Friday 06 December 2019 04:33 PM IST : By സ്വന്തം ലേഖകൻ

കാറ്റും കാഴ്ചയും വേണോ കള്ളനെ കുടുക്കണോ? ജനലഴികളിൽ ജാലം കാട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

window

ഏതിനം അഴിയും മുറിക്കാനുള്ള സാങ്കേതികവിദ്യ കള്ളൻമാരുടെ പക്കലുണ്ട് എന്ന സത്യം പൊതുജനം അംഗീകരിച്ചതോടെ ജനലഴികളിൽ വിപ്ലവം വന്നു. ലളിതമായ ഡിസൈനുള്ള ജനലഴികൾ ട്രെൻഡ് ആയി.

ഒന്നുകിൽ തിരശ്ചീനമായി മാത്രം (Horizontal) അല്ലെങ്കിൽ ലംബമായി മാത്രം (Vertical)... ഇത്തരത്തിൽ ലളിതമായാണ് പുതിയ വീടുകളിലെ ജനലഴികൾ. ജനൽകമ്പികൾ ഏതെങ്കിലും ഒരുവശത്തേക്കുമാത്രം നൽകുന്നതാണ് വീടിനുള്ളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കാഴ്ചയും കിട്ടാൻ നല്ലത്. വൃത്തിയാക്കാനും പെയിന്റ് ചെയ്യാനുമെല്ലാം എളുപ്പവുമാണ്.

ബലം ചതുരത്തിന്

ഉരുണ്ട ജിഐ കമ്പികൾ, സമചതുരാകൃതിയുള്ള സോളിഡ് റോഡുകൾ, സമചതുരാകൃതിയായ ഹോളോ പൈപ്പുകൾ, വീതി കൂടുതലുള്ള ജിഐ ഹോളോ പൈപ്പുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്വയർ പൈപ്പുകൾ എന്നിങ്ങനെ പല വീതിയിലും കനത്തിലുമുള്ള ലോഹക്കമ്പികൾ ജനലിനു വേണ്ടി ലഭിക്കും. 16 എംഎം, 20എംഎം, 25എംഎം എന്നിങ്ങനെയാണ് അളവുകൾ. ഒരു സ്ക്വയർ ഇഞ്ച് പൈപ്പ് ആണ് ചതുരക്കമ്പികളിൽ സാധാരണയായി ഉപയോഗിക്കുന്നത്. ഉരുണ്ട കമ്പികളെക്കാൾ ബലം ചതുരക്കമ്പികൾക്കാണ്. പരമ്പരാഗതശൈലിയിലുള്ള വീടുകൾക്ക് മോടികൂട്ടാൻ തടി ഉരുട്ടിയോ ചതുരത്തിലോ ജനലഴി നിർമിക്കാം.

window-2

ഉറപ്പ് കൂട്ടാൻ വഴിയുണ്ട്

പുറത്തേക്കുള്ള കാഴ്ച കൂടുതൽ കിട്ടാൻ ജനലിൽ ലംബമായി മാത്രം കമ്പികൾ സ്ഥാപിക്കുന്നതാണ് കൂടുതൽപേർ ഇഷ്ടപ്പെടുന്നത്. ജനൽ കമ്പികൾ ഏതെങ്കിലും ഒരു ഭാഗത്തേക്കു മാത്രം ഇടുന്നത് സുരക്ഷിതമാണോ എന്ന ആശങ്ക ഉണ്ടാകാം. തടികൊണ്ടുള്ള ജനൽ ചട്ടത്തിന്റെ രണ്ട് ഭാഗത്തും പകുതിയോളം ആഴത്തിലാണ് സാധാരണയായി ജനൽകമ്പി ഉറപ്പിക്കുക. കമ്പി വളയ്ക്കാനും പിഴുതുമാറ്റാനും എളുപ്പമാണ് എന്നതാണ് ന്യൂനത. ജനൽ ചട്ടത്തിനു പുറത്തേക്ക് നീട്ടിയിട്ട്, കമ്പികൾ എല്ലാം പൊതുവായ ഒരു ഇരുമ്പുപട്ടയിൽ വെൽഡ് ചെയ്തു പിടിപ്പിച്ചശേഷം സ്ഥാപിച്ചാൽ എളുപ്പത്തിൽ വളയ്ക്കാനോ പിഴുതെടുക്കാനോ സാധിക്കില്ല.

കമ്പികൾ നേരിട്ട് കോൺക്രീറ്റിൽ ഉറപ്പിക്കുന്നതാണ് ഏറ്റവും സുരക്ഷിതമാർഗം. ജനൽ വാതിൽ പിടിപ്പിക്കാനുള്ള സൗകര്യാർഥമാണ് മിക്കവരും തടിച്ചട്ടം തിരഞ്ഞെടുക്കുന്നത്.

window-1

അഴികളുടെ ഉള്ള് പൊള്ളയാണെങ്കിൽ ഈർപ്പമിറങ്ങി ക്രമേണ തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. അഴികളുടെ രണ്ടു വശവും വെൽഡ് ചെയ്ത് അടച്ചശേഷം ഉറപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കാം.