പഠിക്കുമ്പോൾ തന്നെ ഒരു വീട് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുക എന്നത് ഒരു ആർക്കിടെക്ചർ വിദ്യാർഥിയെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. കോഴിക്കോട്ടെ ആർക്കിടെക്ട് ഉണ്ണിമായയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആദ്യമായി ഡിസൈൻ ചെയ്യാൻ സ്വന്തം വീടുതന്നെ കിട്ടി എന്നതാണ്. കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയിലാണ് ഉണ്ണിമായയുടെ വീട്.

‘‘ ഈ പറമ്പിന് ഒരു ചരിത്രമുണ്ട്. ‘മരുതേരി ഇല്ലത്ത്’ എന്നാണ് പറമ്പിന്റെ പേര്. പണ്ട് ഇതൊരു നമ്പൂതിരി കുടുംബത്തിന്റേതായിരുന്നു. അമ്പലവും കുളവുമൊക്കെയുള്ള ഒരു ഇല്ലപ്പറമ്പ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അവർ ഇവിടം വിട്ട് പോയതാണത്രെ. കുറച്ചു വർഷങ്ങൾക്കു മുൻപ് ആ കുടുംബത്തിലെ പുതിയ തലമുറക്കാർ കുടുംബവേരുകൾ അന്വേഷിച്ചു വന്നപ്പോഴാണ് പഴയ കഥകളെല്ലാം ഞങ്ങൾ അറിഞ്ഞത്. പഴയ അമ്പലത്തിന്റെ അവശിഷ്ടങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. ഇങ്ങനെയൊരു കഥ കേട്ടപ്പോൾ ഈ ഭൂമിയിൽ നാലുകെട്ടാണ് ചേരുക എന്നു തോന്നി. ’’ ഉണ്ണിമായ പറയുന്നു.

മാത്രമല്ല, വീട്ടിൽ എല്ലാവരും പരമ്പരാഗതശൈലിയുടെ ആരാധകരായിരുന്നു. ട്രെഡീഷനൽ ശൈലി അതേപടി സ്വീകരിക്കുകയല്ല ചെയ്തത്. പരമ്പരാഗത കേരള ശൈലിയിൽ ഇപ്പോഴത്തെ ജീവിതരീതിക്ക് ചേരാത്ത ചില ഘടകങ്ങൾ ഉണ്ടല്ലോ, അതെല്ലാം ഒഴിവാക്കി. പഴയ വീടുകളിലെ നന്മ മാത്രം എടുത്താണ് ഈ വീട് പ്ലാൻ ചെയ്തത് എന്നു പറയാം. സൗകര്യങ്ങളെല്ലാം മോഡേൺ ആണ്.

വെളിച്ചവും വായുസഞ്ചാരവും നന്നായി കിട്ടാൻ കുറച്ചു വലിയ നടുമുറ്റം തന്നെ ചെയ്തു. നടുമുറ്റത്തിനു ചുറ്റുമാണ് മുറികൾ ക്രമീകരിച്ചത്. രണ്ട് ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും മൂന്ന് കിടപ്പുമുറികളിൽ നിന്നും അങ്ങോട്ട് കാഴ്ചയെത്തും. മഴ പെയ്യുമ്പോഴാണ് നടുമുറ്റത്തിന്റെ ഭംഗി പൂർണമായി ആസ്വദിക്കാനാവുക. ആവശ്യമെങ്കിൽ കൃത്രിമമഴ പെയ്യിക്കാനും വെള്ളം നിറച്ചിടാനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഓരോ മുറിക്കും അതിന്റെ സ്വഭാവമനുസരിച്ചുള്ള ടൈൽ ആണ് തിരഞ്ഞെടുത്തത്.

തടിപ്പണി, നാട്ടിലെ പരിചയക്കാരായ മൂന്ന് ടീമിന് തുല്യമായി വീതിച്ചു കൊടുത്തു. എല്ലാവർക്കും ഉണ്ണിമായ തന്നെ ആർക്കിടെക്ചറൽ ഡ്രോയിങ്ങുകൾ വരച്ചുകൊടുക്കുകയായിരുന്നു. പരിചയസമ്പന്നരായ പണിക്കാരിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചുവെന്ന് ഉണ്ണിമായ പറയുന്നു.
