Monday 10 June 2019 04:13 PM IST : By സ്വന്തം ലേഖകൻ

ടെറാക്കോട്ടയുടെ പുതിയ മുഖം! വരുമാനം ‘ചുട്ടെടുത്ത്’ ബിദുല

bidula

ടെറാക്കോട്ട ഉൽപന്നങ്ങളിൽ പുതുമ പരീക്ഷിക്കുകയാണ് കോഴിക്കോട് എലത്തൂർ സ്വദേശി ബിദുല. പോട്ടറി, ശിൽപങ്ങൾ, ക്യൂരിയോസ്, ലാംപ് ഷേഡ് എന്നിങ്ങനെ വീടും റിസോർട്ടും അലങ്കരിക്കാനുള്ള ഉൽപന്നങ്ങൾ ബിദുലയുടെ കരവിരുതിൽ വിരിയുന്നു.

b2

‘‘അദ്ഭുതങ്ങള്‍ തീർക്കുന്ന ഉൽപന്നമാണ് ടെറാക്കോട്ട. ഏത് രൂപത്തിലേക്കും മാറാനുള്ള മണ്ണിന്റെ കഴിവു തന്നെയാണ് ഈ അദ്ഭുതത്തിനു പിന്നിൽ. വീടുകളും റിസോർട്ടുകളും അലങ്കരിക്കാൻ ടെറാക്കോട്ട ശിൽപങ്ങളും പോട്ടറിയും ധാരാളമായി ഉപയോഗിക്കുന്നു. പോട്ടറിക്കും ലാംപ്ഷേഡിനുമാണ് ഏറ്റവും കൂടുതൽ‌ ആവശ്യക്കാരുള്ളത്,’’ ബിദുല പറയുന്നു.

b1

ചെറുപ്പം മുതൽ ശിൽപങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും നിർമാണത്തിൽ താൽപര്യമുണ്ടായിരുന്ന ബിദുല കർണാടകയില്‍ നിന്ന് പോട്ടറി കോഴ്സ് കഴിഞ്ഞ ശേഷമാണ് വ്യാവസായികാടിസ്ഥാനത്തിൽ ടെറാക്കോട്ട ഉൽപന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചത്. വീട്ടിൽ തന്നെ നിർമാണ യൂണിറ്റ് ഒരുക്കി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആവശ്യക്കാർ എത്തുന്നു. ആർക്കിടെക്ടുമാരും ഡിസൈനർമാരും ആണ് പ്രധാന ആവശ്യക്കാർ. ആവശ്യമുള്ള ഉൽപന്നത്തിന്റെ സ്കെച്ചിനനുസരിച്ച് ഡിസൈൻ ചെയ്തു നൽകും. അകത്തളവും മുറ്റവും അലങ്കരിക്കാനിഷ്ടപ്പെടുന്നവർ ഉൽപന്നത്തിന്റെ മാതൃക പറഞ്ഞും ഒാർഡർ ചെയ്യും.

വീടുകളില്‍ ടെറാക്കോട്ട ഉൽപന്നം ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണം എന്താണ് എന്ന ചോദ്യത്തിനുള്ള ബിദുലയുടെ മറുപടി ഇതായിരുന്നു.

‘‘പഴയ വീടുകളി‍ലെ അകത്തളങ്ങളിൽ വലിയ മൺഭരണികൾ വച്ചിരുന്നത് അലങ്കാരത്തിനു മാത്രമല്ല. വീടിനകം തണുപ്പിക്കാന്‍ ഇവ സഹായിക്കുന്നു. ഈർപ്പം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവാണ് ഇതിന് കാരണം. ടെറാക്കോട്ട ഉൽപന്നങ്ങൾ, ഇരിക്കുന്ന ഇടത്തെയും തണുപ്പിക്കും.’’

b3

നേരിട്ടു വെയിലു കൊള്ളാൻ പാടില്ലാത്തതു കൊണ്ടുതന്നെ ഉൽപന്നങ്ങൾ നല്ലപോലെ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കും. അതിനു ശേഷം 24 മണിക്കൂർ ചൂളയിൽ വയ്ക്കുന്നു. ബെംഗ‍ളൂരുവിൽ നിന്നാണ് നിര‍്‍മാണത്തിനാവശ്യമായ മണ്ണ് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടിലെ മണ്ണിനെക്കാൾ കൂടുതൽ ഫിനിഷിങ്ങും പോട്ടറിക്ക് അവയുടെ സൗന്ദര്യത്തിനനുസരിച്ച നിറവും അവിടത്തെ മണ്ണിൽ നിന്ന് ലഭിക്കുന്നു. വിവിധ വലുപ്പത്തിലും ഡിസൈനിലുമുള്ള ലാംപ്ഷേഡുകളിലാണ് ഇപ്പോൾ ബിദുല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒപ്പം പോട്ടറിയും.

ടെറാക്കോട്ട ഇഷ്ടപ്പെട്ടു വരുന്നവർക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്ഥാപനമാണ് ബിദുലയുടെ സ്വപ്നം. ■