ആദ്യം സംവിധായകനെന്ന നിലയിൽ പേരെടുത്തു. പിന്നാലെ ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രീതി ഇരട്ടിയാക്കി. പറഞ്ഞു വരുന്നത് അഖിൽ മാരാറെക്കുറിച്ചാണ്. അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുടുംബ വിശേഷങ്ങൾ മുതൽ രാഷ്ട്രീയ നിലപാടുകൾ വരെ ഇന്ന് ശ്രദ്ധേയമാണ്. ഇപ്പോഴിതാ തനിക്കു നേരെയെത്തിയ ഒരു സോഷ്യൽ മീഡിയ വിമർശനത്തിന് ഹൃദ്യമായൊരു വിഡിയോയിലൂടെ മറുപടി പറയുകയാണ് അഖിൽ. ആവശ്യത്തിനു കാശുണ്ടായിട്ടും സ്വന്തം അമ്മയെ അഖില്‍ എന്തിന് തൊഴിലുറപ്പ് ജോലിക്ക് വിടുന്നു എന്നതായിരുന്നു പലരുടെയും ചോദ്യം. എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള ഉത്തരം വിഡിയോയിലൂടെ അഖിൽ വിശദമാക്കി.
അമ്മ തൊഴിലുറപ്പിന് പോയി ജീവിക്കുന്നത് പണത്തിനു വേണ്ടിയല്ല. അവരുടെ കൂട്ടുകാരുടെ കൂടെ അവരിൽ ഒരാളായി സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിന് വേണ്ടിയാണ് പോകുന്നതെന്ന് അഖിൽ പറയുന്നു.
‘എന്റെ മോൻ എന്റെ എന്ത് ആവശ്യങ്ങളും നിറവേറ്റിത്തരുന്നുണ്ട്. ഇതന്റെ സന്തോഷമാണ്. ഞാന്‍ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷമാണ്. എനിക്ക് എന്റെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ തൊഴിലുറപ്പിന് പോകുന്നത്. എന്റെ കാര്യങ്ങളെല്ലാം എത്രയോ വർഷങ്ങളായി എന്റെ മകനാണ് നോക്കുന്നത്. തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല ഞാൻ ജീവിക്കുന്നത്. പക്ഷേ തൊഴിലുറപ്പിന് എനിക്ക് പോണം. അത് എന്റെ മാനസികോല്ലാസമാണ്. ആൾക്കാര് പറയുന്നത് പോലെ എന്റെ മോൻ എന്നെ നിർബന്ധിച്ച് പറഞ്ഞുവിടുന്നതല്ല. ഇതിലൊന്നും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളുടെ ജീവിതമാണ്. ഞങ്ങൾ സാധരണക്കാരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.’– അഖിലിനെ സാക്ഷിയാക്കി പുഞ്ചിരിയോടെ അമ്മയുടെ വാക്കുകൾ.
നാട്ടുകാർക്ക് വല്ല ഛേദവുമുണ്ടോ ഇതിലൊക്കെ ഇടപെടാവൻ. ഞങ്ങളുടെ കാര്യങ്ങളിൽ പുറത്തു നിൽക്കുന്നവർ ബുദ്ധിമുട്ടേണ്ട. ഞങ്ങളുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ല. വീട് പഴയപടിതന്നെ നിലനിർത്തിയതും ആശുപത്രിയിലേക്ക് ബസ്സിന് പോകുന്നതുമെല്ലാം സ്വന്തം താൽപര്യങ്ങളുടെ ഭാഗമായാണെന്നും അഖിൽ മാരാരുടെ അമ്മ പറയുന്നു. അഖിൽ മാരാരും അച്ഛനും തമ്മിൽ വഴക്കാണ് എന്ന അരോപണങ്ങളിലും അമ്മ മറുപടി പറയുന്നുണ്ട്.
അച്ഛനും താനും തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. അതൊക്കെ കുടുംബത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം ബിഗ് ബോസിലെ ഒരു എപ്പിസോഡിൽ താനായിട്ട് തന്നെ തുറന്നു പറഞ്ഞിട്ടുളളതാണെന്നും അഖിൽ പറയുന്നു.
നിങ്ങൾക്ക് എന്നെക്കുറിച്ച് എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും അതൊക്കെ താൻ സഹിക്കുമെന്നും അഖിൽ മാരാർ വിഡിയോയിൽ പറഞ്ഞു. തന്നെക്കാളും സഹനശേഷിയുള്ളത് അമ്മയ്ക്കാണെന്നും അഖിൽ പറയുന്നു.
‘ജനിച്ചു വളർന്ന കാലം മുതൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന സ്ത്രീയാണ്. എനിക്ക് ചിലപ്പോൾ കഷ്ടം തോന്നും. ഇത്രയും കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു സ്ത്രീയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷേ അതൊന്നും വിഷയമല്ല. അമ്മ കൂളാണ്.’– അഖിലിന്റെ വാക്കുകൾ.
അമ്മയുടെ തൊഴിലുറപ്പ് സഹപ്രവർത്തകരെയും അദ്ദേഹം വിഡിയോയിൽ കാണിക്കുന്നുണ്ട്.