ജനിച്ചു വളർന്ന ഗ്രാമത്തിൽ, തറവാടിന്റെ ഓർമകളിൽ ജീവിക്കണം എന്നാണ് വിശ്രമജീവിതം സ്വപ്നം കാണുന്ന മിക്കവരും ആഗ്രഹിക്കുക. തൃശൂർ വടക്കാഞ്ചേരിയുള്ള രവികുമാർ-സതി ദമ്പതിമാരുടെ ആഗ്രഹവും മറിച്ചായിരുന്നില്ല.

നാട്ടിൽ വരുമ്പോൾ താമസിക്കാൻ വീടുവേണം, അത് പഴയ കേരളീയ തറവാടുകളെ ഓർമിപ്പിക്കുന്നതാവണം എന്നാണ് വീട്ടുകാർ ആർക്കിടെക്ട് ടീമിനോട് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടിലുള്ള 14 സെന്റിൽ രണ്ട് കിടപ്പുമുറികളോടു കൂടിയ ഒറ്റനില വീടാണ് വച്ചത്. ചെറിയ കുടുംബത്തിന് ചെറിയ വീട് മതി എന്ന തീരുമാനത്തിലായിരുന്നു വീട്ടുകാർ. ലളിതമായ ഓപ്പൻ പ്ലാൻ തിരഞ്ഞെടുത്തതും വീട്ടുകാരാണ്.

സ്ഥിരതാമസമില്ല എന്നതിനാൽത്തന്നെ മെയിന്റനൻസ് ഏറ്റവും കുറഞ്ഞതാകണം എന്നാണ് വീട്ടുകാരും ആർക്കിടെക്ട് ടീമും ആഗ്രഹിച്ചത്. കോർട്‌യാർഡ് പോലെയുള്ള ഘടകങ്ങൾ വീട്ടിലുണ്ടാകുമ്പോൾ മെയിന്റനൻസ് കൂടുമെന്നത് സ്വാഭാവികമാണ്. എങ്കിൽപ്പോലും അത് ഏറ്റവും കുറഞ്ഞ അളവിലാക്കുകയെന്നതായിരുന്നു ലക്ഷ്യം.
മുകൾവശം തുറന്ന കോർട്‌യാർഡ് ആയതിനാൽ പൊടിയും കൊതുകും അകത്തുകയറാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തു. ആവശ്യാനുസരണം നിരക്കിനീക്കാവുന്ന കൊതുകുവല കോർട്‌യാർഡിൽ മാത്രമല്ല, ജനലുകളിലും ജാളിക്കു പിറകിൽപോലും പിടിപ്പിച്ചിട്ടുണ്ട്. പരിചരണം കുറവുള്ള തരം ചെടികളും വൃത്തിയാക്കാൻ എളുപ്പമുള്ള ബെംഗളൂരു സ്റ്റോൺ പേവിങ്ങും കോർട്‌യാർഡിലേക്ക് തിരഞ്ഞെടുത്തു.

വെട്ടുകല്ലിന്റെ ഫിനിഷ് വീടിന്റെ കേരളീയതയിലേക്കുള്ള ചൂണ്ടുപലകയാണ്. എന്നാൽ ഭിത്തികൾ സിമന്റ് ഇഷ്ടികകൊണ്ട് നിർമിച്ച് പ്ലാസ്റ്റർ ചെയ്ത ശേഷം വെട്ടുകല്ലിന്റെ പാളി ക്ലാഡ് ചെയ്യുകയായിരുന്നു. വെട്ടുകല്ലുകൊണ്ട് നേരിട്ട് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രയാസങ്ങൾ ഒഴിവാക്കാനാണ് ഇതു ചെയ്തത്. സുഷിരങ്ങളുള്ളതിനാൽ ഈർപ്പം അകത്തുവരുന്നതു പോലുള്ള വെട്ടുകല്ലിന്റെ കുഴപ്പങ്ങൾ ഒഴിവാക്കാം. മാത്രമല്ല, കുറച്ചു സ്ഥലത്തേക്ക് മാത്രമായി വെട്ടുകല്ല് കൊണ്ടുവരുന്നത് സാമ്പത്തിക നഷ്ടവുമാണെന്ന് ആർക്കിടെക്ട് വിഘ്നേഷ് പറയുന്നു. വെട്ടുകല്ല് കൊണ്ടുള്ള നിർമാണത്തിനേക്കാൾ ഫിനിഷ് ഉണ്ടാകും വെട്ടുകല്ല് ക്ലാഡിങ് ചെയ്യുമ്പോൾ എന്നതും ഈ തീരുമാനമെടുക്കാൻ കാരണമായി.

കേരളീയ വീടുകളുടെ അനുഭവം നൽകാൻ മേൽക്കൂര ട്രസ്സ് ചെയ്ത് നേരിട്ട് ഓടിടുകയായിരുന്നു. ഫ്രെയിം കാണാത്ത വിധത്തിൽ താഴെ പൂവോട് വിരിക്കുകയും ചെയ്തു.
കോർട്‌യാർഡിനു ചുറ്റും കോമൺ ഏരിയയും ഒരു ഫോയറിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിൽ കിടപ്പുമുറികളും ക്രമീകരിച്ചു. നന്നായി ട്രീറ്റ് ചെയ്ത തേക്കും പ്ലാവുമാണ് തടിപ്പണിക്ക് ഉപയോഗിച്ചത്. വെനീർ ഫിനിഷാണ് പ്ലൈവുഡ് ഉപയോഗിച്ചിടത്തെല്ലാം. പ്ലോട്ടിൽ പഴയ കല്ലുകൊണ്ടുള്ള മതിൽ ഉണ്ടായിരുന്നു. ആ മതിലിന്റെ കല്ലുകൾ പുനരുപയോഗിച്ചാണ് മതിൽ പണിതത്.

PROJECT FACTS:
Area: 1400 sqft Owner: രവികുമാർ & സതി Location: വടക്കാഞ്ചേരി, തൃശൂർ, Design: വിബി ഇൻഫ്രാ, വടക്കാഞ്ചേരി, തൃശൂർ Email: vb.infra@gmail.com
