പുതിയ വീടുകളുടെ ഡിസൈനിൽ ഗ്ലാസിന് പ്രധാനപ്പെട്ട റോൾ കിട്ടാറുണ്ട്. ജനൽ മുതൽ കബോർഡുകളുടെ വാതിലിനുപോലും ഗ്ലാസ് ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. എക്സ്റ്റീരിയർ ഭിത്തികളുടെ ഭാഗമായി ഗ്ലാസ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഗ്ലാസ് കൊണ്ടുള്ള മേൽക്കൂര വെയിലേറ്റാൽ പൊട്ടുമോ? ഗ്ലാസ് നമ്മുടെ കാലാവസ്ഥയ്ക്കു യോജിക്കുമോ? തുടങ്ങിയ ഒട്ടേറെ സംശയങ്ങൾ വീടുവയ്ക്കുന്നവർക്ക് ഉണ്ടാകാറുണ്ട്. ഗ്ലാസ് പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ പത്രത്തിലും സമൂഹമാധ്യമങ്ങളിലും കാണുമ്പോഴുള്ള ആശങ്കകൾ വേറെ. അത്തരം സംശയങ്ങൾക്കുള്ള മറുപടികളാണ് വരും പേജുകളിൽ.
തിരക്കേറിയ നഗരങ്ങളിൽ ചെറിയ പ്ലോട്ടിലായിരിക്കും വീടുകൾ നിർമിക്കേണ്ടിവരിക. ചെറിയ ലാൻഡ്സ്കേപ്പിലെ പച്ചപ്പ് ഗ്ലാസിലൂടെ കാണാൻ സാധിക്കുകയാണെങ്കിൽ അത് ആശ്വാസമല്ലേ? എന്നാൽ പുറംകാഴ്ചകൾ എന്താണെന്ന് അറിഞ്ഞുവേണം ഗ്ലാസ് കൊടുക്കാൻ. വെറും കോൺക്രീറ്റ് കെട്ടിടങ്ങളോ അനാകർഷകമായ കാഴ്ചകളോ ഉള്ളയിടത്ത് ഗ്ലാസ് വേണ്ട.
ഗ്ലാസ് സുരക്ഷിതമാണ് എന്നാൽ സംരക്ഷണത്തിന് പര്യാപ്തമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ട ഫൻഡ് ഗ്ലാസ് അല്ലെങ്കിൽ ടെംപേർഡ് ഗ്ലാസ്, ലാമിനേറ്റഡ് ഗ്ലാസ് എന്നിങ്ങനെ തീവ്രമായ കാലാവസ്ഥയെയും പ്രഹരങ്ങളെയും അതിജീവിക്കുന്ന ഉൽപന്നങ്ങളാണ് വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെ കൂടുതലായി ഉപയോഗിക്കുന്നത്.
എത്‌ലീൻ വിനൈൽ അസിറ്റേറ്റ് അല്ലെങ്കിൽ പോളിവിനൈൽ ബുട്ടറൈൽ എന്നീ പ്ലാസ്റ്റിക് ഷീറ്റുകളിൽ ഏതെങ്കിലും ഒന്ന് നടുവിൽ വച്ച് ഇരുവശത്തും രണ്ടോ അതിലധികമോ ഗ്ലാസ് പാളികൾ വച്ച് സാൻഡ്‌വിച്ച് ചെയ്താണ് ലാമിനേറ്റഡ് ഗ്ലാസ് നിർമിക്കുന്നത്. സാധാരണ ഗ്ലാസ് പോലെ പൊട്ടിച്ചിതറില്ല എന്നതാണ് ഈ ഗ്ലാസുകളുടെ പ്രത്യേകത.
എന്നാൽ ടഫൻഡ്, ലാമിനേറ്റഡ് ഗ്ലാസുകളും പൊട്ടും എന്നതിൽ സംശയമില്ല. ചില പ്രത്യേക സ്ഥാനങ്ങളിൽ അടിച്ചോ ഗ്ലാസ് കട്ടർ ഉപയോഗിച്ചോ ചില്ല് പൊട്ടിക്കാനാകും. അതുകൊണ്ടുതന്നെ ഗ്ലാസ് പൂർണമായി സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല.
അഴികൾ ഇല്ലാതെ ഗ്ലാസ് മാത്രം ഉപയോഗിച്ച് ജനലുകളും പാഷ്യോ വാതിലുകളും നിർമിക്കുന്നത് സുരക്ഷിതമാണോ എന്ന സംശയം പലർക്കുമുണ്ട്. ഗ്ലാസ് പൊട്ടിക്കാൻ സാധിക്കുമെങ്കിലും അതു പേടിച്ച് ജീവിക്കാനില്ല എന്ന് കരുതുന്നവരുമുണ്ട്. മാത്രമല്ല, ഇത്തരം ഗ്ലാസ്സുകൾ പൊട്ടിക്കുമ്പോൾ വലിയ ശബ്ദമുണ്ടാകും. അത് മറച്ചുവയ്ക്കാനാവില്ല.
ഗ്ലാസ് മറ്റു അപകടങ്ങൾക്കും കാരണമാകാറുണ്ട്. കുട്ടികളും പ്രായമായവരും തെന്നി വീണ് ഗ്ലാസിലിടിച്ചുണ്ടാകുന്ന അപകടങ്ങളാണ് മറ്റൊരു പ്രശ്നം. ചെലവ് കുറയ്ക്കാൻ ടഫൻഡ്/ലാമിനേറ്റഡ് ഗ്ലാസുകൾക്കു പകരം സാധാരണ ഗ്ലാസ് ഉപയോഗിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ അപകടകാരണമാകും. ബാത്റൂമുകളിൽ ഡ്രൈ–വെറ്റ് ഏരിയ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പാർട്ടീഷൻ അല്ലെങ്കിൽ ഷവർ കാബിനറ്റ് എന്നീ ഭാഗങ്ങൾ ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.
കനം കുറഞ്ഞ ഗ്ലാസ് ഉപയോഗിക്കുന്നതാണ് അപകടങ്ങളുടെ മറ്റൊരു കാരണം. ചവിട്ടുന്നതോ അപകടസാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ കുറഞ്ഞത് 12 എംഎം കനമുള്ള ഗ്ലാസ് എങ്കിലും നിർബന്ധമായി കൊടുക്കേണ്ടതാണ്. ഗ്ലാസിന് കനം കുറഞ്ഞാൽ, ടഫൻഡോ ലാമിനേറ്റഡോ ആണെങ്കിൽപ്പോലും ചില്ല് പൊട്ടി അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
നിർമാണസമയത്ത് സിലിക്കയിൽ ചെറിയ അളവിൽ മാലിന്യമുണ്ടെങ്കിൽപ്പോലും ഗ്ലാസിന്റെ ഈടിനെ ബാധിക്കാം. പലപ്പോഴും കാരണമില്ലാതെ ഗ്ലാസ് പൊട്ടുന്നതിന്റെ പിന്നിൽ ഇത്തരം മാലിന്യങ്ങളാണ്. ചൂട് കൂടി നിൽക്കുമ്പോൾ മഴ പെയ്തോ മറ്റോ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ അപകടങ്ങൾ ഉണ്ടാക്കാം.
ശരിയായ സ്ഥലത്തല്ല ഗ്ലാസ് സ്ഥാപിക്കുന്നതെങ്കിൽ വീടിനുള്ളിൽ ചൂട് കൂടും എന്നതിന് യാതൊരു സംശയവുമില്ല. രാവിലെ കിഴക്കുനിന്ന് ചൂടുകുറഞ്ഞ വെളിച്ചമാണ് കിട്ടുക. ഉച്ച കഴിയുമ്പോൾ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നിന്നു വരുന്ന വെയിലിന് ചൂട് കൂടും. അതേസമയം തെക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് കൂടുതൽ കിട്ടുന്നത്. അതുകൊണ്ടുതന്നെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഗ്ലാസ് സ്ഥാപിക്കുകയാണെങ്കിൽ ചൂട് കുറയ്ക്കാനുള്ള പരിഹാരങ്ങളും ഒപ്പം തന്നെ നോക്കണം.
പതിവിൽ കൂടുതൽ വെന്റിലേഷനും ക്രോസ് വെന്റിലേഷനും കൊടുത്ത് ഗ്ലാസിടുന്നതിന്റെ പ്രശ്നം പരിഹരിക്കാം. പൂർണമായി ശീതീകരിച്ച വീടല്ലെങ്കിൽ ഫിക്സഡ് ഗ്ലാസ് കൊണ്ട് ഭിത്തി നിർമിക്കാതിരിക്കുന്നതാണ് നല്ലത്. തുറക്കാവുന്ന ജനലുകളുടെയോ വെന്റിലേറ്ററുകളുടെയോ കൂട്ടത്തിനിടയിൽ ഒന്നോ രണ്ടോ ഫിക്സഡ് ഗ്ലാസ് ജനാലകൾ കൊടുക്കുന്നതിൽ തെറ്റില്ല. ഗ്ലാസ് ഭിത്തിയോ സീലിങ്ങോ ഉള്ള മുറിയിൽ പതിവിൽ കൂടുതൽ വെന്റിലേറ്ററുകൾ കൊടുക്കാൻ ശ്രദ്ധിക്കണം.
മേൽക്കൂരയിൽ ഗ്ലാസ് ഇടുമ്പോഴും ചൂടിനെ അകത്തേക്കു ക്ഷണിച്ചുവരുത്തുകയാകും. ഗ്ലാസ് സീലിങ് നിർമിക്കുമ്പോൾ സീലിങ്ങിനും ഗ്ലാസ്സിനുമിടയിൽ വിടവ് ഇട്ട് ചൂടു വായുവിന് പുറത്തുപോകാനുള്ള മാർഗം ഉണ്ടാക്കിക്കൊടുക്കണം. അല്ലെങ്കിൽ ഗ്ലാസ് അകത്തുകയറ്റുന്നതു കൂടാതെ പുറത്തേക്കു പോകാനാകാതെ നിൽക്കുന്ന വായുവും അകത്തെ ചൂട് കൂട്ടും.
കൂളിങ് ഫിലിം ഒട്ടിച്ച ഗ്ലാസും ചൂടിനെ അകത്തേക്കു കയറ്റാതെ വെളിച്ചം മാത്രം കടത്തിവിടുന്ന UV സംരക്ഷണമുള്ള ഗ്ലാസുമെല്ലാം വിപണിയിലുണ്ട്. എന്നാൽ ഇത്തരം ഗ്ലാസുകൾ എല്ലാംതന്നെ ചെലവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്.
കോർട്‌യാർഡിന്റെ മേൽക്കൂരയുടെ നിർമാണമാണ് ഗ്ലാസ് കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം. മേൽക്കൂര വൃത്തിയാക്കാൻ ഗ്ലാസിൽ കയറേണ്ടിവരും എന്നത് മുൻകൂട്ടിക്കണ്ട് ആവശ്യമായ കനവും സംരക്ഷണവും ഉറപ്പാക്കണം. ജലാശയത്തിനു മുകളിൽ ഗ്ലാസ് ഇട്ട് അതിനു മുകളിൽ സ്വീകരണമുറി സ്ഥാപിക്കുന്നതും മുറികളുടെ നിലം ഗ്ലാസിടുന്നതുമൊക്കെ ട്രെൻഡ് ആണ്. പരിചിതമായാൽ ഗ്ലാസിനു മുകളിലൂടെ നടക്കാൻ വീട്ടുകാർക്ക് പേടി തോന്നില്ല, എന്നാൽ അതിഥികൾക്കും പ്രായമായവർക്കും ഇത് അസൗകര്യമുണ്ടാക്കും എന്നത് ഓർക്കണം.