Monday 23 August 2021 04:29 PM IST : By സ്വന്തം ലേഖകൻ

ജാഡകളൊന്നുമില്ലാത്ത സിംപിൾ വീട്; കൂൾ മൂഡിൽ ഒരു കന്റെംപ്രറി ഹോം

sin1

അധികം ജാഡയൊന്നും ഇല്ലാതെ നേരെ വാ നേരെ പോ സ്റ്റൈലിൽ കാലത്തിനൊത്ത ഒരു വീട്.  ഉള്ളിൽ എപ്പോഴും നല്ല ‘കൂൾ മൂഡ്’ ആയിരിക്കണം. പുതിയ വീടിനെപ്പറ്റി പ്രവാസിയായ മുരളിയുടെയും വില്ലേജ് ഓഫിസർ  ആയ ബീനയുടെയും  സങ്കൽപങ്ങളുടെ കാതൽ ഈ രണ്ടു കാര്യങ്ങളായിരുന്നു. കോഴിക്കാട് രാമനാട്ടുകരയിലെ ഒൻ‌പത് സെന്റിൽ 2750  ചതുരശ്രയടിയുള്ള ഇരുനിലവീട് പൂർത്തിയായിക്കണ്ടപ്പോൾ ഇരുവരുടെയും മനസ്സ്  നിറഞ്ഞു. സ്വപ്നം കണ്ടതുപോലെ തനതായ വ്യക്തിത്വമുള്ള വീട്. ഇളംനിറങ്ങളുടെ ചാരുതയിൽ മനസ്സിനു കുളിർമ പകരുന്ന അന്തരീക്ഷം. ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കുന്നതിനാൽ ആകെപ്പാടെ നല്ല പ്രസരിപ്പ്.

sinu2

മുറികളുടെ സ്ഥാനവും ഉപയോഗവും കണക്കാക്കിയുള്ള വെന്റിലേഷൻ ക്രമീകരണങ്ങളിലൂടെയാണ് ഡിസൈനർ സോണി സൂരജ് വീട്ടുകാരാശിച്ചതുപോലെ പോസിറ്റീവ് എനർജി നിറച്ചത്. വെളിച്ചത്തെ സ്വീകരിക്കാനുള്ള ശ്രമം വീടിന്റെ മുൻഭാഗത്തുള്ള ടഫൻഡ് ഗ്ലാസ് ചുമരിൽ നിന്നു തന്നെ തുടങ്ങുന്നു. ഫോർമൽ ലിവിങ്ങിനോടു ചേർന്നുള്ള ഈ ഭാഗത്ത് കട്ടകൊണ്ടുള്ള ഭിത്തി ഒഴിവാക്കി ഗ്ലാസ് നൽകിയതു വഴി ഉള്ളിലേക്ക് വെളിച്ചം കടക്കും. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ല തെളിച്ചമുള്ള അവസ്ഥ ആരിലും ഉണർവു പകരും. ഫോർമൽ ലിവിങ്ങിനു ലിവിങ് സ്പേസിനും മധ്യത്തിലായി ഇരട്ടിപ്പൊക്കത്തിലുള്ള കോർട്‌യാർഡ് സ്പേസ് ആണ് വെളിച്ചം എത്തിക്കുന്ന രണ്ടാമൻ. ഇതിന്റെ മുകൾഭാഗത്ത് ലൂവറുകൾ പിടിപ്പിച്ചതിനാൽ ചൂടുവായു ഇതുവഴി പുറത്തു പോകുകയും ചെയ്യും.

sinu4

പൂജാമുറിയോട് ചേർന്നാണ് വെളിച്ചത്തെയും കാറ്റിനെയും വരവേൽക്കുന്ന മൂന്നാമന്റെ സ്ഥാനം. ഇവിടെയുള്ള ചെറിയ കോർട്‌യാർഡിലും വെളിച്ചം കടക്കാനും കാറ്റ് കയറിയിറങ്ങാനുമുള്ള വെന്റിലേഷൻ‍ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തടികൊണ്ടുള്ള വലിയ ജനാലകളും യുപിവിസിയുടെ ചെറിയ ജനാലകളുമാണ് ഇക്കൂട്ടത്തിൽ അടുത്തത്. ഓരോ മുറിയുടെയും വലുപ്പവും ഉപയോഗവുമനുസരിച്ച് കൃത്യമായ ഇടങ്ങളിൽ ഇവ സ്ഥാനം പിടിച്ചിരിക്കുന്നു. വലിയ ജനാലകളിൽ റോമൻ ബ്ലൈൻ‍ഡ് നൽകിയതിനാൽ വെളിച്ചത്തിന്റെ അളവ് നിയന്ത്രിക്കാനുമാകും.

sinu3

ഫ്രീയായി കിട്ടുന്ന കാറ്റും സൂര്യപ്രകാശവുമുള്ളപ്പോൾ വീടിനു പ്രസരിപ്പു നൽകാൻ മറ്റു വഴികൾ അന്വേഷിക്കേണ്ട എന്നു പറയാതെ പറയുകയാണ് രാമനാട്ടുകരയിലെ 'കേശവം ' എന്ന വീട്.

sinu5

വിശദാംശങ്ങൾ

സ്ഥലം: രാമനാട്ടുകര, കോഴിക്കോട്

വിസ്തീർണം: 2750 ചതുരശ്രയടി

പ്ലോട്ട്: ഒൻ‌പത് സെന്റ്

ഡിസൈൻ: സോണി സൂരജ്, ക്യാപ്പെല്ലിൻ പ്രൊജക്റ്റ്‌സ്, കോഴിക്കോട് 

email - info@capellinprojects.com