Thursday 13 September 2018 03:34 PM IST : By സിനു കെ. ചെറിയാൻ

ഓരോ ഫർണിച്ചറും കലാസൃഷ്ടി

furniture

ഒരു മരം പോലെ മറ്റൊന്നില്ല...! തടിയുടെ ആകൃതിയിൽ അല്ലെങ്കിൽ ഉള്ളിൽ തെളിയുന്ന വരകളുടെയും നിറക്കൂട്ടുകളുടെയും കാര്യത്തിൽ തന്റേതു മാത്രമായൊരു രൂപം കാത്തുവച്ചിട്ടുണ്ടാകും ഓരോ മരവും. ചിലപ്പോൾ ഇതൊന്നുമായിരിക്കില്ല, കേടുവീണ പാടായിരിക്കും മരത്തിന്റെ തനിമയുടെ മുദ്ര. പക്ഷേ, മരം മുറിക്കുമ്പോൾ നമ്മൾ ചെയ്യുന്നതോ? അടയാളങ്ങളെല്ലാം മായ്ച്ച് ഒരേപോലെയുള്ള പലകകളാക്കും. അതടുക്കി മേശയും കസേരയും കട്ടിലുമൊക്കെ പണിയും. ഇതിനെതിരെയുള്ള പ്രതികരണമാണ് ഓറോവില്ലിലെ വുഡ്സ്കേപ്സ് ഫർണിച്ചർ ബുട്ടീക്. ആർക്കിടെക്ട് തേജസ്വിനി നേതൃത്വം നൽകുന്ന സംരംഭത്തിൽ ഫർണിച്ചർ നിർമിക്കാൻ ഉപയോഗിക്കുന്നത് കടപുഴകിയതോ ഉണങ്ങി വീണതോ ആയ മരം മാത്രം. മരത്തിന്റെ ആകൃതി എന്താണോ അതാണ് ഫർണിച്ചറിന്റെയും ആകൃതി.

furniture5

ചതുരവടിവൊത്ത മേശ, വട്ടത്തിലുള്ള ടീപോയ്... സ്ഥിരം സങ്കൽപങ്ങളെ മാറ്റിമറിക്കുന്നവയാണ് തേജസ്വിനി ഡിസൈൻ ചെയ്യുന്ന ഫർണിച്ചറുകളെല്ലാം?

മരങ്ങൾക്ക് ജീവനുണ്ടെന്നും ഓരോ മരവും വ്യത്യസ്തമാണെന്നുമുള്ള യാഥാർഥ്യം ഞാൻ അംഗീകരിക്കുന്നു. അത്രയേയുള്ളൂ. മരങ്ങളുടെ വ്യക്തിത്വത്തെ അല്ലെങ്കിൽ തനിമയെ മാനിക്കുന്നു എന്നതാണ് ഡിസൈൻ നയത്തിന്റെ അടിസ്ഥാനം. ഒരു ഫർണിച്ചറിന്റെപോലും ആകൃതി മുൻകൂട്ടി തീരുമാനിക്കുന്നില്ല. തടിയുടെ ഘടന അനുസരിച്ച് സ്വാഭാവികമായാണത് രൂപപ്പെടുന്നത്. ഇതിനെ ‘ഓർഗാനിക് ഷെയ്പ്’ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

അപ്പോൾ ഓരോ ഫർണിച്ചറിനും അതിന്റേതായ തനിമയുണ്ടാകും അല്ലേ?

തീർച്ചയായും. പ്രകൃതി നൽകിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഓരോ വസ്തുവിന്റെയും തനിമയും വ്യതിരിക്തതയും. അതു കാണാതെ മറ്റ് അലങ്കാരങ്ങൾകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ പക്ഷം. ഓരോ മരവും വ്യത്യസ്തമാണ്. അതുപയോഗിച്ച് നിർമിക്കുന്ന ഫർണിച്ചറും അങ്ങനെയാകേണ്ടേ? ഓരോ ഫർണിച്ചറും ഒരു കലാസൃഷ്ടിയാണ് എന്നാണ് വുഡ്സ്കേപ്സിന്റെ മതം. ഒരെണ്ണംപോലെ മറ്റൊന്നുണ്ടാകില്ല.

furniture2

മരത്തിന്റെ ആകൃതി മാത്രം കണക്കിലെടുത്ത് ഫർണിച്ചർ നിർമിക്കുകയെന്നത് പ്രായോഗികമാണോ? ഉപയോഗിക്കാനുള്ള സൗകര്യം, ശരീരവലുപ്പത്തിന് യോജിക്കുന്ന അളവുകൾ അഥവാ എർഗണോമിക്സ്. ഇതൊക്കെ പരിഗണിക്കേണ്ടേ?

ശരിയാണ്. കണക്കും ശാസ്ത്രവും ഭാവനയുമൊക്കെ സമ്മേളിക്കുന്ന സങ്കീർണമായ ഒരു പ്രക്രിയ തന്നെയാണിത്. തടി കാണുമ്പോൾ തന്നെ ഇതുപയോഗിച്ച് എന്തു ചെയ്യാം എന്നൊരു ചിന്ത മിന്നൽ പോലെ മനസ്സിലുണ്ടാകും. ഇതാണ് ഏറ്റവും നിർണായകം എന്നാണെന്റെ അഭിപ്രായം. ഇതിനെ അടിസ്ഥാനമാക്കിയാണ് തടി എങ്ങനെ മുറിക്കണം എന്ന് തീരുമാനിക്കുന്നത്. ഒത്തിരി കൂട്ടിക്കിഴിക്കലുകൾ നടത്തിയ ശേഷമാണ് ഓരോ കഷണവും ഏതൊക്കെ അളവിൽ മുറിക്കണം എന്നു തീരുമാനിക്കുന്നത്. കംപ്യൂട്ടർ സോഫ്ട്‌വെയറുകളുടെയടക്കം സഹായത്തോടെ എർഗണോമിക്സും ഭംഗിയും എല്ലാം വിലയിരുത്തും.

furniture3

തടി ട്രീറ്റ് ചെയ്യാറുണ്ടോ?

പരമ്പരാഗത രീതിയിലാണ് തടി ട്രീറ്റ് ചെയ്യുക. മില്ലിൽ അറപ്പിച്ച ശേഷം തടിക്കഷണങ്ങൾ അടുക്കി മൂന്ന് വർഷമെങ്കിലും സൂക്ഷിക്കും. കാറ്റ് കടക്കുംവിധം വിടവ് ഇട്ടാണ് പലകകൾ അടുക്കുക. ഇടയ്ക്ക് പുക കൊള്ളിക്കും. അതോടെ ഈർപ്പം വലിഞ്ഞ് തടി ഉണങ്ങിയിട്ടുണ്ടാകും. ഇതിനായി മൂന്ന് വലിയ ഗോഡൗണുകളാണ് ഇവിടെയുള്ളത്.

furniture-1

മരത്തിലെ പോടുകളും മറ്റും അതുപോലെ നിലനിർത്തിയാണ് ഫർണിച്ചർ നിർമിക്കുക?

എല്ലാവരും പോടുകൾ മറയ്ക്കാൻ ശ്രമിക്കുകയാണ് പതിവ്. സത്യം പറഞ്ഞാൽ ഞങ്ങളത് ഹൈലൈറ്റ് ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫർണിച്ചറിന് പുതുമയും തനിമയുമൊക്കെ നൽകുന്ന ‘ഡിസൈൻ എലമെന്റ്’ ആണ് ഇത്തരം പോടുകളും മറ്റും. ജപ്പാനിൽ പിന്തുടരുന്ന ഫർണിച്ചർ നിർമാണരീതിയിൽ നിന്നാണ് ഇതിനുള്ള പ്രചോദനം.

തടിയിലുള്ള ചെറിയ വിള്ളലുകളും വിടവുകളും അതുപോലെ നിലനിർത്തുകയാണ് പതിവ്. ഫർണിച്ചറിന്റെ ഈടിനും ബലത്തിനുമായി ഇത്തരം വിടവുകൾ തടിക്കഷണം ഉപയോഗിച്ചുതന്നെ കൂട്ടിയോജിപ്പിക്കും. ‘ബട്ടർഫ്ലൈ സ്റ്റിച്ചിങ്’ എന്നാണിതിനു പറയുക. ജപ്പാനിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധൻ ജോർജ് നകാഷിമയാണ് ഈ വിദ്യ പഠിപ്പിച്ചത്.

furniture-4

പോളിഷിങ്ങിന്റെ കാര്യത്തിലും പ്രകൃതിദത്ത രീതികളാണോ പിന്തുടരുന്നത്?

കഴിവതും അതുതന്നെയാണ് ചെയ്യുന്നത്. പ്രത്യേകമായി നിർമിച്ചെടുത്ത എണ്ണയും തൈലവുമാണ് ഇതിനായി ഉപയോഗിക്കുക. പോളിഷിങ്ങിനേക്കാൾ സാൻഡിങ്ങിനാണ് ഞങ്ങൾ പ്രാധാന്യം നൽകുക. പ്രത്യേകതരം മെഷീൻ ഉപയോഗിച്ച് മൂന്ന് വിധത്തിൽ സാൻഡിങ് ചെയ്യുന്നതോടെ തടിയിലെ ഡിസൈൻ അഥവാ ഗ്രെയിൻസ് വ്യക്തമായി തെളിഞ്ഞുകിട്ടും.

എങ്ങനെയാണ് ഫർണിച്ചർ വിൽപന?

ഓൺലൈൻ വഴിയാണ് കൂടുതലും വിറ്റുപോകുക. ഓറോവില്ലിലെ വുഡ്സ്കേപ്സ് സ്റ്റോറിൽ നിന്ന് നേരിട്ട് വാങ്ങാനും കഴിയും. കേരളത്തിൽ നിന്ന് ഒരുപാടുപേരെത്താറുണ്ട്.

furniture6

ആയിരക്കണക്കിന് ഫർണിച്ചർ നിർമിച്ചിട്ടും അതിനായി ഒരു മരം പോലും മുറിക്കേണ്ടി വന്നിട്ടില്ല...?

അഭിമാനം തോന്നുന്ന കാര്യമാണത്. കടപുഴകിയതോ ഉണങ്ങി വീണതോ ആയ മരങ്ങൾ മാത്രമേ ഫർണിച്ചർ നിർമാണത്തിനായി ഉപയോഗിക്കാറുള്ളൂ. 2011 ൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഓറോവില്ലിലെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഈ മരങ്ങൾ സംഭരിച്ച് സൂക്ഷിച്ചുകൊണ്ടാണ് വുഡ്സ്കേപ്സിന്റെ തുടക്കം.

അതിനുപിന്നിൽ അൽപം വൈകാരികമായ ഒരു ചരിത്രം കൂടിയുണ്ട്. അൻപത് വർഷം മുൻപു വരെ വെറും തരിശു നിലമായിരുന്നു ഓറോവിൽ. ഇന്നത്തെ മൈത്രി മന്ദിറിന് സമീപമുള്ള ആൽമരവും ഏതാനും കശുമാവുകളും മാത്രമാണിവിടെ ഉണ്ടായിരുന്നത്. 1968 ൽ ഓറോവി‍ൽ ഗ്ലോബൽ വില്ലേജ് സ്ഥാപിതമായ ശേഷം ഇവിടെയെത്തിയ ഓരോരുത്തരായി നട്ടുവളർത്തിയതാണ് ഇന്നുകാണുന്ന ആയിരക്കണക്കിന് മരങ്ങളെല്ലാം.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിൽനിന്നുമുള്ള മരങ്ങളുണ്ടിവിടെ. മനുഷ്യർ മാത്രമല്ല ഈ മരങ്ങളും അവയിലെ പൂക്കളും കിളികളുമെല്ലാം ചേരുന്നതാണ് ഓറോവിൽ. നിർമാണാവശ്യത്തിനായി ഈ മരങ്ങൾ ആരും മുറിക്കാറില്ല. അവയ്ക്കും ജീവനുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. ■

furniture-7

ആർക്കിടെക്ട്ടിനെ അറിയാം

തേജസ്വിനി മിസ്ത്രി കപൂർ, വുഡ്സ്കേപ്സ്,

ഓറോവിൽ,പോണ്ടിച്ചേരി

മരം കൊണ്ടുള്ള ഫർണിച്ചർ നിർമിക്കുന്ന വുഡ്സ്കേപ്സിന്റെ സ്ഥാപക. കെട്ടിലും മട്ടിലും പ്രകൃതിയുടെ ക്രമങ്ങളും മരത്തിന്റെ സ്വാഭാവിക രൂപങ്ങളും പിന്തുടരുന്നവയാണ് തേജസ്വിനി രൂപകൽപന ചെയ്യുന്ന ഓരോ ഫർണിച്ചറും. ഓറോവില്ലിൽ ആർക്കിടെക്ചർ രംഗത്ത് 16 വർഷത്തെ അനുഭവസമ്പത്ത്. പരിസ്ഥിതിസൗഹാർദ നിർമാണശൈലിയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ നേടി.

tej