിൽ ചെറിയൊരു വീട്; ചെലവ് കണ്ടമാനം കൂടാനും പാടില്ല. ഇതായിരുന്നു അവരുടെ ആഗ്രഹം.
സൈറ്റിൽ അവരുടെ പഴയ വീട് ഉണ്ടായിരുന്നു. പുതുക്കിയെടുക്കാൻ കഴിയുന്നതിനപ്പുറം കേടുപാടുകളുള്ളതിനാൽ അത് പൊളിച്ചുമാറ്റി പുതിയ വീട് പണിയാനായാരുന്നു താൽപര്യം.
എല്ലായിടത്തുമെന്ന പോലെ ചെറിയ വീട് ഡിസൈൻ ചെയ്യുക ഇവിടെയും അത്ര എളുപ്പമായിരുന്നില്ല. സാധ്യതകൾ ഓരോന്നായി പരീക്ഷിച്ചു നോക്കുമ്പോഴാണ് വീട്ടുകാരുമായുള്ള കൂടിക്കാഴ്ചകൾ ഓരോന്നായി മനസ്സിൽ തെളിഞ്ഞത്. രാവിലെ ഒൻപതുമണി നേരത്തായിരുന്നു ആദ്യ കൂടിക്കാഴ്ച. പഴയ വീടിന്റെ അടുക്കളയിലെ ചെറിയ ഊണുമേശയ്ക്കു ചുറ്റുമായി എല്ലാവരും ഇരിക്കുന്നു. അടുപ്പിൽ നിന്ന് ചൂടുദോശ അമ്മ പാത്രങ്ങളിലേക്ക് വിളമ്പുന്നു. ഓർത്തുനോക്കിയപ്പോൾ എല്ലാ കൂടിക്കാഴ്ചകളുടെയും വേദി അവിടം തന്നെയാണ്. എല്ലായ്പ്പോഴും സംഭാഷണങ്ങൾക്ക് കൂട്ടായി അമ്മ വിളമ്പുന്ന രുചികളുമുണ്ട്.
തമിഴ് പശ്ചാത്തലമുള്ളയാളാണ് അഭിലാഷിന്റെ അമ്മ ഗീത നല്ല അസ്സലായി പാചകം ചെയ്യും. ഒരുമിച്ചിരുന്ന് ചൂടോടെ ഭക്ഷണം കഴിക്കുന്നതാണ് എല്ലാവർക്കുമിഷ്ടം. വഴിയിൽക്കണ്ട കാര്യങ്ങളും ഓഫിസ് വിശേഷങ്ങളും എന്നു വേണ്ട സിനിമാക്കഥകൾ വരെ അഭി അമ്മയോടും മുത്തശ്ശിയോടും പങ്കുവയ്ക്കും.
മുറികളുടെ പതിവ് ‘ഹൈരാർക്കി’ അഥവാ അധികാരക്രമം പൊളിച്ചെഴുതുന്ന രീതിയിൽ വീടൊരുക്കാൻ പ്രചോദനം മനസ്സുകളുടെ ഈ ഇഴയടുപ്പമായിരുന്നു. അടുക്കള എന്നു പറയാനായി ഒരു മുറി ഈ വീട്ടിലില്ല. ലിവിങ് Ð ഡൈനിങ്Ð അടുക്കള എന്നിവ ഒരുമിച്ച് ഒരിടമായി വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. അടുപ്പിന് അടുത്തായുള്ള വലിയ ഊണുമേശ വീട്ടുകാരെയും അതിഥികളെയും ആരെയും സംഭാഷണത്തിൽ നിന്ന് മാറ്റിനിർത്തുന്നില്ല. വീട്ടിലെത്തുന്നവർ ഒന്നുകിൽ ഈ കൂട്ടുകെട്ടിന്റെ ഭാഗമാകും അല്ലെങ്കിൽ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കും. കാരണം, നാട്യങ്ങൾക്കായും മറ്റുള്ളവരെ കാണിക്കാനായും ചെയ്ത യാതൊന്നും ഈ വീട്ടിലില്ല.
പഴയ വീട്ടിലെ പരമാവധി വസ്തുക്കൾ പുനരുപയോഗിച്ചാണ് പുതിയ വീട് നിർമിച്ചത്. കരിങ്കല്ല്, കട്ട, വാതിൽ, ജനൽ, ഫർണിച്ചർ എന്നിവയെല്ലാം ഓർമകളുടെ ഭംഗി നിറച്ച് പുതിയ വീട്ടിലുണ്ട്. പഴയ പാത്രങ്ങളും കഞ്ഞിക്കലവും പോലും കളഞ്ഞില്ല. ചെടിച്ചട്ടിയായും അലങ്കാരങ്ങളായും ഇവയൊക്കെ ഇടംപിടിച്ചു.
മെയ്ന്റനൻസ് പരമാവധി കുറഞ്ഞ രീതിയിലാകണം വീട് എ ന്നതിനാൽ കല്ലിന്റെയും ഇഷ്ടികയുടെയും എക്സ്പോസ്ഡ് രൂപം ധാരാളമായി കാണാം.
രണ്ട് നിലകളിലായി 1464 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. അതുകാരണം 10 സെന്റിൽ ‘ബിൽറ്റ് സ്പേസ്’ പരമാവധി കുറയ്ക്കാനായി. പതിവിന് വിപരീതമായി ‘അൺബിൽറ്റ് സ്പേസ്’ പ്ലാൻ ചെയ്ത ശേഷമാണ് വീടിന്റെ ‘ഫൂട്പ്രിന്റ്’ എങ്ങനെ വേണമെന്നു നിശ്ചയിച്ചത്. ചുറ്റുപാടുകളെ ഫലപ്രദമായി വിനിയോഗിക്കാനും നല്ലൊരു പരിധിവരെ വീടിന്റെ ഭാഗമാക്കാനും കഴിഞ്ഞുവെന്നതാണ് ഇതിന്റെ മെച്ചം. ചുറ്റുമുള്ള പൂന്തോട്ടം വീടിനുള്ളിലാണെന്നേ തോന്നൂ. കിണർ, തുണി നനയ്ക്കാനും ഉണങ്ങാനുമുള്ള സ്ഥലം, അടുക്കളത്തോട്ടം, ഔട്ട്ഡോർ സിറ്റിങ് ഏരിയ എന്നിവയ്ക്കെല്ലാം കൃത്യമായ സ്ഥലത്ത് ഇടം നൽകാനും ഇതുവഴി കഴിഞ്ഞു.
അഭിലാഷ് ജോലിക്കു പോയിക്കഴിഞ്ഞാൽ അയൽപക്കത്തുള്ളവരോട് മിണ്ടിപ്പറഞ്ഞിരിക്കാനായി അതിരിനോട് ചേർന്നാണ് അമ്മമാരുടെ കിടപ്പുമുറിയൊരുക്കിയത്. ഇവിടത്തെ ജനൽ തുറന്നിട്ടാൽ അയൽക്കാരുമായി കുശലം പറയാം.
ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ് വീട്ടുകാർ. സന്തോഷത്തിന്റെ കുഞ്ഞു കുഞ്ഞു വിത്തുകളാണ് ഇവിടെ വിതറിയിരിക്കുന്നത്; വീട്ടുകാർക്കായി.