Monday 21 June 2021 04:43 PM IST : By സ്വന്തം ലേഖകൻ

മഴ തകർത്തു; ട്വിങ്കിളിന്റെ അപൂർവ ഇനം വള്ളിച്ചെടികൾ വസന്തം വിരിയിച്ചു

twinkle-cover

ഓറഞ്ചും ചുവപ്പും കലർന്ന തീജ്വാല വർണത്തിലുള്ള പൂക്കുലകളാണ് കോട്ടയം തെള്ളകത്ത് ഡോ. ദീപക്ക് ഡേവിഡ്‌സണ്ണിന്റെയും  ട്വിങ്കിളിന്റെയും വീട്ടിൽ ഈ മഴക്കാലത്ത് വസന്തം വിരിയിക്കുന്നത്. അത്ര സാധാരണമല്ലാത്ത ജേഡ് വൈൻ എന്ന വള്ളിച്ചെടിയാണ് അപ്രതീക്ഷിതമായി പൂത്തുലഞ്ഞ്  ശ്രദ്ധ പിടിച്ചുപറ്റുന്നത്.  ഈ ചെടിയുടെ ചുവന്ന ഓറഞ്ച് ഇനമായ റെഡ് ജേഡ് ആണിവിടെയുള്ളത്.

twinkle-4

രണ്ടു വർഷം കാത്തിരുന്നിട്ടും ഒരനക്കവും ഇല്ലാത്തതു കൊണ്ട് വെട്ടിക്കളയണോ എന്ന ചിന്തയിലായിരുന്നു വീട്ടുകാരിയും കാരിത്താസ് നഴ്സിങ് കോളജ്  പ്രിൻസിപ്പലുമായ ട്വിങ്കിൾ മാത്യു. വീടുവച്ച സമയത്ത് തിരുവനന്തപുരത്തെ ആത്മനിലയം നഴ്സറിയിൽ നിന്നായിരുന്നു തൈ വാങ്ങിയത്.  'അപൂർവ ഇനത്തിലുള്ള ക്രീപ്പറുകൾ' അന്വേഷിച്ചാണ് ട്വിങ്കിൾ അവിടെ ചെന്നത്. മൂന്നു നാലു വള്ളിച്ചെടികൾ വാങ്ങി. റെഡ് ജേഡ് വൈൻ ആദ്യം ചട്ടിയിലാണ് നട്ടത്. പിന്നീട് വീടിന്റെ ഒരു മൂലയിലേക്ക് മാറ്റി മണ്ണിൽ കുഴിച്ചിട്ട് ടെറസിലെ ബാൽക്കണിയിലുള്ള പർഗോള ബീമുകളിലേക്ക് പടർത്തി വിട്ടു.

twinkle-2

ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് ജേഡ് വൈനിന് പ്രിയം എന്നു പറയുന്നു പ്രശസ്ത ഹോർട്ടിക്കൾച്ചർ വിദഗ്ധനും കാർഷിക സർവകലാശാല മുൻ രജിസ്ട്രാറുമായിരുന്ന ഡോ. പി. രാജീവൻ. വലിയ തണുപ്പില്ലാത്ത സബ്‌ട്രോപ്പിക്കൽ കാലാവസ്ഥയിൽ അഗ്നിവർണമുള്ള ചുവന്ന ഓറഞ്ച് പൂക്കൾ വള്ളികളിൽ കുലകളായി തൂങ്ങിക്കാക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. മഴ നന്നായി കിട്ടിയതുകൊണ്ടായിരിക്കാം ഇത്തവണ പൂത്തത് എന്ന നിഗമനത്തിലാണ് ട്വിങ്കിൾ.

twinkle-3

ചെടികളും ഗാർഡനിങ്ങും ഹരമായ ട്വിങ്കിളിന് രണ്ടു വർഷം മുൻപ് പുതിയ വീടു വച്ചപ്പോഴും ചെടികൾക്കുള്ള സ്ഥലമായിരുന്നു ആഗ്രഹങ്ങളിൽ മുന്നിട്ടുനിന്നത്. കഴിയുന്നത്ര ഇടങ്ങളിൽ ചെടികൾ വച്ചിട്ടുണ്ട്. 40-ലധികം ഓർക്കിഡുകളുമുണ്ട് ഈ വീട്ടിൽ. പർഗോളയും കോർട്‌യാർഡും പ്ലാന്ററുകളും ചെടികളാൽ സംന്പുഷ്ടം. തന്റെ െഡ് ജേഡ് വൈൻ പൂക്കുലകളുടെ വർണക്കാഴ്ച എല്ലാ പൂന്തോട്ട സ്നേഹികൾക്കും സന്തോഷം പകരട്ടെ എന്നാഗ്രഹിക്കുന്നു ട്വിങ്കിൾ. 

twinkle-5