ലൈറ്റിങ്ങിലെ പുതിയ ട്രെൻഡാണ് മാഗ്നറ്റിക് ട്രാക് ലൈറ്റിങ്. സുരക്ഷിതമായ ഈ ലൈറ്റിങ്ങിനെ പ്രിയങ്കരമാക്കുന്ന പല കാരണങ്ങളുണ്ട്.
എന്താണ് മാഗ്നറ്റിക് ട്രാക് ലൈറ്റിങ്?
ഒരു ട്രാക്കും അതിൽ പല ലൈറ്റ് ഫിക്സ്ചറുകളും ചേർന്നതാണ് ഈ ലൈറ്റിങ്. ഫിക്സ്ചറുകൾ ട്രാക്കിലേക്ക് മാഗ്നറ്റ് ഉപയോഗിച്ച് എളുപ്പം വയ്ക്കാൻ സാധിക്കുന്നു എന്നതാണ് സവിശേഷത. ഇതിലുള്ള ലൈറ്റുകൾ ആവശ്യാനുസരണം നീക്കാനും എടുത്തു മാറ്റി ഇഷ്ടാനുസരണം വയ്ക്കാനും സാധിക്കും. മാഗ്നറ്റിക് ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിച്ച് ചതുരം, ‘L’, ‘U’, വൃത്തം, ഓവൽ തുടങ്ങി പല ആകൃതികൾ ഉണ്ടാക്കാൻ സാധിക്കും. പരമാവധി രണ്ട് മീറ്റർ നീളത്തിലാണ് ട്രാക്ക് വരുന്നത്. കണക്ടറുകൾ ഉപയോഗിച്ച് അതിലും നീളം കുറച്ചോ കൂട്ടിയോ നൽകാം.
എവിടെ ഉപയോഗിക്കാം?
മാഗ്നറ്റിക് എൽഇഡി ലൈറ്റ് വീടുകളിലേക്ക് വളരെ അനുയോജ്യമാണ്. ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറി തുടങ്ങി എവിടെയും വ്യത്യസ്തമായ ഡിസൈൻ പാറ്റേണുകളിൽ നൽകാം. ഇന്റീരിയറിന് മോഡേൺ, സ്റ്റൈലിഷ് ലുക്ക് നൽകാ ൻ ഇത് സഹായിക്കും.

എന്തൊക്കെ വേണം?
മാഗ്നറ്റിക് റെയിൽ, മാഗ്നറ്റിക് ലൈറ്റിങ് ഫിക്സ്ചർ, ആക്സസറികൾ എന്നിവയാണ് ഇതിനായി വേണ്ടത്. സർഫസ്, റിസസ്ഡ്, കർവ്ഡ് എന്നിങ്ങനെ മൂന്ന് രീതിയില്‍ മാഗ്നറ്റിക് റെയിൽ ലഭിക്കും. ഫോൾസ് സീലിങ് ഉള്ളയിടങ്ങളിൽ റിസസ്ഡ് നൽകാം. അല്ലാത്തയിടങ്ങളിൽ സർഫസ്/പെൻഡന്റ് എന്നിവ യോജിക്കും. സ്പോട്ട് ലൈറ്റ്, ലീനിയർ ലൈറ്റ്, ട്രാക്ക് സ്പോട്ട് ലൈറ്റ്, പെൻഡന്റ് ലൈറ്റ്, അഡ്ജസ്റ്റബിൾ ഫോൾഡിങ് സ്പോട്ട് ലൈറ്റ് തുടങ്ങി വ്യത്യസ്തങ്ങളായ മാഗ്നറ്റിക് ലൈറ്റുകൾ ലഭ്യമാണ്. കണക്ടർ പോലെയുള്ള സാമഗ്രികളാണ് ആക്സസറിയിൽ ഉൾപ്പെടുന്നത്.
വില: ഫിക്സ്ചറുകളുടെ എണ്ണവും ട്രാക്കിന്റെ നീളവുമെല്ലാമനുസരിച്ചാണ് വില. സാധാരണ ലൈറ്റിങ്ങിനെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. ഒരു ലൈറ്റിന് 500 രൂപ മുതൽ വരും.
കടപ്പാട്: സിഗ്ട്രോൺ ലൈറ്റ്സ്