‘ശരതിന്റെ സാന്നിധ്യം ഇപ്പോഴും ആ വീട്ടിലുണ്ട്’: അകാലത്തിൽ വിടപറഞ്ഞ മകന് പിന്നാലെ അമ്മയും: ഓർമകളിൽ ഓട്ടോഗ്രാഫ് താരം Remembering Sharath: Sreekutty's Heartfelt Tribute
Mail This Article
‘ഫൈവ് ഫിംഗേഴ്‌സ്’ എന്ന സൗഹൃദ കൂട്ടത്തിന്റെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് സീരിയൽ ആരുംമറക്കാനിടയില്ല. കാലമേറെ കഴിഞ്ഞിട്ടും അതിലെ ഓരോ താരങ്ങളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സീരിയലിലെ തന്റെ സഹതാരമായിരുന്ന താരം ശരത്തിന്റെയും കുടുംബത്തിന്റെയും ഓർമകൾ ഹൃദയവേദനയോടെ പങ്കുവയ്ക്കുകയാണ് നടി ശ്രീക്കുട്ടി.
സീരിയലിലൂടെ ശ്രദ്ധേയനായ ശരത്ത്, 2015-ൽ ഒരു ബൈക്ക് അപകടത്തിലാണ് ലോകത്തോട് വിട പറഞ്ഞത്. ഓട്ടോഗ്രാഫ് പരമ്പരയിൽ രാഹുൽ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. 23–ാം വയസ്സിലായിരുന്നു അന്ത്യം. കഴിഞ്ഞവർഷം ശരത്തിന്റെ അമ്മയും മരിച്ചു. ശരത്തിന്റെ അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങിന് പോകവെയാണ് ശ്രീക്കുട്ടി ശരത്തിന്റ ഓർമകൾ പങ്കുവച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് ശരത്തിന്റെ വീട്.
‘ആ സീരിയലിൽ ഞങ്ങൾ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. എനിക്കു പുറമേ രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത് എന്നിങ്ങനെ 5 പേരുണ്ടായിരുന്നു. അതിൽ ഏറ്റവും ചെറിയ ആൾ ഞാനായിരുന്നു. ഞങ്ങൾ 5 പേരായിരുന്നു ‘ഓട്ടോഗ്രാഫിലെ’ അഞ്ച് വിരലുകൾ. ആ കൂട്ടത്തിൽ ഒരു വിരൽ മുറിഞ്ഞുപോയി. ശരത്തിന്റെ മരണം ഞങ്ങൾക്കൊരു വലിയ ഷോക്കായിരുന്നു.’– ശ്രീക്കുട്ടി പറയുന്നു.
സീരിയല്‍ ഷൂട്ട് കഴിഞ്ഞിട്ടും കുറേയേറെ നാൾ ജീവിതത്തിലും ഞങ്ങൾ ഫൈവ് ഫിംഗേഴ്സ് തന്നെയായിരുന്നു. പലർക്കും കുടുംബം ആയപ്പോഴാണ് ആ റിലേഷന് ചെറിയൊരു ബ്രേക്ക് വന്നത്. പക്ഷേ ശരതിന്റെ മരണം ഞങ്ങളെ തളർത്തി. . ശരത്തിന്റെ ബോഡി പൊതുദർശനത്തിന് വച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ശരത്തിന്റെ വീടിന്റെ അടുത്തുകൂടി പോകുമ്പോൾ പോലും മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ഉണ്ടാവാറുള്ളത്. ശരതിന്റെ പേരു കേൾക്കുമ്പോള്‍ പോലും വല്ലാതെ വിഷമം വരും അവന്റെ സാന്നിധ്യം ഇപ്പോഴും ആ വീട്ടിൽ അനുഭവപ്പെടുന്നുണ്ട്.
ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകനാണ് ശരത്ത്. അതിനുശേഷമാണ് അനിയൻ പിറന്നത്. പെൺമക്കളെ മാതാപിതാക്കൾ സുരക്ഷിതമായി കൊണ്ടുനടക്കുന്നതുപോലെയാണ് ശരത്തിനെ അവർ വളർത്തിയത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ശരത്തിന്റെ കൂടെ അച്ഛനും വരുമായിരുന്നു. കൈനിറയെ സാധനങ്ങളുമായിട്ടാണ് അദ്ദേഹം വന്നിരുന്നത്. തറയിൽ വയ്ക്കാതെയാണ് അവനെ അച്ഛനും അമ്മയും കൊണ്ടുനടന്നത്.
ശരത്തിന്റെ അമ്മയുടെ ചടങ്ങിന് തലേദിവസം താൻ ശരത്തിനെ സ്വപ്നം കണ്ടിരുന്നു എന്നും ശ്രീക്കുട്ടി പറഞ്ഞു. അന്ന് ശരത്ത് അഭിനയിച്ച സ്വാമി അയ്യപ്പൻ സീരിയലിലെ ഒരു ഭാഗം കണ്ട ശേഷം കിടന്നുറങ്ങിയതുകൊണ്ടാകാം ശരത്തിനെ സ്വപ്നം കണ്ടത് എന്നും ശ്രീക്കുട്ടി പറഞ്ഞു.
വീട്ടിലെത്തുമ്പോള്‍ എവിട നോക്കിയാലും ശരത്തിന്റെ ഫോട്ടോകളാണ്. അവനെ പെട്ടെന്ന് ആരും മറക്കില്ലെന്ന് എനിക്കറിയാം. ശരത്തിനെക്കുറിച്ച് ഇന്നും ഒരുപാട് പേർ അന്വേഷിക്കാറുണ്ട്. അവർക്ക് വേണ്ടിയാണ് ഈ വിഡിയോ ചെയ്യുന്നത്. .’– ശ്രീക്കുട്ടി പറയുന്നു.