ADVERTISEMENT

തിരക്കഥാകൃത്തായി, സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളുമുൾപ്പടെ വൻ വിജയങ്ങൾ. ആദ്യമായി സംവിധായകനാകുമ്പോള്‍ അതൊന്നും ഭാരമോ ബാധ്യതയോ ആകരുതെന്നു എ.കെ. സാജനു നിർബന്ധമുണ്ടായിരുന്നു. കോമഡിയും ഫാമിലിയും ത്രില്ലറും ആക്ഷനും കുറ്റാന്വേഷണവും തുടങ്ങി അത്രകാലം എഴുതിയതിന്റെയൊന്നും നിഴല്‍ പതിക്കാത്ത മറ്റൊരു സിനിമയിലൂടെയാകണം സംവിധാനത്തിലെ തുടക്കം എന്നുറപ്പിച്ചു. പതിവു രീതികൾ വിട്ട് കമേഴ്സ്യൽ സിനിമയിൽ പുതിയതെന്തെങ്കിലും പരീക്ഷിക്കണമെന്ന തോന്നൽ ശക്തമായി. ധാരാളം പ്രതിസന്ധകളും പരിമിതികളുമുണ്ടാകാം, എങ്കിലും അത്തരമൊരു വെല്ലുവിളി സ്വീകരിക്കുകയെന്നതും നടപ്പിലാക്കുകയെന്നതും സാജനെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന അനുഭവമായിരുന്നു.

ആദ്യം വേണ്ടത് അനുയോജ്യമായ ഒരു കഥയാണ്. സഹോദരനും തിരക്കഥാകൃത്തുമായ എ.കെ. സന്തോഷിനൊപ്പം ചേര്‍ന്നു അങ്ങനെയൊന്നു തയാറാക്കി. തിരക്കഥയും പൂർത്തിയാക്കി.

ADVERTISEMENT

ഗുണ്ടകളും അസൻമാർഗികളുമുൾപ്പടെ പൊതു രീതികൾക്കു വഴങ്ങാത്തവരെയാണു കഥാപാത്രങ്ങളായി പരുവപ്പെടുത്തിയത്. എല്ലാം കൊച്ചിയുടെ മാറിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പുകൾ. അതോടെ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ‘റിയൽ ഗ്യാങ്സ്റ്റർ മൂവി’ അഥവാ ‘ഗുണ്ടാ സിനിമ’ പിറന്നു. പേര്, ‘സ്‌റ്റോപ്പ് വയലൻസ്’!

‘‘ആശയം പരുക്കനാണ്. അത്തരമൊന്ന് സിനിമയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ നന്നായി പണിയെടുക്കണം. സിനിമ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നതില്‍ എനിക്കു ഭയമുണ്ടായിരുന്നില്ല. ചെയ്യുക എന്നതായിരുന്നു പ്രധാനം. കാണുന്നവരില്‍ അന്‍പതു പേര്‍ക്ക് ഇഷ്ടമാകാം. അന്‍പതു പേര്‍ തള്ളിക്കളയാം. ഒരിക്കലും നൂറു ദിവസം ഓടണം എന്ന ആഗ്രഹത്താല്‍ ചെയ്ത സിനിമയായിരുന്നില്ല ‘സ്‌റ്റോപ്പ് വയലന്‍സ്’’. - ‘വനിത ഓൺലൈനു’ വേണ്ടി എ.കെ. സാജന്‍ ആ കാലത്തേക്കു ഓർമയുടെ ക്യാമറാക്കണ്ണുകൾ തിരിച്ചു.

a-k-sajan-new-1
ADVERTISEMENT

‘സാത്താന്‍’!

കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവന്‍. പാന്‍പരാഗിനൊപ്പം ബ്ലേഡ് കൂട്ടിച്ചവച്ച് എതിരാളികളുടെ മുഖത്ത് തുപ്പുന്ന, വിലാസമില്ലാത്ത വെറും ഗുണ്ട! ‘ഗുണ്ടാ സാർ’ എന്നറിയപ്പെടുന്ന സ്റ്റീഫന്റെ ഏറ്റവും അപകടകരമായ ആയുധം. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സ്റ്റീഫന്റെ, ആസിഡും സാത്താനുമടങ്ങുന്ന ഗുണ്ടാ സംഘം കൊച്ചിയുടെ അധോലോകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഭയം വിതറി അവര്‍ നഗരത്തെ കൈപ്പിടിയിലൊതുക്കി.

ADVERTISEMENT

ചെയ്തു കൂട്ടിയ പലവിധ പാപങ്ങള്‍ക്കിടേ, ലഹരി പകർന്ന അബോധത്തില്‍, സാത്താന്‍ കന്യാസ്ത്രീയായ ആന്‍ജലീനയെ ബലാത്സംഗം ചെയ്യുന്നു. ഗര്‍ഭിണിയായ അവള്‍ മഠത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. പോകെപ്പോകെ സാത്താനില്‍ അവളോടുള്ള അനുകമ്പ നിറഞ്ഞു. അതു സ്റ്റീഫനിഷ്ടമായില്ല. അയാള്‍ അവനെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചു. വിജയിച്ചില്ല. പള്ളിയില്‍ വച്ചു ആന്‍ജലീനയെ കണ്ടു തിരികെ വരും വഴി സ്റ്റീഫന്‍ സാത്താനെ അറസ്റ്റ് ചെയ്തു. കൊല്ലാന്‍ പദ്ധതിയിട്ടു. നീണ്ട സംഘട്ടനത്തിനൊടുവില്‍ റെയില്‍വേ ട്രാക്കില്‍ വച്ച് സാത്താന്‍ കൊല്ലപ്പെട്ടു. സ്റ്റീഫന്റെ കാല്‍ നഷ്ടമായി. വിലാസമില്ലാത്ത അനാഥ ശവമായി സാത്താന്‍... പത്രത്തിലൂടെ ആന്‍ജലീന സാത്താന്റെ മരണവാര്‍ത്തയറിഞ്ഞു. അവളുടെ മനസ്സില്‍ ആദ്യമായി അവനോടുള്ള പ്രണയം നുരഞ്ഞു...

‘സ്‌റ്റോപ്പ് വയലന്‍സ്’ ന്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം. അത്രകാലം മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടില്ലാത്ത തരം ആഖ്യാനം. അസ്വസ്ഥത പരത്തുന്ന, യാഥാര്‍ത്ഥ്യ ബോധമുള്ള അവതരണം. എന്തുകൊണ്ടും ഒരു തികഞ്ഞ പരീക്ഷണം. മലയാള സിനിമയില്‍ പേരില്ലാത്ത രണ്ടാമത്തെ നായകകഥാപാത്രമായിരുന്നു സാത്താന്‍. ആദ്യത്തെയാള്‍ ‘കാന്തവലയ’ത്തിലെ ജയന്‍.

എക്കാലവും പ്രതിനായകൻമാരോട് പ്രത്യേകമായ ഒരിഷ്ടം സൂക്ഷിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. സാത്താനും അത്തരം കഥാപാത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു. ‘വളവി’ എന്ന യഥാര്‍ത്ഥ മനുഷ്യനില്‍ നിന്നു രൂപപ്പെടുത്തിയ, പ്രതിനായക ഗുണങ്ങള്‍ മാത്രമുള്ള നായകന്‍!

‘‘കൊച്ചിയുടെ പശ്ചാത്തലം ഒഴിവാക്കി ഒരിക്കലും ആ സിനിമ ചെയ്യാനാകില്ല. അതിന്റെ പരിമിതിയും അതു തന്നെയായിരുന്നു. മറ്റൊന്ന് സദാചാര നിഷ്ടയുള്ള ഒരു കഥയല്ല സിനിമയുടേത്. പ്രത്യേകിച്ച്, ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു, പ്രസവിക്കുന്നു എന്നതൊക്കെ. ഇപ്പോള്‍ അത്തരത്തില്‍ ഒരു സിനിമ ചിന്തിക്കുവാനാകില്ല’’. - സാജന്‍ പറയുന്നു.

കൊച്ചിയുടെ ഭാഷയായിരുന്നു സിനിമയുടെ മറ്റൊരു സവിശേഷത. വള്ളുവനാടന്‍ ശൈലിയില്‍ ചുറ്റിത്തിരിഞ്ഞ മലയാള സിനിമയില്‍ ‘മച്ചാനേ’, ‘ഭായീ’ എന്നീ വിളികളൊക്കെ വെള്ളിത്തിരയിൽ ജനകീയമായതും വേരുറപ്പിച്ചതും ‘സ്‌റ്റോപ്പ് വയലന്‍സ്’ ലൂടെത്തന്നെ.

അക്കാലത്തു താരതമ്യേന പുതുമുഖമായിരുന്ന പൃഥ്വിരാജിനെ സാജന്‍ തന്റെ ‘സാത്താനാ’യി തിരഞ്ഞെടുത്തു. കഥാപാത്രത്തിന്റെ പ്രായത്തിനിണങ്ങുന്ന ഒരു പുതിയ നായകനെയായിരുന്നു ആവശ്യം. പലരേയും കണ്ടു. ഒന്നും ശരിയായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടേ നടന്‍ സുകുമാരന്റെ മകന്‍ ‘നന്ദനം’ എന്ന സിനിമയില്‍ അഭിനയിക്കുന്നതായി അറിഞ്ഞു. എന്തായാലും ഒന്നു പോയി കാണാം എന്നു കരുതി. അങ്ങനെ പരവൂരിലെ ‘നന്ദന’ത്തിന്റെ ലൊക്കേഷനിലെത്തി. നായകന്റെ കണ്ണുകളില്‍ തീയുണ്ടാകണം. അതായിരുന്നു പ്രധാനം. ബാക്കിയൊക്കെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.

‘‘രാജു അകത്തിരിപ്പുണ്ട്. ഇതിലെ കഥാപാത്രം വളരെ റൊമാന്റിക്കാണ്. നിനക്കു പറ്റുമെന്നു തോന്നുന്നില്ല’’. - സാജന്റെ ആവശ്യമറിഞ്ഞപ്പോൾ ‘നന്ദന’ത്തിന്റെ സംവിധായകൻ രഞ്ജിത്ത് പറഞ്ഞതിങ്ങനെ. രഞ്ജിത്തിന്റെ സഹസംവിധായകനായിരുന്ന എം. പത്മകുമാറിനൊപ്പം സാജനും നിര്‍മ്മാതാവും പൃഥ്വിരാജിന്റെ അടുക്കലെത്തി. പത്മകുമാര്‍ സാജനെ പരിചയപ്പെടുത്തി.

‌‘‘കസേരയില്‍ പുറംതിരിഞ്ഞിരിക്കുകയായിരുന്ന രാജു വളരെ പതിയേ തിരിഞ്ഞു നോക്കി. ആ നോട്ടം എന്നെ അതിശയിപ്പിച്ചു. ആ കണ്ണുകളില്‍ നിറഞ്ഞ ജ്വാല, മുഖത്തെ ആറ്റിറ്റ്യൂഡ്...എനിക്കു വേണ്ടയാൾ ഇതാണെന്നു മനസ്സു പറഞ്ഞു. കാഴ്ചയില്‍ സുന്ദരനായ കൗമാരക്കാരനെങ്കിലും ആ കണ്ണുകള്‍ എന്നെ ആകര്‍ഷിച്ചു. അയാള്‍ മറ്റൊന്നും ചെയ്യേണ്ട, കണ്ണുകളിലെ ആ തീ മാത്രം മതി സാത്താനാകാന്‍’’. – പൃഥ്വിരാജിനെ ആദ്യം കണ്ട നിമിഷം ഒരു സിനിമയിലെ നായകന്റെ അവതരണരംഗം പോലെ സാജന്‍ വിവരിച്ചു.

ഒന്നര മണിക്കൂറിനുള്ളില്‍ സാജന്‍ കഥ പറഞ്ഞു. ‘നമുക്കിതു ചെയ്യാം’.– പൃഥ്വി സമ്മതിച്ചു.

‘‘അക്കാലത്ത് തുടര്‍ച്ചയായി അഭിനയിക്കണം എന്ന ചിന്തയൊന്നും രാജുവിനുണ്ടായിരുന്നിരിക്കില്ല. ഞങ്ങള്‍ ചെന്നപ്പോള്‍ കളിയാക്കാനോ പരിഹസിക്കാനോ വന്നതാകുമെന്ന കരുതിക്കാണും. അതായിരിക്കാം ആ നോട്ടത്തിന്റെ അര്‍ത്ഥം. രണ്ടു ദിവസം കഴിഞ്ഞു രാജു വിളിച്ചു. കാണണം എന്നു പറഞ്ഞു. കണ്ടു. അന്നു വെള്ളം തളിച്ചു മുടി പുറകിലേക്കു ചീകി വച്ച് രാജുവിന്റെ കുറേ ചിത്രങ്ങളെടുത്തു. ആ ചിത്രങ്ങള്‍ കണ്ടപ്പോഴേ മനസ്സിലായി, ഇയാള്‍ തന്നെ സാത്താന്‍. നിറം അല്‍പ്പം ഡള്ളാക്കേണ്ടി വരും എന്നേയുള്ളു. അന്നാ കണ്ണുകളില്‍ കണ്ട തീ ഇപ്പോഴും രാജുവിലുണ്ട്’’. - സാജന്‍ തുടരുന്നു.

സിനിമയുടെ ഓരോ ഘട്ടത്തിലും പൃഥ്വി നന്നായി സഹകരിച്ചു. നിറം കറുക്കാന്‍ എല്ലാ ദിവസവും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ബുള്ളറ്റിലാണു താമസിക്കുന്ന ഹോട്ടലില്‍ നിന്നു പൃഥ്വി ലൊക്കേഷനിലേക്കെത്തിയിരുന്നത്. എറണാകുളം നഗരത്തിലെ വെയില്‍ കൊണ്ടതോടെ അഞ്ചോ ആറോ ദിവസം കഴിഞ്ഞപ്പോഴേ പൃഥ്വി കറുത്തു തുടങ്ങി. ചിത്രീകരണം തീരുവോളം അപൂര്‍വ അവസരങ്ങളിലേ അദ്ദേഹം കാർ ഉപയോഗിച്ചുള്ളു. ശരിക്കും സാത്താനെ ഉള്ളില്‍ പേറിയായിരുന്നു പൃഥ്വിയുടെ പ്രകടനം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായ ‘ആസിഡി’നെ നടന്‍ എം.ജി. സോമന്റെ മകന്‍ സജി സോമനും, സ്റ്റീഫനെ വിജയരാഘവനും, മോന്തയെ വിനായകനും അവതരിപ്പിച്ചു.

വിനായകന്റെ രണ്ടാം സിനിമയായിരുന്നു ‘സ്‌റ്റോപ്പ് വയലന്‍സ്’. സാജന്റെ സംവിധാന സഹായികളില്‍ മൂന്നാമനായിരുന്ന അന്‍വര്‍ റഷീദാണ് വിനായകനെ സാജനു പരിചയപ്പെടുത്തിയത്. അന്‍വറിന്റെ കൂട്ടുകാരനാണ് വിനായകന്‍. വിനായകനെ കണ്ടപ്പോഴേ സാജനിഷ്ടമായി. കഥാപാത്രത്തിനു യോജിക്കുന്ന രൂപവും ഭാവവും.

സ്വന്തം പേരില്‍ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. ലോഹിതദാസായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം. കൊച്ചി പശ്ചാത്തലമാക്കി ലോഹിതദാസ് സാത്താന്റെ കഥ സിനിമയാക്കാൻ ശ്രമിക്കുന്നു. അതിന്റെ തിരക്കഥ തയാറാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളും അതിന്റെ നരേഷനുമായി സിനിമ വളരുന്നു.

‘‘കഥ പറയുവാനുള്ള എളുപ്പത്തിനായിരുന്നു അത്തരമൊരു രീതി പ്രയോഗിച്ചത്. കഥ വലുതായിരുന്നു. രണ്ടര മണിക്കൂറില്‍ അതു പറഞ്ഞു തീര്‍ക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ നരേഷന്‍ ആകാം എന്നു തീരുമാനിച്ചു. ഒരു രക്ഷപെടല്‍ തന്ത്രം. ഡോക്യുമെന്ററി പോലെ കഥ പറയാം. കാരണം കഥാപാത്രങ്ങളെ വേഗം എക്‌സ്റ്റാബ്ലിഷ് ചെയ്യണം, കഥയിലേക്കു കടക്കുകയും വേണം. അല്ലങ്കില്‍ ഒരുപാട് സമയമെടുക്കുമെന്നുറപ്പായിരുന്നു’’. - സാജന്‍ പറയുന്നു.

a-k-sajan-new-2

ലോഹിതദാസിന്റെ കഥാപാത്രത്തിനായി ആദ്യം രണ്‍ജി പണിക്കരെയാണു സമീപിച്ചത്. എന്നാല്‍ അഭിനയം അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. ‘നീ എന്നെ ഒഴിവാക്കെടാ’ എന്നായിരുന്നു മറുപടി. ശേഷം കെ. മധുവിനെ സമീപിച്ചെങ്കിലും അദ്ദേഹവും തിരക്കിലായിരുന്നു.

‘‘ഷൂട്ടിങ് തുടങ്ങുന്നതിനു നാലു ദിവസം മുന്‍പാണു ഞാന്‍ ലോഹിയേട്ടനെ വിളിച്ചത്. അഭിനയിക്കുവാന്‍ വലിയ ഇഷ്ടമായതു കൊണ്ടും ഒരു സിനിമ തീര്‍ത്ത് അതിന്റെ തിരക്കുകള്‍ അവസാനിച്ച സമയമായിരുന്നതിനാലും ഒരു ചെയ്ഞ്ചിനു വേണ്ടി അദ്ദേഹം സമ്മതിച്ചു. സിനിമയുടെ യാതൊരു വിധ ആര്‍ഭാടങ്ങളുമില്ലാതെയായിരുന്നു ചിത്രീകരണം. ആകെ രണ്ടു കാറും കുറച്ചു പേരും. ഇന്നത്തെ ന്യൂജന്‍മാര്‍ ചെയ്യുന്ന പോലെ. ലോഹിയേട്ടനും ആ രീതി ഇഷ്ടമായി. അന്നതദ്ദേഹം പലരോടും പറഞ്ഞിട്ടുമുണ്ട്. ഭാവിയിലെ സിനിമ ഇങ്ങനെയായിരിക്കും എന്നൊക്കെ’’. - സാജന്റെ വാക്കുകളില്‍ ലോഹിതദാസിനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ നിറഞ്ഞു.

പലവിധ പരിമിതികള്‍ക്കുള്ളിലായിരുന്നു ‘സ്‌റ്റോപ്പ് വയലന്‍സി’ന്റെ ചിത്രീകരണം. ഇപ്പോഴത്തെ പ്രശസ്ത സംവിധായകനായ ജിബു ജേക്കബായിരുന്നു ഛായാഗ്രാഹകന്‍. സ്വതന്ത്ര ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ജിബുവിന്റെ ആദ്യ സിനിമ. സാജന്‍ തിരക്കഥയെഴുതിയ ചില സിനിമകളില്‍ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ സഹായിയായിരുന്നു ജിബു. അന്നേ ഇത്സാഹിയായിരുന്ന ജിബുവിനെ സാജന്‍ ്രശദ്ധിച്ചിരുന്നു.

‘‘വളരെ പരിമിതമായ ചുറ്റുപാടുകളില്‍ ഒരു ടു സി ക്യാമറയിലായിരുന്നു ചിത്രീകരണം. റെയില്‍വേയുടെ അനുമതി വാങ്ങിയിട്ടില്ലാത്തതിനാല്‍, ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ലോഹിയേട്ടന്‍ വന്നിറങ്ങുന്ന രംഗമൊക്കെ ഒരു ബിഗ് ഷോപ്പറിനുള്ളില്‍ ക്യാമറ വച്ച് ആരും കാണാതെ അതിസാഹസികമായാണ് ജിബു ചിത്രീകരിച്ചത്. ഒരു രംഗത്തില്‍ പൃഥ്വിരാജ് ബാബുരാജിനെ ഓടിക്കുന്ന സീന്‍ അവര്‍ക്കൊപ്പം ഓടിയാണ് ഞാനും ജിബുവും പൂര്‍ത്തിയാക്കിയത്. ക്യാമറയില്‍ നോക്കുന്നതിനാല്‍ ജിബു തറയില്‍ നോക്കുന്നുണ്ടായിരുന്നില്ല. അത്രയും അപകടകരമായ സാഹസികതയായിരുന്നു എല്ലാം. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്ന മറ്റൊരു പ്രധാന ശക്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനായിരുന്നു’’. - സാജന്റെ വാക്കുകളില്‍ ഒരു സംവിധായകന്റെ ത്രില്‍.

ചന്ദ്ര ലക്ഷ്മണായിരുന്നു ആന്‍ജലീന. അമ്പിളി പഞ്ഞിക്കാരനായി ബീനയും അഭിനയിച്ചു. വിജയരാഘവന്‍ മാത്രമായിരുന്നു സിനിമയിലെ ഏക മുന്‍നിര നടന്‍. ഒപ്പം സാദിഖും മധുപാലും താരാ കല്യാണും. ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡു ചെയ്‌തെങ്കിലും ചിത്രീകരിച്ചില്ല. അതില്‍ സാജനിപ്പോഴും ചെറിയ നിരാശയുണ്ട്. 40 ലക്ഷം രൂപ ചെലവാക്കി എ.രാജന്‍ നിര്‍മ്മിച്ച ചിത്രം വലിയ സാമ്പത്തിക ലാഭമായി. 2002 ഒക്‌ടോബര്‍ 25 നായിരുന്നു റിലീസ്. ചെറുപ്പക്കാര്‍ ചിത്രത്തെ ഏറ്റെടുത്തു. സദാചാരവാദികളും കുടുംബപ്രേക്ഷകരും കൈയൊഴിഞ്ഞു.

‘‘പുതുക്കാട്ടെ ഒരു തിയറ്ററില്‍ പുതിയ തമിഴ് സിനിമ വന്നപ്പോള്‍ സ്‌റ്റോപ്പ് വയലന്‍സിന്റെ പ്രദര്‍ശനനം അവസാനിപ്പിച്ചു. എന്നാല്‍ പ്രദേശവാസികളായ ഗുണ്ടകള്‍ പ്രൊജക്റ്റർ ഓപ്പറേറ്ററുടെ കഴുത്തില്‍ കത്തി വച്ച് സ്‌റ്റോപ്പ് വയലന്‍സ് വീണ്ടും പ്രദര്‍ശിപ്പിച്ചു. ശരിക്കും ഗുണ്ടകളുടെ മാനിഫെസ്‌റ്റോയായി ചിത്രം മാറി’’. - സാജൻ ചിരിയോടെ പറയുന്നു.

വർഷങ്ങൾക്കു ശേഷം സ്‌റ്റോപ്പ് വയലൻസിന്റെ രണ്ടാം ഭാഗവും സാജൻ ഒരുക്കി, ‘അസുരവിത്ത്’ എന്ന പേരിൽ. പിന്നീടും ആ മോഡൽ സിനിമകൾ മലയാളത്തിൽ ധാരാളമുണ്ടായി. അവയെല്ലാം ‘സ്‌റ്റോപ്പ് വയലൻസി’ന്റെ ചുവടു പിടിച്ചുള്ള, അതേ മീറ്ററിൽ പൂർത്തിയാക്കിയവയായിരുന്നു. പക്ഷേ, സാത്താന്റെയും ‘സ്‌റ്റോപ്പ് വയലൻസി’ന്റെയും തട്ട് ഇപ്പോഴും താഴ്ന്നു തന്നെയിരിക്കുന്നു!

ADVERTISEMENT