Wednesday 18 October 2023 11:29 AM IST : By സ്വന്തം ലേഖകൻ

ബിൽഡർ കൈമാറുമ്പോള്‍ പൂന്തോട്ടം നശിച്ച അവസ്ഥയിൽ, ചെലവു കുറഞ്ഞ തൈകൾ വാങ്ങി ‘ഇവിടം സ്വർഗമാക്കി’ ഇവർ

ramya-garden-1

നഗരങ്ങളിലെ ലംബമായി വളരുന്ന ഫ്ലാറ്റ് ജീവിതം കൗതുകമേറിയതാണ്. ബിൽഡർമാർ ഉടമകൾക്ക് പുതിയ അപാർട്മെന്റ് കോംപ്ലക്സുകൾ കൈമാറുമ്പോൾ ആദ്യമൊക്കെ കോമൺ ഏരിയ, ഗാർഡൻ എല്ലാം സൂപ്പർ ലക്ഷ്വറി ആയിരിക്കും. കാലക്രമേണ അവയുടെ പ്രൗഢി മങ്ങിക്കൊണ്ടേയിരിക്കും. പുൽത്തകിടിയിലെ കാർപെറ്റ് ഗ്രാസ്സിന്റെ വളർച്ചയെ വെല്ലും വേഗതയിൽ കളകൾ ആർത്തുവളരും, കൃത്യമായി വെട്ടിനിർത്താതെ പൂച്ചെടികൾ നശിക്കും, ഇൻഡോർ പ്ലാന്റ്സ് കരിഞ്ഞുണങ്ങും.

ഏതാണ്ട് അങ്ങനെയൊരു അവസ്ഥയിലായിരുന്നു കൊച്ചി വെണ്ണല ‘നാഷണൽ എംപ്രസ് ഗാർഡനി’ലെ പൂന്തോട്ടവും. ബിൽഡർ കൈമാറുമ്പോൾ ഉണ്ടായിരുന്ന പൂന്തോട്ടം ഏതാണ്ട് നാശോന്മുഖമായിരുന്നു. പൂന്തോട്ടത്തിന്റെ പുനർനി ർമാണം അപാർട്മെന്റിലെ താമസക്കാരിയായ ട്രാവൽ വ്ലോഗർ രമ്യ എസ്. ആനന്ദ് ഏറ്റെടുത്തു.

കോമൺ ഏരിയയിലെ മുതിർന്നവരുടെ നടപ്പാതയെ ഒട്ടും ശല്യപ്പെടുത്താതെ, കാർ പാർക്കിങ്ങിന് അലോസരമുണ്ടാക്കാതെ, കുട്ടികളുടെ കളിസ്ഥലത്തേക്ക് അതിക്രമിച്ചു കയറാതെ, പൂന്തോട്ടം പുനർനിർമിക്കുക എന്നത് രമ്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. ബംഗാൾ സ്വദേശി ഗോപാലാണ് സഹായത്തിന് കൂടെയുണ്ടായിരുന്നത്.

ramya-garden-7

എല്ലാവർക്കും സന്തോഷം

ഫ്ലാറ്റിൽ താമസിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും ആരോഗ്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധയുള്ളവരും പൂന്തോട്ടത്തിനിടയിലൂടെ പ്രഭാതനടത്തം ശീലമുള്ളവരുമാണ്. മാത്രമല്ല, നാല് ടവറുകളിൽ നിന്നും പൂന്തോട്ടത്തിലേക്ക് കാഴ്ചയുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാകണമായിരുന്നു ഡിസൈൻ.

പഴയ ഗാർഡൻ ലേഔട്ട് തന്നെ പിന്തുടരാൻ തീരുമാനിച്ചു. ഫ്ലാറ്റിലെ താമസക്കാർ അതുമായി മാനസികമായി പൊരുത്തപ്പെട്ടവരാണ് എന്നതാണ് കാരണം. ഗാർഡൻ സുന്ദരമാവുകയാണെങ്കിൽ പിന്നീട് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാം എന്നൊരു അതിമോഹവും ഉണ്ടായിരുന്നെന്ന് രമ്യ പറയുന്നു.

അപാർട്മെന്റ് അസോസിയേഷന്റെയും താമസക്കാരുടെയും ഭാഗത്തു നിന്നു നിർലോഭമായ സഹകരണം ഉണ്ടായിരുന്നെങ്കിലും ഫണ്ട് കുറവായിരുന്നു.

താരതമ്യേന ചെലവു കുറഞ്ഞ, ചെറിയ തൈകൾ വാങ്ങിയാണ് പൂന്തോട്ടനിർമ്മാണം തുടങ്ങിയത്. ഏതാണ്ട് ഒരു വർഷക്കാലം എടുത്തു ചെടികൾ വളർന്നുവരാൻ.

‘‘സ്ഥലക്കുറവ് കണക്കിലെടുത്ത്, മുകളിലേക്ക് വളർത്താവുന്ന, പൂക്കളുള്ള വള്ളിച്ചെടികളാണ് ആദ്യം തിരഞ്ഞുപിടിച്ചത്. കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ചെടികളാണ് ആദ്യം തിരഞ്ഞെടുത്തത്, ’’ രമ്യ പറയുന്നു.

ramya-garden-3

വൈൽഡ് അലമാൻഡ, ബൊഗെയ്ൻവില്ല, തുമ്പോർജിയ, പാസിഫ്ലോറ, ബ്ലീഡിങ് ഹാർട്, മോണിംഗ് ഗ്ലോറി, ഇപോമിയ, ബ്രൈഡൽ ബൊക്കെ, ഫയർ ക്രാക്കർ, മണിമുല്ല, അപരാജിത, കാറ്റ്സ് ക്ലോ, ഗാർലിക് വൈൻ, ബ്ലൂ ക്ലസ്റ്റർ വൈൻ, ബ്ലാക്ക് ഐഡ് സൂസൻ വൈൻ, റംഗൂൺ ക്രീപർ, പർപ്പിൾ അലമാൻഡ, ലെമൺ വൈൻ, പെട്രിയ തുടങ്ങി ഇരുപതോളം വള്ളിച്ചെടികൾ ഉദ്യാനത്തിലുണ്ട്. കൂടാതെ, ഗോൾഡൻ അരേലിയ, യുജിനിയ, ബൊഗെയ്ൻവില്ല, സ്‌പൈഡർ പ്ലാന്റ്സ്, മിൽക്കി ബാംബൂ, അഗ്ലോനിമ തുടങ്ങിയ ഇലച്ചെടികളും കറ്റാർവാഴ, വിവിധതരം തുളസികൾ, പനിക്കൂർക്ക, ആടലോടകം, നീലഅമരി, മൈലാഞ്ചി തുടങ്ങിയ മരുന്നുചെടികളും പപ്പായ, മാവ്, മുരിങ്ങ തുടങ്ങിയ വൃക്ഷങ്ങളും ഇവിടെയുണ്ട്.

ഒരു ശലഭോദ്യാനം ഒരുക്കാനുള്ള ശ്രമം നടക്കുന്നു. കിലുക്കി (crotalaria), ചെത്തി, ചെണ്ടുമല്ലി, കോസ്മോസ്, കുഫിയ, ബട്ടൻറോസ്, സീനിയ, പെന്റാസ്, കൃഷ്ണകിരീടം, ചെമ്പരത്തി, മുല്ല, കണിക്കൊന്ന, തകര, കറിവേപ്പ്, നാരകം, കൂവളം, അലങ്കാരപ്പനകൾ, മുസാണ്ട, അരളി തുടങ്ങിയ ചെടികൾ ശലഭോദ്യാനത്തിന്റെ ഭാഗമാകുന്നു.

ramya-garden-5

പൂന്തോട്ടം ഭംഗിയാകാൻ

∙ ലേഔട്ട്‌ വളരെ കൃത്യമായിരിക്കണം. ചെടിച്ചട്ടികളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്.

∙ ഫ്ലാറ്റിലെ ജൈവമാലിന്യങ്ങളിൽ നിന്നുള്ള വളം ഉപയോഗിച്ച് ചെലവു കുറയ്ക്കാം.

∙ പൂന്തോട്ട പരിപാലനത്തിൽ താൽപര്യമുള്ള താമസക്കാർക്ക് ഒരുമിച്ച് ജോലികൾ ചെയ്യാം. അത് താമസക്കാർ തമ്മിലുള്ള അടുപ്പം കൂട്ടും.

∙ പിറന്നാളിനും മറ്റ് ആഘോഷങ്ങൾക്കും ചെടികൾ സമ്മാനിക്കുന്ന പതിവ് തുടങ്ങുക. ഇത്തരത്തിൽ ധാരാളം ചെടികൾ ലഭിക്കും.

∙ പരിചരണം കുറവുള്ള ചെടികൾ ആദ്യം നടുക. ആ ചെടികൾ ഭംഗിയായി വളർന്നു തുടങ്ങിയാൽ താമസക്കാർ സ്വാഭാവികമായി ചെടി പരിപാലനത്തിൽ തൽപരരാകും. പരിചരണത്തിന് എല്ലാവരും സഹായിക്കും. അപ്പോൾ കൂടുതൽ ചെടികൾ ഉൾപ്പെടുത്താം. പൂന്തോട്ടം വലുതാക്കാം.

‘‘രാവിലെ നടക്കാനിറങ്ങുമ്പോൾ പുല്ലിൽ മഞ്ഞപ്പൂക്കൾ വീണു കിടക്കുന്നുണ്ടാകും. ഇലത്തുമ്പിൽ മഞ്ഞു തുള്ളികൾ പൊടിയുന്നുണ്ടായിരിക്കും. അരുമയോടെ നട്ടു പിടിപ്പിച്ച ചെടികൾ ആകാശത്തേക്ക് വളർന്നു പൂത്തുലഞ്ഞു നിൽക്കുന്നത് താമസക്കാരെ ആഹ്ലാദിപ്പിക്കുന്നു. പുതിയൊരു പൂ വിരിഞ്ഞാൽ അതിന്റെ പടം രാവിലെത്തന്നെ ആരെങ്കിലും അയച്ചുതരും. അതിൽ കൂടുതൽ എന്തുവേണം സന്തോഷിക്കാൻ?’’ രമ്യ ചോദിക്കുന്നു.

ramya-garden-4

വളം പ്രധാനം

∙ അടുക്കളയിൽ നിന്ന് കിട്ടുന്ന തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി, മീൻ കഴുകിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം ഇതെല്ലാം പൂക്കൾ ഉണ്ടാവാൻ നല്ലതാണ്.

∙ തേയിലച്ചണ്ടിയും മുട്ടത്തോടും പഴത്തൊലിയും വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് തയ്യാറാക്കുന്ന ജൈവ മിശ്രിതം ഒഴിച്ചു കൊടുത്താൽ മിക്ക ചെടികളും നന്നായി പൂക്കും.

∙ വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് ഇവ പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് ബൊഗെയ്ൻവില്ലകളിൽ വർണവസന്തം തീർക്കും.

∙ NPK മിശ്രിതം സ്പ്രേ ചെയ്യുമ്പോൾ പോത്തോസ് പോലെയുള്ള ഇലച്ചെടികൾ ആർത്തുവളരും.

∙ ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ ( ഉദാഹരണം ഡൈ അമോണിയം ഫോസ്ഫേറ്റ്), ഉപയോഗിച്ചാൽ ചെടികൾ പെട്ടെന്ന് പൂക്കും.

ramya-garden-2