കാഞ്ഞങ്ങാട്ട് നീലേശ്വരത്ത് ബെംഗളം എന്ന സ്ഥലത്ത് 10 സെന്റിലാണ് മൂന്ന് കിടപ്പുമുറിയും നല്ല വായുസഞ്ചാരവും പുതുമയുമുള്ള വീട് ആർക്കിടെക്ട് ഷിനു ഒരുക്കിയത്.
ഉത്തര മലബാറിൽ സുലഭമായ വെട്ടുകല്ല് ആണ് നിർമാണത്തിനുപയോഗിച്ചത്. വെള്ളക്കെട്ട് ഉള്ള സ്ഥലമായിരുന്നതിനാൽ അടിത്തറയ്ക്ക് മൂന്ന് അടിയോളം മണ്ണിട്ട് പൊക്കി അതിൽ വെട്ടുകല്ലും ബെൽറ്റും ഉപയോഗിച്ച് തറയൊരുക്കി.
കാറ്റും വെളിച്ചവും ഇഷ്ടംപോലെ കയറാൻ വെട്ടുകല്ലു കൊണ്ടുള്ള ജാളി, ഡിസൈനിൽ കൊണ്ടുവന്നു. പുറംകാഴ്ചയിലും ഇൗ ജാളിയാണ് വീടിനെ വേറിട്ടു നിർത്തുന്നത്. എക്സ്റ്റീരിയറിൽ താഴത്തെ നിലയിലും മുകളിലെ നിലയിലുമായി ജാളി വീടിന്റെ ഫോക്കൽ പോയിന്റ് ആയി.

ജാളിയുടെ പാറ്റേണും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്. ഒരല്പം സങ്കീർണമായ ഡിസൈനിലൂടെ സൂര്യപ്രകാശം ജാളിക്കുള്ളിലൂടെ വീടിനകത്ത് ധാരാളമെത്തും. വായുസഞ്ചാരവും വെളിച്ചവും കൊണ്ടുവരുന്ന ആരോഗ്യപരവും സുഖകരവുമായ അന്തരീക്ഷമാണ് വീടിനകത്ത് ആർക്കിടെക്ട് കൊണ്ടുവന്നിരിക്കുന്നത്.

ജാളിയുള്ള വീടുകൾ കൂടിവരുന്നതിനാൽ ജാളിക്കും ഒരു പ്രത്യേകത കൊണ്ടുവന്നു. അതിനാണ് ജാളി പാറ്റേണിൽ നിറമുള്ള ഗ്ലാസ്സുകൾ കൊണ്ടുവന്നത്. ജാളിക്കിടയിലെ പോളി കാർബണേറ്റ് ഗ്ലാസ്സുകൾ ഇന്റീരിയറിൽ നിറമുള്ള വെളിച്ചം കൊണ്ടുവരുന്നു. അർധസുതാര്യമായ പോളികാർബണേറ്റ് ഷീറ്റ് വ്യത്യസ്ത നിറങ്ങളും പാറ്റേണുകളും സൃഷ്ടിക്കുന്നു.
പടിഞ്ഞാറ് വശത്തേക്ക് അഭിമുഖമായ വീട്ടിൽ സൂര്യന്റെയും കാറ്റിന്റെയും ഗതി നോക്കിയാണ് ജാളി കൊടുത്തിരിക്കുന്നത്. ജാളിക്കു പിറകിലായി നെറ്റ് കൊടുത്തിരിക്കുന്നതിനാൽ കൊതുകിനും പ്രാണികൾക്കും ഇഴജന്തുക്കൾക്കുമൊന്നും പ്രവേശനമില്ല.

അകത്തെ ചൂട് ക്രമീകരിക്കുന്നതിനൊപ്പം ആർക്കിടെക്ചറിന് നല്ലൊരു കാഴ്ചഭംഗി കൂടി തരുന്നതിൽ കോർട്‌യാർഡിന് വലിയ പങ്കുണ്ട്. അടുക്കളയിൽ നിന്ന് ഒരു ഒാപ്പനിങ്ങിലൂടെ ഫോയറിലേക്ക് കാഴ്ചയും കൊടുത്തിട്ടുണ്ട്. മാത്രമല്ല, ൈഡനിങ്ങിലും കിച്ചനിലും പോലും ചെറിയ ഒരു ഏരിയ കോർട്‌യാർഡിനും ചെടി വയ്ക്കാനും ഒരുക്കിയിരിക്കുന്നു ആർക്കിടെക്ട്.
ഇന്റീരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ തടി ഒഴിവാക്കിയിരിക്കുന്നു എന്നതാണ്. സ്റ്റീൽ കൊണ്ടാണ് വാതിലുകൾ. ജനലുകൾക്ക് യുപിവിസി ഉപയോഗിച്ചു. ജിെഎ പൈപ്പിലാണ് ഗോവണിയുടെ റെയ്‍ലിങ്. സീലിങ് എല്ലാം കോൺക്രീറ്റ് എക്സ്പോസ്ഡ് ഫിനിഷിലാണ് കൊണ്ടുവന്നിരിക്കുന്നത്.

ജനലുകൾക്കും കാണാം ചില പ്രത്യേകതകൾ. ഒരു ഭിത്തി മുഴുവൻ നിൽക്കുന്ന തിരശ്ചീനമായ ജനലുകളാണ് അടുക്കളയിലും മാസ്റ്റർ ബെഡ്റൂമിലും. ഇവ എക്സ്റ്റീരിയറിലും ഒരു ബാലൻസ് ഇഫക്ട് കൊണ്ടുവരുന്നുണ്ട്. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കാന്റിലിവർ ചെയ്തെടുത്ത ബാൽക്കണി സ്പേസ് ഉണ്ട്. ജിെഎ കമ്പികളിട്ട് സുരക്ഷിതമാക്കിയിട്ടുമുണ്ട് ഇവിടം. ചെലവു കുറയ്ക്കാൻ ഫെറോസിമന്റ് കള്ളികളും അലുമിനിയം ഫ്രെയിമുമാണ് കിച്ചനിലും ബെഡ്റൂമുകളിലും ചെയ്തത്. ചെലവു ചുരുക്കിയും നിറം പകർന്നും വീട്ടുകാരുടെ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുന്നുണ്ട് ഇൗ വീട്.
Area: 2150 sqft Owner: മനോജ്കുമാർ & ഷിംന Location: െബംഗളം, നീലേശ്വരം
Design: ലിവിങ് എർത് ആർക്കിടെക്ചർ സ്റ്റുഡിയോ, കാഞ്ഞങ്ങാട് Email: livingeartharch@gmail.com