യുഎഇയിൽ കോടിപതിയാകുന്ന അഞ്ഞൂറാമൻ കാസർകോട് സ്വദേശി വേണുഗോപാൽ മുല്ലച്ചേരിക്ക് (52) ഇനി സമാധാനത്തോടെ കിടന്നുറങ്ങാം. ഒരുപാട് കടബാധ്യതകളുള്ളത് എങ്ങനെ വീട്ടുമെന്നറിയാതെ വിഷമസന്ധിയിലായിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ജീവിതം രക്ഷപ്പെട്ടു എന്ന് തോന്നിയ നിമിഷമായിരുന്നു സമ്മാനം ലഭിച്ചപ്പോഴത്തേത് എന്ന് ഒറ്റ വാചകത്തിൽ വേണുഗോപാൽ പറയും.
കറുത്ത അധ്യായങ്ങൾക്ക് അവസാനവും പ്രത്യാശയും സന്തോഷവും നിറഞ്ഞ പ്രകാശം നിറഞ്ഞ പുതിയ അധ്യായത്തിന്റെ തുടക്കവുമാണ് ഈ സമ്മാനം. ഈ ജയം ഒരുപാട് വേദനകൾക്കും വെല്ലുവിളികൾക്കും ഒടുവിലാണ് വന്നത്. അതെ, ഇതാണെന്റെ രക്ഷകൻ.
2008 ൽ ഐടി സപ്പോർട്ട് സ്പെഷലിസ്റ്റായി യുഎഇയിൽ എത്തിച്ചേർന്ന വേണുഗോപാൽ ഏപ്രിൽ 23ന് ഇന്ത്യയിൽ നിന്ന് കുടുംബസമേതം വരുമ്പോൾ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെ അറൈവൽസ് സ്റ്റാളിൽ നിന്നായിരുന്നു ഭാഗ്യം കൊണ്ടുവന്ന 1163 നമ്പർ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പിന്റെ തത്സമയ ദൃശ്യങ്ങൾ കാണുകയായിരുന്നു. എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും അകന്നിട്ടില്ല. തലയിൽ ഒരു കനത്ത ഭാരമായിരുന്നു അതുവരെ, ആ ഭാരമൊക്കെയും അപ്രത്യക്ഷമായി.
വിശ്വസിച്ചയാൾ ചതിച്ചു, കടക്കെണി
വ്യക്തിപരമായ പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിച്ച വേണുഗോപാൽ നാട്ടിൽ വീട് പണിതതും പിന്നീട് ഒരാൾ വിശ്വാസവഞ്ചന കാണിച്ചതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. 16 വർഷമായി യുഎഇയിൽ താമസിക്കുന്ന വേണുഗോപാലിന് ഒരു മകളും മകനുമുണ്ട്. മകൾ മംഗളൂരുവിൽ നഴ്സിങ് പഠനത്തിന് ചേർന്നിരിക്കുന്നു. ഭാര്യയും 12 വയസ്സുള്ള മകനും കാസർകോടാണുള്ളത്.
10 വർഷത്തിലധികമായി വർഷത്തിൽ രണ്ട് നാട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ടിക്കറ്റ് വാങ്ങാറുള്ളത്. പക്ഷേ, ഒരിക്കലും ജയിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഒടുവിൽ ഒരിക്കൽ അതുണ്ടായിരിക്കുന്നു.
1999 ൽ തുടങ്ങിയത് മുതൽ ഈ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാൽ. ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ പട്ടികയിൽ ഒരാൾക്കൂടി. പണം എന്തിന് ഉപയോഗിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല.
ആദ്യം നീണ്ട അവധിയെടുത്തത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആലോചന. പിന്നെ യുഎഇയിലേക്ക് മടങ്ങി എന്തെങ്കിലും ബിസിനസ് തുടങ്ങണം. ഈ രാജ്യത്തെ ഞാൻ ഹൃദയത്തിൽ നിന്ന് ഒരിക്കലും പറിച്ചെറിയുകയില്ല. മറ്റെവിടേയ്ക്കും പറിച്ചുനടാൻ ഒരിക്കലും ചിന്തിക്കില്ല. കുടുംബത്തെ ഇവിടെ കൊണ്ടുവരാനും ആഗ്രഹമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.