ഞങ്ങൾക്കൊന്ന് വിമാനത്തിൽ കയറണം ടീച്ചറേ... സ്വന്തം ചിലവിൽ വയോധികർക്കായി യാത്രകളൊരുക്കുന്ന സുലോചന Sulochana Teacher: Takes the Elderly for Traveling Spending Her Own Money
Mail This Article
എനിക്കൊപ്പം യാത്ര ചെയ്യുന്നവരിൽ പലർക്കും യാത്ര ചെയ്യാനുള്ള അതിയായ ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും അതിന് പറ്റാതിരുന്നവരാണ്. അവരെ യാത്ര കൊണ്ടു പോകുമ്പോൾ അവർ കുട്ടികളായി മാറി അത്ഭുതത്തോടെ കണ്ണ് മിഴിക്കുമ്പോഴും കളിക്കുമ്പോഴും പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും ഞാനും അവരിലൊരാളായി മാറും. അവരുടെ മനസാകും എനിക്കും. എന്നിലെ ഞാനെന്ന ഭാവമൊക്കെ ഒലിച്ചു പോയി ആ നിമിഷത്തെ സന്തോഷത്തിൽ മുഴുവൻ അലിഞ്ഞ് യാതൊരു ഭാരവുമില്ലാത്ത ഒരു തൂവലായി മാറും ഉള്ള് . ‘തലനരച്ച ആ കുഞ്ഞുങ്ങളുടെ’ ചിരിയാണ് ഞങ്ങളുടെ അടുത്ത യാത്രയ്ക്കുള്ള ഊർജ്ജം’’ തലയോലപ്പറമ്പ് ഡി.ബി. കോളജിൽ നിന്നും വിരമിച്ച പ്രഫസർ സുലോചന 2018 മുതൽ ആരംഭിച്ചതാണ് വയോധികർക്കായി ഒരുക്കുന്ന യാത്രകൾ. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവർ, തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കു പോകുന്നവർ, സ്വന്തമായി ചെറുജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്കായി സുലോചന സ്വന്തം ചിലവിലാണ് ഈ യാത്രകൾ സംഘടിപ്പിക്കുന്നത്.
ആദ്യ യാത്രയിൽ 88 വയസുള്ളവർ വരെ ഒപ്പം
കോളജിൽ പഠിപ്പിക്കുമ്പോഴും വിരമിച്ച ശേഷവും ഒരു കാര്യം മാത്രം ചെയ്തിട്ട് വീട്ടിലിരിക്കുന്നൊരു പ്രകൃതമല്ല എനിക്ക്. കല, സാഹിത്യം, ചർച്ചകൾ, പ്രസംഖം, എഴുത്ത് അങ്ങനെ പലതും ചെയ്യാറുണ്ട്. സമൂഹത്തിലേക്കിറങ്ങി ചെന്ന് പ്രവർത്തിക്കാനെപ്പോഴും ഇഷ്ടവുമാണ്. അത്തരം കാര്യങ്ങൾക്കായി പുറത്തേക്ക് പോകുമ്പോൾ പല വീടുകളിലും ഒറ്റപ്പെട്ടിരിക്കുന്ന വയസായവരെ കാണാറുണ്ട്. അതേപൊലെ തന്നെ യാത്രയൊക്കെ ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും ആരും കൊണ്ടുപോകാനില്ലാത്തതു കൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും പറ്റാത്തവരേയും... അങ്ങനെ വളരെ അപ്രതീക്ഷിതമായിട്ടാണ് ‘ഇവരെയൊക്കെ ഒന്ന് പുറത്തേക്ക് കൊണ്ടുപോയാലോ?’ എന്നൊരു ചിന്ത വരുന്നത്. 2018ൽ ആ ചിന്ത ആദ്യത്തെ യാത്രയായി മാറി. അന്ന് 42 പേർ ഒപ്പം വന്നു. അക്കൂട്ടത്തിൽ 88 വയസുള്ളവർ വരെയുണ്ടായിരുന്നു. അന്ന് കൊച്ചി മെട്രോയിലൊക്കെയൊന്ന് കയറി ലുലു മാളിൽ പോയി, മ്യൂസിയം കണ്ടു, കൊച്ചി കായലൊക്കെ കണ്ട് ഞങ്ങൾ മടങ്ങി. കോവിഡ് വന്നതോടെ യാത്രകൾ പറ്റാതായി. എന്നാലും അതു കഴിഞ്ഞുള്ള വർഷങ്ങളിൽ ഞങ്ങൾ യാത്ര തുടർന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഒപ്പം ചേർക്കുന്നവർ സന്തോഷിക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. ഇക്കാര്യമൊന്നും എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണത്തെ യാത്ര കഴിഞ്ഞപ്പോൾ ഇവിടെ നാട്ടുകാരൊക്കെ ചേർന്നൊരു ആദരവൊക്കെ തന്നു. അങ്ങനെയാണ് ഇക്കാര്യം വാർത്തയാകുന്നത്....
കുട്ടികളെ പഠിപ്പിക്കുമ്പോൾ തൊട്ട് അവരുമായി യാത്ര പോകാറുണ്ടെങ്കിലും ഇവർക്കൊപ്പം പോകുന്നത് വേറൊരു ലോകമാണ്. ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സന്തോഷമുള്ള മുഹൂർത്തങ്ങൾ. അവർ മതിമറന്ന് പാടും ആടും ഒന്നും പറ്റാത്തവർ കൈകൊട്ടി പ്രോത്സാഹിപ്പിക്കും. ഒരു യാത്ര ഒരു വർഷത്തേക്കുള്ള സന്തോഷത്തിന്റെ കലവറയാണ്.
ടീച്ചറേ ഞങ്ങൾക്കൊന്ന് വിമാനത്തിൽ കയറണം...
ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോ ‘ഞങ്ങളെയൊന്ന് വിമാനത്തിൽ കയറ്റുവോ ടീച്ചറേ? ഞങ്ങളുടെ ഒരു വല്യ ആഗ്രമാണത്.... ചെയ്തു തരാൻ വേറെയാരുമില്ല...’ എന്നായി അവർ. സത്യം പറഞ്ഞാ അത് എങ്ങനെ ചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ അന്നേരം പിടിയില്ല. എന്നാലും ‘നമുക്ക് പോകാം’ എന്നൊരു വാക്ക് കഴിഞ്ഞ കൊല്ലം അവർക്ക് കൊടുത്തു.
അഞ്ചു യാത്രകൾ ഇതേവരെ കഴിഞ്ഞു ആറാമത്തേതായിരുന്നു ഇത്തവണത്തെ വിമാനയാത്ര. ബംഗളുരുവിലേക്കാണ് പോയത്. അവിടെ നിന്ന് മൈസൂർക്കും. ഗ്രൂപ്പായി ടിക്കറ്റ് എടുത്തതു കൊണ്ട് പൈസ കുറച്ചു കിട്ടി. വിമാന ടിക്കറ്റ് മാത്രം അവരവരെടുത്തു ബാക്കി ബസിന്റെ ചിലവ്, താമസം, ഭക്ഷണമൊക്കെ ഞാനും കുടുംബവും ചേർന്നാണ് സംഘടിപ്പിച്ചത്.
യാത്രയ്ക്ക് വന്ന 48 പേരിൽ ആരും വിമാനത്തിൽ മുൻപ് കയറിയിട്ടില്ല, അവരുടെ ആദ്യ ആകാശയാത്രയായിരുന്നു അത്.
ബുക്കിങ്ങിന് മകനാണ് സഹായിച്ചത്. കൊട്ടേഷനൊക്കെ കൊടുത്തിട്ടാണ് ചുരുങ്ങിയ ചിലവിൽ ടിക്കറ്റുകൾ കിട്ടിയത്. ഇവിടുന്നൊരു ഒഴിഞ്ഞ ബസ് അങ്ങോടേക്ക് കൊണ്ടുപോയിരുന്നു, അതിനും കുറേ ചോദ്യങ്ങളും ടാക്സും ഒക്കെ വന്നു. ഇതിനിടെ പലരും പലതും പറഞ്ഞ് നിരുത്സാഹപ്പെടുത്താനും നോക്കി. ഇക്കണ്ട പ്രായമുള്ളവരേയും കൂട്ടിയൊക്കെ പോകണോ... പല അപകടങ്ങളും വരില്ലേ... എന്നൊക്കെ. എന്നിരുന്നാലും മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം എനിക്കും അവർക്കുമുണ്ടായിരുന്നു...
ഒരിക്കലും നടക്കില്ലെന്ന് കരുതിയ അവരുടെ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ എയർപ്പോർട്ടിൽ ഇറങ്ങിയതും അവർ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചതും ഒരിക്കലും മറക്കാൻ പറ്റാത്തൊരു ഓർമയാണ്.
മൈസൂർ ചെന്നിറങ്ങിയത് ദസറയുടെ സമയത്തായിരുന്നു. നഗരം മുഴുവൻ ലൈറ്റുകളുടെ പ്രഭയിൽ മിന്നിത്തിളങ്ങുന്ന കാഴ്ച്ച. ഒരു മായിക ലോകത്തേക്ക് ചെന്നിറങ്ങിയ പോലെ... അവിടെ വൃന്ദാവൻ ഗാഡനിലും മൈസൂർ കൊട്ടാരത്തിലും ഒക്കെ ധാരാളം സമയം ചിലവഴിച്ചിട്ടായിരുന്നു മടക്കം.
വീട്ടുകാരാണ് എനിക്കെല്ലാ പിന്തുണയും തരുന്നത്. അവരില്ലാതെ എനിക്കിങ്ങനൊരു കാര്യം ചെയ്യാനേ സാധിക്കില്ല. ഉദയംപേരൂരാണ് ഞങ്ങളുടെ വീട്. ഭർത്താവ് റിട്ടയേഡ് പ്രഫസർ കെ. കെ. അശോകൻ. രണ്ട് മക്കള്‍. മകൾ അനില ടീച്ചറായിരുന്നു, തൽക്കാലം ഈ ഒരു വർഷം ബ്രേയ്ക്ക് എടുത്തിരിക്കുന്നു. അവളുടെ ഭർത്താവ് സയന്റിസ്റ്റാണ്. മകൻ അരുൺ കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്നു. ഭാര്യ ദിവ്യ. ഞങ്ങൾക്ക് നാല് കൊച്ചുമക്കളുമുണ്ട്. ഇതാണെന്റെ ലോകം.
