Thursday 26 August 2021 12:02 PM IST : By സ്വന്തം ലേഖകൻ

മേൽക്കൂരയ്ക്ക് പുതുതിളക്കം; ട്രെൻഡാണ് ഭാരം കുറഞ്ഞ നാനോ സെറാമിക് ടൈൽ

roof1

കോൺക്രീറ്റ് വീടുകളിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചാവണം, പുതിയ കാലത്ത് ഓടിട്ട വീടുകൾ കൂടുന്നുണ്ട്. ചൂട് കുറവാണെന്ന ഒറ്റ കാരണം മതിയല്ലോ റൂഫിങ് ക്ലേ ടൈലുകളോട് പ്രണയം തോന്നാൻ. ട്രെഡീഷനൽ സ്റ്റൈൽ‌ വീടുകളുടെ തിരിച്ചുവരവിന്റെ കാലമാണിപ്പോൾ. അതുകൊണ്ടു തന്നെ റൂഫിങ് ക്ലേ ടൈലുകൾക്ക് ആവശ്യക്കാരും കൂടി. അപ്പോഴേക്കും നമ്മുടെ നാട്ടിലെ പല ഓട് ഫാക്ടറികളും അടച്ചുപൂട്ടിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ ടൈലുകള്‍ രംഗപ്രവേശം ചെയ്യുന്നത്. സാധാരണ ഓടുകളുടെ ന്യൂനതകൾ പലതും മറികടന്ന് എത്തിയതു കൊണ്ടുതന്നെ ഇത്തരം റൂഫിങ് ടൈലുകൾ പ്രിയങ്കരമായി.  
പുതിയ ടെക്നോളജിയിൽ കൂടുതൽ മികച്ചവ ട്രെൻഡിങ് ആവുന്നത് സാധാരണയാണ്. റൂഫിങ് ടൈലിന്റെ കാര്യത്തിൽ പുതിയ അവതാരം നാനോ സെറാമിക് ടൈലാണ്. സെറാമിക്കിന്റെയും പോളിമറിന്റെയും ഗുണങ്ങൾ ഒരുപോലെ ലഭിക്കുന്നു എന്നതാണ് മെച്ചം. അതുകൊണ്ടു തന്നെ നിലവിൽ ലഭിക്കുന്ന മറ്റു റൂഫിങ് ടൈലുകളുടെ പ്രധാന ന്യൂനതകളെ ഇവ മറികടക്കുന്നുവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.


വെള്ളം വലിച്ചെടുക്കില്ല
വെള്ളം വലിച്ചെടുക്കുന്നു എന്നതാണ് സാധാരണ ഓടുകളുടെ പ്രധാന പ്രശ്നം. ഒരു ഓട് ഏകദേശം 80 മില്ലി വെള്ളം കുടിക്കും. ഇത് പൂപ്പലിനെ വിളിച്ചു വരുത്തും. കാലക്രമേണ ഓട് കേടാവുകയും പൊട്ടൽ സംഭവിക്കുകയും ചെയ്യും. വീടിനകത്ത് ചോർച്ചയും അനുഭവപ്പെടും.
നാനോ സെറാമിക് റൂഫിങ് ടൈലുകൾ വെള്ളം വലിച്ചെടുക്കില്ല. ആന്റി ഫംഗല്‍ ആണ്. സിൽവർ ഓക്സൈ‍ഡ് അടങ്ങിയതു കൊണ്ടുതന്നെ പൊടി കൊണ്ടുണ്ടാകുന്ന ഫംഗസിനും സാധ്യതയില്ല.

roof2


ഭാരം കുറവ്
സാധാരണ ഓടുകൾക്ക് രണ്ടര മുതൽ നാല് കിലോ വരെ തൂക്കമുള്ളപ്പോൾ നാനോ സെറാമിക് ടൈലിന് 400 ഗ്രാം മാത്രമാണ് ഭാരം. കൂടുതൽ ഭാരം താങ്ങാനുള്ള ട്രസ്സ് വേണ്ടെന്ന് ചുരുക്കം. സാധാരണ ഓടുകൾ ഭിത്തിയിൽ തീർക്കുന്ന ഭാരം കാലക്രമേണ ഭിത്തികൾക്ക് വിള്ളല്‍ സംഭവിക്കാൻ കാരണമാവാം.  
 സാധാരണ ഓടുകളെപ്പോലെ ചൂളയില്‍ നിന്നെടുത്ത് തണുപ്പിക്കുന്ന രീതിയിലല്ല നാനോ സെറാമിക് റൂഫിങ് ടൈലുകളുടെ നിർമാണം. ജർമൻ ടെക്നോളജിയിൽ മെഷീനിനുള്ളിൽ നിന്നു തന്നെ തണുത്ത് പുറത്തു വരുന്ന രീതിയാണ്. ഇത് ഓട് പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു. ടൈൽ വിരിക്കുമ്പോൾ പോലും മുകളിൽ കയറി നിൽക്കാൻ കഴിയും.


കാറ്റ്, മഴ, ചൂട്
പ്രകൃതിക്ഷോഭങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഓട് പറന്നു പോവുന്നത് സ്ഥിരം കാഴ്ചയാണ്.  അതുകൊണ്ടു തന്നെ സ്ക്രൂ ചെയ്തു വയ്ക്കേണ്ടിവരുന്നു. സാധാരണ ഓടുകൾ സ്ക്രൂ ചെയ്യാനാവില്ല.
നാനോ സെറാമിക് ടൈൽ എവിടെ വേണമെങ്കിലും എളുപ്പത്തിൽ സ്ക്രൂ ചെയ്യാന്‍ കഴിയും. രണ്ട് സ്ക്രൂകൾ കൂടാതെ ഇന്റർലോക്കിങ് സിസ്റ്റവുമുണ്ട്. നല്ല ശക്തിയുള്ള കാറ്റിലും ഇവയ്ക്ക് പിടിച്ചു നിൽക്കാനാകും. ഇടക്ക് കാറ്റ് കടന്നു പോവാനുള്ള വിടവുകളും ഉണ്ട്.
സാധാരണ ഓടുകളേക്കാൾ 40% ചൂട് കുറക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. മേൽക്കൂര ഷീറ്റ് കൊണ്ട് നിർമിച്ചാലുള്ള പ്രധാന പ്രശ്നം മഴ പെയ്യുമ്പോഴുള്ള അരോചക ശബ്ദമാണ്.  നാനോ സെറാമിക് റൂഫിങ് ടൈലിന് അത്തരം പ്രശ്നങ്ങളില്ല.
പോളിമർ പൂളിൽ‌ സെറാമിക്കിനെ നാനോ പാർട്ടിക്കിൾസ് ആക്കി മാറ്റി മിനറൽസും ചേർത്താണ് നിർമിച്ചെടുക്കുന്നത്. സെറാമിക്കിന്റെയും പോളിമറിന്റെയും ഗുണങ്ങൾ ഉണ്ട്. കൂടാതെ, പൊട്ടിപ്പോവുന്നു എന്ന സെറാമിക്കിന്റെ പോരായ്മയില്ല. നിറം പോവില്ല. 20 വർഷം മാനുഫാക്ചറിങ് വാറണ്ടി കമ്പനി നൽകുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമല്ല എന്നത് മറ്റൊരു ഗുണമാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഗ്രാനോ സെറാമിക്സ്, കൊച്ചി