വീടിനകത്തെ പ്രകാശം പോലെത്തന്നെ പ്രധാനമാണ് പുറത്തെയും. രാത്രി പുറത്തിറങ്ങേണ്ടിവരുമ്പോൾ കാഴ്ച വ്യക്തമാക്കുന്നതു മാത്രമല്ല, അഴക് പൊലിപ്പിക്കുന്നതുമായ വെളിച്ചമാകണം പൂന്തോട്ടത്തിലേത്. മൃദുവായി പരന്നൊഴുകുന്ന വെളിച്ചമാണ് പൂന്തോട്ടത്തിലേക്കു യോജിക്കുക.
സോളർ ലാംപുകൾ വീടിനു പുറത്തെ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. പ്രകാശം പരത്തുന്ന സോളർ വിളക്കുകൾ വിപണിയിൽ ധാരാളമുണ്ട്. കൂടാതെ, പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുക എന്ന കർത്തവ്യം കൂടി ഇപ്പോൾ പല സോളർ ഗാർഡൻ ലാംപുകളും ചെയ്യുന്നുണ്ട്. ചെറുകിളികൾ, പൂമ്പാറ്റ, തേനീച്ച, തുമ്പി, പൂങ്കുലകൾ തുടങ്ങി പൂന്തോട്ടത്തിലെ പതിവുകാഴ്ചകളെല്ലാം പുതിയ ഗാർഡൻ വിളക്കുകളുടെ രൂപത്തിൽ വിപണിയിൽ എത്തുന്നുണ്ട്. ഇൻബിൽറ്റ് സോളർ പാനലുകളോടു കൂടിയെത്തുന്ന ഇത്തരം വിളക്കുകൾ സ്ഥാപിക്കാനും തുടർന്നുള്ള പരിപാലനവുമൊക്കെ വളരെ എളുപ്പമാണ്.
പ്രത്യേക ശ്രദ്ധയൊന്നും കൊടുക്കേണ്ട എന്നതാണ് സോളർ ലാംപുകളുടെ പ്രത്യേകത. സന്ധ്യയായാൽ സ്വിച്ച് ഇടേണ്ടതില്ല, തനിയെ തെളിയും. രാവിലെ മറക്കാതെ ലൈറ്റ് ഓഫ് ചെയ്യേണ്ടതുമില്ല. വീട്ടുകാർ സ്ഥലത്തില്ലെങ്കിൽപ്പോലും കൃത്യമായി തെളിയുകയും കെടുകയും ചെയ്യും എന്നത് വലിയ കാര്യം തന്നെയാണ്.
ലോണിന്റെ ഭംഗി കൂട്ടാനാണ് ഫാൻസി സോളർ വിളക്കുകൾ മിക്കവരും ഉപയോഗിക്കുന്നത്. മണ്ണിൽ കുത്തി നിർത്താനുള്ള കൂർത്ത അഗ്രത്തോടു കൂടിയ താഴ്ഭാഗം, സോളർ പാനൽ ഉൾപ്പെടുന്ന നടുഭാഗം, പ്രകാശസ്രോതസ്സ് ഉൾപ്പെടുന്ന മുകളിലെ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ഇത്തരം വിളക്കുകൾ ലഭിക്കുന്നത്.
മൂന്നും പരസ്പരം യോജിപ്പിച്ച് പൂന്തോട്ടത്തിൽ വെയിൽ കിട്ടുന്ന ഭാഗത്ത് കുത്തി നിർത്തിയാൽ മാത്രം മതി. ഏകദേശം 22 ഇഞ്ച് ഉയരം കാണും.
അക്രിലിക് കൊണ്ടു നിർമിക്കുന്ന പ്രകാശസ്രോതസ്സ് ഒന്നിലധികം നിറങ്ങളിൽ പ്രകാശിക്കും. ഏകദേശം 8 മണിക്കൂർവരെ പ്രകാശിക്കാനുള്ള ഊർജം ഒരു പകലിൽ നിന്ന് ലഭിക്കും. 850 രൂപയാണ് ഏകദേശ വില. പാർട്ടികളും വിശേഷദിവസങ്ങളും മോടികൂട്ടാനും ഇത്തരം അലങ്കാരവിളക്കുകൾ സഹായിക്കും.
ഫാൻസി വിഭാഗത്തിൽപ്പെടാത്ത വിളക്കുകളും സോളർ കൊണ്ടു പ്രവർത്തിക്കുന്നവയായുണ്ട്. പ്രകാശസ്രോതസ്സ് സാധാരണ ലാംപ് ഷേഡുകൾ പോലെയിരിക്കും. വെള്ളയോ മഞ്ഞയോ പ്രകാശം സ്ഫുരിക്കുന്നവയാണ് ഈ വിളക്കുകൾ.
സോളർ ഗാർഡൻ വിളക്കുകൾ പത്ത്Ð പന്ത്രണ്ട് മണിക്കൂർ പ്രകാശം നൽകും. മഴക്കാലത്തുപോലും പത്ത് മണിക്കൂർ തെളിയാനുള്ള പ്രകാശം സോളർ ലാംപിൽ നിന്ന് ലഭിക്കാറുണ്ടെന്ന് വർഷങ്ങളായി ഉപയോഗിക്കുന്ന എറണാകുളം ഉദയംപേരൂർ സ്വദേശി ജോൺ ഉലഹന്നാൻ പറയുന്നു. ഓൺലൈൻ വിപണിയിൽ നിന്നാണ് ഉൽപന്നങ്ങളെല്ലാം വാങ്ങിയത്. സൂര്യപ്രകാശം നന്നായി വീഴുന്ന സ്ഥലം വേണം ലൈറ്റ് സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കാൻ എന്നുമാത്രം.
ഇത്തരം വിളക്കുകൾ പല ഉയരത്തിലും ഡിസൈനിലും ലഭിക്കും. മതിലിലോ ഗേറ്റിലോ ഉറപ്പിക്കാവുന്നവയും മണ്ണിൽ കുത്തി നിർത്താവുന്നവയുമൊക്കെ ഈ ഗണത്തിലുണ്ട്.
മൂന്നോ നാലോ എണ്ണത്തിന്റെ സെറ്റ് ആയോ ഒന്നു മാത്രമായോ ലഭിക്കും. വില 500 രൂപ മുതൽ. ഡിസൈൻ അനുസരിച്ച് രണ്ടോ മൂന്നോ ഭാഗങ്ങളായാണ് പാക്കറ്റ് വരുന്നത്.
എപ്പോഴും വെളിച്ചം ആവശ്യമില്ലാത്ത ചില ഇടങ്ങൾ ഉണ്ടാകും. വീടിന്റെ പിറകുവശമോ സ്ഥിരമായി ആൾത്താമസമില്ലാത്ത വീടുകളോ ഒക്കെയായി. ഇത്തരം സ്ഥലങ്ങളിലേക്ക് ഏറ്റവും അനുയോജ്യം സോളർ ലൈറ്റുകൾ തന്നെയാണ്. എന്നാൽ ഈ ലൈറ്റുകൾ എപ്പോഴും കത്തേണ്ട ആവശ്യമില്ലെങ്കിൽ അനക്കം
( movements) തിരിച്ചറിഞ്ഞ് പ്രകാശിക്കുന്ന സോളർ ലാംപുകൾ ഇത്തരം ഇടങ്ങളിലേക്ക് തിരഞ്ഞെടുക്കാം. മരത്തിന്റെ തടിയിലോ കെട്ടിടത്തിനു മുകളിലോ മതിലിലോ എല്ലാം ഇത്തരം പ്രകാശസ്രോതസ്സുകൾ സ്ഥാപിക്കാം. പ്രകാശസ്രോതസ്സ് വച്ചതിന്റെ മൂന്ന്Ðനാല് മീറ്റർ ദൂരെ നിന്നുള്ള ചലനം വരെ സെൻസർ പിടിച്ചെടുക്കും. മനുഷ്യർ മാത്രമല്ല, എലിയോ പൂച്ചയോ നടന്നാൽ പോലും വിളക്ക് തെളിയും എന്നത് ഓർക്കണം.