Monday 04 May 2020 04:37 PM IST : By സ്വന്തം ലേഖകൻ

പക്കം നോക്കി മുറിച്ചു, ഏഴു മാസത്തോളം ചെളിയിൽ താഴ്ത്തിയിട്ടു; അസുഖങ്ങളെ പമ്പ കടത്തും തടി കുറുമ്പനാടത്തെ വീട്ടിൽ ഉപയോഗിച്ചത് ഇങ്ങനെ...

1N

വാതദോഷവും ശരീരവേദനയുമൊക്കെ  മാറ്റാൻ കാഞ്ഞിരത്തിനു കഴിവുണ്ടെന്നാണ്  പഴമക്കാരുടെ വിശ്വാസം. എല്ലുമുറിയെ പണിയെടുത്ത ശേഷം നീണ്ടു നിവർന്നു കിടക്കാൻ കാഞ്ഞിരത്തടി കൊണ്ടുള്ള കട്ടിൽ തിരഞ്ഞെടുത്തിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഏതായാലും പൂർവികർ പകർന്നു തന്ന ഈ അറിവ് സ്വന്തം വീട്ടിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് ചങ്ങനാശ്ശേരി കുറുമ്പനാടം ചെത്തിപ്പുഴ വീട്ടിൽ സി.ജെ. ഐസക്. ഇവിടത്തെ കട്ടിൽ മാത്രമല്ല, സ്റ്റെയർകെയ്സും കിടപ്പുമുറികളുടെ തറയും നിർമിച്ചിരിക്കുന്നത് കാഞ്ഞിരത്തടി കൊണ്ടാണ്.

2N


നാട്ടിലെ തന്നെ ഒരു പറമ്പിലുണ്ടായിരുന്ന 135 ഇഞ്ച് വണ്ണമുള്ള കാഞ്ഞിരമാണ് ഇതിനായി വാങ്ങിയത്.  200 വർഷത്തിലേറെയായിരുന്നു ഈ മരത്തിന്റെ പ്രായം. പക്കം നോക്കി മരം മുറിച്ച ശേഷം തടി ചെളിവെള്ളത്തിൽ ഏഴ് മാസത്തോളം താഴ്ത്തിയിട്ടു. തടി ട്രീറ്റ് ചെയ്യുന്നതിനുള്ള പരമ്പരാഗത മാർഗമാണിത്. അതിനു ശേഷം ആവശ്യമായ അളവിൽ തടി അറപ്പിച്ചെടുത്തു.അഞ്ച് അടി നീളവും അഞ്ചിഞ്ച് വീതിയും ഒന്നേകാൽ ഇഞ്ച് കനവുമുള്ള പലകകളാണ് തറയിൽ വിരിക്കാൻ ഉപയോഗിച്ചത്. തടിയിൽ ഗ്രൂ വെട്ടിയ ശേഷം സ്ക്രൂ ഉപയോഗിച്ച് തറയിൽ ഉറപ്പിക്കുകയായിരുന്നു. ചിതലിന്റെ ശല്യം ഉണ്ടാകാതിരിക്കാൻ കോൺക്രീറ്റിനു മുകളിൽ കരിഞ്ഞോട്ടയില വിരിച്ച ശേഷം ഫോം ഷീറ്റ് വിരിച്ചു. അതിനു മുകളിൽ ഏഴ് കൂട്ടം ഔഷധസസ്യങ്ങളുടെ ഇലകൾ നിരത്തിയ ശേഷമാണ് തടി ഉറപ്പിച്ചത്. തനിമ നഷ്ടപ്പെടാതിരിക്കാനായി ഇത് പോളിഷ് ചെയ്തിട്ടില്ല.
നല്ല മൂപ്പെത്തിയ തടി തന്നെ ഉപയോഗിക്കണം എന്നതാണ് ഐസക്കിന് നൽകാനുള്ള ഉപദേശം. തടിക്ക് അധികം വില ആകില്ല. പക്ഷേ, പണിക്കൂലി അൽപം കൂടുതലാകും. എല്ലാ പണിക്കാരും കാഞ്ഞിരത്തടിയിൽ പണിയില്ല. തടി മുറിക്കുമ്പോൾ ആമാശയം വരെ കയ്ക്കുമെന്നതാണ് കാരണം. ചതുരശ്രയടിക്ക് ഏകദേശം 150 രൂപ നിരക്കിലാണ് ഫ്ലോറിങ്ങിന് ചെലവ് വന്നത്. രണ്ട് വർഷമായി വീട് പൂർത്തിയായിട്ട്. വാതത്തിനും ഹൃദ്രോഗത്തിനും വളരെ ആശ്വാസമുണ്ടെന്നാണ് ഐസക്കിന്റെ നേരനുഭവം. മഴക്കാലത്തുപോലും ഒട്ടും തണുപ്പുണ്ടാകില്ല എന്നതാണ് കാഞ്ഞിരത്തടിയുടെ പ്രത്യേകത. അതിനാൽ പ്രായമായവർക്ക് ചവിട്ടി നടക്കാൻ പ്രയാസമുണ്ടാകില്ല.