മിലൻ ഡിസൈൻ. വസ്ത്ര വ്യാപാര രംഗത്തെ തിളക്കമുള്ള പേര്. ചുരുങ്ങിയ കാലയളവിൽ മിലൻ നേടിയ വിജയത്തോട് ചേർത്തു വയ്ക്കാൻ ഒരു പേരേയുള്ളൂ. ഷേർളി റെജിമോൻ.
കൊച്ചി കോൺവന്റ് ജംക്‌ഷനിലെ അപാർട്മെന്റിൽ തിരക്കുകൾക്കിടെ വീണു കിട്ടിയ നിമിഷങ്ങളിൽ ഷേർളി വീട്ടുവിശേഷങ്ങൾ പങ്കുവച്ചു.
‘‘2013 ലാണ് ഈ അപാർട്മെന്റ് വാങ്ങുന്നത്. കടയുടെ അടുത്താണ് എന്നതായിരുന്നു ആകർഷണം. അത്യാവശ്യം ഫർണിഷിങ് ചെയ്ത ഫ്ലാറ്റായിരുന്നു. 2015ൽ മകളുടെ കല്യാണത്തോടനുബന്ധിച്ച് ഫ്ലാറ്റ് ഒന്നു മോടി പിടിപ്പിക്കാൻ തീരുമാനിച്ചു. ഡിസൈനർ ശ്രീജിത് പത്തങ്ങളിൽ ആണ് ഇന്റീരിയർ ഒരുക്കിയത്. അപാർട്മെന്റിനെ ശ്രീജിത് അടിമുടി മാറ്റിയെടുത്തു എന്നു പറയാം. ഇടങ്ങൾ കൂടുതൽ ഓപ്പൻ ആയി.
മുന്നിലെ ഓഫിസ് സ്പേസ് ഡൈനിങ് റൂമായി. ഈ വീട്ടിൽ കയറി വരുന്നത് ഡൈനിങ് റൂമിലേക്കാണ്. അതു ഞങ്ങൾക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല. ഡൈനിങ് നന്നായി സജ്ജീകരിച്ചാൽ അതൊരു പ്രശ്നമേയല്ല. നേരത്തെ ഡൈനിങ്ങും ലിവിങ്ങും ഒരുമിച്ചായിരുന്നു. ഡൈനിങ്ങിനെ മാറ്റി ലിവിങ് സ്പേസ് വലുതാക്കിയെടുത്തു. സന്ദർശകർ ഒട്ടേറെ വരുന്നതിനാൽ ഞങ്ങൾക്ക് അതായിരുന്നു ആവശ്യം. കിടപ്പുമുറികളോടു ചേർന്നുള്ള ബാൽക്കണികൾ കൂട്ടിയെടുക്കുക തുടങ്ങി മറ്റു പല മാറ്റങ്ങളും അന്നു വരുത്തി.
ഇംഗ്ലിഷ് ഇന്റീരിയർ
യൂറോപ്യൻ ശൈലിയിലുള്ള ഇന്റീരിയറിനോടാണ് എനിക്കു താൽപര്യം. അങ്ങനെയാണ് ഫ്ലാറ്റ് ഒരുക്കിയത്. ഇന്റീരിയർ ചെയ്തപ്പോഴുള്ള ഒരു സംഭവം ഓർമ വരുന്നു. റസ്റ്റിക് ഫിനിഷിനോട് എനിക്ക് അത്ര താല്പര്യമില്ല. ഒരു ദിവസം ഞങ്ങൾ നോക്കുമ്പോൾ വാതിലിന് റസ്റ്റിക് ഫിനിഷ് നൽകിയിട്ടുണ്ട്. ആശയവിനിമയത്തിലെ അപാകത മൂലം സംഭവിച്ചതാണ്. റസ്റ്റിക്കിനോടുള്ള എന്റെ ഇഷ്ടക്കേട് ശ്രീജിത് അപ്പോഴാണറിയുന്നത്. അതോടെ അതു മാറ്റി. ഞങ്ങളുടെ ഇഷ്ടം കൃത്യമായി മനസ്സിലാക്കിയ ശ്രീജിത് അതനുസരിച്ച് ഫ്ലാറ്റ് ഒരുക്കിത്തന്നു.
സത്യത്തിൽ ഈ ഫ്ലാറ്റ് വാങ്ങുമ്പോൾ ഇതിനോട് ചേർന്നുള്ള ഫ്ലാറ്റ് കൂടി വാങ്ങാം എന്ന ഉദ്ദേശ്യത്തിലായിരുന്നു. എന്നാൽ അവർ പിന്നീട് അതു വിൽക്കുന്നില്ല എന്നു തീരുമാനിച്ചു. ആളു കൂടുമ്പോൾ സ്ഥലപരിമിതി ഒരു പ്രശ്നം തന്നെയാണ്. മക്കളുടെ കല്യാണസമയത്ത് ഇവിടെ തന്നെ മറ്റൊരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതു കൊണ്ട് എളുപ്പമായി.
ഒരു മാറ്റം വേണ്ടേ?
ഈയടുത്തയിടെ ഇന്റീരിയറിൽ കുറച്ചു മാറ്റങ്ങൾ ആവാം എന്നു തോന്നി. അതിനു പ്രധാന കാരണം കൊച്ചുമോന്റെ കുറുമ്പിന്റെ അടയാളങ്ങൾ വീട്ടിലെമ്പാടും പതിഞ്ഞു തുടങ്ങിയതാണ്. ഓഫ്‌വൈറ്റ് നിറത്തിലായിരുന്നു സോഫയും മറ്റും. അപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ.
വെള്ളയൊന്നു മാറ്റിപിടിക്കാം എന്നു കരുതി. പച്ച, ഓറഞ്ച് നിറങ്ങളോട് ഒരിഷ്ടം തോന്നി. അങ്ങനെ പച്ച നിറത്തിൽ സോഫയും ഓറഞ്ച് നിറത്തിലുള്ള ഇരിപ്പിടവുമൊക്കെ നൽകി. ഡിസൈനർ സ്വർണിമ ജയരാജാണ് ഈ മാറ്റങ്ങൾ സാധ്യമാക്കിയത്. അതോടൊപ്പം ഇന്റീരിയറിനെ ചെറുതായി ട്രോപ്പിക്കൽ ശൈലിയിലേക്കും മാറ്റി. ഇടയ്ക്കൊക്കെ ഒരു മാറ്റം നല്ലതാണല്ലോ.
അലങ്കാരങ്ങൾ കുറച്ചു മതി
വളരെ കുറച്ച് അലങ്കാരങ്ങൾ നൽകുന്നതാണ് ഇഷ്ടം. വീട്ടിനുള്ളിൽ സാധനങ്ങൾ കുത്തി നിറയ്ക്കുന്നതിനോട് താൽപര്യമില്ല. തിരക്കിനിടയിൽ പരിപാലിക്കാനും അതാണെളുപ്പം. സാധാരണ ക്രിസ്മസിന് ഞാൻ വീടൊരുക്കാറുണ്ട്. ഇത്തവണ തിരക്ക് മൂലം അതും സ്വർണിമയെ ഏൽപിക്കുകയായിരുന്നു.
റാന്നിയിലെ കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള വീടാണ്. അതുകൊണ്ടു തന്നെ ചെടികൾ എനിക്ക് ദൗർബല്യവും ഗൃഹാതുരതയുമൊക്കെയാണ്. ഇവിടെ ഫ്ലാറ്റിനുള്ളിലും പുറത്തും പറ്റാവുന്ന പോലെ ചെടികൾ വച്ചാണ് ആ കൊതി തീർക്കുന്നത്.
കർട്ടനും കുഷനുമെല്ലാം നേരിട്ട് മുംബൈയിൽ നിന്ന് വാങ്ങും. അവ ഇടയ്ക്കിടെ മാറ്റുന്നത് എന്റെ ഹോബിയാണ്. എർത്തി ഷേഡിലുള്ള ഫർണിഷിങ്ങിനോടാണ് താല്പര്യം. തിരക്ക് പിടിച്ച ദിവസത്തിനൊടുവിൽ വീട്ടിലെത്തുമ്പോൾ കണ്ണിന് കുളിർമ ലഭിക്കണമെന്നതാണ് എന്റെ നയം. അതിന് എർത്തി നിറങ്ങളും പച്ചപ്പും സഹായിക്കും.
ഈ വീട്ടിലെ എന്റെ ഇഷ്ട ഇടങ്ങൾ ബാൽക്കണിയും ഞങ്ങളുടെ കിടപ്പുമുറിയുമാണ്. ബിസിനസ് സംബന്ധമായി ഒട്ടേറെ യാത്രകളുണ്ടാകാറുണ്ട്. എവിടെ പോയാലും തിരിച്ച് വീട്ടിലെത്തി ഈ ബാൽക്കണിയിലിരുന്ന് ഒരു കാപ്പി കുടിച്ചാലേ എനിക്ക് സമാധാനമുള്ളൂ. നമുക്ക് ശാന്തിയേകുന്ന ഇടമാകണം വീട്. നിറയെ കാറ്റുള്ള ഈ ബാൽക്കണിയിലിരുന്നാൽ കടൽ കാണാം. രാവിലെയും വൈകുന്നേരവും കാപ്പികുടി ഇവിടെയാണ്. പ്രധാന ഭക്ഷണം മാത്രമേ ഡൈനിങ് റൂമിൽ കഴിക്കാറുള്ളൂ. അതിഥികൾക്കുള്ള ലഘുഭക്ഷണവും ഇവിടെത്തന്നെയാണ്. അത്രയക്കും പ്രിയപ്പെട്ടതാണ് ഈ ബാൽക്കണി.
രാത്രിയിൽ കപ്പലുകൾ കാണാം കടലിൽ. അതുകൊണ്ടു ത ന്നെ ഓരോ ദിവസവും കാഴ്ചകൾ മാറിക്കൊണ്ടിരിക്കും. ഒരേ കാഴ്ചയുടെ മടുപ്പില്ല. ഇവിടെ പലരും ബാൽക്കണി ഗ്രില്ലിട്ടും മറ്റും മറച്ചിട്ടുണ്ട്. ഇത്രയും നല്ല കാഴ്ചയുണ്ടായിട്ടും ഇവരതൊന്നും പ്രയോജനപ്പെടുത്തുന്നില്ലല്ലോ എന്നു തോന്നാറുണ്ട്.
പുതിയ വീടു വയ്ക്കാനുള്ള ഒരുക്കത്തിലാണ്. പ്ലാൻ തയാറായിക്കഴിഞ്ഞു. മിലന്റെ നാലാമത് ഷോറൂമിന്റെ പണി നടക്കുകയാണ്. അതു പൂർത്തിയായാലുടൻ വീടുപണി ആരംഭിക്കും. ക്രിസ്ത്യൻ തറവാടുകളുടെ മാതൃകയിലാകും വീട്. അവിടെയും പച്ച–തടി–ബെയ്ജ് എന്ന എന്റെ ഇഷ്ട നിറക്കൂട്ടാകും എന്നെയും കാത്തിരിക്കുക.