Monday 10 February 2025 03:50 PM IST

ഇലക്ട്രിക് അപകടങ്ങൾ പതിവാകുന്നുവോ? വൈദ്യുതിയോടു കളിക്കല്ലേ...

Sunitha Nair

Sr. Subeditor, Vanitha veedu

online Master page

ഭാര്യ, ഭർത്താവ്, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം. വീട്ടിലെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് ചെറുതായി ഷോക്ക് അടിക്കാറുണ്ടായിരുന്നു. പെട്ടി ചൂടായി കഴിയുമ്പോൾ സ്വിച്ച് ഓഫ് ചെയ്തും ഫ്ലോർ മാറ്റിൽ നിന്നു കൊണ്ട് തേച്ചും അവർ ആ പ്രശ്നം സ്വയം പരിഹരിച്ചു. പക്ഷേ, ഒരു ദിവസം ഭാര്യയുടെ മാല ഇസ്തിരിപ്പെട്ടിയിൽ സ്പർശിക്കുകയും ഷോക്കടിച്ച് മരിക്കാനിടയാകുകയും ചെയ്തു.ഇതു പോലെ വൈദ്യുതിയിൽ നിന്ന് ഉണ്ടാകുന്ന പല അപകടങ്ങളും നമുക്ക് നേരത്തെ അറിവുള്ളതാകാം. ഒന്നു ശ്രദ്ധിച്ചാൽ അവ ഒഴിവാക്കാം.

∙ ഇലക്ട്രിക്കൽ സംബന്ധമായ അറ്റകുറ്റപണികൾ വിദഗ്ധനായ ഇലക്ട്രീഷ്യനെ കൊണ്ടു മാത്രം ചെയ്യിക്കുക. ഷോക്ക് അടിക്കാതെ സംരക്ഷണം നൽകാനാണ് RCCB (Residual Current Circuit Breaker) നൽകുന്നത്. പലപ്പോഴും ഇതിലെ കറന്റ് ബൈപാസ് ചെയ്യുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. രാത്രി കറന്റ് പോവുകയോ മറ്റോ ചെയ്യുമ്പോൾ ഇതിലെ കറന്റ് ബൈപാസ് ചെയ്യേണ്ടി വന്നാൽ പിറ്റേന്ന് രാവിലെ തന്നെ അത് മാറ്റി എന്ന് ഉറപ്പാക്കണം.

∙ അറ്റകുറ്റപണികൾക്കായി ഇലക്ട്രീഷ്യൻ എത്തുമ്പോൾ RCCB ബൈപാസ് ചെയ്തിട്ടുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തെ കൃത്യമായി ധരിപ്പിക്കണം. കാരണം 30 മില്ലി ആംസിൽ കൂടുതൽ വൈദ്യുതി ശരീരത്തിൽ എത്താൻ ഇടയായാൽ അത് ജീവനു തന്നെ അപകടമാകാം. RCCB ബൈപാസ് ചെയ്യുക, വയർ ലൂസായി കിടക്കുക, സ്വിച്ച് ബോർഡ് തുറന്നിരിക്കുക തുടങ്ങിയ കുഴപ്പങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി ശരിയാക്കണം.

∙ അപകടങ്ങൾ അറിയാതെ ഉണ്ടാകാം. പക്ഷേ, അറിഞ്ഞുകൊണ്ട് അപകടത്തിൽ ചാടാതിരിക്കുകയാണല്ലോ നല്ലത്. ഒരു പ്ലഗ് സോക്കറ്റിൽ ഒന്നിലേറെ ലോഡ് നൽകാതെ ഒരു ലോഡ് മാത്രം നൽകുക. ഒരു പ്ലഗ് സോക്കറ്റിൽ എക്സ്റ്റൻഷൻ ബോർഡ് കൊണ്ട് അധിക ലോഡ് നൽകുന്നത് കണ്ടു വരാറുണ്ട്. അത് തീപിടുത്തം പോലെയുള്ള അപകടങ്ങൾക്ക് കാരണമാകാം. എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യമാണെങ്കിൽ കൃത്യമായി ഇൻസർട്ട് (insert) ചെയ്തിട്ടുണ്ട്, കൃത്യമായ കോണ്ടാക്ട് ഏരിയ (contact area) ഉണ്ട്, ചൂടാകുന്നില്ല എന്നുറപ്പ് വരുത്തുക.

∙ ക്രിസ്മസ്, പുതുവത്സര സമയത്ത് വീടുകളിൽ ലൈറ്റിങ് ചെയ്യാറുണ്ട്. അത് ഇലക്ട്രീഷ്യന്റെ നിർദേശാനുസരണം ചെയ്യുക. ഇങ്ങനെ വാങ്ങുന്ന ലൈറ്റുകൾ മിക്കവയും ചൈനീസ് ഉൽപന്നങ്ങളായിരിക്കും. അവയ്ക്ക് െഎഎസ്െഎ മുദ്ര കാണില്ല. ഇത്തരം ഉൽപന്നങ്ങളിൽ ഇൻസുലേഷൻ കൃത്യമായിരിക്കില്ല. അതിനാൽ ഇവ ഉപയോഗിക്കും മുൻപ് വിദഗ്ധരുടെ അഭിപ്രായം തേടണം.

∙ നനഞ്ഞ തറയിൽ നഗ്നപാദരായി നിന്ന് ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. ഷോക്കേൽക്കാൻ സാധ്യതയുണ്ട്. ഇസ്തിരിപ്പെട്ടി, റഫ്രിജറേറ്റർ എന്നിവയ്ക്കു മുന്നിലും അടുക്കളയിലും ഇലക്ട്രിക്കൽ ഇൻസുലേഷൻ മാറ്റ് ഉപയോഗിക്കാം. എർത്തിങ്ങിൽ തകരാറുണ്ടോ എന്നും ഇടയ്ക്ക് പരീക്ഷിക്കണം.

∙ സ്റ്റീൽ റൂഫ്, സ്റ്റീൽ കൈവരികൾ എന്നിവയും എർത്തിലേക്ക് കണക്ട് ചെയ്യാൻ മറക്കരുത്.

അടുക്കളയിലെ ഉപകരണങ്ങൾക്ക് ഷോക്ക് ഉണ്ടെന്ന് തോന്നിയാൽ ഇലക്ട്രീഷ്യനെ കാണിച്ച് ശരിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

∙ ഫോൺ ചാർജ് ചെയ്യാൻ വില കുറഞ്ഞ ചൈനീസ് ചാർജറിനെ ആശ്രയിക്കാതിരിക്കുക. ഉപകരണങ്ങളുടെ ഗുണമേന്മ വളരെ പ്രധാനമാണ്. അതു ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾക്കു കാരണമാകാം.

∙ കുഴപ്പമൊന്നുമില്ലെങ്കിലും ഒരു ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ്ങും മറ്റും ഇടയ്ക്ക് പരിശോധിപ്പിക്കണം. സ്വിച്ച് ബോർഡും മറ്റും തുറന്നു നോക്കുമ്പോഴായിരിക്കും പല കുഴപ്പങ്ങളും മനസ്സിലാകുക. ലൂസ് ആയ കണക്‌ഷനുകൾ ഇത്തരം പരിശോധനയിൽ മുറുക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഭാഗമായി ബേസിക് ക്ലീനിങ് (basic cleaning) ചെയ്യുന്നത് അപകടം ഒഴിവാക്കാൻ സഹായിക്കും.

കടപ്പാട്:

ജയകുമാർ നായർ, ഡയറക്ടർ, സസ്റ്റെനർജി ഫൗണ്ടേഷൻ, കോട്ടയം. jk@sustenergyfoundation.org