പേരന്റ്സ് – ടീച്ചേഴ്സ് മീറ്റിങ്ങിൽ എന്തെല്ലാം ചോദിക്കരുത്? അധ്യാപകരോട് എന്തെല്ലാം ചോദിക്കണം ? questions to ask in your childs school parent teacher meeting
Mail This Article
സ്കൂളിൽ നിന്നു മടങ്ങി വന്ന ശേഷം ആകെ അസ്വസ്ഥയായിരുന്നു ശ്രീമതി. പൂമുഖത്തെ സെറ്റിയിൽ ഒരേയിരിപ്പ്. പഠിക്കാൻ പോകുന്ന മകളെക്കാൾ ടെൻഷനുമായി പേരന്റ്സ് – ടീച്ചർ മീറ്റിങ് കഴിഞ്ഞെത്തിയ ഭാര്യയോട് ‘എന്തുപറ്റി’ എന്ന് അന്വേഷിക്കാൻ ശ്രീമതിയുടെ ഭർത്താവ് രാംദാസിന് അപ്പോൾ തോന്നിയില്ല. പകരം, എന്താണു കാര്യമെന്ന് അദ്ദേഹം മകളോടു ചോദിച്ചു. ‘‘മിസ്സിനോട് അമ്മ എന്തൊക്കെയോ ചോദിച്ചു. അതൊക്കെ ഔട്ട് ഓഫ് സിലബസ് ആണെന്ന് മിസ്സ് പറഞ്ഞു.’’ അപ്പോൾ അതാണു കാര്യം – രാംദാസ് സ്നേഹസ്പർശവുമായി ശ്രീമതിയുടെ അരികിലിരുന്നു. ‘‘സ്വാതി നന്നായി പഠിക്കുന്നുണ്ടല്ലോ. മാർക്ക് കുറവാണെന്ന് ഒരിക്കൽപ്പോലും മിസ്സ് കുറ്റപ്പെടുത്തിയിട്ടില്ല. പിന്നെന്തിനാണ് ‘അവൾ എങ്ങനെയുണ്ട്’ എന്നൊരു ചോദ്യം? സ്വാതി നമ്മളോട് എല്ലാ കാര്യങ്ങളും ഓപ്പൺ ആയി സംസാരിക്കാറുണ്ട്. നിന്നെപ്പോലെ തന്നെ അവൾ പഠനത്തിലും മിടുക്കിയാണ്. അതുകൊണ്ട്, അവളുടെ ലൈഫ് സ്‌റ്റൈലിൽ പുതുതായി എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നു മാത്രം നമ്മൾ ചിന്തിച്ചാൽ മതി. അതിനാൽ അടുത്ത തവണ പേരന്റ്സ് – ടീച്ചർ മീറ്റിങ്ങിനു പോകുമ്പോൾ അധ്യാപകരോടു ചോദിക്കാൻ കുറച്ചു ചോദ്യങ്ങൾ നമുക്കാലോചിക്കാം.’’ രാംദാസും ശ്രീമതിയും കൂടി ചർച്ച ചെയ്തു ഒരു പ്രായോഗിക ചോദ്യാവലിക്കു രൂപം കൊടുത്തു. നമ്മൾ ചോദിക്കേണ്ടത്: 1) കുട്ടിയിൽ എന്തെല്ലാം കഴിവുകളാണ് കാണുന്നത്? 2) മകന്റെ അല്ലെങ്കിൽ മകളുടെ പരിമിതികൾ എന്തെല്ലാമാണ്? 3) പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നാറുണ്ടോ?4) ക്ലാസിലോ അല്ലാത്ത സമയത്തോ വിഷാദത്തോടെ ഇരിക്കാറുണ്ടോ?
മാതാപിതാക്കളുടെ വിവേകപൂർണമായ ഇടപെടൽ കുട്ടിയെ മികച്ച ഗ്രേഡുകളിലേക്കു നയിക്കും. ഫലപ്രദമായ ഇടപെടലിലൂടെ രക്ഷിതാവിന് അധ്യാപകരുമായി നല്ലൊരു ബന്ധം സൃഷ്ടിച്ചെടുക്കാൻ സാധിക്കും. കുട്ടികളുടെ ബാല്യത്തിൽ ഏറെ നാളുകളും ചെലവഴിക്കുന്നതു സ്കൂളിലാണ്. അവരിൽ അധ്യാപകർ ചെലുത്തുന്ന സ്വാധീനം ദീർഘകാലം നിലനിൽക്കും. ബാല്യകാലത്തു ലഭിക്കുന്ന അനുഭവങ്ങളും മാർഗനിർദേശങ്ങളുമാണ് പിന്നീടു ജീവിതവിജയത്തിന്റെ അടിത്തറയാകുന്നത്.
രക്ഷാകർതൃ- അധ്യാപക ബന്ധം നിലനിർത്തുന്നതിന്റെ അടിസ്ഥാന തത്വമാണ് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇടയിൽ വിശ്വാസം വളർത്തിയെടുക്കൽ. ഇതു വെറുതെ പറയുന്നതല്ല. ജേണൽ ഓഫ് സ്കൂൾ സൈക്കോളജി ഇതു സംബന്ധിച്ചൊരു പഠനം നടത്തിയിരുന്നു. 'ട്രസ്റ്റ് ആൻഡ് ദി ഫാമിലി-സ്കൂൾ റിലേഷൻഷിപ്പ്: എക്സാമിനേഷൻ ഓഫ് പേരന്റ്-ടീച്ചർ ഡിഫറൻസസ് ഇൻ എലിമെന്ററി ആൻഡ് സെക്കൻഡറി ഗ്രേഡ് എന്നാണ് ഈ പഠനത്തിന്റെ ടൈറ്റിൽ. ഈ പഠനത്തിൽ, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നല്ല രക്ഷാകർതൃ-അധ്യാപക ബന്ധത്തിലൂടെ വിദ്യാർഥികളിൽ മികച്ച പ്രകടനം നേടിയെടുക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നു. ‘‘കുടുംബവും സ്കൂളുമായി ഊഷ്മള ബന്ധം നിലനിർത്തണം. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള വിശ്വാസം പ്രധാന ഘടകമാണ്. ഹോം-സ്കൂൾ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താനാകും.’’ ഇത്തരം മാർഗനിർദേശങ്ങളോടെ 2010ൽ തയാറാക്കിയ പഠന റിപ്പോർട്ട് പിൽക്കാലത്ത് പേരന്റിങ് രംഗത്ത് മാർഗദർശന പഠനസാമഗ്രിയായി അറിയപ്പെട്ടു.
സ്കൂളിൽ അധ്യാപകരുമായി ആശയവിനിമയം നടത്തുന്ന രക്ഷിതാക്കൾക്കുവേണ്ടി കുറച്ചു ചോദ്യങ്ങളവർ തയാറാക്കിയിട്ടുണ്ട്. അക്കാഡമിക്, സോഷ്യൽ, ഹോംലി, പേരന്റ്സ് റോൾ, സെൻസിറ്റിവ് എന്നിങ്ങനെയാണ് അതിനെ തരംതിരിച്ചിട്ടുള്ളത്.
പഠനം സംബന്ധിച്ച വിഷയങ്ങൾ
അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടോ എന്ന് അ ധ്യാപകരോടു ചോദിക്കുമ്പോൾ അതിനൊരു രീതിയുണ്ട്. മാർക്ക് കൂടുതൽ കിട്ടുമോ എന്നു മാത്രമല്ല ഈ ചോദ്യത്തിന്റെ ഉദ്ദേശം. വിദ്യാർഥി അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നുണ്ടോ എന്നും ഇതുകൊണ്ട് അർഥമാക്കുന്നു. വിദ്യാർഥി സ്വന്തം കഴിവിന്റെ പരമാവധി വിനിയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള വൈദഗ്ധ്യം അധ്യാപകർക്കുണ്ട്. കുട്ടിയുടെ കഴിവു തിരിച്ചറിയാൻ അധ്യാപകർ ശ്രമിച്ചിട്ടുണ്ടോ എന്നറിയാനുള്ള ചോദ്യം കൂടിയാണിത്. വിദ്യാർഥിക്ക് ഏതെല്ലാം മേഖലകളിൽ സഹായം ആവശ്യമാണെന്നും, ഇംപ്രൂവ്മെന്റ് ഉണ്ടാകാൻ രക്ഷിതാവിന്റെ ഭാഗത്തു നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഈ ചോദ്യത്തിനു മറുപടിയായി അധ്യാപകരിൽ നിന്നു പ്രതീക്ഷിക്കാം. അക്കാദമിക് തലത്തിൽ വിദ്യാർഥി ഏതു വിഷയത്തിലാണ് മികവു പ്രകടിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ഉപചോദ്യങ്ങളും അനുബന്ധമായി ഉരുത്തിരിയും. സോഷ്യൽ ആക്ടിവിറ്റി മുഴുവൻ സമയവും പുസ്തകത്തിനു മുന്നിലിരിക്കുന്ന മെഷിനായി വിദ്യാർഥികൾ മാറരുത്. പഠനത്തോടൊപ്പം സാമൂഹിക ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും വിദ്യാർഥിക്കുണ്ടാവണം. സഹപാഠികളോടുള്ള ഇടപെടലിൽ നിന്ന് അധ്യാപകർ ഇക്കാര്യം തിരിച്ചറിയാറുണ്ട്. 1) മുതിർന്നവരുമായി കുട്ടി എങ്ങനെ ഇടപഴകുന്നു? 2) പരസ്പര ബഹുമാനം പാലിക്കാറുണ്ടോ? 3) മറ്റാരുടേയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാറുണ്ടോ? 4) അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോൾ നോർമൽ ആയി പെരുമാറാൻ കഴിയാറുണ്ടോ? ഏതെങ്കിലും കാര്യത്തിൽ രക്ഷിതാവിന്റെ ഇടപെടൽ ആവശ്യമുണ്ടെന്നു തോന്നിയിട്ടുണ്ടോ? ഇത്രയും ചോദ്യങ്ങൾ കുട്ടികളുടെ സാമൂഹിക ഇടപെടലിന്റെ ആഴങ്ങളിലേക്കു വിരൽചൂണ്ടുന്നു. സമപ്രായക്കാരോടൊപ്പം ഇടപഴകുമ്പോൾ സ്കൂൾ വിദ്യാർഥിയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മേന്മകളും പോരായ്മകളും ഇതിലൂടെ ചോദിച്ചറിയാൻ കഴിയും.
ഹോം വർക്ക് ചെയ്യാറുണ്ടോ?
കുട്ടികളിൽ ഉത്തരവാദിത്തബോധം ഊട്ടിയുറപ്പിക്കാനുള്ള പ്രായോഗിക പരിശീലനം കൂടിയാണ് സ്കൂൾ ഹോം വർക്ക്. അതതു ദിവസം ചെയ്യാനുള്ളതു പിന്നെ ചെയ്യാമെന്നു കരുതി നീട്ടിവച്ചാൽ ഇരട്ടിഭാരമായി മാറുമെന്നു തിരിച്ചറിവു നൽകാനുള്ള സിംപിൾ ആക്ടിവിറ്റി. പ്രീ–പ്രൈമറി ക്ലാസ് മുതൽ ഹോംവർക്ക് ചെയ്യുന്ന വിദ്യാർഥികൾക്ക് അടുത്ത ദിവസം ടീച്ചർ അതിനെക്കുറിച്ചു ചോദിക്കുമെന്നുള്ള ബോധ്യമുണ്ടാകുന്നു. ഇക്കാര്യം വിദ്യാർഥിക്ക് അറിയാമെന്ന് രക്ഷിതാക്കൾക്കും തിരിച്ചറിവുണ്ട്. ലോവർ പ്രൈമറി കഴിഞ്ഞ കുട്ടികളെ അച്ഛനോ അമ്മയോ ഹോം വർക്കിനെക്കുറിച്ച് ഓർമപ്പെടുത്തിയാൽ മാത്രം മതി. നിർബന്ധബുദ്ധിയുണ്ടാകേണ്ടതു കുട്ടിക്കാണ്. അതിനാൽത്തന്നെ, ഇക്കാര്യം അധ്യാപകരോടു ചോദിക്കുമ്പോൾ വാക്കുകളിൽ കൃത്യത ഉണ്ടാകണം.
‘സ്കൂളിന്റെ ഗൃഹപാഠ നയത്തെക്കുറിച്ചുള്ള എന്റെ ആശങ്കകൾ നിങ്ങളുമായി പങ്കിടാമോ?’ എന്നൊരു ആമുഖം സ്വീകരിക്കുന്നത് അധ്യാപകനു മറുപടി നൽകാനുള്ള തടസ്സങ്ങൾ നീക്കും. 1) എന്റെ കുട്ടി ഗൃഹപാഠം എങ്ങനെ ചെയ്യുന്നു? 2) താങ്കളുടെ അഭിപ്രായത്തിൽ, കുട്ടിയുടെ ഗൃഹപാഠത്തിനായി ഒരു ദിവസം എത്ര സമയം നീക്കിവയ്ക്കണം? 3) അടുത്ത ദിവസം സമർപ്പിക്കേണ്ട ഗൃഹപാഠത്തെക്കുറിച്ച് കുട്ടിക്കു സംശയമുണ്ടെങ്കിൽ എന്തുചെയ്യണം? 4) രക്ഷാകർതൃ-അധ്യാപക മീറ്റിങ്ങുകൾ രക്ഷിതാക്കൾക്കും അധ്യാപകർക്കുമിടയിൽ ആശയവിനിമയം നടത്തുന്നതിനും വിശ്വസനീയമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള വേദിയായി മാറണം. പ്രാഥമിക പരിഗണന കുട്ടിയുടെ ക്ഷേമവും ബുദ്ധി വികാസവുമാണ്. അധ്യാപകനോട് ശരിയായ ചോദ്യങ്ങളുമായി സമീപിക്കുമ്പോൾ േപരന്റ്സ്–ടീച്ചർ മീറ്റിങ് അർഥപൂർണമാകുന്നു.