ബോളിവുഡ് റിയാലിറ്റി ഷോ താരം ഖുഷി മുഖർജിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ വൈറൽ താരം. വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍പെട്ടിരിക്കുകയാണ് ഖുഷി. കഴിഞ്ഞ ദിവസം ശരീരഭാഗം മുഴുവൻ വെളിപ്പെടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ഖുഷിയെ പാപ്പരാസികൾ പിന്തുടര്‍ന്നിരുന്നു.
ലോങ് സ്ലിറ്റുള്ള വസ്ത്രത്തില്‍ മുൻഭാഗവും പിൻഭാഗവും പൊതിഞ്ഞുപിടിച്ച് നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ഖുഷിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേ തുടർന്ന് നടിക്കെതിരെ വലിയ വിമർശനം ഉണ്ടായി. അതേസമയം സ്വന്തം വസ്ത്രധാരണത്തെ ന്യായീകരിച്ച് ഖുഷിയും രംഗത്തുവന്നു. ഹോളിവുഡ് നടിമാരുടെയും മോഡലുകളുടെയും ഫാഷനാണ് താൻ പിന്തുടരുന്നതെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും ഖുഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘‘സോഷ്യൽ മീഡിയയിൽ ഒരാളെ അധിക്ഷേപിക്കാനും ട്രോൾ ചെയ്യാനും വളരെ എളുപ്പമാണ്. ഇതൊക്കെ ഒരു ഫാഷനാണോ, ഇതൊരു മോശം പ്രവണതയല്ലേ എന്ന് എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഇതൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് ആണ്. ഞാനൊരു ധൈര്യശാലിയായ വ്യക്തിയാണ്. വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങൾ എടുക്കാൻ ഇഷ്ടപ്പെടുന്നു. ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ചിലപ്പോൾ നല്ലതായിരിക്കും ചിലപ്പോൾ പരാജയപ്പെടും. പക്ഷേ, എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതില്‍ ഞാൻ ദുഃഖിക്കുന്നില്ല.
എന്റെ എല്ലാ വസ്ത്രങ്ങളും ഹോളിവുഡ് നടിമാരിൽ നിന്നും, ഇൻഫ്ലുവൻസർമാരിൽ നിന്നും, മോഡലുകളിൽ നിന്നും, പ്രചോദനം ഉൾക്കൊണ്ടതാണ്. ഞാനൊരു ജനാധിപത്യ രാജ്യത്താണ് താമസിക്കുന്നത്. ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ താലിബാൻ ഭരിക്കുന്ന രാജ്യമല്ലിത്. എനിക്ക് ഹോളിവുഡ് മോഡലുകളുടെ ശരീരഘടനയില്ലായിരിക്കാം എന്നുകരുതി എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്.’’- ഖുഷി മുഖർജി കുറിപ്പില്‍ പറയുന്നു.