‘ബില്ലടയ്ക്കാൻ പോയിരിക്കുകയാണ്, കട്ട് ചെയ്യരുത്’; ‘നിങ്ങളുടെ വാക്ക് വിശ്വസിച്ച് ഞങ്ങൾ മടങ്ങുന്നു’: നന്മക്കഥ വൈറൽ Water Authority shows mercy to consumer

‘ബിൽ അടയ്ക്കാൻ പോയിരിക്കുകയാണ്, കട്ട് ചെയ്യരുത്’. കഴിഞ്ഞ ദിവസം കൊല്ലം മുണ്ടയ്ക്കൽ ഭാഗത്തുള്ള ഒരു വീട്ടിലെ കുടിവെള്ള കണക്‌ഷൻ വിഛേദിക്കാൻ എത്തിയ ജല അതോറിറ്റി ജീവനക്കാർ കണ്ടത് ഈ കുറിപ്പാണ്. 2600 രൂപ കുടിശിക ആയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല, പകരം ഈ കുറിപ്പ് എഴുതി വാട്ടർ മീറ്ററിനോടു ചേർത്തു വച്ചിരിക്കുന്നതാണു കണ്ടത്. പകരം, ഉദ്യോഗസ്ഥരും ഒരു കുറിപ്പ് എഴുതി വച്ച ശേഷം മടങ്ങി. അത് ഇങ്ങനെ – ‘കൃത്യമായി ഞങ്ങൾ വിഛേദിക്കാൻ എത്തിയിരുന്നു. നിങ്ങളുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത് മടങ്ങുന്നു’.
വീട്ടുകാർ ബിൽ അടച്ച ശേഷം തിരികെ എത്തിയപ്പോഴാണു മറുപടി കുറിപ്പ് കണ്ടത്. പൈപ്പ് കണക്‌ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ കുടിവെള്ളം തടയാതെ, അങ്ങനെ ഒരു കുറിപ്പ് എഴുതി വയ്ക്കാൻ തോന്നിയ ഉദ്യോഗസ്ഥരോടു നന്ദി പറയുകയാണു വീട്ടുകാർ. മുഴുവൻ ബിൽ തുക അടയ്ക്കാൻ സാധിച്ചില്ലെങ്കിലും കുറച്ചു സമയം കൂടി ബിൽ അടയ്ക്കാൻ നീട്ടി നൽകിയതായും വീട്ടുകാർ പറഞ്ഞു.
അതേസമയം, കണക്‌ഷൻ വിഛേദിച്ചാൽ പുനഃസ്ഥാപിക്കാൻ കാലതാമസം ഉണ്ടാകും എന്നതിനാലും ബിൽ അടയ്ക്കാൻ പോയതാണെന്നു കുറിപ്പ് എഴുതി വച്ചതിനാലുമാണ് അന്ന് ഓഫിസ് സമയം അവസാനിക്കുന്ന വരെ മാനുഷിക പരിഗണന നൽകി സമയം അനുവദിച്ചതെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.