Tuesday 01 October 2019 04:16 PM IST : By സ്വന്തം ലേഖകൻ

പൂക്കളെ പ്രണയിച്ച്...പച്ചിലച്ചാർത്തുകൾക്കിടയിൽ രാപ്പാർക്കാം; വീടിനു ചുറ്റും കാടൊരുക്കുന്ന മിയാവാക്കി ടെക്നിക്!

vana ജയകുമാറും ഭാര്യ അനിതയും തിരുവനന്തപുരം പേയാട് നിർമിച്ച രണ്ട് സെന്റിലെ മിയാവാക്കി വനത്തിൽ

വെറും മൂന്ന് വർഷം...വീടിനോട് ചേർന്ന് ചെറിയൊരു വനമൊരുക്കാം. ഇടതൂർന്നു വളരുന്ന മരങ്ങൾ. അവയെ പുണർന്ന് പൂത്തുലഞ്ഞ വള്ളികൾ. പാട്ടുപാടാൻ കിളികളും മധുരം വിളമ്പാൻ പൂമ്പാറ്റകളും... വീടിനോട് ചേർന്ന് ഇങ്ങനെയൊരു കൊച്ചു വനമുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ടോ? പച്ചിലച്ചാർത്തുകൾക്കിടയിലൂടെ മണ്ണിനെ ചുംബിക്കാനെത്തുന്ന സൂര്യകിരണങ്ങളെയും നിലാവത്ത് വൃക്ഷത്തലപ്പുകൾക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രികയെയും കൊതിതീരെ കണ്ട് ഇളംതെന്നലിന്റെ തഴുകലിൽ അലിഞ്ഞ് അങ്ങനെ....എന്തു രസമായിരിക്കും അല്ലേ...കിനാവു കാണാൻ കൊള്ളാം; അതല്ലാതെ ഇതു വല്ലതും നടക്കുമോ എന്നു സംശയിക്കാൻ വരട്ടെ.

മരങ്ങളോടും പൂക്കളോടും തണുപ്പിനോടുമൊക്കെ പ്രണയമുണ്ടെങ്കിൽ ഇതെല്ലാം നിഷ്പ്രയാസം നടക്കും. മൂന്നേ മൂന്ന് വർഷം. അത്രയും മതി വീടിനോട് ചേർന്ന് നല്ലൊരു വനമുണ്ടാക്കാൻ. സ്ഥലം വേണ്ടേ ചങ്ങാതീ എന്നായിരിക്കും അടുത്ത ചോദ്യം. ഏതായാലും സ്ഥലക്കുറവ് ഈ പരിപാടിക്ക് ഒരു തടസ്സമേ അല്ല. വെറും രണ്ട് സെന്റ് മതി സാമാന്യം നല്ലൊരു വനമൊരുക്കാൻ. അതിനുള്ള മാന്ത്രികവിദ്യയാണ് മിയാവാക്കി ടെക്നിക്. ഈ രീതിയിൽ നട്ടുവളർത്തുന്ന മരങ്ങൾ സാധാരണയിലേതിന്റെ പത്തിരട്ടി വേഗത്തിൽ വളരും. പച്ചപ്പ് 30 ഇരട്ടി കൂടുതലായിരിക്കും. ജപ്പാൻകാരനായ അകിരാ മിയാവാക്കിയാണ് ഈ ടെക്നിക് കണ്ടുപിടിച്ചതെങ്കിലും ഇവിടെ നമ്മുടെ കേരളത്തിലും മിയാവാക്കി വനങ്ങൾ പച്ചപിടിച്ചു തുടങ്ങിയിട്ടുണ്ട്. സംശയമുള്ള ആർക്കും നേരിൽക്കണ്ടു ബോധ്യപ്പെടാം.പറമ്പിന്റെ ഏതെങ്കിലും ഓരത്ത് രണ്ട് സെന്റും ഇത്തിരി സമയവും മാറ്റിവയ്ക്കാൻ തയാറായാൽ തണലും തണുപ്പും ആയുഷ്കാലം സൗജന്യമായി ലഭിക്കും. കിണർ വറ്റുകയുമില്ല. മിയാവാക്കി ടെക്നിക്കിന്റെ വിശദാംശങ്ങളും മിയാവാക്കി വനങ്ങളുടെ വിവരങ്ങളും ഒക്ടോബർ ലക്കം വനിത വീട് മാസികയിലുണ്ട്.