തിരുവനന്തപുരം പള്ളിമുക്കിലെ എസ്എഫ്എസ് അപാർട്മെന്റിന്റെ 11ാം നിലയിലാണ് ‘നിലാ’. വനിത വീട് ആർക്കിടെക്ചർ അവാർഡ്സിൽ റെസിഡെൻഷ്യൽ ഇന്റീരിയർ വിഭാഗത്തിൽ സിൽവർ പുരസ്കാരം ഈ ഇന്റീരിയറിനെ തേടിയെത്തിയത് നിറങ്ങളുടെ ആകർഷകമായ ക്രമീകരണത്താലാണ്. കന്റെംപ്രറി സ്പർശമുള്ള ഈ ക്ലാസിക് വീട്ടിൽ ചെറുപ്പക്കാരായ സംരംഭക ദമ്പതികളും മകളുമാണ് താമസക്കാർ.
1900 ചതുരശ്രയടിയുള്ള 3 BHK അപാർട്മെന്റിന് ഭംഗിയേകുന്നത് നീലയുടെ ഷേഡുകളാണ്. വീട്ടുകാർക്ക് നീല നിറത്തോടുള്ള ഇഷ്ടമാണ് ഈ തീരുമാനത്തിനു പിന്നിൽ. പൊളിച്ചുപണികൾ ഒന്നും നടത്താതെ തന്നെ ഇടങ്ങളെ വിശാലമാക്കുകയും ഒഴുക്കോടെ കൊണ്ടു പോവുകയുമായിരുന്നു ഡിസൈനിന്റെ ലക്ഷ്യം.
നീല നിറത്തിന് മിഴിവേകാൻ മഞ്ഞയുടെ സ്പർശവും നൽകിയിട്ടുണ്ട്. ചൂരൽ, തടി, തുണി എന്നിവയാണ് പ്രധാന ഫിനിഷിങ് സാമഗ്രികൾ. ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമായാണ് ഇവ തിരഞ്ഞെടുത്തത്. കാഴ്ചയ്ക്കു തടസ്സങ്ങളൊന്നുമില്ലാതെ ഓപ്പൻ ആയാണ് വെളിച്ചം നിറഞ്ഞ ഈ അപാർട്മെന്റിൽ ഇടങ്ങൾ ക്രമീകരിച്ചത്. പാർട്ടികളും ഒത്തുചേരലുകളും ഇഷ്ടപ്പെടുന്ന വീട്ടുകാർക്ക് അതും പ്രയോജനപ്പെട്ടു. ഇന്റീരിയറിൽ അൽപമൊരു ആവേശം ഉണർത്താനായി ടെക്സ്ചറുകളും പാറ്റേണുകളും നൽകി. ട്രോപ്പിക്കൽ വോൾപേപ്പർ ഉയോഗിച്ച് ക്ലാസ്സിക്കൽ ഇന്റീരിയറിന് ഭംഗി കൂട്ടി.
ലിവിങ്
പിന്നീട് വീടിന്റെ ഹൃദയ ഭാഗമാണ് ലിവിങ്ങും ഡൈനിങ്ങും. വെളിച്ചവും വായു സഞ്ചാരവും നിറഞ്ഞ ഇവിടെ വളരെ കുറച്ചു ഫർണിച്ചറേ നൽകിയുള്ളൂ. അത് ഇടത്തെ കൂടുതൽ വിശാലമാക്കുന്നു. ലിവിങ് ഏരിയയിലെ ത്രീ സീറ്റർ സോഫയ്ക്കു പിന്നിലെ ചുമരിന് അഴകേകുന്നത് നീല നിറത്തിലെ വെയിൻസ്കോട്ട് പാനലുകളാണ്. ഈ പാനലുകളിൽ സ്വർണ നിറത്തിലെ ലൈറ്റ് ഫിക്സ്ചർ കൂടിയാകുമ്പോൾ ആഡംബരവും ‘ക്ലാസ്സും’ ഒന്നിക്കുന്നു. സ്വർണ നിറത്തിലെ ഡീറ്റെയ്‌ലിങ്ങോടു കൂടിയ മാർബിൾ ടോപ് ഉള്ള കോഫീ ടേബിളിന്റെ കൂട്ടുകെട്ട് സോഫയെ ഡിസൈൻ സ്റ്റ്േറ്റ്മെന്റ് ആക്കി മാറ്റുന്നു. മുഴുവൻ ഇടത്തിനും ഇണങ്ങുന്ന വിധം ടിവി യൂണിറ്റിനു പിന്നില്‍ ഗ്രൂവ് ചെയ്ത വെള്ള പാനൽ നൽകി.
ഡൈനിങ്
തേക്കിൻ തടിയിലാണ് ഊണുമേശയും കസേരകളും ബെഞ്ചും പണിതത്. അതിനു പിന്നിൽ ട്രോപ്പിക്കൽ വോൾപേപ്പറും. ഈ അപാർട്മെന്റിലെ എല്ലാ മുറികളിലും കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതിനാൽ സുഖദമായ അന്തരീക്ഷമാണ്.
ബെഡ്റൂം
മാസ്റ്റർ ബെഡ്റൂമിലെ ബേ വിൻഡോയ്ക്ക് ഡസ്ക് ബ്ലൂ നിറത്തിലെ അപ്ഹോൾസ്റ്ററിയാണ്. ഇവിടെ നിന്നും നഗരക്കാഴ്ചകളിലേക്ക് കണ്ണെത്തും. അടിയിലെ യൂട്ടിലിറ്റി സ്പേസിനെ മറയ്ക്കുന്ന പ്ലാറ്റ്ഫോം ബെഡ് ആണ്. കിടപ്പുമുറിയിൽ ഭംഗിയും ഉപയോഗക്ഷമതയും കൈകോർത്തിരിക്കുന്നു. ആവശ്യത്തിനു മാത്രം ലൈറ്റ് ഫിക്സ്ചറുകളുമായി, ഗ്രിഡ് പാനലിങ് ചെയ്ത ഹെഡ്ബോർഡ് ലളിതവും എന്നാൽ കുലീനവുമായ ചന്തമേകുന്നു.
കണ്ണാടി
വീട്ടുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഈ മുറിയിലെ കണ്ണാടി മൂലയാണ്. ട്രോപ്പിക്കൽ മോണോക്രൊമാറ്റിക് വോൾപേപ്പറിനു മുന്നിലായാണ് കണ്ണാടി. ചൂരൽ കൊണ്ടുള്ള ഹാങ്ങിങ് ലൈറ്റ് ഇവിടത്തെ ഭംഗി ഇരട്ടിയാക്കുന്നു.
നീല നിറത്തിൽ ഒരുക്കിയതു കൊണ്ട് ഈ പ്രോജക്ടിന് നിലാ എന്നു പേരിട്ടു. വീട്ടുകാരുടെ ഇഷ്ടങ്ങളും ജീവിത ശൈലിയും പ്രതിഫലിപ്പിക്കുന്ന ഇടം ഭംഗിയും ഉപയോഗക്ഷമതയും സമന്വയിപ്പിച്ച് ഒരുക്കാനായി.
PROJECT FACTS
Area: 1900 sqft Owner: വൈശാഖ് നായർ & ശില്പ Location: പള്ളിമുക്ക്, തിരുവനന്തപുരം
Design: രാഹുൽ കുമാർ, മാളവിക മഹേഷ് ആർക്ക് ആർക്കിെടക്ചർ സ്റ്റുഡിയോ, തിരുവനന്തപുരം