ഒ.പി.യിലെ തിരക്കൊഴിയുമ്പോൾ പരിശീലനം, കാർ യാത്രയ്ക്കിടയിലും തയാറെടുപ്പുകൾ: ഡോക്ടർ ‘ക്വീൻ’ ആയ കഥ
Mail This Article
ആഗ്രഹങ്ങൾ ഒരിക്കലും വറ്റാത്ത നദി പോലെയാണ്. പ്രായമോ, സാഹചര്യങ്ങളോ ഒന്നും അതിന്റെ അനർഗളമായ ഒഴുക്കിനെ തടയുന്നില്ല. എനിക്കതു നേടണം എന്നു മനസ്സുറപ്പിച്ചാൽ, കഠിനാധ്വാനത്തിനു തയാറായി, എല്ലാ പ്രതിസന്ധികളെയും മറികടന്ന്, മോഹിച്ചതിനെ കൈപ്പിടിയിലൊതുക്കുന്നവരാണ് എക്കാലവും ജീവിതത്തെ ആഹ്ലാദപൂർവം മുന്നോട്ടു നയിച്ചിട്ടുള്ളത്. ഡോ. അനീറ്റ ടോം കട്ടക്കയത്തിന്റെ കഥയും മറിച്ചല്ല. ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്, അതിലൊന്നും തരിമ്പും വിട്ടുവീഴ്ചകള്‍ക്കു തയാറാകാതെ, സ്വന്തം പാഷന്റെ പിന്നാലെയുള്ള യാത്രയാണ് അനീറ്റയെന്ന കൊല്ലംകാരിയെ ‘വി.ഇ.സി മിസിസ് ഇന്ത്യ’ സെക്കൻഡ് റണ്ണർ അപ്പ് പട്ടത്തിലേക്കെത്തിച്ചത്.
വെസ്ന ഇവൻറ് ക്രാഫ്റ്റേഴ്സ് (വി.ഇ.സി) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച, വിവാഹിതർക്കായുള്ള സൗന്ദര്യമത്സരത്തിലാണ് ഡോ. അനീറ്റ മിസിസ് ഇന്ത്യ സെക്കൻഡ് റണ്ണർ അപ്പ് ആയി കേരളത്തിന്റെ അഭിമാനമായത്.
‘‘പാൻ ഇന്ത്യൻ ലെവലിൽ നടന്ന ഒരു മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കാനായതിൽ ഏറെ സന്തോഷം. ടോപ്പ് 18 – ൽ അംഗമായി, കേരളത്തിൽ നിന്നു ഫൈനലിലേക്കെത്തിയതും ഞാൻ മാത്രമായിരുന്നു. സെമിഫൈനലിലെ ടാലൻറ് റൗണ്ടിൽ ഞാൻ ഒരു ഫ്യൂഷൻ ഡാൻസ് ആണ് ചെയ്തത്. അതിൽ ടോപ് സ്കോറർ ആയി. ബീച്ച് വെയർ റൗണ്ടായിരുന്നു സെമിഫൈനലിലെ മറ്റൊന്ന്. ആദ്യ 18 – ൽ നിന്നു ടോപ്പ് 6 – ൽ ഇടം നേടിയാണ് ഗ്രാൻഡ് ഫിനാലെയില്‍ എത്തിയതും സെക്കൻഡ് റണ്ണർ അപ്പ് ആയതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സരാർത്ഥികൾക്കൊപ്പം ഇങ്ങനെയൊരു നേട്ടത്തിലേക്കെത്തിയതിൽ ഏറെ അഭിമാനം’’.– ഡോ. അനീറ്റ ‘വനിത ഓൺലൈനോടു’ പറയുന്നു.
തിരക്കേറിയ ഒരു ഡെർമറ്റോളജിസ്റ്റാണ് അനീറ്റ. കോട്ടയമാണ് പ്രവൃത്തിദേശം. ഭർത്താവ് ടോം ജോൺ കട്ടക്കയം ഗൂഗിളിൽ എൻജിനീയർ. രണ്ടര വയസ്സുകാരൻ ജോഷ്വ ടോം കട്ടക്കയമാണ് മകൻ.
24 മണിക്കൂർ ചെറുതല്ല
കുഞ്ഞായിരിക്കുമ്പോൾ തൊട്ടേ ആഗ്രഹമുള്ളതെല്ലാം ചെയ്തു നോക്കുക എന്ന കൂട്ടത്തിലാണ് ഞാൻ. ഒന്നിൽ മാത്രം ഒതുങ്ങിക്കൂടരുത് എന്നും നിർബന്ധമുണ്ട്. സ്കൂളിൽ, പഠനത്തോടൊപ്പം എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിലൊക്കെ സജീവമായിരുന്നു. 2017 ൽ ഞാൻ എം.ബി.ബി.എസ് ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് മെഡിക്കൽ വിദ്യാർത്ഥിനി കൂടിയായിരുന്ന മാനുഷി ചില്ലാർ മിസ് വേൾഡ് ആകുന്നത്. കരിയറുമായി ബന്ധപ്പെട്ട് മറ്റൊരു മേഖലയിലാണെങ്കിലും ആഗ്രഹമുള്ള കാര്യങ്ങൾ സമാന്തരമായി ശ്രമിക്കാമെന്ന തോന്നൽ വന്നത് അതോടെയാണ്. പിന്നീട് പി ജി, വിവാഹം, പ്രഗ്നൻസി, ജോലി... എന്നിങ്ങനെ തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് ജീവിതം ഒഴുകി. പോസ്റ്റ്പാർട്ടം ഫേസിൽ, ജീവിതം കുറച്ചു കൂടി കളർഫുൾ ആകാൻ എന്തു ചെയ്യണം എന്നൊക്കെ ആലോചിച്ച ഘട്ടത്തിലാണ് ‘ക്ലീറ്റിഫൈ’ എന്ന ബ്രാൻഡ് ജനിച്ചത്. എയർ ഡ്രൈ ക്ലേ ഉപയോഗിച്ച് ഗിഫ്റ്റ് വസ്തുക്കൾ ഉണ്ടാക്കുന്ന സംരംഭമാണ്. അത് സ്ത്രീകളെയും കുട്ടികളെയും പരിശീലിപ്പിക്കുവാനും തുടങ്ങി. എന്റെ ലക്ഷ്യം രണ്ടായിരുന്നു. അതിലൊന്ന്, ഫോൺ മാത്രം നോക്കിയിരിക്കുന്ന കുട്ടികളെ സ്ത്രീനിൽ നിന്നു മാറ്റി അവരുടെ ബ്രെയിൻ ഡെവലപ്പ്മെൻറിനു സഹായിക്കുന്ന ക്രീയേറ്റീവ് കാര്യങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു. മറ്റൊന്ന്, വീട്ടമ്മമാരെ സംബന്ധിച്ച് ഇതൊരു വരുമാനമാർഗം ആക്കാം എന്നതും. ഇതൊരു റെയർ ആയ, ബഡ്ഡിങ് ബിസിനസ്സ് ആയതിനാൽ വിപണി സാധ്യതകൾ ഏറെയാണ്. ഇപ്പോൾ കോട്ടയത്തും എറണാകുളത്തും തൃശൂരുമൊക്കെ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ജോലി, കുടുംബം, കുഞ്ഞിന്റെ കാര്യങ്ങൾ എന്നിവയ്ക്കൊക്കെ ഇടയിൽ നിന്നാണ് ഞാൻ ഇത്തരം താൽപര്യങ്ങൾക്ക് സമയം കണ്ടെത്തുന്നത്. സാധാരണ മനുഷ്യർ പറയുന്നത്, ‘ഒരു ദിവസം 24 മണിക്കൂറേയുള്ളൂ, ഞാന്‍ എന്തൊക്കെ ചെയ്യണം’ എന്നാണ്. പക്ഷേ, 24 മണിക്കൂർ ഉണ്ട്, അതിൽ ഉറക്കത്തിനുള്ള 8 മണിക്കൂർ കിഴിച്ച് ബാക്കി സമയം എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ചെയ്യുന്ന കാര്യങ്ങളിലെ പൂർണതയും മേൻമയും നിർബന്ധമാണ് താനും. അങ്ങനെയാകുമ്പോൾ ഞാൻ കഠിനാധ്വാനം ചെയ്യണം. മിമിസ് ഇന്ത്യ മത്സരത്തിലേക്കുള്ള തയാറെടുപ്പും അങ്ങനെയായിരുന്നു. മത്സരത്തെക്കുറിച്ചറിഞ്ഞപ്പോൾ, പഴയ ആഗ്രഹം പൊടിതട്ടിയെടുത്തു. ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. പല പരിമിതികളുമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അതിജീവിച്ചാണ് മുന്നോട്ടു പോയത്. ആശുപത്രിയിലേക്കുള്ള കാർ യാത്രകളിലൊക്കെ ക്യു ആൻഡ് എ സെഷനു വേണ്ടിയുള്ള പ്രിപ്പറേഷനിലായിരുന്നു. ഒ പി യിൽ രോഗികളെ കണ്ടു കഴിഞ്ഞുള്ള സമയത്തും അതിനായുള്ള തയാറെടുപ്പുകൾക്കായിരുന്നു പ്രാധാന്യം. മത്സരം കഴിയും വരെ എനിക്കു ഫ്രീ ടൈം എന്നൊന്നില്ലായിരുന്നു. അത്രയും ആഗ്രഹിച്ച്, പരിശ്രമിച്ചാണ് ഇവിടെയെത്തിയത്.
മോഡലിങ്ങും സൗന്ദര്യമത്സരവും ഒന്നല്ല
മോഡലിങ്ങും സൗന്ദര്യമത്സരവും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമാണ്. സൗന്ദര്യമത്സരം മോഡലിങ് അല്ല. സൗന്ദര്യ റാണി മോഡലും അല്ല. സൗന്ദര്യമത്സരം എന്നു പറയുമ്പോൾ ഒരു റാണിയെയാണ് വേണ്ടത്. അല്ലാതെ സ്റ്റൈലിഷ് ലുക്കിങ് മോഡലിനെ അല്ല. അപ്പോള്‍ അതിനായി വേണ്ട കുറച്ചധികം ഘടകങ്ങളുണ്ട്: ശരീരഭാഷ, നല്ല പെരുമാറ്റം, മറ്റുള്ളവരെ പ്രചോദിപ്പിച്ച് അവരുടെ ജീവിതം സുന്ദരമാക്കുക എന്നിങ്ങനെ. അച്ചടക്കം, കരുണ തുടങ്ങി കുറേ കാര്യങ്ങൾ വേറെയുമുണ്ട്. അപ്പോഴേ എന്താണ് ഈ മത്സരമെന്നു മനസ്സിലാക്കി തയാറെടുപ്പുകൾ നടത്താനാകൂ. പരമാവധി നെഗറ്റീവ്സ് ഒഴിവാക്കി, പോസിറ്റീവ് ആക്കി ജീവിതത്തെ നിലനിർത്തുകയാണ് പ്രധാനം. സൗന്ദര്യം മുഖത്തിലല്ല, പെരുമാറ്റത്തിലാണെന്ന ബോധ്യത്തിലേക്കാണ് നാം എത്തിച്ചേരുക.
ഡോ. അനീറ്റ ഒരു അടയാളമാണ്. കഠിനാധ്വാനത്തിനു തയ്യാറെങ്കില്‍ ആഗ്രഹങ്ങളെ കുഴിച്ചു മൂടേണ്ടതില്ല എന്നതിന്റെ... പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുമെന്നതിന്റെ...
