ഇന്തൊനീഷ്യൻ ബേർഡ് ഓഫ് പാരഡൈസ് അല്ലെങ്കിൽ ഗ്രീൻയോൻ ബേർഡ് ഓഫ് പാരഡൈസ്, ഹെലിക്കോണിയ വിഭാഗത്തിൽപ്പെട്ട ചെടിയാണ്. വളരെ കുറഞ്ഞ പരിചരണം നൽകിയാൽ മതി, ധാരാളം പൂക്കൾ തരും ഈ ചെടി. കട്ട് ഫ്ലവർ വിഭാഗത്തിൽപ്പെടുന്നതിനാൽ പൂക്കൾ ആദായവും തരും.
ഓറഞ്ചിനൊപ്പം നീലയും വയലറ്റും പിങ്കുമെല്ലാം കലരുന്ന പൂക്കളാണ് ഈ ചെടിയുടെ ഭംഗി. കരിംപച്ച നിറമുള്ള വലിയ ഇലകൾ മാത്രമായി നിൽക്കുന്നതു കാണാനും അഴകാണ്.
ലാൻഡ്സ്കേപ്പിങ്ങിന് വളരെയധികം ഉപയോഗിക്കപ്പെടുന്ന ചെടി കൂടിയാണിത്. കൂട്ടമായി നടുമ്പോഴാണ് ഈ ചെടിക്ക് ഭംഗി കിട്ടുന്നത്. സ്വിമിങ് പൂളിനോ ജലാശയത്തിനോ അടുത്ത് നട്ടാൽ ദീർഘകാലം, കൂടുതൽ ആരോഗ്യത്തോടെ ഈ ചെടി വളരും. പൂക്കൾ വാടാതെ മൂന്ന് ആഴ്ച വരെ നിൽക്കും. ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ നൽകുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകാൻ സഹായിക്കും.
ലാൻഡ്സ്കേപ്പിൽ മാത്രമല്ല, പ്രകാശം കിട്ടുന്ന അകത്തളങ്ങളിലും പറുദീസച്ചെടിക്ക് സ്ഥാനമുണ്ട്. കോർട്‌യാർഡുകളിൽ വയ്ക്കാം. വെയിൽ കുറഞ്ഞാൽ പൂക്കൾ കുറയുമെങ്കിലും ഇലകളുടെ ഭംഗി കൊണ്ടുതന്നെ ചെടി ആകർഷകമാകും.
ചെടിയുടെ ചുവട്ടിൽ മുളയ്ക്കുന്ന തൈകൾ ഉപയോഗിച്ച് പുതിയ ചെടികൾ ഉൽപാദിപ്പിക്കാം. തൈകൾക്ക് 300 രൂപ മുതലാണ് വില. പൂക്കളോടു കൂടിയതിന് 700 രൂപ വരെ വാങ്ങുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: അൽ ഫലാ ഗാർഡൻ, നെടുങ്കണ്ടം, കട്ടപ്പന