ADVERTISEMENT

ഗന്ധര്‍ബാലിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലടക്കം എല്ലാവരും സുരക്ഷിതരാണെന്ന് കശ്മീരിലുള്ള മലയാളി വിദ്യാര്‍ഥികള്‍. സാഹചര്യം അനുകൂലമാണെങ്കില്‍ നാട്ടിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും നിലവില്‍ ഹോസ്റ്റലുകളിലാണ് കഴിയുന്നതെന്നും മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. 120 ഓളം മലയാളി വിദ്യാര്‍ഥികളാണ് കശ്മീരിലുള്ളത്. 

വ്യോമ- റോഡ് ഗതാഗതം നിലവില്‍ തടസപ്പെട്ടിരിക്കുന്നതിനാല്‍ അധികൃതരുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കശ്മീരിലും ലുധിയാനയിലും ഉള്ള മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വിളിക്കേണ്ട നമ്പര്‍:  0471-2517500, 0471-2517600.

ADVERTISEMENT

ജമ്മുകശ്മീരിലെ എല്ലാ ജില്ലകളിലും പഞ്ചാബിലെ പഠാന്‍കോട്ട്, അമൃത്​സര്‍, ജലന്തര്‍, ഹോഷിയാര്‍പുര്‍, മൊഹാലി, ഗുര്‍ദാസ്പുര്‍ ജില്ലകളിലും പലതവണ വൈദ്യുതി വിച്ഛേദിച്ച് ബ്ലാക്ക് ഔട്ട് നടപ്പിലാക്കി. രാജ്യത്താകമാനം നിലവില്‍ 24 വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ജമ്മുവിലെ ജനവാസകേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു.  ഇതോടെ പാക് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 16 ആയി. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്.

അതേസമയം, പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്​ലാമാബാദിനെയടക്കം വിറപ്പിച്ച് ഇന്ത്യ തിരിച്ചടിച്ചു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം നടത്തി. ലഹോറിലും സിയാല്‍കോട്ടിലും പെഷാവറിലും സ്ഫോടനങ്ങള്‍ നടത്തിയ സൈന്യം പഠാന്‍കോട്ട് സെക്ടറില്‍ പാക് യുദ്ധവിമാനവും വെടിവച്ചിട്ടു. പാക്കിസ്ഥാന്റെ ആറ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പാക് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതായും വിവരം പുറത്തുവന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT