നെഞ്ചു തുളച്ചു കയറുകയാണ് ആ വിയോഗം, ഹൃദയം മുറിക്കുകയാണ് ഉറ്റവരുടെ വിലാപം. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹത്തിനരികെ ഇരുന്നുള്ള മകന്റെ കണ്ണീർ ചങ്കുതുളച്ചു കയറുന് വേദനയാകുകയാണ്.
‘അമ്മാ...ഇട്ടേച്ച് പോകല്ലാമ്മാ..’ നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്.
‘എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല അമ്മാ.. എനിക്ക് താങ്ങാൻ പറ്റുന്നില്ലമ്മാ... എന്നെ ഇട്ടിട്ട് പോകല്ലേ അമ്മാ പറ്റുന്നില്ലമ്മാ.’–അമ്മയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തുമ്പോഴേക്കും സകല നിയന്ത്രണവും വിട്ട് നവനീത് പൊട്ടിക്കരഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ നവമി ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ നിസഹായയായി നിന്നു. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ വീണ്ടും നടത്തണം. എനിക്ക് ഇനി ആരുണ്ട് അമ്മയെന്ന് നവമി പലപ്പോഴായി ചോദിക്കുന്നുണ്ടായിരുന്നു. പന്ത്രണ്ട് മണി കഴിഞ്ഞാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി.
തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വിശ്രുതന്റെ ഭാര്യയാണ് ഡി. ബിന്ദു(52). മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.