Tuesday 21 September 2021 02:29 PM IST

ജംക്ഷനിലെ വീതി കുറഞ്ഞ നാലര സെന്റ് സ്ഥലം; വെല്ലുവിളികളെ അതിജീവിച്ച് കിട്ടിയതാണീ സ്വർഗം

Sreedevi

Sr. Subeditor, Vanitha veedu

sr1

നല്ലൊരു വീടുവേണം, അകം സ്പേഷ്യസ് ആയിരിക്കണം, ധാരാളം കാറ്റും വെളിച്ചവും വേണം, ചരിഞ്ഞ മേൽക്കൂരയോടു കൂടിയ മോഡേൺ ഡിസൈൻ വീടാകണം... സുറുമിക്കും അർഷാദിനും പുതുതായി പണിയുന്ന വീടിനെക്കുറിച്ച് ചില സ്വപ്നങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ, കണ്ണൂർ ജില്ലയിലെ പിണറായിയിലെ പ്ലോട്ടിന് കുറച്ചു പരിമിതികളുണ്ട്. വീതി കുറ‍ഞ്ഞ, നാലര സെന്റേ ഉള്ളൂ. മാത്രമല്ല, ഇരുവശവും റോഡും. മതിലിൽ നിന്ന് നിയമപ്രകാരമുള്ള സ്ഥലം വിട്ടുകഴിഞ്ഞാൽ വീടിന് വളരെ കുറച്ചിടം മാത്രം.

sr5

വടകരയിലെ ആർക്കിടെക്ചർ സ്ഥാപനമായ ടേണിയോൺ ആർക്കിടെക്ട്സിലെ സാരംഗ്, അജ്മൽ, സഹർ എന്നീ ആർക്കിടെക്ടുമാർ ഈ വെല്ലുവിളി ഏറ്റെടുത്തു. 1900 ചതുരശ്രയടിയുള്ള വീടിനുള്ളിൽ നിന്നാൽ പ്ലോട്ടിന്റെ ഇടുക്കം മറക്കുന്ന ഓപൻ പ്ലാൻ ഇവർ സുറുമിക്കും അർഷാദിനും വരച്ചു കൊടുത്തു.

sr6

മോഡൺ എക്സ്റ്റീരിയറാണ് വീടിന്. അതേസമയം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ ചരിഞ്ഞ മേൽക്കൂര കൊടുത്തു. വീടിന്റെ രണ്ട് വശത്തും റോഡ് ഉള്ളതിനാൽ രണ്ട് വശത്തെയും അഭിമുഖീകരിക്കുന്ന വിധത്തിലാണ് എക്സ്റ്റീരിയർ കാഴ്ച. കോർണർ ജനലുകളും സാൻഡ് സ്റ്റോൺ ക്ലാഡിങ്ങുമെല്ലാം എക്സ്റ്റീരിയർ ഭംഗിയാക്കി.

sr3

ഓപൻ പ്ലാനാണ് അകത്തളം വിശാലമായി തോന്നിക്കാൻ ആർക്കിടെക്ടുമാർ തിരഞ്ഞെടുത്ത ഒരു വഴി. ചെറിയ സിറ്റ്ഔട്ട് ആയതുകൊണ്ട് വീട്ടിൽ വരുന്നവർ നേരിട്ട് ലിവിങ് റൂമിലേക്കാണ് കയറുന്നത്. വളരെ ഔപചാരികമായും സ്വകാര്യതയ്ക്കു പ്രാധാന്യം നൽകിയുമാണ് ഫോർമൽ ലിവിങ് ക്രമീകരിച്ചത്.

Untitled

ഫാമിലി ലിവിങ്, ഡൈനിങ്, ഓപൻ കിച്ചൻ എന്നിവ ഒരുമിച്ചാണ് ക്രമീകരിച്ചത്. മുകളിലെയും താഴത്തെയും ഫാമിലി സ്പേസുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ ഡബിൾ ഹൈറ്റ് ആയാണ് ഫാമിലി ലിവിങ് നിർമിച്ചത്. ഫാമിലി ലിവിങ്ങിന്റെ മുകൾഭാഗത്തു നൽകിയ എയർഹോളിലൂടെ ചൂടുവായു പുറത്തുപോകാനുള്ള ക്രമീകരണം ചെയ്തതിനാൽ അകത്തളത്തിൽ ചൂട് കുറവാണ്.

sr4

ഡൈനിങ്ങിനോടു ചേർന്ന കോർട്‌യാർഡ് അകത്തേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നതിൽ പ്രമുഖ സ്ഥാനത്തു നിൽക്കുന്നു. മാത്രമല്ല, വലിയ ജനലുകൾ നൽകിയതും ക്രോസ് വെന്റിലേഷനും പ്രകാശവുമെല്ലാം ഉറപ്പാക്കാൻ സഹായിച്ചു.

sr2

ഓപൻ അടുക്കളയാണ്, ചേർന്നുതന്നെ വർക്ഏരിയയുമുണ്ട്. സസ്പെന്റിങ് ശൈലിയിലുള്ള ഗോവണി ചെറിയ സ്ഥലത്ത് ഭംഗിയായി ഒതുക്കിയിരിക്കുന്നു. മെറ്റൽ സ്ട്രിങ് കൊണ്ട് നിർമിച്ച ഹാൻഡ് റെയിൽ അകത്തളത്തെ കൂടുതൽ വിശാലമായി തോന്നിക്കുന്നതിൽ നല്ലൊരു പങ്കുവഹിക്കുന്നു.

sr7

താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. മുകളിലെ കിടപ്പുമുറികളിലൊന്ന് ഗെസ്റ്റ് ബെഡ്റൂം ആയും പ്രാർഥനാ മുറിയായും സജ്ജീകരിക്കാം. മുകളിലെ ഫാമിലി ഏരിയയിൽ നിന്ന് ഒരു ബാൽക്കണിക്കും സ്ഥാനം നൽകിയിട്ടുണ്ട്.

sr8
home-plans

പ്രാദേശികമായി സുലഭമായ വെട്ടുകല്ല് ആണ് നിർമാണത്തിനുപയോഗിച്ചത്. തേക്ക് തടിപ്പണികൾക്കും ഇന്റീരിയർ വർക്കിന് പ്ലൈവുഡിനൊപ്പം വെനീർ അല്ലെങ്കിൽ മൈക്കയും ഉപയോഗിച്ചു. മാർബിൾ ഉപയോഗിച്ചാണ് ഫ്ലോറിങ്. ഈ വീടിന്റെ പ്രത്യേകതകളോടു യോജിക്കുന്ന വിധത്തിൽ സ്ലീക്ക് ആയ ഫർണിച്ചർ പ്രത്യേകം ഡിസൈൻ ചെയ്തു നിർമിക്കുകയായിരുന്നു.

കടപ്പാട്:

TERNION ARCHITECTS, Vadakara , Aanjarakkandy

Mob: 8921 961 226, 9656 522 454 ,790 72 6 1728

ternionarchitects18@gmil.com