ഒറ്റ നിലയിൽ 1500 ചതുരശ്രയടി വീടിനുള്ള പ്ലാൻ ആയിരുന്നു ചാവക്കാട്ടുള്ള ഈ വീടിന്. തറയും കഴിഞ്ഞപ്പോഴാണ് ഡിസൈനറായ ഹിദായത്തിന്റെ ഇടപെടൽ ഉണ്ടായത്. പ്ലാനിൽ മാറ്റങ്ങൾ വരുത്തി രണ്ട് ബെഡ് റൂം എന്നത് മൂന്ന് അറ്റാച്ച്ഡ് കിടപ്പുമുറിയാക്കി.

വീടിന്റെ മുഴുനീളത്തിൽ ഉണ്ടായിരുന്ന സിറ്റ്ഔട്ടിനെ ചെറുതാക്കി കോർട്‌യാർഡ് കൂടി കൊടുത്തു.
കണ്ണൂരിൽ നിന്നു കൊണ്ടുവന്ന ഹുരുഡീസ് ബ്ലോക്ക് കൊണ്ടാണ് നിർമാണം. അതിനാൽ പ്ലാസ്റ്ററിങ് വേണ്ടേ വേണ്ട.

കട്ടയുടെ ഇടയ്ക്കുള്ള വരകൾ ക്ലിയറാക്കി പോയിന്റ് ചെയ്തെടുത്തപ്പോൾ ചുവന്ന കട്ടകൾക്ക് ഭംഗി കൂടി. പ്രൈമർ മാത്രം കൊടുത്ത് ഭിത്തികളെ തിളക്കമുള്ളതാക്കി. UPVC ഫാബ്രിക്കേറ്റഡ് ആയ ജനലുകൾ വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ഏകദേശം ഒന്നര ലക്ഷമാണ് ഇതിനു ചെലവു വന്നത്. മുൻവശത്തെ വാതിലിന് തടി ഉപയോഗിച്ചു.

പ്ലാൻ ആണ് വീടിനെ ഭംഗി കൂട്ടുന്ന മറ്റൊരു ഘടകം. ലിവിങ് - ഡൈനിങ് 'എൽ' ആകൃതിയിലാണ്. ഇതിനോട് തൊട്ടു ചേർന്ന് ഓപൻ കിച്ചനും. ഈ പ്ലാനിന്റെ ഭംഗിയിൽ വീടിനകത്ത് കൂടുതൽ സ്ഥലം തോന്നും. ഡൈനിങ്ങിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിരിക്കാൻ പാകത്തിൽ ഒരു ഗാർഡൻ സ്പേസും ഒരുക്കി. ഭിത്തിയിൽ വിടവുകൾ ഒക്കെ കൊടുത്ത് അലങ്കാര വസ്തുക്കൾ വച്ചു.

ടെറസിൽ ഹാൻഡ്റെയി ലുകൾ GI പൈപ്പ് കൊണ്ട് ചെയ്തതും പുറം കാഴ്ചയെ രമണീയമാക്കുന്നു. 26 ലക്ഷമാണ് വീടിന് ചെലവ് വന്നതെന്ന് ഡിസൈനർ.
ഡിസൈനർ: ഹിദായത്ത്, 98460 45109