Monday 04 July 2022 02:59 PM IST : By സ്വന്തം ലേഖകൻ

കിണർ കുഴിക്കാൻ അനുമതി വേണോ?

well 1

കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം (2019) പ്രകാരം പുരയിടത്തിൽ കിണർ കുഴിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതി വേണം. പഞ്ചായത്തിൽ മാത്രമല്ല, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും ഈ നിയമം ബാധകമാണ്. കുഴൽക്കിണർ മാത്രല്ല, സാധാരണ കിണർ കുഴിക്കാനും അനുമതി വേണം എന്നാണ് നിയമം.

കെട്ടിടം നിർമിക്കാനുള്ള ബിൽഡിങ് പെർമിറ്റിന് അപേക്ഷിക്കുന്ന അതേ ഫോമിലാണ് (അനുബന്ധം എ വൺ) കിണർ പെർമിറ്റിനുള്ള അപേക്ഷയും നൽകേണ്ടത്. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, സൈറ്റ് പ്ലാൻ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം നൽകണം. കിണർ കുഴിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഏഴര മീറ്റർ ചുറ്റളവിലുള്ള നിർമിതികൾ സൈറ്റ് പ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം. ഈ ദൂരപരിധിക്കുള്ളിൽ സെപ്ടിക് ടാങ്ക് പോലെയുള്ളവ ഉണ്ടാകാൻ പാടില്ല. വസ്തുവിന്റെ അതിരിൽ നിന്നും 1.2 മീറ്റർ മാറിയായിരിക്കണം കിണർ. പൊതുമരാമത്ത് വകുപ്പ് വിജ്ഞാപനം ചെയ്ത റോഡിൽ നിന്ന് മൂന്ന് മീറ്ററും അതല്ലാത്ത റോ‍‍ഡിൽ നിന്ന് രണ്ട് മീറ്ററും അകലം പാലിച്ചേ കിണർ കുഴിക്കാൻ പാടുള്ളൂ. കിണറിനു ചുറ്റും ഒരു മീറ്റർ പൊക്കത്തിൽ ചുറ്റുമതിൽ ഉണ്ടാകണം.

ഭൂജല വകുപ്പിൽ നിന്നുള്ള എൻഒസി സഹിതം വേണം കുഴൽക്കിണറിന് അനുമതി തേടാൻ. രേഖകൾ കൃത്യമാണെങ്കിൽ അപേക്ഷിച്ച അന്നു തന്നെ അനുമതി നൽകണം എന്നാണു നിയമം.

20 രൂപയാണ് അപേക്ഷാ ഫീസ്. 20 രൂപ പെർമിറ്റ് ഫീസും നൽകണം.