‘ആറാം വയസ്സില്‍ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തി, ഇന്ന് അറുപതിലും പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നു’; കുഞ്ഞുഹൃദയം വീണ്ടെടുക്കാം, സെമിനാര്‍

Mail This Article
ഹൃദയത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞു മുന്നേറാന്‍ സ്‌നേഹഭാഷണം മരുന്നായി മാറുമെന്ന് അക്ഷരാര്‍ഥം വിളിച്ചു പറഞ്ഞൊരു കൂട്ടായ്മ. പറയാനുള്ളതും കേള്‍ക്കാന്‍ ആഗ്രഹിച്ചതും ഹൃദയത്തിന്റെ ആകുലതകളായിരുന്നു. ആറ്റുനോറ്റു കാത്തിരുന്നുണ്ടായ കണ്‍മണിയുടെ ജനനം മുറിവുള്ള ഹൃദയത്തോടെയാണെന്ന് അറിയുമ്പോള്‍ അച്ഛനുമമ്മയ്ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍, നൊമ്പരങ്ങള്‍...
മറ്റൊരാള്‍ക്കും ഇങ്ങനെയൊരു വിധി സംഭവിക്കരുതേയെന്ന് നെഞ്ചുരുകി വിലപിക്കുന്നവര്‍ക്ക് ഹൃദയഭാഷയുടെ സ്‌നേഹക്കൂട്ടായ്മയായി മാറി ബോധവല്‍ക്കരണ സെമിനാര്‍. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ആനുകാലിക പ്രസിദ്ധീകരണമായ വനിതയും തിരുവനന്തപുരം കിംസ് ഹെല്‍ത്തും സംയുക്തമായാണു വേദി ഒരുക്കിയത്.
പനവിള എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലില്‍ നടത്തിയ സെമിനാറിലെ ഹൃദ്രോഗ ബോധവല്‍ക്കരണം പ്രായോഗിക പാഠമായി മാറി. കുരുന്നു ഹൃദയങ്ങള്‍ക്കു കരുത്തു പകരാന്‍ വേദിയിലെത്തിയത് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ. എം. സുള്‍ഫിക്കര്‍ അഹമ്മദ്, ഡോ. നവീന്‍ ജയിന്‍, ഡോ. എം.എച്ച്. സാദിഖ്, ഡോ. സൗമ്യ രമണന്‍ എന്നിവരായിരുന്നു.
ഹൃദ്രോഗവുമായി പിറന്നു വീഴുന്ന കുഞ്ഞിന്റെ ദീര്‍ഘായുസ്സിനെക്കുറിച്ച് ആശങ്ക നിറഞ്ഞ ചോദ്യങ്ങളുമായി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളും ചികിത്സാ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കി.
ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം: ഡോ. സുള്‍ഫിക്കര്‍ അഹമ്മദ്
കേരളത്തിലെ സ്‌കൂളുകളില്‍ ഓരോ വര്‍ഷവും ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ നിന്നു നാലു ലക്ഷമായി കുറഞ്ഞു. അതിന്റെ കാരണം അറിയാമോ? ദാമ്പത്യ ജീവിതത്തിലുണ്ടായ പുതുകാഴ്ചപ്പാടുകളും പലവിധ രോഗങ്ങളുമാണ് ജനനനിരക്ക് കുറയാനിടയായതെന്ന് റിപ്പോര്‍ട്ടുകള്‍ വിശദീകരിച്ച് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. സുള്‍ഫിക്കര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്ഥാനത്തു നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതിലൊരാള്‍ക്കു മാത്രമാണു ജന്മനാ ഹൃദ്രോഗം കണ്ടെത്തിയിട്ടുള്ളത്. അവരില്‍ പകുതിയോളം കുഞ്ഞുങ്ങളുടെ ഹൃദയത്തിലുള്ള സുഷിരം ചികിത്സയില്ലാതെ തന്നെ അടയാറുണ്ട്. ഹൃദ്രോഗവുമായി പിറക്കുന്ന 100 കുഞ്ഞുങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തിനു മാത്രമേ ശസ്ത്രക്രിയ വേണ്ടി വരാറുള്ളൂ. ജന്മനായുള്ള ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം. ശസ്ത്രക്രിയയ്ക്കു വിധേയരായ കുഞ്ഞുങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ പൂര്‍ണാരോഗ്യത്തോടെ ജീവിതം നയിക്കാം.

കുഞ്ഞിന് ഹൃദ്രോഗം കണ്ടെത്തുമ്പോള്‍ മാതാപിതാക്കള്‍ മാനസികമായി തളരുന്നു. രണ്ടാമത്തെ കുഞ്ഞിനും ഹൃദ്രോഗം വരുമോ എന്നാലോചിച്ച് നിരന്തരം മാനസിക സംഘര്‍ഷത്തിലാകുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇത്തരം അവസരത്തില്‍ ഈ ചെറുപ്പക്കാര്‍ക്ക് ധൈര്യം നല്‍കണം. കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിച്ച് ഭേദമാക്കാം എന്ന് ബോധവല്‍ക്കരിക്കണം.
വേവലാതി വേണ്ട; പരിഹാരമുണ്ട്: ഡോ. നവീന്‍ ജയിന്‍
പണ്ട് കുഞ്ഞ് ജനിച്ചു കഴിഞ്ഞ ശേഷം നീലനിറം കാണുമ്പോഴാണ് ജന്മനാ ഹൃദ്രോഗം ഉണ്ടെന്നു തിരിച്ചറഞ്ഞിരുന്നത്. ഇപ്പോള്‍, ഗര്‍ഭിണി ഇരുപത്തിനാലാമത്തെ ആഴ്ചയില്‍ നടത്തുന്ന സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം തിരിച്ചറിയാന്‍ സാധിക്കും. പള്‍സ് ഓക്‌സിമീറ്റര്‍ സ്‌ക്രീനിങ്ങിലൂടെ രോഗം സ്ഥിരീകരിക്കാം. ഓക്‌സിജന്‍ നിരക്ക് നിര്‍ണയിച്ച ശേഷം ശസ്ത്രക്രിയ നടത്തി ഹൃദ്രോഗം ഭേദമാക്കാന്‍ സാധിക്കും. 2003ല്‍, ഇരുപത്തിരണ്ടു വര്‍ഷം മുന്‍പ് ഇത്തരമൊരു കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വളര്‍ന്നപ്പോള്‍ അവന്‍ ഫുട്‌ബോള്‍ കളിക്കാരനായി. രാജ്യാന്തര മത്സരത്തില്‍ വിജയം നേടി. പറഞ്ഞു വരുന്നത്, ജന്മനാ ഹൃദ്രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ ചികിത്സയുണ്ട്. ഹൃദ്രോഗമെന്നു കേള്‍ക്കുമ്പോള്‍ വേവലാതിപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ഇവിടെ പറയുന്നത് - തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ നിയോ നാറ്റോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. നവീന്‍ ജയിന്‍ പറഞ്ഞു.

വണ്‍ ടൈം ഫിക്‌സിങ്; വിദഗ്ധ ചികിത്സ: ഡോ. എം.എച്ച്. സാദിഖ്
കുട്ടികള്‍ക്കു രണ്ടു വിധത്തില്‍ ഹൃദ്രോഗം സംഭവിക്കാം - ജന്മനായുള്ളത്, ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നത്. പകര്‍ച്ചപ്പനി പോലും ചില അവസരങ്ങളില്‍ ഹൃദ്രോഗത്തിനു കാരണമായേക്കാം. തൂക്കക്കുറവ്, ശ്വാസംമുട്ടല്‍, മുലപ്പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ട്, നീലനിറം എന്നിവ ജനനശേഷമുള്ള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. ശസ്ത്രക്രിയ നടത്തി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
ബ്ലൂ ബേബി, പിങ്ക് ബേബി - ഇങ്ങനെ രണ്ടു വിധത്തിലാണ് നവജാതശിശുക്കളില്‍ ഹൃദ്രോഗമുള്ളവരെ തരംരിതിക്കാറുള്ളത്. പിങ്ക് ബേബി വിഭാഗത്തിലുള്ളവര്‍ക്ക് ഹൃദയത്തില്‍ ദ്വാരമുണ്ടായിരിക്കും. ഒട്ടുമിക്ക കേസുകളും മരുന്നിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കും. ചില അവസരങ്ങളില്‍ കത്തീറ്റര്‍ ട്രീറ്റ്‌മെന്റ് ചെയ്യാം. അടയാളം പോലും ശേഷിക്കാത്തവിധം രോഗം ഭേദമാക്കാന്‍ സാധിക്കും.
ബ്ലൂ ബേബി വിഭാഗത്തിലുള്ളര്‍ക്ക് ശസ്ത്രക്രിയ നിര്‍ബന്ധമാണ്. വണ്‍ ടൈം ഫിക്‌സിങ് നടത്തി രോഗം ഭേദമാക്കാം. ഇത്തരം ചികിത്സകളുടെ വിജയത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം - തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ. എം.എച്ച്. സാദിഖ് പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയാല്‍ സാധാരണ ജീവിതം: ഡോ. സൗമ്യ രമണന്‍
നവജാത ശിശുവിന് ഹൃദ്രോഗമാണ്, ശസ്ത്രക്രിയ വേണമെന്നു പറഞ്ഞാല്‍ രക്ഷിതാക്കള്‍ കരയും. ഈ അവസരത്തില്‍ ഡോക്ടര്‍മാര്‍ ദമ്പതികളുടെ കൂടെ കൈപിടിച്ചു നില്‍ക്കണം.
''എന്റെ അമ്മയുടെ അനുജത്തി ആറാം വയസ്സില്‍ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്കു വിധേയയായി. അവര്‍ക്ക് ഇപ്പോള്‍ അറുപതു വയസ്സു കഴിഞ്ഞു. അവരുടെ മക്കള്‍ കുടുംബവും കുട്ടികളുമായി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നു.'' ഡോ. സൗമ്യ പറഞ്ഞു.
നവജാതശിശുക്കളിലെ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് മൂന്നോ നാലോ ദിവസം ആശുപത്രിവാസം മതിയാകം. ചില കുഞ്ഞുങ്ങള്‍ക്ക് ജനിച്ചയുടനെ ഒരു സര്‍ജറിയും പത്തു വയസ്സു തികയും മുന്‍പ് മറ്റൊരു സര്‍ജറിയും വേണ്ടി വന്നേക്കാം. ഒന്നോ രണ്ടോ ആഴ്ച വിശ്രമത്തിനു ശേഷം കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാം. കുഞ്ഞിന് ഹൃദ്രോഗമാണെന്ന് അറിയുമ്പോള്‍ രക്ഷിതാക്കള്‍ 'കാര്‍ഡിയാക് സൈക്കോളജി' അവസ്ഥയിലേക്കു പോകരുത്. ധൈര്യത്തോടെ തുടര്‍ചികിത്സയിലേക്കു നീങ്ങുക. നിങ്ങളുടെ കുഞ്ഞിന് പൂര്‍ണാരോഗ്യത്തോടെ ജീവിക്കാനാകും.
അമിതവണ്ണവും വ്യായാമക്കുറവും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവുമാണ് പുതുതലമുറയിലെ കുഞ്ഞുങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഹൃദ്രോഗവിദഗ്ധരായ നാലു ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങള്‍ക്ക് താല്‍പര്യമുള്ള ഏതെങ്കിലുമൊരു കായിക വിനോദത്തിലേക്ക് അവരെ കൊണ്ടെത്തിക്കാനുള്ള ചുമതല രക്ഷിതാക്കള്‍ ഏറ്റെടുക്കണം. അതൊരു ശീലമായി മാറുമ്പോള്‍ മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗത്തിനു കുറവു വരും. - തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സൗമ്യ രമണന്‍ പറഞ്ഞു.