വീട് പുതുക്കിപ്പണിയാൻ പലർക്കും പല കാരണങ്ങൾ കാണും. വീടിന്റെ പഴക്കമോ സൗകര്യക്കുറവോ കാലത്തിനൊത്ത നിർമാണമല്ലാത്തതോ ഒക്കെ ആയിരിക്കാം. അമ്പലപ്പുഴയിലുള്ള റിജാസ് മുഹമ്മദിന്റെ വീട് നവീകരിക്കാൻ തീരുമാനിക്കുന്നത് വീട്ടിലൊരു വിവാഹം വന്നപ്പോഴാണ്. ആർക്കിടെക്ട് ദമ്പതികളായ ഷഫീക്ക് സമദും സൽനയും അത് ഭംഗിയായി പൂർത്തീകരിച്ചു. അതും നാല് മാസം എന്ന കുറഞ്ഞ കാലയളവിൽ.

പ്ലിന്തിന് ബലമുണ്ടെങ്കിൽ ഏതുവീടും പുതുക്കിയെടുക്കാം എന്നാണ് ആർക്കിടെക്ടുമാരുടെ അഭിപ്രായം. ആവശ്യമില്ലാതെ ഒരു വീടും നശിപ്പിക്കേണ്ടതില്ല. കേടില്ലാത്ത നിർമാണസാമഗ്രികൾ പുനരുപയോഗിക്കുന്നതിലും മടി കാണിക്കേണ്ടതില്ല.
സ്ട്രക്ചറിന് കേടില്ലെങ്കിൽ ‘റീഫർബിഷ് (refurbish)’ ചെയ്യുന്നതാണ് ഏറ്റവും മികച്ച മാർഗം. സോഫ്ട് ഫർണിഷിങ്ങും ഇന്റീരിയറിലെ അടിസ്ഥാനകാര്യങ്ങളും മാറ്റുന്നതിലൂടെ വീടിനെ പുതിയൊരു തലത്തിലേക്ക് ഉയർത്താനാകും. ഇതിനു വേണ്ടി വലിയ തുക മുടക്കേണ്ടിവരികയുമില്ല. ഇടയ്ക്കിടെ ഇന്റീരിയർ നവീകരിക്കുന്നതും വീടിന് എപ്പോഴും പുതുമ കൊണ്ടുവരാൻ സഹായിക്കും.
ലാൻഡ്സ്കേപ്പിൽ വരുത്തുന്ന മാറ്റങ്ങളും വീടിനെ അടിമുടി മാറ്റും. ഇത്തരം ചെറിയ മാറ്റങ്ങൾ വീട്ടുകാർക്കു തന്നെ ചെറിയ തുകയ്ക്ക് ചെയ്യാനാകും.

മോഡേൺ ആകാൻ വഴിയുണ്ട്
∙ 27 വർഷം പ്രായമുള്ള, ട്രെഡീഷണൽ ലുക്കുള്ള ഈ വീടിനെ ഇടയ്ക്ക് ഒന്ന് നവീകരിച്ചിട്ടുണ്ടായിരുന്നു. ആ പുതുക്കലിൽ മുറികൾക്ക് സ്ഥാനമാറ്റം സംഭവിച്ചിരുന്നു. നഷ്ടപ്പെട്ട ലേഔട്ട് ഭംഗി വീണ്ടെടുത്ത് വീടിനെ മോഡേൺ ആക്കുക എന്നതായിരുന്നു വീട്ടുകാർ ആവശ്യപ്പെട്ടത്. വീടിനോടുള്ള വൈകാരികമായ അടുപ്പം മൂലം ആത്മാവ് നഷ്ടപ്പെടാത്ത വിധത്തിൽ വേണം പുതുക്കാൻ എന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പുതിയ ജീവിതരീതിക്കനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തുകയും വേണം.
∙ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെത്തന്നെ മോഡേ ൺ എലിവേഷനാക്കി. പഴയ വീടിന്റെ മുൻവശത്തുതന്നെ ചരിഞ്ഞുകിടക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. ഇതു മറയ്ക്കാൻ സ്പ്ലിറ്റ് ടൈൽ കൊണ്ട് മുൻവശത്ത് ഒരു ഭിത്തി നിർമിച്ചു. കാറ്റിൽ ചെറുതായി അനങ്ങുന്ന വിധത്തിലാണ് സ്പ്ലിറ്റ് ടൈൽ ക്രമീകരിച്ചത്. ഇത് എലിവേഷനിൽ പുതുമ കൊണ്ടുവന്നു. കൂടാതെ, പാരപ്പെറ്റിലെ ജാളിയും വീടിന് പുതുമ വരുത്തുന്നതിന് സഹായിച്ചു. പഴയ വീട് കണ്ടുപരിചയിച്ചവർക്ക് വീടിന്റെ തനിമ നഷ്ടപ്പെട്ടതായി തോന്നില്ല.
∙ ഭിത്തികളിൽ മാർബിൾ ക്ലാഡിങ് ചെയ്തിരുന്നതുകൊണ്ട് പ്ലാസ്റ്ററിങ് പൊളിച്ചുമാറ്റി പുതിയതു ചെയ്യേണ്ടിവന്നു. വയറിങ്, ഇലക്ട്രിക്കൽ സാനിറ്ററി ഫിറ്റിങ്സ്, ഫ്ലോറിങ് എല്ലാം മാറ്റേണ്ടിവന്നു.
പഴയ ഫർണിച്ചർ ഉപയോഗിക്കാനാവാത്ത വിധത്തിൽ നാശമായിപ്പോയിരുന്നു. മാത്രമല്ല, മോഡേൺ ഫർണിച്ചർ വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

∙ പൊളിക്കലുകളും കൂട്ടിച്ചേർക്കലുകളും വളരെ കുറവായിരുന്നു. എങ്കിലും ചിലയിടങ്ങളിൽ വേണ്ടിവന്നു. വലിയൊരു കിടപ്പുമുറി, മാസ്റ്റർ ബെഡ്റൂമും അച്ഛനമ്മമാരുടെ മുറിയുമാക്കി പകുത്തു. പഴയ കോമൺ ബാത്റൂം വാഷ്ഏരിയയാക്കി. പുതിയതായി കോമൺ ബാത്റൂമും മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന ബാത്റൂമും നിർമിച്ചു. മറ്റ് ബാത്റൂമുകൾ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു.
അടുക്കളയോടു ചേർന്ന് വർക്ഏരിയയും പുതുതായി നിർമിച്ചു. മറ്റു മുറികളേക്കാൾ താഴ്ത്തിയാണ് അടുക്കളയുടെ നിലം നിർമിച്ചിരുന്നത്. ഇത് ഉയർത്തി അടുക്കള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതുക്കിയെടുത്തു.
∙ പഴയ വീട്ടിൽ വെളിച്ചത്തിന്റെ കുറവ് ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ ജനലുകൾ പലതും മാറ്റേണ്ടിവന്നു. പുതിയ ജനലുകൾ കൂടുതൽ വലുതാക്കി. വീട്ടുകാരുടെ ആവശ്യപ്രകാരം തടി കൊണ്ടുള്ള ജനലുകൾ തന്നെ നിർമിച്ചു.
പഴയ വീട്ടിൽ വിപണിയിൽ നിന്നു വാങ്ങുന്ന സ്റ്റീൽ അലമാരകളാണ് ഉണ്ടായിരുന്നത്. അതു മാറ്റി തടി കൊണ്ടുള്ള അലമാരകൾ പണിയിച്ചു. ഭാവിയിൽ എങ്ങോട്ടെങ്കിലും നീക്കാനുള്ള സൗകര്യത്തിനാണ് ഫിക്സഡ് കബോർഡുകൾക്കു പകരം അലമാരയായി നിർമിച്ചത്.
Area: 3500 sqft Owner: റിജാസ് മുഹമ്മദ് & അമീന ഹമീദ് Location: അമ്പലപ്പുഴ, ആലപ്പുഴ Design: Incline 30 design studio, കോഴിക്കോട് Email: incline30designstudio@gmail.com