മകളുടെ കുഞ്ഞിനുവേണ്ടിയാണ് എഴുതുന്നത്. നാലര വയസ്സ്. ആറുമാസം മുൻ പാണ് മകൾ കുഞ്ഞുമായി ഗൾഫിൽ നിന്നു വന്നത്. കുഞ്ഞ് ശോധനയ്ക്കായി ചെറുതിലേ തന്നെ പോട്ടിയിൽ ഇരിക്കുമായിരുന്നില്ല. ഇപ്പോഴും ശോധനയ്ക്കായി പോട്ടിയിലിരിക്കാനോ ടോയ്‌ലറ്റ് സീറ്റിലിരിക്കാനോ മടിയാണ്. നിർബന്ധിച്ച് ഇരുത്തിയാൽ എത്ര നേരമിരുന്നാലും വിസർജനം നടത്തില്ല. പലപ്പോഴും ഇട്ടിരിക്കുന്ന വസ്ത്രത്തിൽ തന്നെയാണു മലവിസർജനം. പോട്ടി ട്രെയിനിങ് ചെറുതിലേ നൽകാത്തതു കൊണ്ടാണ് ഇങ്ങനെ ആയതെന്നു പറഞ്ഞു മകളെ വഴക്കു പറയാറുണ്ട്. പക്ഷേ അവൾ അതിനു ശ്രമിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതു പരിഹരിക്കാൻ എന്താണു മാർഗം?
സുലോചന, എറണാകുളം
A ചെറിയ പ്രായത്തിലേ തന്നെ കുഞ്ഞുങ്ങളെ ശീലിപ്പിക്കേണ്ട ഒരു പ്രധാന കാര്യമാണ് ടോയ‌്ലറ്റിലോ പോട്ടിയിലോ ശോധന നടത്തുകയെന്നത്. രാവിലെ നിശ്ചിത സമയമാകുമ്പോൾ തന്നെ പോട്ടിയിലിരുത്തണം. കുട്ടി മലവിസർജനം നടത്തിയാലും ഇല്ലെങ്കിലും അമ്മ കൂടെ ഉണ്ടാകണം. ഡയപ്പർ കെട്ടി കുട്ടിയെ ശ്രദ്ധിക്കാതെ വിടുമ്പോൾ കുട്ടിപോലും അറിയാതെ മലം പോകുകയും പോയാലും കുട്ടി അതു ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്തു ശീലിക്കും. പിന്നീട് അതു വസ്ത്രത്തിൽ പോയാലും കുട്ടിക്ക് ഒരുപ്രശ്നമല്ലാതാകും.
ഈ പ്രായമായിട്ടും കുട്ടിക്ക് ശീലിക്കാനായില്ലെന്നു പറയുമ്പോൾ അത് ഒരു പ്രശ്നമായി തന്നെ എടുക്കണം. ഈ പ്രശ്നത്തിനു മിക്കവരും അമ്മയെ കുറ്റം പറയുമെങ്കിലും ചിലപ്പോൾ നമ്മളെത്ര പരിശ്രമിച്ചാലും ചില കുട്ടികളിൽ ഇത്തരം പ്രശ്നമുണ്ടാകാം.
ഒരു ശിശുരോഗവിദഗ്ധനെ കാണിച്ചു വേറെ അസുഖങ്ങളൊന്നുമില്ല എന്നു തീർച്ചപ്പെടുത്തുക. അംഗൻവാടിയിലോ നഴ്സറി സ്കൂളിലോ
വിട്ടാൽ ഒരുപക്ഷേ, പ്രശ്നം താനേ മാറാം. പക്ഷേ, അവിടുത്തെ ആയയോടു പ്രശ്നത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കണം. സഹായം തേടണം. അമ്മ പറഞ്ഞാൽ ശ്രദ്ധിക്കാത്ത കുട്ടി ചിലപ്പോൾ അത് അനുസരിക്കാം. അങ്ങനെ ദിവസം ഒരു നേരമെങ്കിലും ടോയ്‌ലറ്റിൽ പോകുന്നത് പഠിച്ചെടുക്കും. ആ ശീലം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.